അവകാശങ്ങളും കടമകളും

Logosമനുഷ്യരുടെ ഒരു പൊതുസ്വഭാവമാണ്‌ താന്‍ ഒരു ഇരയാണ് എന്നു സ്ഥാപിച്ചെടുക്കുവാനുള്ള ത്വര.

എത്ര നല്ല അവസ്ഥയിലാണെങ്കിലും താന്‍ സഹതാപം അര്‍ഹിക്കത്തക്ക വിധം ദയനീയാവസ്ഥയിലാണെന്നും അതിനു കാരണം താനല്ല മറ്റ് പലതും/പലരും ആണെന്നും സ്ഥാപിക്കാനുള്ള ഒരു വ്യഗ്രത അവനിലുണ്ട്.

താന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യാതെ തനിക്ക് കിട്ടാനുള്ളത് വലിയ കാര്യമായി കൊണ്ടുനടക്കുന്ന പ്രവണതയും ഇതോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

അവകാശങ്ങളെക്കുറിച്ച് ആളുകള്‍ (പ്രത്യേകിച്ച് കേരളീയര്‍) ബോധവാന്മാരാണ് എങ്കിലും കടമകളെക്കുറിച്ച് സൗകര്യപൂര്‍വ്വം മറക്കുന്നു എന്നതും ഒരു ദയനീയ സത്യമാണ്. പ്രായമായ മാതാപിതാക്കളില്‍ നിന്നു കിട്ടാവുന്നത് മുഴുവന്‍ ഊറ്റിയ ശേഷം അനാഥാലയങ്ങളില്‍/റോഡില്‍/ആരാധനാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം.

vote-cartoon1ഇത്രയൊക്കെ പറഞ്ഞത് ഇലക്ഷനിലേക്ക് വരുവാന്‍ വേണ്ടിയാണ് – നാം നമ്മുടെ രാജ്യം നമുക്ക് തരുന്ന/തരേണ്ടിയിരിക്കുന്ന സേവനങ്ങളെക്കുറിച്ച് വാചാലരാകുന്നു. എന്നാല്‍ നമ്മുടെ രാജ്യം ആരാണ് ഭരിക്കുന്നത് – എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണം നിയന്ത്രിക്കേണ്ടത്, പൌരന്മാര്‍ എന്ന നിലയില്‍ നമ്മുടെ തന്നെ കടമയാണ്.

“ഓ ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും അയാളേ ജയിക്കൂ …”
“നമ്മുടെ നാട് നന്നാവില്ല…”
“എന്തിനാ മെനക്കെട്ട് അവിടെ വരെപ്പോയി ക്യൂ നിന്നു കഷ്ടപ്പെട്ട് ഇവനൊക്കെ വോട്ട് ചെയ്യുന്നത്?”


ഇനിയുമുണ്ട് എണ്ണിയാലൊടുങ്ങാത്ത നിഷേധചിന്തകള്‍… നിങ്ങളുടെ നിഷേധമനോഭാവത്തിന്‍റെ (Negative Attitude) പ്രതിഫലനമാണ് നിങ്ങളെ ഭരിക്കുന്ന – എന്നാല്‍ നിങ്ങളെ നിഷേധിക്കുന്ന ജനപ്രതിനിധി. നിങ്ങള്‍ Positive ആകുമ്പോള്‍ നിങ്ങളുടെ പ്രതിനിധിക്കും അങ്ങനെ ആയേ തീരൂ.

voteനിങ്ങള്‍ക്ക് നിങ്ങളെ/ നമ്മുടെ രാജ്യത്തെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ, നിങ്ങള്‍ അത് വിനിയോഗിക്കാതെ, നിങ്ങളുടെ കടമ ചെയ്യാന്‍ വിമുഖരാകുമ്പോള്‍, അനര്‍ഹരായ ആളുകള്‍ അധികാരത്തിലേറുന്നു. നിങ്ങളുടെ, അഥവാ രാജ്യത്തിന്‍റെ സമ്പത്ത് അവര്‍ കൊള്ളയടിക്കുന്നു…

ഓര്‍മിക്കുക – “എവിടെ മാലാഖമാര്‍ കടന്നു ചെല്ലാന്‍ മടിക്കുന്നോ, അവിടം ചെകുത്താന്മാര്‍ താവളമാക്കുന്നു.”

ഇനി ആരും യോഗ്യരല്ല എന്നു നിങ്ങള്‍ കരുതുന്നു എങ്കിലോ?
ഇത്തവണ മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് മിഷീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനം ആണ് None Of The Above (NOTA) ബട്ടന്‍. ഇലക്ഷനില്‍ നിങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന ഒരാള്‍ പോലും നിങ്ങള്‍ക്ക് അഭികാമ്യനല്ല എങ്കില്‍ നിങ്ങള്‍ക്ക് NOTA ഉപയോഗിക്കാം. NOTA യുടെ പരിമിതികളെ ഞാന്‍ തന്നെ മുമ്പ് പരിഹസിച്ചിട്ടുണ്ട്– എന്നാല്‍ ഇപ്പോഴും ആ പരിഹാസം മനസ്സിലുണ്ടെങ്കിലും, ആ എല്ലാക്കുറവുകളോടും കൂടിത്തന്നെ NOTA ഒരു വലിയ പ്രതീക്ഷ കൂടിയാണ്- ഒരു ചെറിയ ചുവട് വെയ്പ്പ്- ഇനിയും ഇമ്പ്രൂവ് ചെയ്‌താല്‍, ആ വോട്ടുകള്‍ക്ക് കൂടി അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ – അതൊരു മികച്ച സാധ്യത തന്നെയാണ്.

people-powerപല വന്മരങ്ങളും കടപുഴകാന്‍ നിങ്ങളുടെ വോട്ട് മതിയാകും. പല അഴിമതികളുടെയും അടിവേരറുക്കാന്‍ നിങ്ങള്‍ അര്‍ഹരായ ആളുകളെ തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും- പാര്‍ട്ടിയെക്കാള്‍ നല്ല വ്യക്തികള്‍ക്ക് വിജയം ഉറപ്പാക്കുന്ന (അത് ഒരു സ്വതന്ത്രനോ പുതുമുഖമോ ആണെങ്കില്‍ പോലും…) ഒരു സിസ്റ്റത്തില്‍ അഴിമതി ഒരു പരിധിവരെ തൂത്തെറിയപ്പെടും. അന്ധമായ പാര്‍ട്ടി വിധേയത്വവും അന്ധമായ പാര്‍ട്ടി വിരോധവും മനുഷ്യന്‍റെ ചിന്താശേഷിയെ നശിപ്പിക്കും.

കൊടുത്ത അവസരം വിനിയോഗിക്കാതെ ഒരവസരം കൂടിത്തരൂ എന്നു പറയുന്നവരോട് “പോയിപ്പണിനോക്കെടാ…” എന്ന്‍ വോട്ട് വഴി പറയുന്നതാണ് നല്ലത്. നമുക്ക് ഇവനല്ലെങ്കില്‍ വേറെ ആളുണ്ട് എന്ന സത്യം അവരും അറിയട്ടെ. പിഴച്ചവനെ നന്നാക്കിയെടുക്കാനും വീണ്ടും ഒരു ഒരു അവസരം കൂടിക്കൊടുക്കാനും  അവന്‍ നമ്മുടെ കുടുംബത്തിലെ ആളൊന്നും അല്ലല്ലോ. അഥവാ അങ്ങനെ ആണെങ്കില്‍ത്തന്നെ അങ്ങനെ അവനെ നന്നാക്കി പരീക്ഷിക്കാന്‍ ചിലവാക്കാന്‍ ഈ രാജ്യത്തെ സ്വത്ത്‌ മുഴുവന്‍ നമ്മുടെതും അല്ലല്ലോ.

പാര്‍ട്ടികളുടെ ഹിഡന്‍ അജണ്ടകളെയും പൊള്ളത്തരങ്ങളെയും ഞാന്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ക്കുപരിയായി വ്യക്തികളെ നോക്കി വോട്ട് ചെയ്യുക – നല്ല ആളുകളെ തെരെഞ്ഞെടുക്കുക – എന്നതാണ് നമുക്ക് നമ്മുടെ രാജ്യത്തോടും നമ്മുടെ പിന്‍ തലമുറയോടും നമ്മളോട് തന്നെയും ചെയ്യാവുന്ന വലിയ കാര്യം.

പൌരബോധം ഉണ്ടായിരിക്കുക എന്നത് വലിയൊരു കാര്യം തന്നെ ആണ്. നിങ്ങളുടെ വോട്ട് ശരിയായി വിനിയോഗിക്കൂ.

ജന വിഡ്ഢിയാക്കല്‍ – പഞ്ചവത്സര പദ്ധതി

പ്രത്യേക അറിയിപ്പ്: ഈ വര്‍ഷത്തെ വിഡ്ഢി ദിനം മാറ്റി ഇന്ത്യയില്‍ സമഗ്ര വിഡ്ഢി മണ്ഡലക്കാലം, ഏപ്രില്‍ 7 മുതല്‍ മേയ് 16 വരെ ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു… (Courtesy Election commission)

മേയ് 16 മുതല്‍ തുടങ്ങുന്ന പഞ്ചവത്സരപദ്ധതിയില്‍ ആളുകളെ മണ്ടന്മാരാക്കുന്നതിനുള്ള ജന വിഡ്ഢിയാക്കല്‍ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ കൊടുക്കും എന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ വിഡ്ഢിയാക്കിയത് അത്ര ശരിയായിട്ടില്ല, ആയതിനാലാണ് ഇത്തവണ “ജനവിധി = ജനം വിഡ്ഢി” എന്ന പുതിയ മുദ്രാവാക്യത്തിനൊപ്പം ജനവിഡ്ഢിയാക്കല്‍ തങ്ങളുടെ പ്രഥമ ലക്ഷ്യമാക്കി പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന്‍ വിവിധ പാര്‍ട്ടി വ്യക്താക്കള്‍ ഊന്നിപ്പറഞ്ഞു.

Chemparathiപാര്‍ട്ടി ഏതു ഭരിച്ചാലും ജനം വിഡ്ഢിയായിരിക്കും എന്ന രീതിയില്‍ കാര്യങ്ങളെ കാര്യക്ഷമമായ ഒരു സിസ്റ്റത്തിലേക്ക് എത്തിക്കണമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ചെമ്പരത്തിപ്പൂ ചിഹ്നത്തില്‍ മത്സരിക്കുന്ന പ്രമുഖ പാര്‍ട്ടി അറിയിച്ചു…

എന്നാല്‍ 10 വര്‍ഷം കൊണ്ട് താങ്കള്‍ ജനങ്ങളെ വിഡ്ഢികളാക്കിയത്പോലെ മറ്റേത് പാര്‍ട്ടി ഭരിച്ചാലും പറ്റില്ല എന്നും, കഴിഞ്ഞ പത്തു വര്‍ഷത്തെ ദശലക്ഷക്കണക്കിനു കോടി രൂപയുടെ അഴിമതി അതിന്‍റെ തെളിവാണെന്നും ഭരണപ്പാര്‍ട്ടി നേതാവ് മൌന മോഹന സിംഹം അറിയിച്ചു.
1. “പണം മരത്തില്‍ കായ്ക്കില്ല…”,
2. “ദാരിദ്ര്യം എന്നത് ഒരു മാനസികാവസ്ഥ മാത്രമാണ്…”(ദാരിദ്ര്യം ഉള്ളവരെ മനോരോഗ ചികിത്സ നടത്തി മനോഭാവം മാറ്റിയാല്‍ ഇന്ത്യ വികസിതമാകും- എല്ലാവരും “ബുഹഹഹഹാ…” എന്നു പൊട്ടിച്ചിരിച്ചു നടക്കുന്ന സമത്വ സുന്ദര കിനാച്ചേരി ആകണം ഇന്ത്യ),
3. “പാക്കിസ്ഥാന്‍ പട്ടാളത്തിന്‍റെ യൂണിഫോമിട്ട ഭീകരന്മാര്‍ ആണ് ഇന്ത്യന്‍ പട്ടാളക്കാരെ അതി മൃഗീയവും ക്രൂരവും പൈശാചികവുമായി വധിച്ചത്…” (ശ്ശൊ, പാവം പാക്കിസ്ഥാന്‍കാര്‍- വെറുതെ തെറ്റിദ്ധരിച്ചു)
…..
…..
തുടങ്ങിയ നോബല്‍ സമ്മാനാര്‍ഹമായ കണ്ടുപിടിത്തങ്ങള്‍ തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം കുത്തകയാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

പല്ലു തേക്കാനും, ഭക്ഷണം കഴിക്കാനും കോട്ടുവാ ഇടാനും മാത്രം വാ തുറക്കുന്ന ശീമാന്‍ മൌന മോഹന സിംഹം, വാ പൊളിച്ച് ഇത്രയും പറഞ്ഞതില്‍ നിന്നും വികലാംഗനായ (സംസാരശേഷി ഇല്ലാത്ത) ഒരാളല്ല ഇന്ത്യ ഭരിക്കുന്നത് എന്ന്‍  മനസിലാക്കി ലോക നേതാക്കള്‍ അത്ഭുതം കൂറിയതായി അറിയിച്ചിട്ടുണ്ട്. (ഇനിയും മിണ്ടിയാല്‍ കൂടുതല്‍ കൂറാം എന്ന് ഒബാമയുടെ പ്രതേക ദൂതന്‍ CNN-IBN ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു)

എന്നാല്‍ “കൂടുതല്‍ കളിച്ചാല്‍ എല്ലാത്തിനെയും കുറ്റിച്ചൂലിനു അടിച്ചു പുറത്താക്കി പാര്‍ലമെന്റില്‍ ചാണകവെള്ളം തളിക്കും”
എന്ന് തൊപ്പിവെച്ച ഒരു അണ്ണന്‍ റോഡ്‌ഷോക്കിടയില്‍ വിളിച്ചു കൂവി… ഇപ്പോള്‍ അതിലാണ് കുറേ ആളുകളുടെ വിശ്വാസം, പ്രതീക്ഷ എല്ലാം – അണ്ണന്‍ തലസ്ഥാനത്തെ നിയമസഭ ചാണകവെള്ളം തളിച്ചിട്ടു ഇറങ്ങിപ്പോന്നു തന്‍റെ ശേഷി  (ഐ മീന്‍ കഴിവ്, കഴിവ്… ) തെളിയിച്ചിട്ടുണ്ട്.

നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചാല്‍ നിങ്ങള്‍ ആര്‍ക്കെതിരെ വോട്ട് ചെയ്തോ അവരെത്തന്നെ കേന്ദ്രത്തില്‍ നിരുപാധികം പിന്തുണച്ച് ജനവിഡ്ഢി പ്രോജക്റ്റ് റിസള്‍ട്ട് വരുന്നതിനു മുന്‍പേ ഇമ്പ്ലിമെന്റ് ചെയ്യും എന്ന്‍ പ്രമുഖ ദേശീയ  വിപ്ലവപ്പാര്‍ട്ടി പ്രഖ്യാപിച്ചു. വോട്ട് ചെയ്തവര്‍ ഊം… (അല്ലെങ്കില്‍ വേണ്ട… പോട്ടെ)

ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ മന്ദിരങ്ങളില്‍ പള്ളിയുറങ്ങി ജനങ്ങളുടെ കാശ് കൊടുത്തു മേടിച്ച, ഔടി, ബെന്‍സ്‌, BMW, പോര്‍ഷെ തുടങ്ങിയ ചീപ്പ് കാറുകളില്‍ നടന്ന്, ജന വിഡ്ഢിയാക്കല്‍ പ്രോജെക്റ്റ്‌ എങ്ങനെ വിജയകരമാക്കാം എന്ന ചിന്തയില്‍ ജനത്തിന്‍റെ ചിലവില്‍ ചായ, ബിസ്കറ്റ്… തുടങ്ങി, ചിക്കന്‍ ബിരിയാണി, ഫ്രൈഡ് റൈസ്… മുതല്‍ ബെലൂഗ കാവിയര്‍ വരെ കഴിച്ചു വയര്‍ കേടാക്കി,  വിദേശങ്ങളില്‍ പോയി കഷ്ടപ്പെട്ട്, ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി കോണ്യാക് കഴിച്ചു വാള് വെച്ചും, ടോയലറ്റിലെ സ്വര്‍ണപ്പിടിയുള്ള ടാപ്പില്‍ ബോധമില്ലാതെ അപ്പിയിട്ടും കിടക്കുന്ന പാവപ്പെട്ട രാഷ്ട്രീയക്കാരും ONGC പോലുള്ള പെട്ടിക്കടകളിലെ പാവപ്പെട്ട ഭരണോദ്യോഗസ്ഥരും ഗവന്മേന്റ്റ്ബ്യൂറോക്രാറ്റുകളും അദാനി-അംബാനിമാരേപ്പോലുള്ള പട്ടിണിപ്പാവങ്ങളും ഒത്തുചേര്‍ന്ന് ജനവിഡ്ഢി പ്രോജെക്റ്റ്‌ ഒരു സംഭവം ആക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം…

My moneyപിന്‍ കുറിപ്പ്‌:
ഇതെല്ലാം കണ്ട് വട്ടായ ജനങ്ങള്‍ ജോക്കര്‍ ബട്ടണില്‍ കുത്തിക്കുത്തി വോട്ടിംഗ് മിഷീന്‍ കേടായാല്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് പ്ലാനിംഗ് കമ്മീഷന്‍ വിശദമായി പഠിക്കുന്നുണ്ട്…

ഇനി ആര്‍ക്കെങ്കിലും ഇതൊക്കെ വായിച്ചു തങ്ങളെക്കുറിച്ചാണ് എന്നു തോന്നിയിട്ടുണ്ടെങ്കില്‍ ….
അതേടാ പുല്ലേ, ഇത് നിന്നെയൊക്കെക്കുറിച്ചു തന്നെയാ…

ബന്ധപ്പെട്ട ലിങ്കുകള്‍

രാഷ്ട്രീയ മാറ്റത്തിന്‍റെ ഇന്ത്യന്‍ കാലഘട്ടം
പ്രതിമകള്‍ പറയാത്തത്

ജോക്കർ ബട്ടണ്‍ – NOTA

None of the above“ഇവരാരുമല്ല (None Of The Above -NOTA) ബട്ടണിൽ ഞെക്കിയാൽ എന്തുസംഭവിക്കും?”
“ഞെക്കിയിട്ടിരിക്കും … “
“എന്നുവെച്ചാൽ ?”
“ബീപ് എന്നൊരു ഒച്ചകൂടി കേൾക്കും, സന്തോഷമായില്ലേ ?”
“മനസിലായില്ല…”
“ഞെക്കിയതായി രേഖപ്പെടുത്തും… “
“അപ്പൊ ആ ബട്ടണു കൂടുതൽ വോട്ട് കിട്ടിയാലോ?”
“ഹി ഹി … അതു കിട്ടിയിട്ടിരിക്കും, അത്രതന്നെ… 99% വോട്ട് ‘ഇവരാരുമല്ല’ -ക്കുകിട്ടിയാലും ബാക്കിയുള്ള വോട്ട് എണ്ണി അതിലെ ഭൂരിപക്ഷം നോക്കി വിജയിയെ പ്രഖ്യാപിക്കും.”
“അപ്പോൾ എങ്ങനെ ജനാധിപത്യം എന്നു പറയാൻ പറ്റും ? ഭൂരിപക്ഷം എതിര്ക്കുന്ന ആൾ ജനപ്രതിനിധി ആവില്ലേ ?”
“കൂടുതൽ ചോദ്യം ഒന്നും വേണ്ട. ഞങ്ങൾ ഞങ്ങൾക്കു തോന്നിയ പോലെ ചെയ്യും. ബഹളം വെച്ചാൽ പിടിച്ചകത്തിടും…”
“ഒവ്വ … ശെരി മൊതലാളീ …”
“വോട്ട് ചെയ്യാൻ വരുന്നവർക്ക് ഒരു രസീത് തന്നേക്കാം – സന്തോഷമായില്ലേ?”
“ഓ …”
“ആ രസീതിൽ നിങ്ങൾ വോട്ടു രേഖപ്പെടുത്തിയത് ആർക്കാണെന്ന് ഉണ്ടാവും. അതു കണ്ടു ബോധ്യപ്പെടാം.”
“അപ്പൊ അബദ്ധത്തിൽ ആളുമാറിയാൽ ക്യാൻസൽ ചെയ്തു റീ-വോട്ട് ചെയ്യാൻ പറ്റുമായിരിക്കും അല്ലേ?”
“അതൊന്നുമില്ല… കണ്ടു ബോധ്യപ്പെടാം… അത്രതന്നെ … ആ രസീത് അവിടെ വെച്ചിരിക്കുന്ന ഒരു പെട്ടിയിൽ ഇട്ടിട്ടു പുറത്തു പോകണം. അതു വേണ്ടിവന്നാൽ പിന്നെ കൌണ്ട് ചെയ്യും …”
“അല്ല… അപ്പോൾ പിന്നെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ… ചിലവു കുറയും, കുറ്റമറ്റ വോട്ടിംഗ്, ബാലെറ്റ് പെട്ടിയും കൊണ്ടു നടക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ആശ്വാസം, കുറച്ചു സ്ടോറേജ് സ്പേസ്, ഈ ബൂത്ത് പിടുത്തം ഒക്കെ ഉള്ള സ്ഥലത്ത് രസീത് നോക്കിയാൽ ആർക്ക് വോട്ട് ചെയ്തു എന്നറിയാൻ പറ്റുമല്ലോ, ആരെങ്കിലും രസീത് പെട്ടിയിൽ ഇട്ടില്ലെങ്കിൽ  … ? ഇത്രയും പരിപാടി ചെയ്യുന്നതിലും ഭേദം പഴയ ബാലറ്റ് തന്നെ അല്ലേ ?”
“……………. @#^&*&#@”
“അല്ല, സാറൊന്നും പറഞ്ഞില്ല…”
“എടോ കൂടുതൽ ചോദ്യം ഇങ്ങോട്ട് വേണ്ടാന്നു ഞാൻ പറഞ്ഞു … എവിടെ പോലീസ് ? ഇവനെ അങ്ങു പൊക്കിക്കോ…”
സ്വാഹ… ജയ് ഹിന്ദ്‌…!!!

കൊടുക്കുന്നവനും വാങ്ങുന്നവനും

albert-einstein-success-value-large“കര്‍മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന:”

സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…

“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.

?????????????അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…

പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്.
കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് ദൈവം

*****

ബന്ധപ്പെട്ട പോസ്റ്റ്‌: The God ???

ശാസ്ത്രീയ നിഗമനം

laboratory_experiment_bigഎല്ലാ സയന്റിഫിക് തിയറങ്ങളും പ്രൂവ് ചെയ്യുന്നത് പൊതുസമ്മതമായ assumptions നെ അല്ലെങ്കില്‍ മുന്‍പ് ഇതുപോലെ പ്രൂവ് ചെയ്തിട്ടുള്ള തിയറങ്ങളുടെ ബേസില്‍ ആണ്… ഏതെങ്കിലും ഒരു ഫണ്ടമെന്‍റല്‍ തിയറം തെറ്റാണ് എന്നു പിന്നീട് ബോധ്യമാകുമ്പോള്‍ കുഴഞ്ഞുമറിയുന്നത് അതില്‍ കെട്ടിപ്പൊക്കിയ എല്ലാ വളര്‍ച്ചകളുമാണ്…

ഗണിത ശാസ്ത്ര പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ച് പോപ്പും ഞാനും ഒരാളാണെന്ന് വരെ ശാസ്ത്രജ്ഞന്‍മാര്‍ അടങ്ങിയ ഒരു സദസില്‍ പ്രൂവ് ചെയ്ത ജീനിയസ് ഉണ്ട്….
അദ്ദേഹം തന്‍റെ സ്പീച്ചിന്‍റെ അവസാനം പറഞ്ഞു- “ശാസ്ത്ര വിദ്യാര്‍ഥികള്‍ തുറന്ന മനസുള്ളവര്‍ ആയിരിക്കണം…”

*****

ഒരു ഉദാഹരണം നോക്കാം
Searching Books in LibraryNobody is perfect… —————————(Statement 1)

A humble man’s noble thought:
In this huge world, I am nobody ————(Statement 2)

From Statement (1) and (2) -> In this huge world I am perfect
Means, “A humble man with noble thoughts is perfect…”

( വട്ടായതല്ല, Effect of my graduation in Mathematics 
മണ്ടത്തരം എന്നു തോന്നുന്നവരോട് – ഞാനടക്കമുള്ള സയന്‍സ്/ടെക്നോളജി വിദ്യാര്‍ഥികള്‍ ഈ മെത്തേഡില്‍ പ്രൂവ് ചെയ്തിരിക്കുന്ന തിയറങ്ങള്‍ എത്രയെന്ന് ചിന്തിച്ചാല്‍…  ഹാവൂ…!!! )

*****

some-good-adviceഏതു ജീനിയസ് പ്രൂവ് ചെയ്ത പ്രിന്‍സിപ്പില്‍ / തിയറം ആണെങ്കിലും അതിലും തെറ്റുണ്ടാവാം… കാരണം അദ്ദേഹം പ്രൂവ് ചെയ്യാന്‍ ഉപയോഗിച്ച മെത്തേഡ് ചിലപ്പോള്‍ തെറ്റാവാം… അദ്ദേഹം പോപ്പ് അല്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു… എന്നാല്‍ അതിനാല്‍ അദ്ദേഹം ഉപയോഗിച്ച മെത്തേഡ് പൂര്‍ണമായും തെറ്റാണ് എന്നല്ല അര്‍ത്ഥം…
ഉപയോഗിക്കേണ്ട മെത്തേഡ് ഉപയോഗിച്ചാലേ ശരിയായ റിസള്‍ട്ട് ലഭിക്കൂ…

പായസം പുട്ടുകുറ്റിയില്‍ ഉണ്ടാക്കാനാവില്ലല്ലോ… പുട്ട് ഉരുളിയിലും…

കൌമാരം ഭാഗം 5: നഷ്ട പ്രണയത്തിന്‍റെ കാലം- അതിജീവനത്തിന്‍റെയും

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദത്തിലെ ആദ്യ പാദം. പ്രണയം അതിന്‍റെ എല്ലാ തീവ്രതകളോടും കൂടി സിരകളില്‍ ഒഴുകിപ്പടര്‍ന്നിരുന്നു… (ആദ്യ പ്രണയം ആയിരുന്നില്ല എന്‍റെ അസ്ഥിക്ക് പിടിച്ച യഥാര്‍ത്ഥ പ്രണയം എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ). കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച ഒരു കുട്ടി ആയിരുന്നു നായിക – പലരറിഞ്ഞ പ്രണയങ്ങള്‍ പൊതുവേ പരാജയപ്പെടുമെന്ന ധാരണ ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ പ്രണയം അതിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.

ഇതാണ് ആ കഥ:
Man explaining to Woman
എന്‍റെ യഥാര്‍ത്ഥ പ്രണയം തുടങ്ങുന്നത് പ്രഥമ-ദൃഷ്ടിയില്‍ ഉണ്ടായ അനുരാഗത്തില്‍ ഒന്നുമായിരുന്നില്ല… അവളുടെ ക്ലാസിലെ ഒരു മുസ്ലിം പെണ്‍കുട്ടി(തല്‍ക്കാലം നമുക്കവളെ സുനൈന എന്നു വിളിക്കാം) പലരുടെയും സ്വപ്ന നായിക ആയിരുന്നു- എന്‍റെ നല്ല സുഹൃത്തും. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള അതി സുന്ദരി ആയ ഒരു കുട്ടി- ലൈബ്രറിയില്‍ വെച്ചു മിക്കവാറും ഇവരെ രണ്ടു പേരെയും കണ്ടു മുട്ടിയിരുന്നു. കോളേജിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ എന്നെയും ഇവര്‍ക്കറിയാമായിരുന്നു. അവര്‍ രണ്ടുപേരും ആദ്യം മുതല്‍ എന്നെ മാഷേ എന്നായിരുന്നു വിളിച്ചിരുന്നത് – സീനിയര്‍ ആയ എന്നെ മഹേഷേ എന്നു വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൊണ്ടാണ് അത് ചുരുക്കി അല്പം ബഹുമാനം കൂടി ചേര്‍ത്ത് ‘മാഷേ’ എന്നാക്കിയത് എന്നാണ് പറഞ്ഞത്.

പല ആണ്‍ സുഹൃത്തുക്കളും സുനൈനയോടുള്ള അവരുടെ പ്രണയത്തിലെ ഹംസമാകാന്‍ എന്നെ സമീപിച്ചിട്ടുണ്ട്… മിക്കവാറും ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ വളരെ അടുത്ത ഒരാള്‍, അയാളുടെ കാര്യത്തില്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഹംസം ആകാം എന്നു സമ്മതിച്ചു. ഇക്കാര്യം പറയാമെന്നേറ്റ ദിവസം സുനൈന അബ്സെന്റ്.  നമ്മുടെ നായികയെ കണ്ടപ്പോള്‍ സംസാര വശാല്‍ ഇക്കാര്യം സൂചിപ്പിച്ചു, അവള്‍ പറഞ്ഞു: “മാഷിനു വേറെ പണി ഒന്നുമില്ലേ- നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു വിചാരമുണ്ട് – ഭയങ്കര കാമദേവന്മാര്‍ ആണെന്ന് – ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും… ദാ ഇപ്പോള്‍ തന്നെ ഇക്കണോമിക്സിലെ സിജു, സുനൈനക്ക് ഭയങ്കര ശല്യമാ – ബോറന്‍. ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ എന്താടീ എനിക്കൊരു കുറവ് എന്നും പറഞ്ഞു തലയില്‍ കയറാന്‍ വരും… ഇഷ്ടമല്ലാത്ത ഒരാളെ ഇഷ്ടമാണെന്ന് പറയാനും പറ്റില്ലല്ലോ… മാത്രമല്ല – ആരോടും പറയണ്ട – സുനൈനയുടെ നിക്കാഹാണ് അടുത്ത മാസം… 18 വയസ് തികയാന്‍ നോക്കിയിരിക്ക്യാരുന്നു… അവളുടെ തന്നെ ഒരു ബന്ധുവാണ് – ഗള്‍ഫിലാണ് ജോലി. പഠനം ഇതോടെ തീരും. അതാണു അവള്‍ക്ക് വിഷമം.”

 എന്‍റെ നാവിറങ്ങിപ്പോയി – ഇക്കണോമിക്സിലെ സിജുവിന്‍റെ കാര്യം പറയാനാണ് വന്നത് എന്ന് ഇനി മിണ്ടാന്‍ പറ്റില്ലല്ലോ… ഇവന്‍ പഠിച്ച പണി മുഴുവന്‍ നോക്കി പരാജയപ്പെട്ടിട്ടാണ് നമ്മളെക്കൂടി നാണം കെടുത്താന്‍ ഈ പണി ഏല്‍പ്പിച്ചത് എന്നും അറിയുമായിരുന്നില്ല.
മുഖത്തേക്ക് നോക്കാതെ അവള്‍ തുടര്‍ന്നു… “പക്ഷെ ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…”
ങേ, അതെന്താ സംഭവം??? മനസ്സില്‍ ആ ചോദ്യം കിടന്നു… പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.

Love letterപിന്നീട് എന്‍റെ ഡിഗ്രിയുടെ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞു പോയപ്പോള്‍ എന്‍റെ ചില ടെക്സ്റ്റ്‌ബുക്കുകളും, ചോദ്യപ്പേപ്പറുകളും ഒക്കെ പിന്നീട് തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ എന്‍റെ കയ്യില്‍ നിന്നു അവള്‍ വാങ്ങിയിരുന്നു. ഡിഗ്രീ കഴിഞ്ഞു കോളേജില്‍ നിന്നു പോയിക്കഴിഞ്ഞും കത്തെഴുതലുകള്‍ തുടര്‍ന്നു… (അന്ന് മൊബൈല്‍ ഒന്നുമില്ല- അവളുടെ വീട്ടിലെ ഭീകരാന്തരീക്ഷത്തില്‍ ലാന്‍ഡ്‌ ലൈന്‍ ഉപയോഗിക്കാനും ആവില്ല – അതിന്‍റെ ആവശ്യവും തോന്നിയില്ല- കാരണം അന്നു പ്രണയം തുടങ്ങിയിരുന്നില്ല.) വല്ലപ്പോഴും ഒരു കത്ത് – സൗഹൃദം മാത്രം ഉണ്ടായിരുന്ന അവയില്‍ പതിയെ പതിയെ പ്രണയത്തിന്‍റെ കടും വര്‍ണങ്ങള്‍ കൂടി കലര്‍ന്നു… ഒരിക്കല്‍ അവള്‍ എഴുതി ‘നിന്‍റെ വിരലുകളാല്‍ മറിക്കപ്പെട്ട താളുകള്‍ ആണ് ഞാന്‍ വായിക്കുന്നത് എന്നത് എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്നു’.
ഞാന്‍ മറുപടി എഴുതി ‘ഉടനെ ഒരു ഡോക്ടറെ കണ്ടോളൂ… ഹൃദയാഘാതം ഒഴിവാക്കാം…😛’
അതിന്‍റെ മറുപടി പണ്ട് കേട്ടു മറന്ന ഒരു വാചകം ആയിരുന്നു… ‘ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…’ കൂടെ ഇത്രകൂടി കൂട്ടിച്ചേര്‍ത്തിരുന്നു – ‘പ്രണയം എന്നത് ജീവിതത്തിന്‍റെ അനിവാര്യത ആണ്… അത് നമ്മള്‍ തേടി കണ്ടെത്തുന്നതല്ല നമ്മെ തേടി വരുന്നതാണ്. എനിക്ക് നിന്‍റെ മനസ് അറിയില്ല- പക്ഷെ … ഞാന്‍ എന്‍റെ പ്രണയം കണ്ടെത്തി.’ ആ കവറിന്‍റെ ഉള്ളില്‍ കുറേ വളപ്പൊട്ടുകളും ഒരു മയില്‍പ്പീലിയും…

സുന്ദരിയായ ഒരു പെണ്ണ് ഇത്രയൊക്കെ പറഞ്ഞാല്‍ പ്രേമിക്കാതിരിക്കാനാവുമോ. ഞാനാണെങ്കില്‍ ഡിഗ്രീ കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം- കൂടെ ഉള്ള പെണ്‍കുട്ടികള്‍ എല്ലാം നമ്മളെക്കാള്‍ മൂത്തതോ കല്യാണം കഴിഞ്ഞവരോ ഒക്കെ… മഹാ ബോറ്. 1400 പെണ്‍കുട്ടികള്‍ പഠിച്ച കോളേജില്‍ നിന്നു ഈ അവസ്ഥയിലേക്ക്. ചിറാപ്പുഞ്ചിയില്‍ ജീവിച്ച ആളെ താര്‍ മരുഭൂമിയില്‍ കൊണ്ടു വിട്ട അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ഈ മരുപ്പച്ച ഇങ്ങോട്ടു വരുന്നത്. തിരിച്ചു കാച്ചി ഒരു പൈങ്കിളി: ‘നിന്‍റെ പ്രണയം ഒരു മരുപ്പച്ച ആണ് പ്രിയേ… എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലിലെ ദേവിയാണ് നീ…’
അങ്ങനെ എണ്ണമില്ലാത്ത എന്‍റെ പ്രണയ സാഹസങ്ങളുടെ ലിസ്റ്റില്‍ അവസാനത്തേത് കൂട്ടിച്ചേര്‍ത്തു.

കാലം, മീനച്ചിലാറ്റിലെ വെള്ളം പാലാ വലിയ പാലത്തിനടിയില്‍ക്കൂടി എന്ന പോലെ ഒഴുകിപ്പോയി… കഷ്ടതകളുടെ വര്‍ഷങ്ങള്‍ ആയിരുന്നു MCA പഠനത്തിന്‍റെ സമയം… കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഒക്കെ തകര്‍ന്ന വര്‍ഷങ്ങള്‍, MCA ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി പഠനം നിര്‍ത്തി അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ കോളേജില്‍ നിന്നു തിരിച്ചു വാങ്ങിപ്പോന്നു… വീണ്ടും രണ്ടും കല്‍പ്പിച്ചു തിരികെ ചേര്‍ന്നു. പ്രണയിനി അവള്‍ക്ക് വരുന്ന വിവാഹാലോചനകളെ പ്രതിരോധിക്കാന്‍ M. Sc. ക്ക് ചേര്‍ന്നു. ഞാന്‍ ഒരിക്കല്‍ പറഞ്ഞു ‘നിനക്ക് ഞാന്‍ ഒരു തടസമാകില്ല, കാരണം നീ സന്തോഷമായിരിക്കുക എന്നതാണ് എന്‍റെ വലിയ സന്തോഷം…’
അവളുടെ കണ്ണുകള്‍ നിറഞ്ഞു- അവള്‍ പറഞ്ഞു- “നമ്മുടെ വിവാഹം കഴിഞ്ഞായിരുന്നു എങ്കില്‍ മാഷിത് പറയുമോ? “

Before sunriseഎനിക്ക് ഉത്തരം മുട്ടി. തെറ്റ് എന്‍റെതാണ്- ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരുവളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യം… ഇനി എന്ത് ചിന്തിക്കാന്‍… ഇവള്‍ എന്‍റെതുമാത്രം… യഥാര്‍ത്ഥ പ്രണയം അവിടെത്തുടങ്ങി… അണപൊട്ടി ഒഴുകിയ പ്രണയത്തിന്‍റെ പെരുമഴക്കാലം – നീണ്ട അഞ്ചര വര്‍ഷങ്ങള്‍… അവധി ദിവസങ്ങള്‍ ഞങ്ങള്‍ പഴയ കോളേജിലെ അടച്ചിട്ട ക്ലാസ്മുറികളില്‍ കണ്ടുമുട്ടി… കണ്ണും കണ്ണും കഥകള്‍ കൈമാറി… പെണ്‍കുട്ടികളുടെ മനസ് ഇത്രയും ലോലവും മനോഹരങ്ങളായ മണ്ടത്തരങ്ങള്‍ നിറഞ്ഞതും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്…

*****

ചുള്ളിക്കാടിന്‍റെ കവിതകള്‍ 1990 കളുടെ അവസാന പാതിയിലും 2000 ങ്ങളുടെ ആദ്യ വര്‍ഷങ്ങളിലും കോളേജില്‍ പഠിച്ച എനിക്കും (എന്നെപ്പോലെ മറ്റുചില ഭ്രാന്തന്മാര്‍ക്കും) ഹരമായിരുന്നു. ചിദംബര സ്മരണകളിലൂടെ ഊളിയിട്ട് ആരാധന ഭ്രാന്തായി മാറിയ വര്‍ഷങ്ങള്‍… അഞ്ചര വര്‍ഷത്തെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി എന്ന തിരിച്ചറിവില്‍, ‘555 സിഗരറ്റ്’ പുകച്ചു തള്ളി ബാംഗ്ലൂരിലെ തെരുവുകളില്‍ താടി നീട്ടി “ആനന്ദധാരയില്‍” മുഴുകി നടന്ന ഒരു കാലവും ഉണ്ടായിരുന്നു എനിക്ക്…

boolo cccc.cdr“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍…
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍…ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനെ
എന്നെന്നും എന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന”

പിന്നീട്, സിഗരറ്റ് വലി നിര്‍ത്തി, ഡിപ്രഷനില്‍ നിന്നു മോചിതനായി, ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയം (3-4 വര്‍ഷം മുന്‍പ്) അദ്ദേഹത്തെയും വിജയലക്ഷ്മി മാഡത്തെയും ഒരു കൌമാരക്കാരി പെണ്‍കുട്ടിയെയും (മകളാണോ, കൊച്ചുമകളാണോ, അതോ മറ്റാരെങ്കിലും ആണോ എന്നറിയില്ല), NH ബൈ-പാസ്സില്‍ മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ ഉള്ള “ഹോട്ടല്‍ ന്യൂ മലയ” എന്നു പേരുള്ള ചൈനീസ് റെസ്റ്റോറന്ടില്‍ വെച്ചു കണ്ടു… മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ കുറവായിരുന്നു…
എന്‍റെ കൂടെ ഇരുന്ന സുഹൃത്ത് പറഞ്ഞു – “എടാ മിണ്ടണ്ട, ആളു ഭയങ്കര ജാഡയാ ഞാന്‍ തിരുവനന്തപുരത്ത് വെച്ച് ഒരിക്കല്‍ കണ്ടപ്പോള്‍ അങ്ങോട്ട്‌ ചെന്നു സംസാരിച്ചിട്ടും അയാള്‍ മൈന്‍ഡ് ചെയ്തില്ല”.
ഞാന്‍ അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല – ഡിന്നര്‍ കഴിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുകൂടി വേണമായിരുന്നു കടന്നു പോകാന്‍ – ഞാന്‍ ഒന്നു പുഞ്ചിരിച്ചു – അദ്ദേഹം തന്‍റെ മുഖം വികാരരഹിതമായിത്തന്നെ നിലനിര്‍ത്തി. പിന്നീട് പല ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു… അവസാനം ഒരിക്കല്‍ അദ്ദേഹം ചോദിച്ചു- “എന്താ പേര്?”
“സര്‍, ഞാന്‍ മഹേഷ്‌… സാറിന്‍റെ കവിതകളുടെ ഒരു വലിയ ആരാധകനാണ്…”
“താങ്ക്സ്…” അദ്ദേഹം ചിരിച്ചു.
“ഫാമിലി ആയി ഡിന്നര്‍ കഴിക്കാന്‍ വരുന്ന ആളെ ശല്യപ്പെടുതണ്ട എന്നു കരുതിയാണ് ഇതുവരെ സംസാരിക്കാത്തത്…”
“എനിക്കു മനസിലായിരുന്നു- താങ്ക്സ്” അദ്ദേഹം വീണ്ടും പറഞ്ഞു. സെലിബ്രിറ്റികളും മനുഷ്യരാണല്ലോ…

*****

Mr and Mrs Maheshവര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പഴയ കാമുകിയുടെ ഫോട്ടോ കണ്ട ഭാര്യ ചോദിച്ചു- “സുന്ദരി ആയിരുന്നല്ലോ എന്തേ പിന്നെ കല്യാണം കഴിക്കാത്തത്? ”
“ഞാന്‍ ഒഴിവാക്കിയതല്ല – ഈ ജന്മം എനിക്ക് തുണ നീ ആണെന്നാണ് ഈശ്വര നിശ്ചയം.”
“പിന്നെ എന്തിനാണ് ഈ ഫോട്ടോ ഇപ്പോഴും?”
“എന്‍റെ അച്ഛനും ഇതേ ചോദ്യം പലപ്പോഴും ചോദിച്ചിട്ടുണ്ട് – ഇതാണ് മറുപടി- ആ വലിയ പാഠം മറക്കാതിരിക്കാന്‍ – ഇനി ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍… Monument of a big failure…”
“ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ?”
“ഞാന്‍ സ്നേഹിച്ച ആളെ എന്നും എനിക്ക് ഇഷ്ടമാണ്… പക്ഷെ അവള്‍ മരിച്ചു. ഇന്നുള്ളത് അവളുടെ ശരീരത്തില്‍ മറ്റൊരു സ്ത്രീ ആണ്… ആ സ്ത്രീയെ എനിക്കറിയില്ല.”
എന്‍റെ പ്രിയതമ പുഞ്ചിരിച്ചു… ഞാനും.
ജീവിതം വീണ്ടും മുന്നോട്ട്…

അനുബന്ധം
ആ പ്രണയത്തിന്‍റെ ക്ലൈമാക്സ്‌ എങ്ങനെയായിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല – അവളെക്കുറിച്ച് ഒന്നും മോശമായി എഴുതാന്‍ എനിക്കാവില്ല. നന്ദിയുണ്ട് ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും വേദനയുടെയും നാളുകളില്‍ എനിക്കു താങ്ങായി നിന്നതിന് – ഒരുപക്ഷെ എന്‍റെ ജീവിതത്തിലെ അവളുടെ റോള്‍ അവിടം കൊണ്ട് തീര്‍ന്നിരിക്കാം… കുറ്റപ്പെടുത്താന്‍ ആവില്ല.

എന്‍റെ വേദനയുടെ ആഴം അറിഞ്ഞ എന്‍റെയും അവളുടെയും സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു – “അവള്‍ നിന്നെ അര്‍ഹിക്കുന്നില്ല – നിനക്ക് ഇതിലും നല്ലതാണ് വരാനുള്ളത്”
അറിയില്ല- ഞാന്‍ അവളെ അര്‍ഹിക്കാത്തതും ആവാം…

നമ്മളൊക്കെ ജീവിതമെന്ന ചതുരംഗ ക്കളത്തിലെ കാലാളുകള്‍ മാത്രമാണല്ലോ – കളിക്കുന്നവന് അവന്‍റെ ഇഷ്ടാനുസാരം ബലികൊടുക്കം, പിന്തുണക്കാം, എട്ടാം കളത്തിലെത്തിച്ചു വാഴിക്കം… അവന്‍റെ ഇഷ്ടം- ഒരു കാലാളിന് എന്താധികാരമാണ് മറ്റൊരു കാലാളിനെ കുറ്റം പറയാന്‍???

ബന്ധപ്പെട്ട പോസ്റ്റുകള്‍

Realizing the true Love…
കൌമാരം – ഭാഗം 1 : ആദ്യപ്രണയം

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)
അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

തിരുവനന്തപുരം ബ്ലോഗര്‍ സംഗമം 2014

???????????????????????????????തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വെച്ച് ഇന്നലെ(27-Feb-2014) നടന്ന മലയാളം ബ്ലോഗേര്‍സ് മീറ്റ്‌ തികച്ചും അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു. തുഞ്ചന്‍പറമ്പ് മീറ്റ്‌ പോലെ വിശാലമായ ഒരു കാമ്പസ് ഇല്ലയിരുന്നതിനാലും, കോര്‍ഡ്-ലെസ് മൈക്ക് ഇല്ലാതിരുന്നതിനാലും സംസാരിക്കാന്‍ വേദിയില്‍ എത്തെണ്ടിയിരുന്നതിനാല്‍ അല്പം ഔപചാരികത അനുഭവപ്പെട്ടെങ്കിലും ഒരു ഹാളില്‍ വെച്ചു മീറ്റ് നടത്തേണ്ടിവരുന്ന പരിമിതിയെ മറികടക്കാന്‍ മറ്റൊരു സാധ്യത കാണാത്തതിനാല്‍ ആ വളരെ ചെറിയ ഔപചാരികത പോലും ആസ്വാദ്യമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
ആദ്യകാല ബ്ലോഗര്‍മാര്‍ മുതല്‍ ആദ്യമായ് മീറ്റില്‍ പങ്കെടുക്കുന്ന ആളുകള്‍ വരെ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്ന കാഴ്ചയായിരുന്നു കാണെണ്ടിയിരുന്നത്… പാവപ്പെട്ടവന്‍, പ്രവാഹിനി, ഷെരീഫ് സാര്‍, ചന്തു ചേട്ടന്‍, ലീല M. ചന്ദ്രന്‍ (CLS books), സാബു കൊണ്ടോട്ടി, വയല്‍പ്പൂവ്(സുജ), ബഷീര്‍ C V, സുധാകരന്‍ വടക്കാഞ്ചേരി തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം ആഹ്ലാദകരമായിരുന്നു. കൊച്ചു കൊച്ചു തമാശകളുമായി അപരിചിതത്വത്തിന്‍റെ മഞ്ഞുരുക്കിയ- മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിനും, രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനത്തിനും പ്രവാഹിനിയുടെ ഹാന്‍ഡി-ക്രാഫ്റ്റ് പ്രദര്‍ശനത്തിനും ഈ സമ്മേളനം വേദിയായി… സന്തോഷം പകര്‍ന്ന കാര്യങ്ങള്‍…

രണ്ട് പ്രധാന വിഷയങ്ങളില്‍ ആണ് ചര്‍ച്ച നടന്നത്
1. ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ
2. സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നുവോ? എങ്കില്‍ എന്തുകൊണ്ട്? എങ്ങനെ നിയന്ത്രിക്കാം?

പലരും വിഷയം വിട്ടു സംസാരിച്ചു മുന്നോട്ടുപോയി – സമയ പരിമിതി മൂലം ഒരു ചര്‍ച്ചയുടെ രൂപത്തില്‍ രണ്ടാമതും മൂന്നാമതും ഒരാള്‍ക്ക് സംസാരിക്കാനോ മറ്റൊരാളെ വിമര്‍ശിക്കാനോ പിന്തുണക്കാണോ സാധിച്ചുമില്ല… രണ്ടും ചിന്തിച്ചു/ചര്‍ച്ചചെയ്തു വരുമ്പോള്‍ വളരെ ഗഹനമായ വിഷയങ്ങള്‍ ആയിരുന്നതിനാല്‍ അവ എങ്ങുമെങ്ങും എത്താതെ പോകാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു. എങ്കിലും, അന്‍വര്‍ ഇക്കയും ഷെരീഫ് സാറും മോഡറേറ്റര്‍ എന്ന രീതിയില്‍ അവരുടെ റോള്‍ ഭംഗിയാക്കിയതിനാല്‍ സമയത്ത് തന്നെ ഒരുവിധം കാര്യങ്ങള്‍ തട്ടുമുട്ടുകള്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു…

മനോജ്‌ ഡോക്ടര്‍ ഫുഡ്‌ ആയിരിക്കും ഒരു സ്പെഷ്യാലിറ്റി എന്നു പറഞ്ഞിരുന്നു എങ്കിലും അമിത പ്രതീക്ഷ ഇല്ലാതെയാണ് പോയത്… അത്യുഗ്രന്‍ എന്നൊന്നും പറയുന്നില്ല എങ്കിലും- വളരെ ഡീസന്റായി ഭക്ഷണകാര്യങ്ങളും നടന്നു.

അവസാന ചര്‍ച്ചയുടെ കൂടെ, ഗവണ്മെണ്ടിന്‍റെ സൈബര്‍ ലോ ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കുന്ന പ്രമേയവും പാസ്സാക്കിയാണ് ബ്ലോഗര്‍ സമ്മേളനം അവസാനിപ്പിച്ചത്.

സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല- കാരണം അറുപതോളം ബ്ലോഗര്‍മാര്‍ക്ക് ഒട്ടും മുഷിപ്പില്ലാതെ (എന്നു ഞാന്‍ വിശ്വസിക്കുന്നു) ഇത്തരം ഒരു മീറ്റ് സംഘടിപ്പിക്കാനായതും- അതിനെ ആദ്യാവസാനം ഒരേ ടെമ്പോയില്‍ കൊണ്ടുപോകാന്‍ (വോള്‍വോ കിട്ടിയില്ല അതുകൊണ്ട് ടെമ്പോ മതി എന്നു തീരുമാനിച്ചു-സദയം ക്ഷമിക്കുക) സാധിച്ചതും സംഘടനാപാടവത്തിന്‍റെ തെളിവാണ്.
???????????????????????????????ആദ്യമായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ കൂട്ടായ്മയെ മുന്നില്‍ നിന്നു നയിച്ച അന്‍വര്‍ ഇക്കാ ആണ്. വാക്കുകളാല്‍ സമ്പന്നമായ മലയാള ഭാഷയിലെ പദങ്ങള്‍പോലും മതിയാവുമോ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എന്നു ഞാന്‍ സംശയിക്കുന്നു. സദാ ചിരിച്ച മുഖവുമായി പരാതികള്‍ ഇല്ലാതെ കാര്യങ്ങാന്‍ നോക്കി നടത്തുന്ന, ഇങ്ങനെയും ഒരു മനുഷ്യന്‍- അതേ- യഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആദ്യാവസാനം എല്ലാക്കാര്യങ്ങളും നേരിട്ട് നോക്കി നടത്തിയ അദ്ദേഹം – ഇടക്ക് ലാഗ് ഉണ്ടാകാതെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്തു. അഭിനന്ദനങ്ങള്‍ അന്‍വര്‍ ഇക്കാ- താങ്കള്‍ പറയാറുള്ളത് പോലെ- മനുഷ്യസ്നേഹം നീണാള്‍ വാഴട്ടെ…
ഒരു ലീഡറുടെ വിജയം അദ്ദേഹത്തിന്‍റെ ടീം മെംബേര്‍സ് എങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ്… അജിത്തും (ഉട്ടോപ്യന്‍) ഡോക്ടര്‍ മനോജും വിജിത്ത്, വിഷ്ണു(വിഷ്ണുലോകം), മണി.മിനു എല്ലാവരും ഒന്നിനൊന്നു മെച്ചമായി അവരില്‍ നിഷിപ്തമായ കടമകള്‍ വീണ്ടും ഒരു ഫോളോ-അപ്പോ സൂപ്പര്‍ വിഷനോ ഇല്ലാതെ തന്നെ ഭംഗിയായി ചെയ്തു… ഓരോരുത്തരും പ്രവര്‍ത്തിച്ചത്-എന്‍റെ വീട്ടില്‍ ഒരു കാര്യം നടക്കുന്നു- ഞാന്‍ അത് ഭംഗിയായി ചെയ്യണം എന്ന മനോഭാവത്തോടെ ആയിരുന്നു… സ്വയം കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിവുള്ള ഒരു ടീം ആയിരുന്നു സംഘാടകര്‍ എന്നത് സമയ-സ്ഥല പരിമിതിക്കുള്ളിലും ഈ കൂട്ടായ്മയെ മനോഹരമാക്കാന്‍ സഹായകമായി.

???????????????????????????????തുടര്‍ന്നു നടന്ന ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ്‌ ഡോക്ടര്‍ മനോജ്‌ കുമാര്‍, തിരുവനന്തപുരത്തിന്‍റെ അഭിമാനമായ സോഷ്യല്‍ വര്‍ക്കര്‍ കുമാരി അശ്വതി നായരില്‍ നിന്നും ഏറ്റുവാങ്ങി. ബൂലോകം പോര്‍ട്ടലിന്‍റെ അവാര്‍ഡ്‌ ദാനചടങ്ങ് ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെ ആയിരുന്നു.
പിരിഞ്ഞപ്പോള്‍ രാത്രി ആയിരുന്നു എങ്കിലും, ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമം മനസ്സില്‍ എന്നും മങ്ങാതെ നില്‍ക്കുന്ന ഒന്നായിരിക്കും.