The Travellerകുറച്ചു നാളുകള്‍ക്ക് മുന്‍പ് ഞാന്‍ ആരെന്നുള്ള ചോദ്യത്തിന് അല്പം കൂടി വ്യക്തത ഉണ്ടായിരുന്നു എന്നു തോന്നുന്നു… കാലം മുന്നോട്ടു പോകുംതോറും ഉത്തരം എന്‍റെ മനസ്സില്‍ തന്നെ അവ്യക്തമായി വരുന്നു…!!!
എന്‍റെ ജീവിതത്തിന്‍റെ ചില ചില വശങ്ങളില്‍ നിന്നുള്ള കാഴ്ചപ്പാടുകള്‍ ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം – അത് മാത്രമല്ല ഞാന്‍, എന്നാല്‍ അതെല്ലാം എന്നിലുണ്ട് താനും…

1980-കളുടെ ആദ്യപാദത്തില്‍, ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കുരിയന്‍സ് ഹോസ്പിറ്റലില്‍ ജനിക്കുമെന്ന്പറഞ്ഞ ഡേറ്റിനും 4 ദിവസത്തിന് ശേഷം, വൈദ്യുതി പണിമുടക്കിയ ഒരു രാത്രിയുടെ ആദ്യ പാദത്തില്‍ മെഴുകുതിരി വെട്ടത്തില്‍ ഞാന്‍ പിറന്നു. വളര്‍ന്നത് പാലായില്‍, അച്ഛന്‍റെ (എന്‍റെയും) തറവാട് ആയ കൊട്ടാരത്തില്‍ ഭവനത്തില്‍ – മുത്തച്ഛനും മുത്തശ്ശിക്കും അച്ഛനമ്മമാര്‍ക്കും സഹോദരിക്കും ഒപ്പം. അത്രയൊന്നും മനോഹരമല്ലാത്ത, സംഭവ ബഹുലമായ – എന്നാല്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കാത്ത – ബാല്യം…
പഠനം നാട്ടിലെ ക്രിസ്ത്യന്‍ മാനെജ്മെന്റ് മലയാളം മീഡിയം സ്കൂളില്‍.
ചെറിയ ക്ലാസ്സുകളില്‍ മിടുക്കനായ വിദ്യാര്‍ത്ഥി – ചില കാരണങ്ങളാല്‍ പഠനത്തില്‍ നിന്നു ശ്രദ്ധ മാറിയ ഉയര്‍ന്ന ക്ലാസ്സുകള്‍ – എങ്കിലും ക്ലാസ്സിലെ മികച്ച 5 പേരില്‍ ഒരാള്‍.
പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ കണക്കിന്‍റെ മാര്‍ക്ക് കൊണ്ട് മാത്രം ഒന്നാമന്‍- മറ്റെല്ലാത്തിലും ശരാശരിക്കാരന്‍. സ്കൂളില്‍ നിന്നും എല്ലാവര്‍ഷവും ചെറുകഥാ രചനക്ക് കിട്ടിയിരുന്ന ഒന്നാം സ്ഥാനത്തിന്‍റെ സന്തോഷവും ഗണിതത്തിനു മാത്രം കിട്ടിയിരുന്ന ഒന്നാമന്‍ സ്ഥാനവും ഒഴിച്ചാല്‍ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സ്കൂള്‍ ജീവിതം.

ജീവിതത്തിന്‍റെ മനോഹര വര്‍ണ്ണങ്ങള്‍ കണ്ടുതുടങ്ങിയത് പ്രീഡിഗ്രി ജീവിതം മുതലാണ്‌. ക്ലാസ് കട്ടുചെയ്ത് സിനിമക്ക് പോയിരുന്ന, പേരുദോഷം കേള്‍പ്പിക്കാതെ വായിനോക്കിയിരുന്ന, പെണ്‍കുട്ടികളോട് മാന്യമായി മാത്രം പെരുമാറിയിരുന്ന, ചിതറിയ കോലന്‍ മുടി ഒതുക്കി വെക്കാന്‍ പോലും മിനക്കെടാത്ത ചിലപ്പോള്‍ മാത്രം നന്നായി ഒരുങ്ങി കോളേജില്‍ പോയിരുന്ന,  ക്ലാസില്‍ നന്നായി പെര്‍ഫോം ചെയ്യുകയും പരീക്ഷയില്‍ മോശമാകുകയും ചെയ്തിരുന്ന വിചിത്ര ജീവി. കുറച്ച് NCC ആക്ടിവിറ്റികളും സ്പോര്‍ട്സും ഒക്കെയായി, ഒരുകാര്യത്തിലും ആര്‍ക്കും ഒരിക്കലും വെല്ലുവിളി ആകാത്ത ഒരാള്‍. നാടകങ്ങള്‍, കഥ, കേരളപ്പിറവി ദിനത്തിലെ ശാലീന സുന്ദരന്‍ മത്സരം ഇലക്ഷന്‍ കാമ്പെയ്നുകള്‍, നേച്ചര്‍ ക്ലബിന്‍റെ കാടുകളിലെ ക്യാമ്പുകള്‍, NCC യുടെ ട്രെക്കിങ്ങുകള്‍, നാഷണല്‍ ക്യാമ്പ്, ഒരു കവിത പോലെ- കാട്ടരുവി പോലെ  – മനോഹരമായ അഞ്ചര വര്‍ഷം നീണ്ടുനിന്ന പ്രണയം… അങ്ങനെ ചില കാര്യങ്ങള്‍ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു…

ഗണിതശാസ്ത്രത്തിലെ ബിരുദവും PGDCA യും കഴിഞ്ഞ്, ആദ്യം ലഭിച്ച ജോലി ബജാജ് അലിയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ബിസിനസ് അഡ്വൈസര്‍ (ഇന്‍ഷുറന്‍സ് പോളിസി എജന്റ് തന്നെ). IRDA യുടെ പരീക്ഷക്ക് വേണ്ടിയുള്ള 5 ദിവസത്തെ ട്രെയിനിംങ്ങിലെ മൂന്നാം ദിവസം ഏഷ്യാനെറ്റില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍നില്‍ ജുനിയര്‍ പോസ്റ്റിലേക്ക് ഓഫര്‍. അതിനും പോകാതെ MCA ക്ക് ചേര്‍ന്നു.
MCA കഴിഞ്ഞ് ബാംഗ്ലൂര്‍, കോട്ടയം ഒക്കെക്കഴിഞ്ഞ് എറണാകുളത്ത് സ്വസ്ഥമായി. പിന്നെ ജോലിയില്‍ ഇരിക്കവേ, ഒരു MBA (Production) വിദൂര വിദ്യാഭ്യാസ മാര്‍ഗത്തില്‍ ചെയ്തു.

“യഥാര്‍ത്ഥ ഭാഗ്യവാന്‍ ആര്?” എന്ന യക്ഷന്‍റെ ചോദ്യത്തിന്‍റെ ഉത്തരമായി-
“ഋണ – ബാധ്യതകള്‍ ഇല്ലാതെ ഒരു നേരമെങ്കില്‍ ഒരുനേരം സ്വന്തം കുടുംബത്തോടൊപ്പം (‘ഭാര്യക്കും മക്കള്‍ക്കും ഒപ്പം’ എന്ന്‍ മഹാഭാരതത്തില്‍ പറയുന്നു) സന്തോഷമായി ഊണുകഴിച്ച് സുഖമായി ഉറങ്ങുന്നവനാരോ – അവനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍.” എന്ന് യുധിഷ്ടിരന്‍ നല്‍കിയ മറുപടിയില്‍ ഞാന്‍ എന്നും വിശ്വസിക്കുന്നു. ആ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു സമ്പൂര്‍ണ ഭാഗ്യവാന്‍ അല്ലെങ്കിലും, “ങാ…കുഴപ്പമില്ല – ജീവിതം മനോഹരം തന്നെയാണ് / ആവും” എന്നു തന്നെ വിശ്വസിക്കുന്നു. ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം ഇത് രണ്ടും മാത്രമാണ് ആകെയുള്ള കൈമുതല്‍. പിന്നെ ഈ നിമിഷം ഇഹലോകത്തു നിന്നു പോകേണ്ടി വന്നാലും ചിരിച്ചുകൊണ്ട് പോകാന്‍ തയ്യാറുള്ള ചുരുക്കം ചിലരില്‍ ഒരാള്‍ …
“Philosophically very stable… But, mentally? Am not sure… 🙂 “

എഴുത്തും, വായനയും, ചെസ് കളിയും, ഒറ്റക്കുള്ള – ദീര്‍ഘമായ ഡ്രൈവിങ്ങും, സുഹൃത്തുക്കളോടോപ്പമുള്ള ട്രിപ്പുകളും, സിനിമയും പ്രധാന വിനോദങ്ങള്‍.
റോള്‍മോഡല്‍ : വിവേകാനന്ദന്‍, APJ അബ്ദുല്‍കലാം
ഇഷ്ട എഴുത്തുകാര്‍: റിച്ചാര്‍ഡ് ബാക്, പൌലോ കൊയ്‌ലോ, ജോണ്‍ ഗ്രിഷാം, എംടി  വാസുദേവന്‍നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്… പിന്നെ അസംഖ്യം ബ്ലോഗര്‍മാരും.

ചുരുക്കത്തില്‍ ഞാന്‍,
അമ്മയുടെ എന്തും തുറന്നു പറയാവുന്ന മകന്‍, “എന്തും, പറയാതെ തന്നെ അറിഞ്ഞു ചെയ്യുന്ന” പ്രിയപ്പെട്ട സഹോദരന്‍, അമ്മുക്കുട്ടിയുടെ പുന്നാര അച്ഛന്‍, ശരണ്യയുടെ ദേഷ്യക്കാരനായ- എന്നാല്‍ അവളെ ഈ ജീവിതത്തില്‍ ഏറ്റവും സ്നേഹിക്കുന്ന ഭര്‍ത്താവ്, SBNT യിലെ പ്രസന്നമായ മുഖമുള്ള പ്രോജെക്റ്റ്‌ ലീഡര്‍, പലരുടെയും ആത്മാര്‍ത്ഥ സുഹൃത്ത്… അങ്ങനെ ചില സന്തോഷകരമായ സ്ഥാനങ്ങളില്‍ ജീവിക്കുന്ന പരാതികള്‍ ഇല്ലാത്ത മനുഷ്യന്‍ മാത്രം.

ഇതൊക്കെയാണ് ഞാന്‍ – ചെറിയ കാര്യങ്ങളുടെ തമ്പുരാന്‍…
ഇതിനപ്പുറം ചിലതുണ്ട്… പക്ഷെ അവ കുറിക്കുന്നില്ല…

Advertisements