പാർട്ട്‌ – 1 : Main Thread
 

ഒരിക്കൽ ഒരു രാജ്യത്തു ഒരു രാജകുമാരൻ ഉണ്ടായിരുന്നു. പിതാവായ രാജാവും മാതാവായ രാജ്ഞിയും പിതമഹന്മാരും എല്ലാം അതിബുദ്ധിമാൻമാരായിരുന്ന ആ രാജകുടുംബത്തിൽ പിറന്ന കുമാരൻ മാത്രം ഒരു മന്ദബുദ്ധി ആയിരുന്നു.രാജാവിന്റെ മരണശേഷം രാജ്യം ഭരിച്ചിരുന്ന രാജ്ഞിയുടെ ഏറ്റവും വലിയ ദുഃഖം ആയിരുന്നു ഈ മന്ദബുദ്ധി ആയ കുമാരൻ.

ഒരിക്കൽ തൊട്ടടുത്ത രാജ്യത്തെ രാജാവ് മരണമടഞ്ഞപ്പോൾ സമീപ രാജ്യത്തെ യുവരാജാവെന്നനിലയിൽ രാജകുമാരന് അയൽ രാജ്യം സന്ദർശിക്കേണ്ടതായി വന്നു. രാജ്ഞിക്കറിയാമായിരുന്നു അയൽരാജ്യത്തെ യുവരാജാവ് മഹാപണ്ഡിതനാണെന്ന്. അതിനാൽ ബുദ്ധിമാൻമാരായ ഉപദേശകരെയും മന്ത്രിമാരെയും രാജകുമാരന്റെ കൂടെ അയച്ചു.
അവിടെ ചെന്നു “കിം മയ: കർത്തവ്യം ?” (സംസ്കൃതത്തിൽ “ഞാൻ എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ ?” ) എന്നുമാത്രം ചോദിക്കാവൂ എന്നു രാജകുമാരനോട് രാജ്ഞി ആവശ്യപ്പെട്ടു. അതൊഴികെ ഒരക്ഷരം പോലും മിണ്ടരുത് എന്നും ചട്ടംകെട്ടിയിരുന്നു. ബാക്കികാര്യങ്ങളൊക്കെ കൂടെയുള്ള ബുദ്ധിമാൻമാർ ചെയ്തു കൊള്ളും. കുമാരൻ അയൽ രാജ്യത്തെത്തും വരെ വളരെ പണിപ്പെട്ടു “കിം മയ: കർത്തവ്യം ?”  “കിം മയ: കർത്തവ്യം ?” എന്നുരുവിട്ടുകൊണ്ടിരുന്നു
അയൽ രാജകൊട്ടാരത്തിൽ എത്തിയ രാജകുമാരൻ തിരക്കിനും ബഹളത്തിനും ഇടയിൽ  “കിം മയാ: കർത്തവ്യം ?” എന്നു തെറ്റായി ഉച്ചരിച്ചു. “മയാ …” എന്നു ദീർഘമായി ഉച്ചരിച്ചതുകേട്ടപ്പോൾ തന്നെ പണ്ഡിതനായ അയൽ രാജകുമാരന് ആഗതൻ ഒരു ജ്ഞാനി അല്ല എന്നു മനസ്സിലായി.
“തല്ക്കാലം വാക്കുകളൊക്കെ ശരിയായി ഉച്ചരിക്കാൻ പഠിച്ചാൽ മതി.” എന്നു പരിഹാസപൂർവ്വം പറഞ്ഞു.
വിവരമറിഞ്ഞ രാജ്ഞി അപമാനത്താൽ പുളഞ്ഞു. ഈ വിഡ്ഢിയെക്കൊണ്ട് നാടിനും കുടുംബത്തിനും ഗുണമില്ലല്ലോ എന്നു പരിതപിച്ചു.

പാർട്ട്‌ -2 (a): Original Story

രാജകുടുംബത്തിനുതന്നെ അപമാനമായ കുമാരനെ ഉപേക്ഷിക്കാൻ വേദനയോടെയെങ്കിലും രാജ്ഞി തീരുമാനിച്ചു. വിവരമറിഞ്ഞ വിദ്വന്മാർ രാജ്നിയോടുപറഞ്ഞു എന്തായാലും ഉപേക്ഷിക്കുകയാണ്. അവസാന മാർഗം എന്ന നിലയിൽ ഒരു അറ്റകൈ പ്രയോഗം നടത്തി നോക്കാം. ആ നാട്ടിലെ വിശ്വാസം അനുസരിച്ച് നാട്ടിലെ വലിയ വെള്ളച്ചാട്ടത്തിൽ വീണ് ഒരു ദിവസം അതിനടിയിൽ കിടന്നിട്ടും മരിക്കാതെ രക്ഷപെടാൻ കഴിഞ്ഞാൽ മഹാവിദ്വാൻ ആകുമത്രേ.
രാജ്ഞി സമ്മതിച്ചു. ഭടന്മാർ കുമാരനെ വെള്ളച്ചാട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. പിറ്റേന്ന് വന്നു നോക്കിയപ്പോൾ ജീവന്റെ നേരിയ സ്പന്ദനം മാത്രം. വൈദ്യന്മാർ കുമാരനെ രക്ഷപെടുത്തി. അത്ഭുതം കുമാരാൻ മഹാ പണ്ഡിതൻ ആയി തീർന്നു – ഇദ്ദേഹം പിൽക്കാലത്ത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്നറിയപ്പെട്ടു.
പാർട്ട്‌ 2 (b): Diversion to Story part 2
ആധുനിക കാലഘട്ടത്തിൽ കഥയിലെ മാറ്റം.
കർത്തവ്യബോധത്തേക്കാൾ പുത്രസ്നേഹം കൊണ്ട് അന്ധയായ രാജ്ഞി പരിവാരങ്ങളോട് പറഞ്ഞു. “എന്തുചെയ്യാം മകനായിപ്പോയില്ലേ ? യുവരാജാവായി അഭിഷേകം ചെയ്തു തല്ക്കാലം കുറേശ്ശെ രാജ്യഭാരം ഏല്പ്പിച്ചു നോക്കാം. ഉത്തരവാദിത്വം ഒക്കെ ഉണ്ടാകുമ്പോൾ കുമാരന്റെ ബുദ്ധിതെളിയും.”
കുമാരൻ നന്നാവില്ല എന്നറിയമായിരുന്നെങ്കിലും തിരുവായ്ക്ക് എതിർവാ ഇല്ലാത്തതിനാൽ സാമന്തൻമാർ റാൻ മൂളി. മന്ദബുദ്ധിയായ കുമാരൻ അങ്ങനെ യുവരാജാവായി …
യുവരാജവായത്തിന്റെ അഹങ്കാരത്തിൽ കുമാരൻ പെണ്ണുപിടിച്ചും കള്ളുകുടിച്ചും മദിച്ചു. തലമുതിർന്ന മന്ത്രിമാരെ പൊതുജനമധ്യത്തിൽ അവഹേളിച്ചു… ജനമധ്യത്തിൽ പൂർവികരുടെ പേരുകൂടി ചീത്തയാക്കി… ജനങ്ങൾ കുമാരനെക്കൊണ്ടു സഹികെട്ടു. രാജ്ഞിയുടെ കാലശേഷം രാജാവായഅദ്ദേഹം കുറേ നാൾ അനുചരൻമാരുടെ സഹായത്താൽ രാജ്യം ഭരിച്ചു… സഹികെട്ട അനുചരന്മാർതന്നെ അവസാനം വിമതരുടെ കൂടെ ചേർന്നു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി.
P. S. : ഈ കഥയുടെ പാർട്ട്‌ 2(b) ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇനി ജനിക്കാൻ പോകുന്നവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. ദയവായി എന്നെ കുരിശിൽ തറക്കരുത്- ഒരു കുടുംബം നോക്കാനുണ്ട്. പ്രാരാബ്ധക്കാരനാണ് … സഹികെട്ടിട്ടു എഴുതിപ്പോയതാണ്… കൊല്ലരുത് നടേശാ …  ഒന്നു വിരട്ടി വിട്ടാൽ ഞാൻ നന്നായിക്കോളാം.
Advertisements