VS Achuthanandanഅച്യുതാനന്ദൻ ആരാണെന്ന കാര്യത്തിൽ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ സംശയമുണ്ടാവില്ല. താൻ കൂടി ചേർന്നു രൂപീകരിച്ച CPI(M) ഇപ്പോൾ അത്ര ചുവപ്പല്ല എങ്കിലും, കുശാഗ്ര ബുദ്ധിയായ സെക്രട്ടറിക്കും, എന്തിനു പോളിറ്റ് ബ്യൂറോക്കു പോലും പിടികൊടുക്കാതെ 90-ആം വയസിലും 19-ന്റെ ചെറുപ്പവുമായി അദ്ദേഹം നടത്തുന്ന ഒറ്റയാൾ പോരാട്ടങ്ങൾ എന്നും ജനമനസിൽ ഉണ്ടാവും. സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശരി എന്ന് നാട്ടിലെ സാധാരണ പ്രവർത്തകർ പോലും അടിയുറച്ചു വിശ്വസിക്കുന്ന CPI(M) ലെ അണികൾക്ക്, മനസാക്ഷിക്കനുസരിച്ചു പെരുമാറാനുള്ള ശക്തമായ സന്ദേശമാണ് ടീ പീ ചന്ദ്രശേഖരന്റെ ഭവന സന്ദർശനത്തിലൂടെയും ലാവ്‌ലിൻ കേസ് അഴിമതി തന്നെയാണെന്ന പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള നിലപാടിലൂടെയും വീ എസ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് മറ്റു പാർട്ടി നേതാക്കൾക്കു ബാലികേറാമലയായ ഓഞ്ചിയതും ഇക്കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചതിലൂടെയും വീ എസ് ആവർത്തിക്കുന്നതും. പാർട്ടിയുടെ പ്രഖ്യാപിത ശത്രുക്കൾക്കിടയിലും അദ്ദേഹത്തെ സ്വീകാര്യനാക്കുന്നത് തന്റെ അഴിമതിക്കെതിരായ നിഷ്പക്ഷ നിലപാടാണെന്നത് വീ എസ്സിനെ നിർഭയനാക്കുന്നു.
ഒരു പക്ഷെ വെട്ടിനിരത്തൽ സമരത്തിലൂടെ ഇത്രയും വെറുക്കപ്പെട്ട ഒരു നേതാവിന്റെ ഏറെക്കുറേ അസാദ്ധ്യമെന്നു തോന്നിക്കുന്ന ജനമനസിലേക്കുള്ള തിരിച്ചു വരവ് വീ എസ്സിനു മാത്രം അവകാശപ്പെടാവുന്ന ഒന്നാണെന്ന് തോന്നുന്നു.
ഇന്നത്തെ നേതാക്കളിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ആർജവവും ആദ്യകാല നേതാക്കളുടെ കമ്മിറ്റ്മെന്റും ഒക്കെ സഖാവ് വീ എസ് നെപ്പോലെ ചുരുക്കം ചിലരിലെ ഇന്ന് അവശേഷിക്കുന്നുള്ളൂ. പക്ഷെ, ഉദ്ദേശശുദ്ധി ഉണ്ടെങ്കിലും വിടുവായത്തരം അദ്ദേഹത്തെ പലപ്പോഴും കുഴപ്പത്തിലാക്കാറുണ്ട്… അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം “കടകംപള്ളി ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കോടതി മടിക്കുന്നു” എന്ന വീ എസ്സിന്റെ പ്രസ്താവന.
അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് കോടതിയെ പരസ്യമായി വിമർശിക്കുക എന്ന പതിവില്ലാത്ത പണിയാണ് വീ എസ് ചെയ്തത്. അതിൽ അല്പം തെറ്റുണ്ട് എന്നുതന്നെ പറയേണ്ടിവരും.
Justice Harun Al Rasheedഎന്നാൽ ഉടനടി ജസ്റ്റിസ്‌ ഹാറുൻ അൽ റഷീദ് കൊടുത്ത മറുപടി ഒരു പടി കൂടെ കടന്നു. അഞ്ചു വർഷം സംസ്ഥാനം ഭരിച്ച വീ എസ് പരിഗണനയിലിരിക്കുന്ന ഒരു കേസിനെപ്പറ്റി കോടതിയെക്കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞതിനെ ജസ്റ്റിസ്‌ രൂക്ഷമായി വിമർശിച്ചു. കൈയ്യടി വാങ്ങാൻ വേറെ പണിനോക്കണം എന്നു പറഞ്ഞ ജസ്റ്റിസ്‌ നിയമം അറിയില്ലെങ്കിൽ താൻ പഠിപ്പിക്കാം എന്നും കൂടി പറഞ്ഞുകളഞ്ഞു. ചുരുക്കിപറഞ്ഞാൽ താൻ എന്നെ പണി പഠിപ്പിക്കണ്ട, എന്റെ പണി ഞാൻ ചെയ്തോളാം, ഒരുപാടങ്ങ്‌ ചൊറിയരുത് എന്ന് മനോഹരമായി അങ്ങ് പറഞ്ഞുവെച്ചു. രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുടെ നിയന്ത്രണരേഖ എവിടെ വരെ ആകാം എന്ന വ്യക്തമായ സൂചന ജസ്റ്റിസ്‌ നൽകി.
കേരളം കണ്ട എക്കാലത്തെയും വലിയ വ്യവഹാരികളിൽ ഒരാളായ വീ എസ്  “70 വർഷമായി ഉള്ള രാഷ്ട്രീയജീവിതത്തിൽ പഠിച്ചതിൽ കൂടുതൽ ഒന്നും പഠിക്കാനില്ല” എന്നുപറഞ്ഞതിലൂടെ ഈ തൊണ്ണൂറാം വയസിൽ താനെന്നെ എന്തുവാ ഇനി കൂടുതൽ പഠിപ്പിക്കാൻ എന്ന സന്ദേശം തിരിച്ചും കൊടുത്തു. താൻ ജനിക്കുന്നതിനു മുമ്പേ ഈ പണിക്ക് ഇറങ്ങിയത ഞാൻ എന്ന ഒരു ധ്വനിയും അതിലുണ്ട്. പിണറായി വിജയനും പാർട്ടിയിലെ വമ്പന്മാരും വർഷങ്ങളായി പയറ്റിയിട്ടു ഒതുക്കാനാവാത്ത  തന്നെ ആരും അങ്ങനെ കൊച്ചക്കണ്ട എന്ന സന്ദേശവും വരികൾക്കിടയിൽ വായിക്കാം.
പറയുന്ന വാക്കുകളുടെ അതിരുവിട്ടു പോകുമ്പോൾ ഉണ്ടാവുന്ന “വടി കൊടുത്തു വാങ്ങുന്ന അടി” എന്ന് മാത്രമേ ഇതിനെ വിളിക്കാനാവൂ. രാഷ്ട്രീയക്കാരെ ഇഷ്ടമില്ലാത്ത ജഡ്ജിമാരും ജുഡീഷ്യറിയെ ഇഷ്ടമില്ലാത്ത രാഷ്ട്രീയക്കാരും ധാരാളമുള്ള നമ്മുടെ രാജ്യത്ത് ഇനി ഇതിന്റെ ബാക്കി എന്താണെന്നു കാത്തിരുന്നു കാണാം. എന്തായാലും ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കേണ്ടതു തന്നെയാണ്.
Advertisements