krishnapilla-smarakamഇന്നലത്തെ വാർത്തയിൽ നിറഞ്ഞു നിന്ന രണ്ടു പ്രതിമകളാണ് ഇതെഴുതുവാനുള്ള പ്രേരണ തന്നത്. ഒന്നാമത്തേത് “സ്റ്റാച്യു ഓഫ് യൂണിറ്റി” എന്ന പേരിൽ ഗുജറാത്തിലെ സർദാർ സരോവർ ഡാമിനെ അഭിമുഖീകരിച്ചു ഡാമിൽ നിന്നു 3.2 കിലോമീറ്റർ അകലെയായി സാധു ബേട്ട് ദ്വീപിൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ. നരേന്ദ്ര മോഡി നിർമാണത്തിനായി തറക്കല്ലിട്ട ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ. മറ്റൊന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ എക്കാലത്തെയും വലിയ വിപ്ലവകാരികളിലൊരാളായ സഖാവ് പി. കൃഷ്ണപിള്ളയുടെ, ഇന്നലെ രാത്രി തകർക്കപ്പെട്ട പ്രതിമ. രണ്ടിലും പൊതുവായുള്ളത് എന്ന് എനിക്ക് തോന്നിയത് “അനാവശ്യമായ കാര്യം” എന്നതാണ്.
ആദ്യത്തേത് നരേന്ദ്ര മോഡിക്ക് രാഷ്ട്രിയ മുതലെടുപ്പ് നടത്താനും, ഗുജറാത്തിനു പുറത്തുള്ള ലോകത്തെ ഒന്നു ഞെട്ടിക്കനുമുള്ള പണി. ലോകത്തെ ഏറ്റവും വലിയ പ്രതിമ നിർമ്മിക്കുന്നതിലൂടെ മോഡി തന്റെ നാമം അനശ്വരമാക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമമാണു നടത്തുന്നത്. ഇപ്പോൾ കണക്കാക്കിയിരിക്കുന്ന പ്രോജെക്റ്റ്‌ കോസ്റ്റ് 2500 കോടി രൂപായാണ്.
the-statue-of-unityഗുജറാത്തിലെ ജനങ്ങളുടെ നികുതിപ്പണം, നാളെ BJP അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു ഇതിനുവേണ്ടി വകമാറ്റി ചിലവഴിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന ഇന്ത്യാക്കാരന്റെ രക്തം വിയര്പ്പാക്കിയ പണം. നരേന്ദ്ര മോഡിയും BJP-യും പറയുന്നതുപോലെ സർദാർ വല്ലഭായി പട്ടേൽ ഒരുപക്ഷെ ജവഹർലാൽ നെഹ്രുവിന്റെ കരിസ്മയിൽപെട്ട് വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടുണ്ടാവില്ല, സത്യത്തിൽ മഹാത്മ ഗാന്ധി പോലും അധികാര രാഷ്ട്രീയത്തിന്റെ ഉരുക്കുമുഷ്ടിയിൽ അമർന്നു പോയതാണല്ലോ ചരിത്രം. സർദാർ പട്ടേലിനെ ആദരിക്കാൻ, അനശ്വരനാക്കാൻ 2500 കോടി (അടീഷണൽ കോസ്റ്റ് കണക്കിലെടുത്തിട്ടില്ല) മറ്റെന്തൊക്കെ കാര്യങ്ങൾ ചെയ്യാമായിരുന്നു. ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ മാതൃകയിൽ കുറേക്കൂടി വിശാലമായ ക്യാമ്പസും ഫസിലിറ്റികളും ഉള്ള – ഒരു പക്ഷെ ലോകത്തിലെ തന്നെ ഒന്നാം കിടയായ ഒരു ആശുപത്രി – സർക്കാർ മേഖലയിലെ അത്തരമൊരു സംരംഭം എത്രയോ ഇന്ത്യക്കാർക്ക്‌ പ്രയോജനപ്പെട്ടേനെ. അല്ലെങ്കിൽ യേൽ, കെയിംബ്രിഡ്ജ്, എംഐടി മാതൃകയിൽ ലോകത്തിലെ എല്ലാകാര്യങ്ങളെ കുറിച്ചും ആധികാരികമായി റിസർച്ച് ചെയ്യാൻ ഒരു വമ്പൻ യൂണിവേർസിറ്റി. ഇതൊന്നുമല്ല എങ്കിൽ ഗുജറാത്തിലെ പാവങ്ങളുടെ പട്ടിണി മാറ്റാൻ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ, പോഷകാഹാരത്തിന്റെയും തൂക്കത്തിന്റെയും കുറവു കൊണ്ട് കുട്ടികൾ അനാരോഗ്യം നേരിടുന്നു എന്ന മോശമായ വിമർശനം നേരിടുന്ന ഗുജറാത്ത് സർക്കാരിനു എന്തെല്ലാം ക്ഷേമ പ്രവർത്തനങ്ങൾ ഈ തുക ഉപയോഗിച്ചു ചെയ്യാമായിരുന്നു…
Narendra-Modiതാഴെ കൊടുത്തിരിക്കുന്ന ലിങ്ക്കൾ മോഡിയുടെയും BJP യുടെയും ചില അവകാശ വാദങ്ങളുടെ തൊലി പൊളിച്ചു കാണിക്കുന്നു…
????????????????????????????????????????????????????????????????????????????????????????????????ദിവംഗതനായ സർദാർ പട്ടേലിനു മോഡി ഒരു പ്രതിമ പണിതതു കൊണ്ടു ആത്മശാന്തി ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല – കാരണം സ്വാതന്ത്ര്യസമരമുന്നണിപ്പോരാളിയിരുന്ന പട്ടേൽ തന്റെ ജനങ്ങൾക്ക്‌ ഗുണമുണ്ടാകുന്ന കാര്യങ്ങളേ ഇഷ്ടപ്പെടൂ…
ഇതിന്റെ ഉദ്ദേശ്യം പകൽ പോലെ വ്യക്തം – “ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമിച്ച ആൾ” എന്ന നിലയിൽ മോഡിക്ക് പ്രശസ്തനാകണം. അല്ലെങ്കിലും കാമ്പെയിൻ കൊണ്ടും ഷോ ഓഫ്‌ കൊണ്ടും ലൈം ലൈറ്റിൽ നിൽക്കുക എന്നതിനപ്പുറം ഒരു മനുഷ്യസ്നേഹിയാണ് മോഡി എന്നു പറയാൻ ഒരിക്കലും സാധിക്കുകയില്ലല്ലോ… ഇതിപ്പോ പഴയ കുപ്രശസ്തരായ മുഗൾ രാജാക്കൻമാരുടെ മനസ്ഥിതി എന്നേ പറയാനാവൂ – താജ്മഹൽ നിർമിച്ചു ഷാജഹാൻ പ്രശസ്തനായി. തന്റെ രാജ്യത്തിൻറെ സമ്പത്ത് മുഴുവനും രമ്യഹർമ്യങ്ങളുടെ നിർമ്മാണത്തിനായി ചിലവാക്കി, പിന്നീട് ഒരു തവണ കൂടിയേ മുഗൾവംശം നിലനിന്നുള്ളൂ. അക്ബരിന്റെ ദീർഘവീക്ഷണവും കരുതലും എല്ലാം നശിപ്പിച്ചു, സ്വയം സുഖിമാനായി അനശ്വര (കു)പ്രശസ്തി നേടിയ മുടിയനായ ഷാജഹാനും മോഡിയുമായി എന്ത് വ്യത്യാസം കാണാൻ കഴിയും?
സർദാർ പട്ടേലിന്റെ പേരിൽ മോഡി ആളാകുന്നത്‌ കണ്ടു നിൽക്കാനേ രാജ്യത്തെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു കഴിയൂ. കാരണം അവർ നെഹ്‌റു കുടുംബത്തിന്റെ വാലാട്ടികളായി നിന്നു മറ്റുള്ള നേതാക്കളെ എല്ലാം തമസ്കരിച്ചവരാണല്ലോ. പട്ടേലിനെ ബഹുമാനിക്കരുത് എന്നു പറയാൻ കോണ്‍ഗ്രെസ്സിനാവില്ലല്ലോ… അവിടെയാണ് മോഡിയുടെ വിജയം. എന്നാൽ അനിവാര്യമായ വിധി തന്നെ തേടിയെത്തും എന്നത് ഒരു കാവ്യനീതിയാണെന്നത് മോഡി മറക്കാതിരിക്കട്ടെ.
**********
krishnapillai_phമേൽപറഞ്ഞത്‌ ഒരു രാഷ്രീയ ധൂർത്തിന്റെ കഥയാണെങ്കിൽ മുഹമ്മക്കു സമീപം കണ്ണരങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ളയുടെ സ്മാരകം തീ വെച്ചു നശിപ്പിച്ചത് വ്യക്തമായ അവബോധത്തോടെയുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്നു പറയേണ്ടിവരും…
കോണ്‍ഗ്രസ്‌കാരാണ് ഇതുചെയ്തതെന്ന് കമ്മ്യൂണിസ്റ്റ്‌ നേതാക്കളും മുതലെടുപ്പിനായ് കമ്മ്യൂണിസ്റ്റ്‌കാരാണ് ചെയ്തതെന്ന് രമേശ്‌ ചെന്നിത്തലയും പറഞ്ഞതോടെ പഴിചാരൽ രാഷ്ട്രീയത്തിൽ പുതിയൊരേടുകൂടി എഴുതി ചേരക്കപ്പെട്ടിരിക്കുന്നു…
ആരാണിതു ചെയ്തതെന്ന് താൻ കണ്ടില്ല എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിക്ക് ഒട്ടും വിശ്വാസ്യത തോന്നുന്നില്ല. ആരാണെന്നു കാണാനല്ലെങ്കിൽ അയാൾ പിന്നെ എന്തിനാണ് ശമ്പളം വാങ്ങി, പണിയെടുക്കുന്നു എന്നവകാശപ്പെടുന്നത് എന്ന ചോദ്യം അവിടെയുണ്ട്.
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായവർ പരസ്പരം സംബോധന ചെയ്യുന്നത് “സഖാവ്” എന്നാണ്. സഖാവ് ഇ എം എസ്, സഖാവ് നായനാർ, സഖാവ് അച്യുതാനന്തൻ, സഖാവ് പിണറായി വിജയൻ എന്നു തുടങ്ങി നാട്ടിലെ സാദാ മെമ്പർ ആയ ബിജുവിനെയും സഞ്ജുവിനെയും  വരെ സഖാവ് ബിജു, സഖാവ് സഞ്ജു എന്നു മാത്രമേ പാർട്ടി വൃത്തങ്ങളിൽ സംബോധന ചെയ്യൂ. എന്നാൽ വാലായി പേരു പറയാതെ സഖാവ് എന്നു മാത്രം പറഞ്ഞാൽ അത് ഒരാൾ മാത്രമാണ് സഖാവ് പി കൃഷ്ണപിള്ള. കമ്മ്യൂണിസ്റ്റ്‌കാർക്ക് മാത്രമല്ല മറ്റു പാർട്ടിക്കാർക്കും പി. കൃഷ്ണപിള്ള സഖാവാണ്. അങ്ങനെ കേരളത്തിന്റെ മുഴുവൻ സഖാവായ സഖാവിന്റെ മെമ്മോറിയലിൽ പോയി തോന്നിയവാസമെന്നല്ല തികഞ്ഞ അക്രമം കാണിച്ച ചരിത്രബോധമില്ലാത്ത ക്രിമിനലുകളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുക തന്നെ വേണം.
കഴിഞ്ഞദിവസം കണ്ണൂരിൽ  മുഖ്യമന്ത്രിക്കു നേരേ നടന്ന കല്ലേറും ഇതും കൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. സഖാവിന്റെ സ്മാരകമായി നിലനിർത്തിയിരുന്ന വീടിന്റെ കത്തിയ മേൽകൂരയും മുഖത്തിനു കേടുപറ്റിയ സഖാവിന്റെ പ്രതിമയും എന്നുമെന്നും സാംസ്‌കാരിക-രാഷ്ട്രീയ പ്രബുദ്ധരെന്നു അഹങ്കരിച്ചിരുന്ന കേരളീയരുടെ മുഖത്തേറ്റ പ്രഹരമാണ്.
സഖാവിനെ കുറിച്ചുള്ള സ്മരണകൾക്ക് നേരേ കാർക്കിച്ചു തുപ്പുന്നതിനു തുല്യമായ ഈ നടപടി ചെയ്തത് ആരായിരുന്നാലും തികഞ്ഞ പിതൃശൂന്യത ആണെന്നു മാത്രമേ പറയാനാവൂ… “ലാൽ സലാം സഖാവേ” ഇതുകൊണ്ടൊന്നും നശിക്കുന്നതല്ല അങ്ങയെക്കുറിച്ചുള്ള ജ്വലിക്കുന്ന സ്മരണകൾ.
Advertisements