കൌമാരമെന്നു കേള്‍ക്കുന്നതെ നമ്മുടെ മനസിലേക്കോടിയെത്തുന്നത് ഒരു പ്രണയ ചിന്ത ആയിരിക്കും, അതിനു മുന്‍പും പിന്‍പും ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും, ആദ്യം ആ നഷ്ട പ്രണയമധുരത്തില്‍ നിന്നാവാം. പേരുകളില്‍ മാറ്റം വരുത്തുന്നു, ചില സാഹചര്യങ്ങളിലും…

മൂക്കിനുതാഴെ ഒരു കറവല്‍ മാത്രമായി മീശ എന്ന അഭിമാനചിഹ്നം വന്നു തുടങ്ങിയ പതിനാലാം വയസ്സിലാണ് എന്റെ ആദ്യ പ്രണയം മൊട്ടിട്ടത്. അതിനു മുന്‍പുള്ള അസംഖ്യം മന:ശല്യങ്ങളെ ഒരു പ്രണയമെന്നു വിളിക്കാന്‍ എനിക്കാവില്ല. ലക്ഷണമൊത്ത ആദ്യപ്രണയം ഇതായിരുന്നു.

പത്താം ക്ലാസ്സിലെ സൈക്കിലുള്ള ചേട്ടന്‍മാരില്‍ ഒരാള്‍, അവരില്‍ തന്നെ ഹാന്‍ഡിലില്‍ നിന്നു കൈ വിട്ടു സൈക്കിള്‍ ഓടിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ … എന്നിങ്ങനെ ചില വീര പരിവേഷങ്ങളാല്‍, 7, 8, 9 ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കണ്ണില്‍ വിരിയുന്ന ആരാധനയാണ് ജീവിത സാഫല്യമെന്നു കരുതി നടന്നിരുന്ന നാളുകളിലാണ്‌ പതിയെ പതിയെ അവള്‍ എന്‍റെ മനസ്സില്‍, എന്‍റെ പോലും സമ്മതമില്ലാതെ കുടിയേറി പാര്‍ത്തു തുടങ്ങിയത്. സുഹൃത്തുക്കളായ സുനിക്കും കൈമളിനും വരുണിനും ആദര്‍ശിനും ഒക്കെ പ്രണയബാധ (എല്ലാം വണ്‍-വേ ലൈന്‍ ആയിരുന്നു) ഉണ്ടായപ്പോഴും- ഒരു പെണ്ണിനെക്കുറിച്ചോര്‍ത്തു നടക്കുന്ന മണ്ടന്മാര്‍ എന്ന പുച്ഛമായിരുന്നു എന്‍റെ മനസ്സില്‍.

loveഎന്നാല്‍ കൂട്ടത്തില്‍ തെറ്റില്ലാത്ത പെണ്ണെങ്കിലും, എന്തേ ആരും അവളെ കാമുകിയാക്കാത്തൂ എന്ന കൌതുകമായിരുന്നു എനിക്ക് പാറു എന്ന പാര്‍വതിയോട്. കൈമളിന്റെ ഒന്നര ലൈനായ (അങ്ങോട്ട്‌ മുഴുവനും ഇങ്ങോട്ടു പാതിയും) ജിയയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പാറു. കൈമളിനു ജിയയോടു സംസാരിക്കാന്‍ തുണപോയിരുന്ന ഞാന്‍, തലകുനിച്ചു, പുസ്തകങ്ങള്‍ നെഞ്ചോടമര്‍ത്തി, മാലയിലെ ലോക്കറ്റില്‍ ഇടയ്ക്കിടയ്ക്ക് തെരുപ്പിടിച്ചു അല്പം പരുങ്ങലോടെ നടന്നിരുന്ന, എന്നും കുളിച്ചു കുളിപ്പിന്നല്‍ പിന്നിയ, അല്പം ചുരുണ്ട മുടിയുടെ അറ്റത് എന്നും കര്‍പ്പൂര തുളസിയില ചൂടി, എന്നും പാവാടയും ബ്ലൗസും ധരിച്ചു വന്നിരുന്ന പാറുവിനെ എങ്ങിനെയോ ശ്രദ്ധിച്ചു തുടങ്ങി.

കൈമളിനോട് ഞാന്‍ ചോദിച്ചു “കലപിലാ ചിലക്കുന്ന ജിയയെക്കാള്‍ നല്ലത് പാറുവല്ലേ, പിന്നെ നീയെന്താ അവളെ നോക്കാത്തത്” എന്ന്.

അവന്‍ പറഞ്ഞു “മനുഷ്യരെ നമുക്കു പ്രേമിക്കാം, ദേവിമാരെ ആരാധിക്കനല്ലേ പറ്റൂ…”. അങ്ങനെ ഞാനും ആരാധന തുടങ്ങി – എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലില്‍, ഏഴു തിരി വിളക്കു കത്തിച്ച്.

മഹേഷ്‌ എന്നാല്‍ ശിവന്‍, പാര്‍വതിയും ശിവനും … ഞാന്‍ വിഡ്ഢിത്തങ്ങള്‍ ചിന്തിച്ചുകൂട്ടി. പാറുവിന്റെ സാന്നിധ്യത്തില്‍ ഞാന്‍ എന്‍റെ ചിതറിയ കോലന്‍ മുടി ഒതുക്കിവെക്കാന്‍ ശ്രമിക്കുന്നതും, ബഹളം കൂട്ടി സംസാരിക്കാതെ മാന്യനാകുന്നതുമൊക്കെ ആദ്യം കണ്ടുപിടിച്ചത് ജിയയാണ്, അവളതു കൈമളിനോട് പറഞ്ഞു. കൈമള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഞാന്‍ പ്രണയത്തിലാണെന്ന് ഒരിക്കലും, ആരോടും സമ്മതിച്ചില്ല. ഉഗ്രപ്രതാപിയായ അച്ഛന്റെ ചെവിയിലെങ്ങാനും മകന്‍ വായിനോക്കി നടക്കുന്നു എന്നാരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമുള്ള ധൈര്യമില്ലാത്തതിനാലാണോ, നാട്ടിലെ മര്യാദക്കാരനായ പയ്യന്‍ എന്ന ഇമേജ് പോകുമെന്ന ഭയത്താലാണോ, അതോ തുറന്നു പറഞ്ഞാല്‍ ഇപ്പോളുള്ള സൗഹൃദം കൂടി നഷ്ടമാകുമോ എന്ന ചിന്തയാലാണോ… അറിയില്ല, ഞാന്‍ എന്‍റെ പ്രണയത്തെ മനസ്സിന്റെ ഏറ്റവും ഉള്ളിലെ അറയില്‍ ഒരു നിധിപോലെ സൂക്ഷിച്ചു. എന്‍റെ തലയിണയെ ഞാന്‍ പാറു എന്നു വിളിച്ചു… ഓരോ രാവുകളിലും ചുംബനങ്ങള്‍ കൊണ്ടു മൂടി, കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…

പത്താംക്ലാസ്സിലായിരുന്നതിനാല്‍ മിക്കവാറും  ശനിയാഴ്ചകളില്‍ ഉച്ചവരെയുണ്ടായിരുന്ന സ്പെഷ്യല്‍ ക്ലാസുകള്‍  അവളെ ഒരുനോക്കു കാണാമെന്ന കാരണത്താല്‍ അഭിമതമായി മാറി. പഠിച്ചൊരു ജോലി എത്രയും പെട്ടെന്നു വാങ്ങിയാലെ അവളെ സ്വന്തമാക്കുന്നകാര്യം ചിന്തിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം ബോറന്‍ ക്ലാസ്സുകലോടുള്ള എന്‍റെ വെറുപ്പുകുറച്ചു. പെണ്‍കുട്ടികളെ ഇരുപതിലും ഇരുപത്തിരണ്ടിലുമൊക്കെയും, ആണ്‍കുട്ടികള്‍ 27 ലും 30 ലും ഒക്കെയും വിവാഹം ചെയ്യിക്കുന്ന നാട്ടുനടപ്പിനെ ഞാന്‍ ശപിച്ചു.

ഞായറാഴ്ചകളായിരുന്നു അസഹ്യം- എങ്ങിനെ അവളെ ഒരുനോക്കുകാണുമെന്നത് ഒരു പ്രശ്നമായി. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടല്ലോ. പാര്‍വതിയെ കാണാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെ തുണ. ഞങ്ങളുടെ നാട്ടിലെ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് അവളുടെ വീട്. ശിവരാത്രി ദിവസം പോലും അമ്പലത്തില്‍ പോകാത്ത ഞാന്‍ പെട്ടെന്നു ഭക്തനായി. എല്ലാ ഞായറാഴ്ചകളിലും നെറുകയില്‍ വെയില്‍ വീഴുന്നതുവരെ കിടന്നുറങ്ങിയിരുന്ന ഞാന്‍, ആരും വിളിക്കാതെ രാവിലെ എഴുന്നേറ്റു കുളിച്ചു ശുഭ്രവസ്ത്രം ധരിച്ചു, മുടങ്ങാതെ ശിവക്ഷേത്രത്തില്‍ പോയിത്തുടങ്ങി. എന്താ പതിവില്ലാത്തൊരു ഭക്തിമാര്‍ഗമെന്നു എന്‍റെ അമ്മ അത്ഭുതപ്പെട്ടു.

അച്ഛന്‍ പറഞ്ഞു “പത്താം ക്ലാസ്സിലല്ലേ ഭക്തിയൊക്കെ താനേ വരും. എന്തായാലും നല്ല കാര്യം”.
ഞാന്‍ തിരുത്താന്‍ ശ്രമിച്ചില്ല – അതങ്ങനെയിരിക്കട്ടെ.

അവളുടെ വീടിനരികിലേക്കെത്തുന്നത് ഒരു വളവു തിരിഞ്ഞു കഴിഞ്ഞാണ്. അതുകൊണ്ട് വീടിനടുത്തെത്തുമ്പോള്‍  ബെല്ലടിക്കുന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല- ഭാഗ്യം. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ വീടിനടുത്തുകൂടി സ്ഥിരമായി സൈക്കിള്‍ ബെല്ലടിക്കുന്നവര്‍ക്ക് സംഭവിച്ചിട്ടുള്ളതൊക്കെ എനിക്കും സംഭവിച്ചേനെ. അവളുടെ അച്ഛനും ചേട്ടനും നല്ല ആരോഗ്യവുമുണ്ട്. വളവു തിരിഞ്ഞു ചെല്ലുന്നിടത്ത്, അവളുടെ പറമ്പിന്റെ അരികില്‍ ഉടനീളം മഞ്ഞഇല്ലി നട്ടിരിക്കുകയാണ് – റോഡിന്‍റെ എതിര്‍വശത്തു താമസിക്കുന്നവരില്‍ ഒരാളുടെ നാള്‍ ആയില്യം ആണത്രേ – അയല്‍ദോഷപരിഹാരം… എന്‍റെ ബെല്ലടി കേള്‍ക്കുമ്പോള്‍ അവള്‍ ഇറങ്ങി വന്നിരുന്നു-മഞ്ഞ ഇല്ലികല്‍ക്കിടയിലൂടെ… മിക്കവാറും ദിവസങ്ങളില്‍ കൈയ്യിലൊരു ടൂത്ത്ബ്രുഷുമായാവും വരവ് – പറമ്പില്‍ കൂടി നടന്നു പല്ലു തേക്കുന്ന ഭാവത്തില്‍… മുട്ടോളമെത്തുന്ന പാവാടയും ജാക്കറ്റും ഇട്ടു, മുടി അലസമായി ഉരുട്ടിക്കെട്ടിവെച്ച്…

സൈക്കിളിന്‍റെ വേഗത കുറച്ചു ഞാന്‍ എന്തെങ്കിലും ചോദിക്കും, അവള്‍ മറുപടിയും പറയും. അമ്പലത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും ഒരോ നിമിഷക്കാഴ്ചകള്‍… അതിനായാണ് ഈ കഷ്ടപ്പാടു മുഴുവനും.

അങ്ങനെയങ്ങനെ ഞങ്ങള്‍ SSLC പാസ്സായി, അന്നു പ്ലസ്‌ടു സിസ്റ്റം അത്ര പ്രബലമല്ല. അവിടിവിടെ ഓരോ ഗവന്മേന്റ്റ്ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ ഉണ്ട്. മാര്‍ക്ക് കുറഞ്ഞ, കോളേജില്‍ അഡ്മിഷന്‍ കിട്ടാത്ത കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങള്‍. ചുരുക്കി പറഞ്ഞാല്‍ അന്നൊക്കെ പത്താം ക്ലാസ്സോടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു, വര്‍ണപ്പകിട്ടേറിയ കോളേജ് ജീവിതം തുടങ്ങി – പ്രീഡിഗ്രീ എന്നപേരില്‍. കണക്കില്‍ സ്കൂളിലെ മിടുക്കനായിരുന്ന ഞാന്‍ ഫസ്റ്റ്ഗ്രൂപ്പ്‌ എടുത്തു. അത്രയൊന്നും മാര്‍ക്കില്ലാതിരുന്ന അവള്‍ തേര്‍ഡ് ഗ്രൂപ്പും. എനിക്കു സന്തോഷം തോന്നി. കുറഞ്ഞപക്ഷം അവള്‍ എന്‍റെ കോളേജില്‍ തന്നെ ഉണ്ടല്ലോ. കുറച്ചുകൂടി മാര്‍ക്ക് കുറഞ്ഞു നാട്ടിലെ പ്രതിഭയില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന പ്രതിഭാ കോളേജിലെക്കെങ്ങാനും അവള്‍ പോയിരുന്നെങ്കില്‍ എന്തു ചെയ്തേനേ… നന്ദി ശിവനെ.

NBകോളേജ് എന്‍റെ രീതികളിലും മാറ്റങ്ങള്‍ വരുത്തി. പതിനാലാം വയസില്‍ 5 അടി 10 ഇഞ്ചിലെത്തിയ എന്‍റെ മെലിഞ്ഞു നീണ്ട ശരീരത്തെ ഞാന്‍ കോളേജ് ജിംനേഷ്യത്തില്‍ പോയി ഭംഗിയുള്ളതാക്കി. നിറയെ എണ്ണ വെച്ചു ഒട്ടിച്ചു വകഞ്ഞു ചീകി വെച്ചിരുന്ന എന്‍റെ മുടിയില്‍ ക്ലിനിക്‌ ആക്ടിവ് ക്രീം പുരട്ടി ഹെയര്‍ സ്റ്റൈല്‍ മാറ്റി. ചുളുങ്ങിയ ഷര്‍ട്ടും മുണ്ടുമായി സ്കൂളില്‍ പോയിരുന്ന ഞാന്‍ ഇസ്തിരിയിട്ട വസ്ത്രം ധരിച്ചു തുടങ്ങി, മുണ്ടില്‍ നിന്നും ജീന്‍സിലേക്ക് മാറി, ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്  ചെയ്തു, വള്ളിചെരുപ്പില്‍ നിന്നു പ്ലാസ്റ്റിക്‌/ലെതര്‍ ചെരുപ്പിലെക്കും ഷൂസിലേക്കും ഞാന്‍ വളര്‍ന്നു. ഒരിക്കലും എന്‍റെ മുഖത്തേക്ക് ഒഴുകിയിറങ്ങിയ എണ്ണയെ ഗൌനിക്കാതിരുന്ന ഞാന്‍ ക്രീമുകളും പൌഡറുകളും ഉപയോഗിച്ചു തുടങ്ങി. മീശയുടെ കറവലിനെ കറുത്ത റീഫില്‍ ഉപയോഗിച്ചു കൂടുതല്‍ കറുപ്പിച്ചു. ഇങ്ങോട്ടു ക്രഷ് തോന്നിയ പെണ്‍കുട്ടികളുടെ എണ്ണം എന്‍റെ ആത്മവിശ്വാസം കൂട്ടി. ഭാമയെയും നിത്യമേനോനെയും വെല്ലുന്ന സുന്ദരികള്‍ എന്നോട് അടുത്തു. പക്ഷെ എനിക്ക് എന്‍റെ സുമലതയെ മതിയായിരുന്നു…

sumalathaഎങ്കിലും അപ്പോഴും തുറന്നു ചോദിക്കാനുള്ള ഭയം എന്നെ വിട്ടിരുന്നില്ല… അങ്ങനെ രണ്ടാം വര്‍ഷമായി. ഇനിയും താമസിച്ചാല്‍ അവള്‍ മറ്റാരുടെതെങ്കിലുമായിപ്പോകുമോ എന്നു ഞാന്‍ ഭയന്നു. അവളുടെ ക്ലാസ്സിലെ ഹാരിസ് എന്‍റെ സുഹൃത്തും കൂടെ NCC യില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നയാളുമാണ്. അവനാണെങ്കില്‍ കോളേജിലെ ഞങ്ങളുടെ ബാച്ചിലെ ലവ്ഗുരുവും. അതിസുന്ദരന്‍, ആര്‍ക്ക് എന്തു പ്രണയ സഹായവും ചെയ്തു കൊടുക്കുന്ന വിശാല മനസ്കന്‍. ലഞ്ച് ബ്രേക്ക്‌ സമയത്ത് മിനിമം 15 പെണ്‍കുട്ടികള്‍ ചുറ്റിനും കൂടി അവന്‍റെ വീരകഥകള്‍ കേള്‍ക്കുന്നത് കാണാം. അവസാനം അവന്‍റെ സഹായം തേടി.

അവന്‍ പറഞ്ഞു “അളിയാ, താമസിപ്പിക്കണ്ട അടുത്ത ആഴ്ച കോളേജ് ഡേ ആണ് അന്നു തന്നെ പറഞ്ഞോ. ഫങ്ക്ഷന്‍ ഉള്ള ദിവസം പെണ്പിള്ളേരോട് സംസാരിക്കാന്‍ കടുവയെ (പ്രിന്‍സിപ്പാള്‍) പേടിക്കണ്ട. അളിയന്‍ പഞ്ചാര മുക്കില്‍ വെച്ചു കാര്യം കബൂറാക്കിക്കോ… പാറുവിനെ ഒരാള്‍ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്ന് ഞാന്‍ അവള്‍ക്കൊരു ഹിന്റു കൊടുത്തേക്കാം. ബാക്കിയൊക്കെ അളിയന്റെ ധൈര്യം, പ്രസന്റേഷന്‍ ഒക്കെ പോലിരിക്കും…”
ഞാനൊന്നു വലിഞ്ഞു “മച്ചമ്പീ, അവളു നോ പറയുമോടെ ? അവളു നോ പറഞ്ഞാല്‍ അതെനിക്ക് …”
“നിനക്ക് കോപ്പാ …” അവന്‍ എന്നെ ചീത്തവിളിച്ചു “എടാ ഒന്നുമല്ലെങ്കിലും ഒരു തീരുമാനം ആകുമല്ലോ… ഇത്രേം പെമ്പിള്ളെരുടെ സ്വപ്ന നായകന് ഒരു ആവറേജ് ലുക്കിംഗ് നാടന്‍ പെണ്ണിനെ വളക്കാന്‍ പറ്റില്ലെങ്കില്‍ പോയി ചാകെടാ… ഇതാ ഹിന്ദിപ്പാട്ടില്‍ പറയുന്നതു പോലെ – ദുനിയാ ഹേ മേരേ പീച്ചേ, ലേകിന്‍ മേ തേരേ പീച്ചേ … എന്തുവാടെ ഇത്…”

My College
ഒരുപാട് ഓര്‍മ്മകളിലുള്ള എന്‍റെ കലാലയം….

അങ്ങനെ ഹാരിസ് അവളുടെ അടുത്തു പോയി പറഞ്ഞു “ഒരാള്‍ തന്നെ വര്‍ഷങ്ങളായി ഇഷ്ടപ്പെടുന്നു, താന്‍ നോ പറയുമോ എന്നു പേടിച്ചു തന്നോടു പറയാതിരിക്കുന്നതാ…”
അവള്‍ അപ്പോള്‍ ഒന്നും മിണ്ടിയില്ല… വൈകിട്ട് ക്ലാസ്സില്‍ നിന്നിറങ്ങാന്‍ നേരം “ആരാ അത് ഹാരിസ്” എന്നു ചോദിച്ചു.
അവന്‍ പറഞ്ഞില്ല അടുത്ത ഒരാഴ്ച മുഴുവല്‍ അവന്‍ അവളെ വട്ടു കളിപ്പിച്ചു. ആരെന്നറിയാനുള്ള ജിജ്ഞാസ അവളുടെ ഉള്ളിലും വളര്‍ന്നു… അവസാനം അവന്‍ പറഞ്ഞു “വെള്ളിയാഴ്ച കോളേജ് ഡേ അല്ലെ ഒന്നരക്ക് പഞ്ചാരമുക്കില്‍ വരാന്‍ ഞാന്‍ അവനോടു പറയാം, ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സീനുണ്ടാക്കരുത്…”
അവള്‍ സമ്മതിച്ചു…
അങ്ങനെ ആ ദിനമെത്തി, ഞാന്‍ ഒരു പരിപാടിക്കും പങ്കെടുത്തില്ല, ഒന്നും കാണാന്‍പോലും പോയതുമില്ല.. സ്പോര്‍ട്സ് റൂമില്‍ തെരാ പാരാ നടന്നു… ഒരുമണിയായപ്പോള്‍ പഞ്ചാരമുക്കിലെത്തി. ഒന്നു പത്തായപ്പോള്‍ ദാ വരുന്നു നായിക – മഞ്ഞ നിറത്തിലുള്ള വലിയ പാവാടയും ബ്ലൌസുമിട്ടു, പഴയതുപോലെതന്നെ കുളിപ്പിന്നല്‍ പിന്നി, തുളസിക്കതിരും ചൂടി – എന്‍റെ സുമലത…
ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ചെന്നു “പാറു എന്താ ഇവിടെ? ആരെ എങ്കിലും വെയിറ്റ് ചെയ്യുവാണോ ?”
“ഏയ്‌ അല്ല.. കാന്റീനിലേക്ക് പോകുന്ന വഴിയാ.”
“ഞാനും കാന്റീനിലേക്കാ, താന്‍ വാ …”
“ഇല്ല മഹേഷ്‌ പൊക്കോ, എനിക്ക് ഒരാളേ കാണാനുണ്ട്…”
“ആര് ?”
“…” അവള്‍ ഒന്നും മിണ്ടിയില്ല, തലകുനിച്ചു നിന്നു. കളിപ്പിച്ചത് മതി എന്നു ഞാനും കരുതി.
ധൈര്യം സംഭരിച്ചു ചോദിച്ചു “ഹാരിസ് എന്തെങ്കിലും പറഞ്ഞോ …?”
“ഏഹ് …” ഒരു ഞെട്ടലോടെ അവള്‍ എന്നെ നോക്കി, സന്തോഷമാണോ, അമ്പരപ്പാണോ എന്നൊന്നും പറയാനാവാത്ത ഒരു ഭാവം ആ മുഖത്തു നിറഞ്ഞിരുന്നു. ഒറ്റ നിമിഷം കൊണ്ടു മുഖം മുഴുവന്‍ ചുവന്നു തുടുത്ത്…
“ക്ലാസ്സ്‌ കഴിയാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ, ഞാന്‍ എന്‍റെ ഓട്ടോഗ്രാഫ് തരാം അതില്‍ ഡിയര്‍ മഹേഷ്‌ എന്നെഴുതിയാല്‍ ഞാന്‍ കരുതും എന്നെ ഇഷ്ടമാണെന്ന്. വെറുതെ മഹേഷ്‌ എന്നെഴുതിയാല്‍ ഇഷ്ടമല്ല എന്നും… ഇത് രണ്ടര വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്നു…”
എന്‍റെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി അവള്‍ നടന്നു… അല്ല ഓടി.
“അളിയാ എന്തായീ ?” ഹാരിസ് ആണ്.
“എന്താവാന്‍, ഞാന്‍ ഓട്ടോഗ്രാഫ് കൊടുത്തു വിട്ടിട്ടുണ്ട്.” ഞാന്‍ പറഞ്ഞു…
“എടാ അവള്‍ ഓക്കേ ആണ് ഉറപ്പ്, അല്ലെങ്കില്‍ അവള്‍ ആ ഓട്ടോഗ്രാഫ് വാങ്ങില്ല.” അവന്‍ പറഞ്ഞു…
“നോക്കാം”… ഞാന്‍ ചിരിച്ചു.
വൈകുന്നേരം അവള്‍ ഹാരിസിന്റെ കൈയ്യില്‍ ഓട്ടോഗ്രാഫ് കൊടുത്തുവിട്ടു. അവന്‍റെ മുഖത്ത് ആകെ കണ്‍ഫ്യൂഷന്‍.
“എടാ പലതരം പെണ്ണുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട് വളച്ചിട്ടുമുണ്ട്. പെണ്ണുങ്ങളുടെ മനശാസ്ത്രം എനിക്കു കാണാപ്പാഠമാനിന്നായിരുന്നു എന്‍റെ വിചാരം. ഇത് വേറൊരു താരമാ…”
“എന്താടാ, യെസ് ഓര്‍ നോ, എന്താ മറുപടി?” ഞാന്‍ ചോദിച്ചു…
“അതാണ് പ്രശ്നം…” അവന്‍ ഒട്ടൊഗ്രാഫ് എന്‍റെ കൈയില്‍ തന്നു…
അതിന്‍റെ മുപ്പത്തിയേഴാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു
“To Mahesh,
Best of Luck for the Future …
– Parvathi ”

*****

P.S. : ഈ കഥ നടക്കുന്നത് 1990-കളിലാണ്. അന്നു മൊബൈല്‍ ഫോണ്‍ ഇല്ല. ലാന്‍ഡ്‌ ഫോണിനു അപ്ലൈ ചെയ്ത് 5-6 വര്‍ഷം കാത്തിരിക്കണം. ആശയ വിനിമയം ഒരു ചിരി, സൈക്കിള്‍ ബെല്‍, ഒരു നോട്ടം എന്നിവയിലൊക്കെ ഒതുങ്ങിയിരുന്നു. ലൈഫ് കുറേകൂടി വേഗത കുറഞ്ഞതായിരുന്നു. ബന്ധങ്ങളില്‍ ആത്മാര്‍ഥത ഏറെയായിരുന്നു, ഗ്രാമ വിശുദ്ധിയും…

പഞ്ചാരമുക്ക്: ഞങ്ങളുടെ കോളേജിലെ രണ്ടു ബ്ലോക്കുകള്‍ ചേരുന്ന ഒരു നാല്‍ക്കവല- നാല് ഇടനാഴികള്‍ അവിടെ സന്ധിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം കാണാന്‍ അവസരമൊരുക്കുന്ന സ്ഥലം – വായിനോട്ടത്തിനും…

ബന്ധപ്പെട്ട ലിങ്കുകള്‍

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

Advertisements