K. N. Rajappan Nair
My Father

1980 കളുടെ രണ്ടാം പകുതി – ഞാന്‍ അന്നു പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി. അന്ന് അച്ഛന്‍ വരുന്ന ദിവസമാണ്. ആറടി പൊക്കമുണ്ടായിരുന്ന അച്ഛന്റെ തലവെട്ടം അകലെ പള്ളിപ്പറമ്പിന്‍റെ ഉയര്‍ന്ന മതിലിനും മുകളിലൂടെ അകലെ കണ്ടതേ ഞാന്‍ ഓടിച്ചെന്നു. ചെന്നപാടെ അച്ഛന്‍ എന്നെ പൊക്കിയെടുത്ത് ഉമ്മ തന്നു തോളിലേറ്റി.അച്ഛന്‍ സാധാരണയിലും ക്ഷീണിതനാണെന്ന് എനിക്കു തോന്നി. പതിവിനു വിരുദ്ധമായി ആ ആഴ്ച അച്ഛന്‍ വന്നപ്പോള്‍ കൈയില്‍ മിഠായികളോ, സ്ഥിരമായി വാങ്ങി വന്നിരുന്ന കഥാ പുസ്തകങ്ങളോ ഇല്ലായിരുന്നു. ഞാന്‍ അച്ഛന്റെ പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റിലും ബാഗിലും ഒക്കെ തിരഞ്ഞു… ഒന്നുമില്ല. “ഒന്നും വാങ്ങാന്‍ പറ്റിയില്ല മക്കളെ…” അച്ഛന്റെ ഗംഭീര ശബ്ദം താന്നിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. മടിയില്‍ നിന്നും മെല്ലെ ഊര്‍ന്നിറങ്ങി അടുക്കളയില്‍ അമ്മയുടെ അടുത്തേക്കു നടന്നു.

പിറ്റേന്നു രാവിലെ പോകാന്‍ തയാറെടുക്കുന്ന അച്ഛന്‍ അമ്മയോട് പറയുന്നതു കേട്ടു – “ബാങ്കിലെ പണയം പുതുക്കേണ്ടി വരും, മാനേജരെ ഞാന്‍ ഇന്നലെ വന്ന വഴി കണ്ടിരുന്നു. എന്താ ഒരു മാര്‍ഗം. പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ… അയാള്‍ക്ക്‌ ശമ്പളവും കിമ്പളവും ഒക്കെയുണ്ടെന്നാണല്ലോ ധാരണ… ന്നെക്കൊണ്ട് അവിഹിതമായി കാശുണ്ടാക്കാന്‍ വയ്യ. അതിന്‍റെ ശാപം നമ്മുടെ കുട്ടികള്‍ക്കാവും വരിക… അത് നമ്മുടെ രീതിയുമല്ല… സഹായിക്കുക എന്നല്ലാതെ ശാപം വാങ്ങാന്‍ വയ്യ…”

ഞങ്ങള്‍ സാമ്പത്തികമായ ബുദ്ധിമുട്ടിലാണ് എന്നെനിക്കു മനസിലായി. എനിക്കെന്തു ചെയ്യാനാവും? പെട്ടെന്നൊരു ചിന്ത. മൂന്നു വയസുമുതല്‍ കിട്ടുന്ന ചില്ലറയും വിഷു കൈ നേട്ടങ്ങളും ഒക്കെ ഇട്ടുവേക്കുന്ന ഒരു കുടുക്കയുണ്ട് – കുടുക്കയെന്നു വെച്ചാല്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ ഒരു വലിയ പൌഡര്‍ ടിന്‍ ആണ് – ഒരടി പൊക്കം കാണും. അതിന്‍റെ മുകളില്‍ നീളത്തില്‍ ഒരു ഓട്ടയുണ്ടാക്കി അതില്‍കൂടി ചില്ലറയും മടക്കിയ നോട്ടുകളും ഞാന്‍ സമ്പാദിച്ചിരുന്നു. ഞാന്‍ അച്ഛനോട് പറഞ്ഞു “എന്‍റെ കുടുക്ക പൊട്ടിക്കാം അച്ഛാ…”
അച്ഛന്‍ ചിരിച്ചു “മോന്‍റെ കുടുക്ക പൊട്ടിക്കണ്ട, അതുകൊണ്ടാവില്ല… അങ്ങനെ പറഞ്ഞൂല്ലോ. അച്ഛനതുമതി.”
പതിവുപോലെ രണ്ടുകവിളിലും ഉമ്മകളും വാങ്ങി, കൈകള്‍ വീശി, തലയുയര്‍ത്തിപ്പിടിച്ച് അച്ഛന്‍ നടന്നു പോയി…
അമ്മയുടെ ആത്മഗതം കേട്ടു “ഇരുപതു രൂപയെ പേഴ്സിലുള്ളൂ, ഒരാഴ്ച എങ്ങനെ കഴിച്ചുകൂട്ടുമോ എന്തോ… ബാക്കിയിരുന്ന പൈസ മുഴുവന്‍ ഇവിടെ വെച്ചിട്ടാ പോയിരിക്കണേ…”

*****

1990-കളുടെ രണ്ടാം പകുതി, ഞാനന്ന് കോളേജ് ജീവിതം ആരംഭിച്ചിരുന്നു… സിനിമയും, പെണ്‍കുട്ടികളുടെ മുന്നിലെ ഷൈനിങ്ങും അല്‍പ-സ്വല്പം മാന്യമായ(പെണ്‍കുട്ടി അറിയാതെ) വായ്‌നോട്ടവും ഒക്കെ തലയ്ക്കു പിടിച്ചിരുന്ന കാലം… കാശിനാവശ്യം  കൂടുന്നു, നമ്മുടെ ബജെറ്റ് ആണെങ്കില്‍ എന്നും കമ്മി ബജെറ്റും. ഒരേയൊരു ഇന്‍കം സോഴ്സ് അച്ഛനാണ്. ഞാന്‍ അന്ന് എന്‍റെ പില്‍ക്കാല വരുമാനമാര്‍ഗമായ ഇംഗ്ലീഷ് – ഗണിത ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നില്ല.

എല്ലാ മാസവും ശംബളം വാങ്ങിയിട്ടു വീട്ടില്‍ വരുന്ന ദിവസം വൈകിട്ട് സന്ധ്യാനാമജപം കഴിയുന്ന സമയത്ത്, വീടിന്റെ മുന്‍വശത്തെ കസേരയില്‍ കാലിന്മേല്‍ കാലും കയറ്റി വെച്ചിരുന്ന്‍ അച്ഛന്റെ ഘന ഗംഭീരമായ ശബ്ദതില്‍ നീട്ടി ഒരു വിളിയുണ്ട്
“എടീ, എടാ, മോളൂ …”
എടീ എന്നു വിളിക്കുന്നത്‌ അമ്മയെ ആണ്, എടാ എന്ന് എന്നെയും, എന്നേക്കാള്‍ മൂത്തതെങ്കിലും, അച്ഛന്റെ ഇള്ളക്കുട്ടിയായിരുന്ന എന്‍റെ ചേച്ചി മോളുവും…
മൂന്നുപേരും ചാവടിയില്‍ ഹാജര്‍.
അച്ഛന്‍ പതുക്കെ എണീറ്റ് ചെന്നു മുത്തശ്ശിയോടു ചോദിക്കും “അമ്മക്ക് കാശ് വല്ലതും വേണോ?”
“വേണ്ടാ..” പതിഞ്ഞ ശബ്ദതിലുള്ള മറുപടി. അച്ഛന്‍ ഒരു തുക മുത്തശ്ശിയുടെ കൈയ്യില്‍ കൊടുക്കും, എന്നിട്ട് കൂട്ടിച്ചേര്‍ക്കും- “വേണ്ടാന്നറിയാം, അമ്മേടെ കൈയ്യില്‍ കുരുമുളകും, കാപ്പിക്കുരുവും, ഒട്ടുപാലും ഒക്കെ വിറ്റ കാശുണ്ടെന്നും അറിയാം, എന്നാലും ഇതിരിക്കട്ടെ…” (എനിക്കോര്‍മ്മ വെച്ച കാലം മുതല്‍ അച്ഛന്‍ മരിക്കും വരെ എല്ലാ മാസവും കണ്ടിരുന്ന ഒരു കാഴ്ചയാണിത് – അച്ഛന്റെ ഒന്നാം ചരമ വാര്‍ഷികം കഴിഞ്ഞു മൂന്നാം നാളാണ് മുത്തശ്ശി മരിച്ചത്).

പിന്നെ സാവധാനം കസേരയില്‍ വന്നിരിക്കും എന്നിട്ട്
“മോളൂന് ഈ മാസം എത്ര വേണം ?”
ആദ്യ വീതം ചേച്ചിക്കാണ്. ചേച്ചി ചിലവുകള്‍ കണക്കുകൂട്ടി വെച്ചിട്ടുണ്ടാവും ആ തുക പറയും. അച്ഛന്‍ പറയുന്ന തുക കൃത്യമായി കൊടുക്കും.. കൂടെ എല്ലാ മാസവും പതിവായി കൊടുക്കുന്ന ഒരുപദേശവും:
“നന്നായി പഠിക്കണംട്ടോ, ഇല്ലേല്‍ അമ്മയെപ്പോലെ ഇങ്ങനെ ചട്ടീം കലോം തേച്ചു അടുക്കളേല്‍ കഴിയേണ്ടി വരും..”
“അച്ഛനിതൊന്നു മാറ്റിപ്പിടിച്ചൂടെ? കേട്ടു കേട്ടു മടുത്തു…” ഞാന്‍ മനസ്സില്‍ പറയും- നേരെ പറയാന്‍ ധൈര്യം പോരാ…
“എന്നാ മോളു പോയി പഠിച്ചോ…” അച്ഛന്റെ സ്ഥലം കാലിയാക്കാനുള്ള പെര്‍മിഷന്‍.
അതുകേട്ടാലും ചേച്ചി അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. “പോടീ കള്ളീ…” കണ്ണുരുട്ടിക്കൊണ്ടു ചുണ്ടനക്കി ഞാന്‍ വിരട്ടാന്‍ ശ്രമിക്കും – “നീ പോടാ ചെക്കാ, ഞാനിതെത്ര കണ്ടതാ…” എന്ന ഭാവത്തില്‍ ചേച്ചിയും.
“ന്താടാ ?…” നല്ല ഘനതിലൊരു ചോദ്യം എന്നോട് അച്ഛന്റെ വക.
“ഊം ഊം ” ഒന്നുമില്ല എന്നു ചുമലുകള്‍ രണ്ടും ഉയര്‍ത്തി താഴ്ത്തി ഞാന്‍ മറുപടിയും നല്‍കും.
“ആ… ഇതും കൂടി വെച്ചോ …” ഒരു നൂറു രൂപ കൂടി ചേച്ചിക്കു കൊടുക്കും. ചേച്ചിക്കു സന്തോഷമാകും, എനിക്കു ദേഷ്യവും.
“കള്ളീ… കള്ളീ… ” ഞാന്‍ ചുണ്ടനക്കി ചേച്ചിയെ വിളിക്കും. അച്ഛനൊരു ഉമ്മയും കൊടുത്തു, അച്ഛന്‍ കാണാതെ എന്‍റെ നേരെ കോക്രി കാണിച്ചു ചേച്ചി ഉള്ളിലേക്കും പോകും.

പിന്നെ എല്ലാ മാസ ശമ്പളക്കാരന്റെയും വീട്ടില്‍ എല്ലാ മാസാദ്യ വൈകുന്നേരങ്ങളിലും കേള്‍ക്കുന്ന സ്ഥിരം കണക്കുകള്‍ “ഈ മാസം എത്ര വേണംന്ന് കൂട്ടാം – പാല്‍, പത്രം, കരണ്ട്, റബ്ബര്‍ വെട്ടു കൂലി, ബാങ്ക് ലോണിന്റെ അടവ്, ചിട്ടി, പലചരക്ക് കടയില്‍…” അങ്ങനെ പോകുന്നു… അവസാനം എല്ലാം എഴുതിക്കൂട്ടി പച്ചക്കറി വാങ്ങാനും പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നെങ്കില്‍ ഉപയോഗിക്കാന്‍ എന്നു പറഞ്ഞു ഒരു ചെറിയ തുകയും കഴിഞ്ഞ് നമ്മുടെ ഊഴം.

അച്ഛന്‍: “നിനക്കെത്ര വേണം?”
ഞാന്‍: “നൂറ്റമ്പത്…”
അച്ഛന്‍: “ന്താ നൂറ്റമ്പതു രൂപ ചിലവ് ഒരു മാസം ? നീ ST കൊടുത്തല്ലേ കോളേജില്‍ പോകുന്നത്? ചോറ് വീട്ടില്‍ നിന്നും കൊണ്ടുപോകുന്നുമുണ്ട്… ”
ഞാന്‍: “…” ഒന്നും മിണ്ടാതെ തല കുനിച്ചു ഓട്ടക്കണ്ണിട്ട് അമ്മയെ നോക്കും.
അമ്മ അച്ഛനെ “കൊടുത്തെക്കൂന്നെ…” എന്ന ഭാവത്തില്‍ നോക്കും…
അച്ഛന്‍: “നീ ഇവന് എല്ലാത്തിനും വളം വെച്ചു കൊടുക്കണ്ടാ കേട്ടോ…” എന്നും പറഞ്ഞു ചോദിച്ച തുക കൃത്യമായി തരും -കൂടുതലും ഇല്ല കുറവും ഇല്ല. ഞാന്‍ അത്ര മുഖപ്രസാദമില്ലാതെ ആ പണം വാങ്ങും.
അച്ഛന്‍: “ന്താ ഡാ?”
ഞാന്‍: “ഒന്നൂല്ല…”
അച്ഛന്‍: “പറഞ്ഞോ…”
ഞാന്‍: “അച്ഛന്‍ ചേച്ചിക്ക് എനിക്കു തരുന്നതിനേക്കാള്‍ കൂടുതല്‍ പൈസ എല്ലാമാസവും കൊടുക്കുന്നുണ്ടല്ലോ…”
അച്ഛന്‍: “അവളു പെണ്‍കുട്ടിയല്ലേ…?”
ഞാന്‍: “ന്താ പെണ്‍കുട്ടികള്‍ക്ക്?”
അച്ഛന്‍: “കുറച്ചു കഴിഞ്ഞ്, അവളെ കെട്ടിച്ചു വിടൂല്ലേ, പിന്നെ അച്ഛനിങ്ങനെ കൊടുക്കാന്‍ പറ്റ്വോ?, നീ എന്‍റെ കൂടെത്തന്നില്ലേ?”
ഞാന്‍ ചിരിക്കും, അച്ഛനും. എന്നിട്ട് എനിക്ക് ഒരു അമ്പതുരൂപ കൂടി തരും…
അച്ഛന്‍: “ഒരുമ്മ തന്നിട്ട് പോയി പഠിച്ചോ… മറക്കണ്ട, ഫിലിപ്പ് സാറിന്‍റെ മോന്‍ സിവില്‍ സര്‍വീസ്ന് പഠിക്കുന്നുണ്ട്. അതുപോലെ …”
ഞാന്‍: “അച്ഛാ എനിക്കു സിവില്‍ സര്‍വീസ് വേണ്ടാ, എന്നെ MCA ക്കു വിട്ടാല്‍ മതി.”
അച്ഛന്‍: “നോക്കാം… നീ പോയി പഠിച്ചോ…”

*****

കാലം കടന്നു പോയി ഞാന്‍ ബി.എസ്സി.(മാത്സ്) കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം.  വൈകുന്നേരങ്ങളില്‍ അയലത്തുള്ള കുറച്ചു ഹൈസ്കൂള്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷും കണക്കും ട്യൂഷന്‍ എടുക്കുന്നുണ്ട്. അതിന്‍റെ ഫീസുകൊണ്ട് നമ്മുടെ വട്ടചിലവുകള്‍ നടന്നുപോകും.  ചേച്ചിക്ക് കല്യാണം നടത്താനുള്ള പദ്ധതികള്‍ ആയി വരുന്നു… എനിക്ക് ബജാജ് അലിയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും ഓരോ ഓഫറുകള്‍ വന്നു നില്‍ക്കുന്ന സമയം. അച്ഛന്‍ പറഞ്ഞു, “അവളുടെ കല്യാണവും നിന്‍റെ MCA -യും കൂടെ നടക്കില്ല. അച്ഛന്റെ കൈയ്യില്‍ അതിനുള്ള നീക്കിയിരുപ്പില്ല. നീ തല്ക്കാലം ആ ഏഷ്യാനെറ്റിലെ ജോലി സ്വീകരിക്കണം. അല്ലെങ്കില്‍ പറമ്പ് വില്‍ക്കേണ്ടിവരും. കാരണവന്മാരായിട്ടു കൈമറിഞ്ഞ് കിട്ടിയ അവസാനത്തെ സ്വത്താ, അത് വില്‍ക്കാന്‍ തോന്നുന്നില്ല – നമ്മുടെ തറവാടും ഈ പുരയിടത്തില്‍ തന്നെ ആണല്ലോ…”
എന്‍റെ കണ്ണു നിറഞ്ഞു. തല കുനിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു “കുഴപ്പമില്ലച്ഛാ…”

വിദ്യാഭ്യാസ ലോണിനു നേരെ ബാങ്കുകള്‍ മുഖം തിരിച്ചു നില്‍ക്കുന്ന സമയം. സൌമ്യ എന്ന പെണ്‍കുട്ടി വിദ്യാഭ്യാസ ലോണ്‍ നിരസിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്തതില്‍പ്പിന്നെ ഉണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആണല്ലോ ബാങ്കുകള്‍ ലോണ്‍ നയങ്ങള്‍ അല്പം കൂടി മയമുള്ളതാക്കിയത്. ഈ സംഭവം നടക്കുന്നത് അതിനും വര്‍ഷങ്ങള്‍ മുന്‍പാണ്. പേരിലുള്ള സ്ഥലം ഈടു വെച്ചു മാത്രമേ അന്നു ലോണ്‍ നല്‍കിയിരുന്നുള്ളൂ…

രണ്ടു ദിവസം കഴിഞ്ഞു, ഞാന്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. വിവരം അച്ഛനോടു പറഞ്ഞു. അച്ഛന്‍ പറഞ്ഞു “നീ ഇപ്പൊ ജോലിക്കു പോകണ്ട. ഇപ്പൊ ജോലിക്കു പോയാല്‍ നിന്‍റെ പഠനം അതോടെ തീരും. ഇന്നത്തെക്കാലത്ത് ഒരു ഡിഗ്രി കൊണ്ടൊന്നും ഒരു കാര്യവുമില്ല. എനിക്കു ചെയ്യാവുന്നത് ഇതാണ്, എന്തായാലും നിനക്ക് തരേണ്ടതാണ് ഈ സ്ഥലം. അതില്‍ കുറച്ച് ഞാന്‍ ഇപ്പോതന്നെ നിന്‍റെ പേരിലാക്കം. അത് ഈടുവെച്ചു നീ ലോണ്‍ എടുത്തോ…”
എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
“ന്താടാ, പെമ്പിള്ളേരേപ്പോലെ…” അച്ഛനും എന്നെ കെട്ടിപ്പിടിച്ചു…
അകന്നപ്പോള്‍ ഞാന്‍ കണ്ടു – അച്ഛന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു… ഞങ്ങളുടെ മനസ്സുകളും …

 *ST – Student’s Ticket (with concession rate)

അച്ഛനെക്കുറിച്ച്
കൌമാരം – ഭാഗം 1: ആദ്യപ്രണയം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

Advertisements