Film_Advisory_Board_AO_ratingകൈ കഴുകല്‍: ഈ പോസ്റ്റ്‌ മനസിന്‌ വാര്‍ദ്ധക്യം ബാധിക്കാത്ത,അതേ സമയം  പ്രായപൂര്‍ത്തിയായ പൈതങ്ങള്‍ക്കു വേണ്ടി മാത്രം… സദാചാര കമ്മിറ്റിക്കാര്‍ ദയവായി വായിക്കാതെ സഹകരിക്കുക. പേരുകള്‍, ഇരട്ടപ്പേരുകള്‍, ചില സന്ദര്‍ഭങ്ങള്‍ എന്നിവ മാറ്റിയിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമുള്ള ചീത്തവിളിയുടെ കാഠിന്യം കുറക്കാന്‍ ചില ഡയലോഗുകള്‍, സംഭവങ്ങള്‍ എന്നിവ സെന്‍സര്‍/മോഡിഫൈ ചെയ്തിട്ടുണ്ട്. പതിനാറു വയസ്സുള്ള കുട്ടികളുടെ ചാപല്യം എന്നു മാത്രം കരുതുക.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം പകുതി, ഞാനന്ന് രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ഥി- അത്യാവശ്യം മൂക്കിനു താഴെ കറവല്‍ ശക്തമായി വരുന്ന സമയം. സാഹസികത ആവശ്യത്തില്‍ കൂടുതല്‍ ഉള്ള പ്രായം – കൂടെ ഒട്ടും മോശമല്ലാത്ത കൂട്ടുകാരും. ചില്ലറ (മാന്യമായ) വായിനോട്ടവും, ബസുകാരുമായി വഴക്കും, NCC പരിപാടികളും സാറമ്മാരെ മണിയടിക്കലും അത്യാവശ്യം തല്ലുകൊള്ളിത്തരവും ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കു പോകലും രണ്ടാം വര്‍ഷക്കാരായതിനാല്‍ ഒന്നാം വര്‍ഷക്കാരുടെ മുന്നില്‍ അത്യാവശ്യം ഷൈനിങ്ങും ഒക്കെയുണ്ട്… അങ്ങനെ അങ്ങനെ സംഭവ ബഹുലമായി ദിവസങ്ങള്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സിനിമാ കാണുക എന്നതായിരുന്നു ഓരോ ആഴ്ചയിലെയും പ്രധാന  അജണ്ട. തൊട്ടടുത്ത മൂന്നു പട്ടണങ്ങളിലെ എട്ടു തിയേറ്ററുകളിലും സാധാരണ ഗതിയില്‍ വെള്ളിയാഴ്ച പടം മാറും. എട്ടില്‍ നാലു  തിയേറ്ററുകളിലെ മാന്യമായതെന്നു പൊതുവേ വിളിക്കപ്പെടുന്ന ചിത്രങ്ങള്‍ വരൂ. അവയെക്കുറിച്ചുള്ള  പ്രാഥമിക അവലോകനം തിങ്കളാഴ്ച ക്ലാസ്സിലെത്തുമ്പോഴേ കിട്ടും- കൊള്ളാം എന്ന അഭിപ്രായം കിട്ടിയാല്‍ പിന്നെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആ പടം കണ്ടിരിക്കും.

പതിവു പോലെ തിങ്കളാഴ്ച സിനിമാ അവലോകനം നടക്കുന്നു – ഞണ്ട് എന്ന് വട്ടപ്പേര്‍ വിളിക്കുന്ന രതീഷ്‌ ഞങ്ങള്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നിടത്തേക്ക് പാഞ്ഞു വന്നു “അളിയാ ‘അളിയന്‍’ എന്നു പറയുന്ന ഒരു സിനിമാ മഹാറാണിയില്‍ ഓടുന്നു…”
“ഒന്നു പോടാ കോപ്പേ, ‘അളിയന്‍’ എന്ന് ആരെങ്കിലും സിനിമയുടെ പേരിടുമോ?” ലിബിന്‍ കളിയാക്കി.
“അല്ലളിയാ സത്യം, ഞാന്‍ ഇപ്പൊ ഇങ്ങോട്ടു വന്നവഴി പോസ്റ്റര്‍ കണ്ടതാ…” ഞണ്ട് ആണയിട്ടു.
ഞണ്ടിനെ അറിയാവുന്നതു കൊണ്ടു ഞാന്‍ പറഞ്ഞു “രതീഷ്‌ അങ്ങനെ കള്ളം പറയില്ല – വല്ല തമിഴ് പടവുമാണോ?”
“എടാ തമിഴില്‍ അളിയന് മച്ചാന്‍ എന്നാ പറയുന്നത്…” വരുണ്‍ തന്‍റെ തമിഴ് ജ്ഞാനം പ്രകടമാക്കി.
“എടാ ഇത് ഇംഗ്ലീഷ് പടമാ…” ഞണ്ട് വ്യക്തമാക്കി.
“ഇംഗ്ലീഷ് പടമാണോ എന്നാല്‍ പിന്നെ നീ കൂട്ടി വായിച്ചു പറയണ്ട, സ്പെല്ലിംഗ് പറഞ്ഞാല്‍ മതി – ഒറ്റ ഇംഗ്ലീഷ് വാക്കിന്‍റെ ഉച്ചാരണം ചൊവ്വേനേരെ ഇവന്‍റെ വായില്‍ നിന്നു നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? എന്താടാ സ്പെല്ലിംഗ്?” തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഞണ്ടിനെ ആക്കി ചോദിച്ചു.
“A – L – I – E – N” ഞണ്ട് പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചതും ഒരുമിച്ചായിരുന്നു… “തീരുമാനമായല്ലോ…” തൊമ്മന്‍ ചിരിച്ചു മറിഞ്ഞു.
“നിന്‍റെ ക്വോട്ട കഴിഞ്ഞു. നീയിനി ഒരാഴ്ച വാ തുറക്കരുത്.” ഞണ്ടിനെ എല്ലാവരും ചേര്‍ന്ന് ഒതുക്കി (ഞങ്ങള്‍ ഡിഗ്രീ ഫൈനല്‍ പഠിക്കുമ്പോള്‍ ബജാജ്, പള്‍സര്‍ ബൈക്ക് വിപണിയില്‍ ഇറക്കിയപ്പോള്‍ “അളിയാ ഒരു ആറ്റന്‍ ബൈക്ക് വരുന്നുണ്ട് പുല്‍സാര്‍ എന്നാ പേര്” എന്നും പറഞ്ഞ് ഓടി വന്നതും ഇതേ ഞണ്ടു തന്നെ ആയിരുന്നു.)

“അതുവിട്‌ അപ്പൊ സിനിമയുടെ കാര്യം എങ്ങനാ…” സാബു സീരിയസ്സായി.
“ഈ ആഴ്ച ഒരു തിയെറ്ററിലും മനസിലാകുന്ന ഒറ്റപ്പടം വന്നിട്ടില്ല. ചിലത് ഇംഗ്ലീഷ് , ചിലത് തമിഴ്, സൂര്യേല്‍ റെഗുലര്‍ ഷോ ‘തച്ചോളി അമ്പു’. നൂണ്‍ ഷോ ഏതോ തമിഴ് A പടം “ഇരവു മോഹിനി” എന്നോ മറ്റോ… മെട്രോയില്‍ 5-6 വര്‍ഷം പഴക്കമുള്ള സുരേഷ് ഗോപിപ്പടം ‘ഷിറ്റ്’ (കമ്മിഷണര്‍)” ബിജു ഇടതുകൈ നെഞ്ചിനു കുറുകെ പിടിച്ചു വലതു കൈയ്യുടെ ചൂണ്ടുവിരല്‍ മുഖത്തിനു നേരെകൊണ്ടുവന്നു സുരേഷ് ഗോപി സ്റ്റൈലില്‍ “ഷിറ്റ്” കാണിച്ചു…
“ഈ ആഴ്ച സിനിമാ ഇല്ലാതെ പോകുമോ?” ഞാന്‍ നെടുവീര്‍പ്പെട്ടു.
“അതെന്തായാലും ചിന്തിക്കാനേ പറ്റില്ല…” അഭിജിത്ത് തന്‍റെ നയം വ്യക്തമാക്കി.
“എന്താ ഒരു വഴി ? കോട്ടയം പോണോ ?” വരുണ്‍ ഒരു അഭിപ്രായം മുന്നോട്ടു വെച്ചു.
“ഒന്നു പോടാപ്പാ… വീട്ടില്‍ രാവിലെ അരി വേകാന്‍ താമസിക്കുന്ന ദിവസം ക്യാന്റീനില്‍ നിന്നു കഴിക്കാനായി അമ്മ തന്നു വിടുന്ന പൈസ പിശുക്കി വെച്ചിട്ടാ ടിക്കറ്റിനുള്ള കാശ് റെഡിയാക്കുന്നത്. കോട്ടയത്ത്‌ ടിക്കറ്റ്‌ ചാര്‍ജ് കൂടുതലാ, പിന്നെ അവിടെ വരെ പോകാന്‍ നീ വണ്ടിക്കൂലി മുടക്കുമോ? അത് മാത്രമല്ല ടൈമിംഗ് ശരിയാവൂല്ല. കോളേജ് വിട്ടിട്ടു സാധാരണ വീട്ടില്‍ ചെല്ലുന്ന സമയത്ത് വീട്ടില്‍ ചെല്ലൂല്ല. അല്ലെങ്കില്‍ ഫുള്‍ഡേ ക്ലാസ്സ്‌ കട്ട്‌ ചെയ്തു നൂണ്‍ ഷോയ്ക്കു പോണം. അതിനുള്ള ഓളം ഒന്നുമില്ല. കോട്ടയം വിട്ടേരെ… വേറെ വല്ല ഐഡിയയും പറ.” ജയകുമാര്‍ ഉടക്കി. സംഭവം ശരിയാണ് താനും.
“ദെന്താപ്പോ ചെയ്ക?” ഞാന്‍ ചിന്താമഗ്നന്‍ ആയി.

GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982“അളിയാ ഒരു ഐഡിയ…” ഞണ്ട് ചാടി എണീറ്റു.
“നീ മിണ്ടരുത് – നിന്‍റെ ഈ ആഴ്ചത്തെ ക്വോട്ട കഴിഞ്ഞു, ഇരിക്കടാ അവിടെ, അവന്‍റെ ഒരു ‘അളിയന്‍’ ” തൊമ്മന്‍ തന്‍റെ ഇച്ഛാഭംഗം  മുഴുവന്‍ ഞണ്ടിന്റെ മേല്‍ തീര്‍ത്തു …
“പോട്ടെടാ അവന്‍റെ ഐഡിയ എന്താന്നു നോക്കാം, നീ പറയെടാ…” ഞാന്‍ ഞണ്ടിനെ സപ്പോര്‍ട്ട് ചെയ്തു.
ഞണ്ടിനു സന്തോഷമായി “നമുക്ക് സൂര്യേല്‍ നൂണ്‍ ഷോയ്ക്കു പോകാം…”
ഇതേ വരെ ചിന്തിക്കാത്ത, ചെയ്യാത്ത കാര്യം. സൂര്യയില്‍ നൂണ്‍ഷോ എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തി ആയവര്‍ മാത്രം കാണുന്ന പടമാണ്. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും ഒരു ഞെട്ടലിലായിരുന്നു.
ലിബിന്‍ പറഞ്ഞു “പോയാലോ അളിയന്‍മാരേ… നമ്മളിങ്ങനെ പൊടി മീശയൊക്കെ വെച്ചു നടന്നാല്‍ മതിയോ? നമ്മക്കും ഇതൊക്കെയൊന്നു കണ്ടറിയണ്ടേ… ഇപ്പൊ കേട്ടറിവു മാത്രമല്ലേ ഉള്ളൂ ?”
“ഞാനില്ല, ഇപ്പൊ നല്ല സിനിമക്കു പോകുന്നതു തന്നെ അച്ഛനറിഞ്ഞാല്‍ എന്നെ തല്ലി പതം വരുത്തും. ഇതിനെങ്ങാനും പോയീന്നറിഞ്ഞാല്‍ പിന്നെ എന്നെ വീട്ടില്‍ കേറ്റില്ല. ആരെങ്കിലും അറിഞ്ഞാലുള്ള നാണക്കേട്‌ വേറെ…” ഞാന്‍ ഒഴിവാകാന്‍ നോക്കി.
“നീ വന്നിരിക്കും, അമ്പട ബാക്കിയാര്‍ക്കും അച്ഛനും നാട്ടുകാരും ഒന്നുമില്ലേ… ഒഴിവാകാന്‍ നോക്കിയാല്‍ @#*$ നിന്നെ ശരിയാക്കി തരാമെടാ …” ജയകുമാര്‍ ചൂടായി.
അവസാനം പോകാന്‍ തീരുമാനമായി. “തേര്‍ഡ് അവര്‍ പോകാം, അത് കുറുക്കന്റെ പീരീഡാ. അങ്ങേരിന്നു ലീവാ, മിക്കവാറും തേര്‍ഡ് അവര്‍ ഫ്രീ ആയിരിക്കും, അഥവാ അല്ലെങ്കിലും കുഴപ്പമില്ല നമ്മള്‍ മുങ്ങുന്നു. സെക്കണ്ട് അവര്‍ 11:40 ന് തീരും – ഒറ്റയോട്ടം 15 മിനിറ്റില്‍ തിയേറ്ററില്‍ ചെല്ലും. സിനിമാ ഒന്നര മണിക്കൂറെ ഒള്ളൂ. 1:30 നു തീരും. നമ്മള്‍ 1:15 നു തന്നെ പുറത്തു ചാടും… പെട്ടെന്നു വന്നു ലഞ്ച് കഴിക്കും 1:45 ന് ആഫ്റ്റര്‍നൂണ്‍ സെഷനില്‍ കയറും. ഓക്കേ?” തൊമ്മന്റെ പ്ലാനിംഗ്. എല്ലാവരും സമ്മതിച്ചു.

*****

movie-theater-audience11:55 എല്ലാവരും സൂര്യ തിയേറ്ററില്‍ എത്തി. തമിഴ് സിനിമാ “ഇരവു മോഹിനി”. പോസ്റ്ററില്‍ ആളുകളുടെ ഫോട്ടോ ഒന്നുമില്ല “ഇരവു മോഹിനി” എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ ഒരു വട്ടത്തിനകത്ത് A എന്നു വലുതായി എഴുതിയിരിക്കുന്നു. വലിയ തിരക്കൊന്നുമില്ല. പടം കാണാന്‍ വന്നവരാരും മറ്റാരുടെയും മുഖത്ത് നോക്കുന്നില്ല. മുകളിലേക്കോ വശങ്ങളിലേക്കോ ഒക്കെ നോക്കി ഗഹനമായ ചിന്തയിലാണ്… ആണവ ശാസ്ത്രജ്ഞന്‍മാര്‍ പോലും ഇത്രയ്ക്കു ചിന്തിക്കില്ല. എല്ലാവരുടെയും മുഖത്ത് ഒരു ചമ്മല്‍ കാണാം.  ഓ ഇത്ര കഷ്ടപ്പെട്ട് എന്തിനാണാവോ ഈ പടം കാണാന്‍ വരുന്നത്.

“അളിയാ, ഇത് അഡല്‍ട്സ് ഒള്ളിയാ … നമ്മള്‍ എല്ലാവരും 16 വയസല്ലേ ആയിട്ടുള്ളൂ- ടിക്കറ്റ് കിട്ടുമോ? ഇനി പ്രായ പൂര്‍ത്തി ആയതിന്‍റെ രേഖ വല്ലതും ചോദിക്കുമോടെ? എന്‍റെ കൈയില്‍ ആകെയുള്ളത് കോളേജിലെ ഐഡി കാര്‍ഡാ…” ഞണ്ടിന്റെ സംശയം.
“ആ കരിനാക്കെടുത്ത് വളക്കാതിരിക്കാമോ #@5*#രേ, മനുഷ്യനു ടെന്‍ഷനടിച്ചിട്ട് വയ്യ. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജാപ്പീസീന്നു വാങ്ങീട്ടു വന്നു ഏപ്പടം കാണാമെടാ പരമ #$@% മോനേ” ലിബിന്‍ അടക്കിപ്പിടിച്ചു പറഞ്ഞു. വേറെ ആരും ഒന്നും മിണ്ടിയില്ല – എല്ലാവരും നല്ല ടെന്‍ഷനിലാണ്.
ടിക്കറ്റിന്റെ പിരിവിട്ടു ജയകുമാര്‍ പോയി ടിക്കറ്റെടുത്തു – പ്രായം തെളിയിക്കുന്ന രേഖയൊന്നും ആരും ചോദിച്ചില്ല- ഭാഗ്യം. ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. ഞങ്ങള്‍ പതുക്കെ പടികള്‍ കയറി ബാല്‍ക്കണിയിലേക്ക് നടന്നു.

പെട്ടെന്നു മുന്നില്‍ ലിബിന്റെ കാമുകിയുടെ ചേട്ടന്‍ ജോബിള്‍ – ലിബിന്റെ നാട്ടുകാരനും സ്ഥലത്തെ പ്രധാന മാന്യനും ഒരു സ്കൂളിലെ സാറും ആണ് കക്ഷി. ഞായറാഴ്ച വേദപാഠ ക്ലാസ്സില്‍ ലിബിനെ ബൈബിളും സന്മാര്‍ഗവും ഒക്കെ പഠിപ്പിക്കുന്ന ആള്‍. ലിബിനെക്കുറിച്ചു ജോബിളിനും നാട്ടുകാര്‍ക്കും നല്ല അഭിപ്രായം ജോബിളിനെക്കുറിച്ചു ലിബിനും നാട്ടുകാര്‍ക്കും ലിബിന്റെ കാമുകിക്കും വളരെ വളരെ നല്ല അഭിപ്രായം. ലിബിന്റെയും ജോബിളിന്റെയും മുഖത്തുനിന്നും രക്തം ഒരേ നിമിഷം വാര്‍ന്നു പോയി.
ജോബിള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു, പിന്നെ ഒന്നിച്ചു ഒരു ഇളിഞ്ഞ ചിരി ചിരിച്ചു, പെട്ടെന്നു വാതിലിനു നേരെ നടന്നു.
“കുഴപ്പമായോടാ…” ലിബിന്‍ എന്നോട് ചോദിച്ചു.
“ഇനി ഉറപ്പായിട്ടും പുള്ളിക്കാരന്റെ പെങ്ങളേ നിനക്ക് കെട്ടിച്ചു തരും, നീ ആളു മിടുക്കനാണെന്ന് പുള്ളി അറിഞ്ഞല്ലോ…” ഞണ്ട് ഒന്നു താങ്ങി. എല്ലാവരും ടെന്‍ഷനിടക്കും ഒന്നു ചിരിച്ചു.
“താങ്ങിക്കോടാ #@$# മോനെ. എന്‍റെ ടെന്‍ഷന്‍ എനിക്കറിയാം. അവളെങ്ങാനും അറിയുമോടെ…” ലിബിന്‍ ഇപ്പൊ കരയും എന്ന മട്ടായി.
“ഏയ്‌, പുള്ളിക്കാരന്‍ ആരോടും പറയില്ല. പുള്ളിക്ക് പറയാന്‍ പറ്റില്ലല്ലോ.” ഞാന്‍  ലിബിന്റെ തോളില്‍ കൈയ്യിട്ടു ധൈര്യം കൊടുത്തു.
“എടാ ചൊറിഞ്ഞോണ്ടു നില്‍ക്കാതെ വാടേ… ടൈറ്റില്‍സ് എഴുതിക്കാണിക്കാന്‍ തുടങ്ങി.” തൊമ്മന്‍ പറഞ്ഞു .

ഞങ്ങള്‍ ഹാളിനുള്ളിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ജയന്‍ പിന്നില്‍ നിന്നു വിളിച്ചു “നിക്കെടാ, ദേ ആ വരുന്ന പാര്‍ട്ടിയെ കണ്ടോ? “.
ഞങ്ങള്‍ നോക്കി, കരണ്ടടിച്ചതുപോലെ നിന്നു – കുറുക്കന്‍ സാര്‍. തിരിച്ചു പോകാനും വഴിയില്ല – ഏതിലെ പോയാലും അങ്ങേരുടെ മുന്നില്‍ ചാടും. എന്തു ചെയ്യും? ഞങ്ങള്‍ പരസ്പരം നോക്കി. അതേ സമയം സാര്‍ ആരെയും നോക്കാതെ, തല കുനിച്ചു പിടിച്ചു ടിക്കറ്റ് എടുത്ത് പടവുകള്‍ കയറി മുകളിലേക്കു വരുന്നു. മുങ്ങാന്‍ സമയം കിട്ടിയില്ല. സാര്‍ കൃത്യം മുന്‍പില്‍.
“അല്ല സാറെന്താ ഇ… വി…” അഭി വിക്കി. ഞാന്‍ പിന്നില്‍ നിന്നും ഒരു കുത്തു വെച്ചുകൊടുത്തു “മിണ്ടാതിരിയെടാ പട്ടീ …” എന്നു ചെവിയില്‍ പറഞ്ഞു.

“ഞാന്‍ പിന്നെ… സിനിമാ…” സാര്‍ തപ്പിത്തടഞ്ഞു “ഇവിടെ വന്നപ്പോളാ ഈപ്പടമാന്നറിഞ്ഞത്…”
“അറിഞ്ഞപ്പോഴേ സാറ് ടിക്കറ്റും എടുത്തു… ഒന്നു പോ സാറേ..” ബിജു ഒന്നു താങ്ങി.
“സാറേ കാര്യമൊക്കെ എല്ലാവര്‍ക്കും അറിയാം പരസ്പരം നാറ്റിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും കൊള്ളാം… ദേ പടം തുടങ്ങി. കേറാന്‍ നോക്ക്.” വരുണ്‍ കോമ്പ്രമൈസിന്റെ മാര്‍ഗം നോക്കി. അങ്ങനെ ആ കാര്യം ഒത്തു തീര്‍പ്പിലായി.

*****

Horror Movieസിനിമാ തുടങ്ങി. ഏതോ ഒരു യക്ഷി കുറേ ആളുകളെ രാത്രി കൊന്നു കളയുന്നു, പോലീസ് അന്വേഷണം, മന്ത്രവാദി, യക്ഷിയെ തളക്കുന്നു … അങ്ങനെയൊരു സിനിമാ…

12:45 ന് ഇന്റര്‍വെല്‍, ജോബിളും കുറുക്കന്‍ സാറും ആ സമയത്തു തന്നെ മുങ്ങിയിരുന്നു. അവരുമായി വീണ്ടും മുട്ടാതിരിക്കാന്‍ ഇന്റര്‍വെല്‍ കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി.
“ഇതെന്ത് A പടം ?” ഞണ്ട് പരിതപിച്ചു – “പ്രേതം പിടിക്കുന്നത്‌ കാണാനാണോ മെനക്കെട്ടിറങ്ങിയത്?”
“എടാ അടല്‍ട്സ് എന്നു വെച്ചാല്‍ ഹൊറര്‍ ഫിലിമും ആകാം…” തൊമ്മന്‍ പറഞ്ഞു…
“നിന്‍റെ ഒടുക്കത്തെ ഐഡിയ അല്ലേ. ഇനി മേലാല്‍ ഐഡിയ എന്നും പറഞ്ഞ് ഒരു കാര്യം നീ മിണ്ടരുത്.” അഭി ഞണ്ടിനോട്‌ ചൂടായി.
“ഹോ ഇനി മേലാല്‍ ഈപ്പണിക്കില്ല.” വരുണിന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി – ഞങ്ങള്‍ എല്ലാവരും അപ്പോള്‍ അതായിരുന്നു ചിന്തിച്ചത്.

See Also :
കൌമാരം ഭാഗം 1: ആദ്യ പ്രണയം 
കൌമാരം ഭാഗം 2: അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

Advertisements