The Travellerതെക്കേ മുറിയില്‍ അച്ഛന്റെ കട്ടിലില്‍ വെറുതെ കിടന്നു. മധ്യാഹ്ന സൂര്യന്‍റെ ഇളം മഞ്ഞ കിരണങ്ങള്‍ പടിഞ്ഞാറേ ജാലകത്തില്‍ കൂടി കടന്നു മുറിയുടെ തറയിലെ വെളുത്ത ടൈല്‍സില്‍ തട്ടി പ്രതിഫലിക്കുന്നു. തലേന്നു രാത്രി നന്നായി ഉറങ്ങിയിരുന്നില്ല… തെക്കേ ജനാലയിലൂടെ നോക്കിയാല്‍ പറമ്പിന്‍റെ അങ്ങേ അറ്റത് വാടിക്കരിഞ്ഞ് നില്‍ക്കുന്ന തെങ്ങിന്‍ തൈകളും വാഴകളും ചേമ്പുകളും കാണാം – അച്ഛന്റെയും മുത്തശ്ശിയുടെയും അന്ത്യവിശ്രമം അവിടെയാണ്… ഓര്‍മ്മകളില്‍ക്കൂടി സഞ്ചരിച്ച്,  എപ്പോഴാണ് ഉറക്കത്തിലേക്ക് ആണ്ടുപോയതെന്നറിയില്ല…

***

Amma“മോനേ …” ഒരു വിളിയാണ് കണ്ണുതുറപ്പിച്ചത്… ഞാന്‍ പരപരാ കണ്ണു തുറന്നു നോക്കി – കട്ടിലില്‍ എന്‍റെ തലക്കല്‍ മുത്തശ്ശി ഇരിക്കുന്നു… വലിപ്പമുള്ള ചുളുങ്ങിയ വിരലുകള്‍ എന്‍റെ തലയില്‍ തഴുകുന്നുണ്ട്… ഞാന്‍ വെറുതെ ചിരിച്ചു, എന്‍റെ തല എടുത്തു മുത്തശ്ശിയുടെ മടിയില്‍ വെച്ചു. ഞാന്‍ മിനുസമുള്ള പഞ്ഞിപോലുള്ള വയറില്‍ മുഖമമര്‍ത്തി കിടന്നു…

“നാളെ കഴിഞ്ഞാണ് ഓപ്പറേഷന്‍…അല്ലേ?” മുത്തശ്ശിയുടെ പതിഞ്ഞ ശബ്ദം…
“ഉം…” ഞാന്‍ മൂളി.
“എന്‍റെ കുട്ടിക്ക് പേടിയുണ്ടോ?”
“ഇല്ല…”
“എനിക്കറിയാം … എന്നാലും ചോദിച്ചൂന്നെ ഉള്ളൂ… പേടിക്കണ്ടാ പ്രശ്നമൊന്നുമില്ല…”
ഞാന്‍ ചിരിച്ചു… മുത്തശ്ശിയുടെ വയറില്‍ ഒരുമ്മ കൊടുത്തു…
“ഹ ഹ ഹ ഹ…” പതിഞ്ഞ ഒരു ചിരി… “ഒരു മാറ്റവും ഇല്ല… ഒരു കുട്ടിയുടെ അച്ഛനായിട്ടും, കൊച്ചു കുട്ടിയാന്നാ വിചാരം…”
“ഞാന്‍ കൊച്ചു കുട്ടി തന്ന്യാ…” ഞാന്‍ മുത്തശ്ശിയുടെ താഴേക്കു തൂങ്ങിയ താടയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു…
“പോകാന്‍ നേരായി… വിളക്കു വെക്കാറായി…” എന്‍റെ തല മടിയില്‍ നിന്നൂര്‍ത്തി തലയിണയില്‍ വെച്ചു മുത്തശ്ശി മറഞ്ഞു…

***

ആരോ തട്ടി വിളിക്കുന്നു – “എടാ… വിളക്കു വെക്കാന്‍ നേരമായി… ത്രിസന്ധ്യക്ക്‌ കിടന്നുറങ്ങരുത്… എണീക്ക്.”

ഞാന്‍ ഞെട്ടി കണ്ണു തുറന്നു… അമ്മയാണ്… ഞാന്‍ എണീറ്റു… ഉറക്കച്ചടവ് മാറിയിരുന്നില്ല…
“നീയെന്താ ഇങ്ങനെ നോക്കുന്നേ? സ്വപ്നം വല്ലതും കണ്ടോ?” അമ്മ ചോദിച്ചു.
“മുത്തശ്ശി …” ഞാന്‍ പിറുപിറുത്തു.
“മുത്തശ്ശിയോ…?” അമ്മ ചോദിച്ചു.
“ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു… ഞാന്‍ പേടിക്കണ്ട സര്‍ജറി നന്നായി നടക്കും എന്നു പറഞ്ഞു…”
“ഇവിടെതന്നെ ഉണ്ടാവും … നിന്നെ ആയിരുന്നു കൊച്ചുമക്കളില്‍ ഏറ്റവും സ്നേഹം… കൂടെത്തന്നെ ഉണ്ടെന്നു കരുതിക്കോ… എന്നും…” അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു…

അതെ എന്നെ ആയിരുന്നു ഏറ്റവും സ്നേഹം… ഒരേയൊരു മകനായ എന്‍റെ അച്ഛനോട് പോലും പറയാതെ പരിപ്പുവടയും പഴവും അരിമുറുക്കും ഉണ്ണിയപ്പവും തിന്നാനുള്ള ആഗ്രഹം എന്നോട് മാത്രം പറഞ്ഞിരുന്ന, നിലവിളക്കിനു മുന്നില്‍ നാമം ജപിക്കുമ്പോള്‍ പോലും എന്നെ മാത്രം മടിയില്‍ കിടത്തിയിരുന്ന, എണ്ണയും കുഴമ്പും മരുന്നും തീരുന്നതിനു മുന്‍പേ ഓര്‍ത്തിരുന്നു പുതിയ സ്റ്റോക്ക്‌ എത്തിക്കുന്ന എനിക്ക് നെറ്റിയിലും കവിളിലും ഉമ്മ തന്നിരുന്ന, ഒരു ദിവസം വീട്ടിലെത്താന്‍ വൈകിയാല്‍ നൂറു പ്രാവശ്യം “എന്‍റെ കൊച്ചു വന്നില്ലല്ലോ…” എന്നു പരിതപിച്ചിരുന്ന, വരുവോളം വഴിക്കണ്ണുമായി കാത്തിരുന്ന്‍, അകലെ നിന്നു വരുന്നത് കാണുമ്പോള്‍ ദീര്‍ഘ നിശ്വാസത്തോടെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്ന എന്‍റെ മുത്തശ്ശി …
മരണ ശയ്യയില്‍ മറ്റെല്ലാവരെയും മറന്നു ഹൃദയമിടിപ്പ്‌ മാത്രം ശേഷിച്ചപ്പോഴും “മഹേഷ്‌ വന്നു…” എന്നു പറയുമ്പോള്‍ മുഖത്ത് വിരിഞ്ഞ സന്തോഷവും… എന്നെ കാണുമ്പോള്‍ മാത്രം ഉണ്ടായിരുന്ന പതിഞ്ഞ ചിരിയും… അതെ എന്നെ വിട്ടു പോകില്ല – എന്നും ഉണ്ടാവും എന്‍റെകൂടെ ആ സ്‌നേഹം…

“നീ പായ്ക്ക് ചെയ്തോ ? എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടും എടുത്തോ?…” അമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നും എന്നെ ഉണര്‍ത്തി…

***

BP Checking“ബിപി ചെക്ക്‌ ചെയ്യണം…” വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് ആണ് – ഞാന്‍ കൈ നീട്ടി… സ്ഫിഗ്മോമാനോമീറ്ററില്‍ രസ സൂചിക മേലെക്കുയര്‍ന്നു… 120/85 അവര്‍ ഫയലില്‍ എഴുതുന്നത്‌ ഞാന്‍ കണ്ടു…

എങ്കിലും ചോദിച്ചു “എങ്ങനുണ്ട്?”.
“കുഴപ്പമില്ല, മൂന്ന് ദിവസം മുന്‍പ് നാട്ടില്‍ വെച്ചു ബിപി എത്രയായിരുന്നു ?” സിസ്റ്റര്‍ ചോദിച്ചു.
“122 / 90 ” ഞാന്‍ പറഞ്ഞു.
സിസ്റ്റര്‍ ചിരിച്ചു… “ടെന്‍ഷന്‍ ഒന്നുമില്ലല്ലോ… സാധാരണ എല്ലാവര്‍ക്കും ബിപി കൂടും… ഇതിപ്പോ കുഴപ്പമില്ല…”
“എനിക്കു ടെന്‍ഷന്‍ ഒന്നുമില്ല സിസ്റ്റര്‍… ഡോക്ടറെ വിശ്വാസം ഉണ്ട്, പിന്നെ എന്‍റെ ഓരോ മെഡിക്കല്‍ റിപ്പോര്‍ട്ടും നെറ്റില്‍ നോക്കി ഞാന്‍ തന്നെ ശരിക്കും പഠിച്ചിട്ടുമുണ്ട്… എനിക്കറിയാം എന്താണ് എന്‍റെ അവസ്ഥ എന്ന് … പിന്നെ ടെന്‍ഷന്‍ എന്തിനാ…” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“കൊള്ളാം … അത് നല്ല ആറ്റിറ്റ്യൂഡാ… ടെന്‍ഷന്‍ ഇല്ല എങ്കില്‍ ചാന്‍സ് ഓഫ് സക്സസ് കൂടും… ഓള്‍ ദി ബെസ്റ്റ്. പിന്നെ 8:30 ആകുമ്പോഴേക്കും ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്തു റെഡി ആയിരിക്കണം. 9 മണിക്ക് കൊണ്ടുപോകും… ഈ രണ്ട് ഗുളിക ഇപ്പൊ കഴിക്കണം… ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലല്ലോ അല്ലേ …?” സിസ്റ്റര്‍ പറഞ്ഞു.
“ഇല്ല… താങ്ക്സ്…” ഞാന്‍ പുഞ്ചിരിച്ചു.

***

കൃത്യം 9 മണിക്ക് ഒരു വീല്‍ ചെയറുമായി അറ്റെന്‍ഡറും സര്‍ജിക്കല്‍ കൌണ്‍സിലറും വാര്‍ഡ്‌ നേഴ്സും വന്നു. സര്‍ജിക്കല്‍ ഐസിയുവിലേക്ക്. അനുഗമിക്കാന്‍ തുടങ്ങിയ അനുജനെ അവര്‍ തടഞ്ഞു. “ഇവിടെ ഇരുന്നാല്‍ മതി, സര്‍ജറി കഴിഞ്ഞു കൊണ്ടുവരുമ്പോള്‍ കാണാം… മഹേഷ്‌ – ഓള്‍ ദി ബെസ്റ്റ്…” നഴ്സും കൌണ്‍സിലറും പറഞ്ഞു …

ഞാന്‍ ചിരിച്ചു, വലതു കൈയുടെ പെരുവിരല്‍ ഉയര്‍ത്തി…”താങ്ക്സ്…”

***

ICUസര്‍ജിക്കല്‍ ഐസിയുവില്‍  കൊടും തണുപ്പായിരുന്നു… സര്‍ജറി കാത്തു കിടക്കുന്നവരും, സര്‍ജറി കഴിഞ്ഞു തല മൂടിക്കെട്ടിവെച്ചിരിക്കുന്നവരും ഒക്കെ പല പല ബെഡ്കളില്‍ കിടക്കുന്നു… ഓരോ ബെഡ്ഡിലും മോണിട്ടറും കുറേ യന്ത്രങ്ങളും ഓക്സിജനും ഒക്കെ… ഓരോ കട്ടിലിനെയും വേര്‍തിരിക്കുന്ന പച്ചയും നീലയും കലര്‍ന്ന നിറമുള്ള സ്ക്രീനുകള്‍…

അനസ്തേഷ്യ തരുന്ന ഡോക്ടര്‍ വന്നു, നീല കുപ്പായമിട്ട്- “എങ്ങനെയുണ്ട്, ഇപ്പോള്‍ ചുമയുണ്ടോ…? ഹൌ ഡു യു ഫീല്‍?”
“ഇല്ല – ഐ ആം ഓക്കേ – പെര്‍ഫെക്റ്റ്‌ലി …” ഞാന്‍ ചിരിച്ചു.
“ദാറ്റ്‌സ് ഗുഡ്… സിസ്റ്റര്‍ ഗിവ് ഹിം സോസ്ടം സിംഗിള്‍ ഡോസ് നൌ ആന്‍ഡ്‌ അനദര്‍ ഡോസ് അഫ്ടെര്‍ ഹാഫ് ആന്‍ അവര്‍ – ആസ് മെന്‍ഷന്‍ട് ഇന്‍ ഹിസ്‌ ഫയല്‍…”
“യെസ് ഡോക്ടര്‍ …” ഒരു ഗുണ്ടുമണി സിസ്റ്റര്‍.
ഡോക്ടര്‍ പോയി… ഒരു സ്റ്റീല്‍ ഡിഷില്‍ ഇന്ജെക്ഷനും സിറിഞ്ചും ആയി നീല ടോപ്പും പാന്റ്സും ഇട്ട സിസ്റ്റര്‍ ഉരുണ്ടുരുണ്ട് വന്നു … തലമുടി ഒരു ഹെയര്‍ കവറിട്ടു മൂടിയിരിക്കുന്നു… മുഖത്ത് സര്‍ജിക്കല്‍ മാസ്ക്. രണ്ടു മനോഹരങ്ങളായ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണാം. കൈയില്‍ ഒരു ഫാസ്റ്റ്ട്രാക്ക് ലേഡീസ് വാച്ചുണ്ട്… കാതില്‍ രണ്ടു മൊട്ടു കമ്മലുകളും. ഒരു ബെഡ്ഷീറ്റ് കൊണ്ട് അവര്‍ എന്നെ പുതപ്പിച്ചു – നന്ദി, തണുപ്പിനു നേരിയ ഒരാശ്വാസം…
മുഖത്തെ മാസ്ക് നീക്കി അവര്‍ ചോദിച്ചു “ഹായ്,  എന്താ പേര്?”
മനോഹരമായ മുഖം.
(“ഓപ്പറേഷന്‍ അടുത്തു വരുമ്പോള്‍ ദൈവത്തെ വിളിച്ചു കിടക്കേണ്ടതിനു പകരം വായി നോക്കിയിരിക്കുന്നോ, കുരുത്തം കെട്ടവനെ” – മനസ്സ് മനസ്സിനെത്തന്നെ ശാസിച്ചു…
“അവസരങ്ങളും സമയവും ആരെയും കാത്തുനില്‍ക്കില്ല” മനസ്സ് മനസ്സിനോട് മറുപടിയും പറഞ്ഞു)

എന്‍റെ പേര് അവര്‍ക്ക് അറിയാം എന്നെനിക്കറിയാമായിരുന്നു, എങ്കിലും പറഞ്ഞു “മഹേഷ്‌…”
“എന്തു ചെയ്യുന്നു?”
“ഇപ്പൊ ഇവിടെ ഒരു സര്‍ജറി പ്രതീക്ഷിച്ചു കിടക്കുന്നു …” ഞാന്‍ ചിരിച്ചു… (ഞാന്‍ നന്നാവില്ല…)
അവരും ചിരിച്ചു “ആഹാ തമാശക്കാരനാണല്ലേ…? ഞാന്‍ ചോദിച്ചത് ജോലിയാ…”
“ഐടി പ്രൊഫെഷണല്‍ ആണ്..”
ഇന്‍ജെക്ഷന്‍ എടുക്കാനുള്ള പരിപാടി ആണ്. നമ്മള്‍ വേദന അറിയാതിരിക്കാന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ ഉണ്ടാവാതിരിക്കാന്‍ വെറുതെ ഓരോ കാര്യങ്ങള്‍ ചോദിക്കുന്നു …
“B. Tech ആണോ?”
“അല്ല എംസിഎ…”
“ഏതു വശത്താണ് സര്‍ജറി എന്നു ഡോക്ടര്‍ പറഞ്ഞോ?”
“ലെഫ്റ്റ്…”
“ഓക്കേ അപ്പോള്‍ റൈറ്റ് സൈഡില്‍ ട്രിപ്പ് ഇടാം..” എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു… മാലാഖമാര്‍ എന്നു നേഴ്സ്മാരെ വിളിക്കുന്നത് അതുകൊണ്ടായിരിക്കാം…
വലതു കൈയ്യിലേക്ക് ഞാന്‍ തലപൊക്കി നോക്കുന്നത് കണ്ട അവര്‍ പറഞ്ഞു… “നോക്കണ്ട … ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ… പേടിക്കണ്ട …”
“എനിക്കു പേടിയില്ല സിസ്റ്റര്‍ …”
“കൊള്ളാം… വീട് എവിടെയാ…” എന്‍റെ അഡ്രസ്‌ മുഴുവന്‍ കയ്യിലിരിക്കുന്ന ഫയലില്‍ ഉണ്ട് … വെറുതെ ഒരു സംഭാഷണം…
“പാലാ …”
“ആഹാ … ഞാന്‍ കോട്ടയം കാരിയാ…”
അങ്ങനെ ഞങ്ങള്‍ നാട്ടുകാരായി, കൂട്ടുകാരായി… സംഭാഷണം തുടര്‍ന്നു…

***

OTഅനസ്തേഷ്യ ഡോക്ടര്‍ വീണ്ടും വന്നു. എന്നെ അറ്റന്‍ഡര്‍മാര്‍ ഒരു സ്ട്രെച്ചറിലേക്ക് മാറ്റി… ഓപ്പറേഷന്‍ തിയേറ്റര്‍ കോമ്പ്ലെക്സിലേക്ക്… ഒന്‍പത് തിയേറ്ററുകള്‍ ഉണ്ട് – അനിയന്‍ തലേന്നു പറഞ്ഞത് ഓര്‍മിച്ചു… വലിയ അക്ഷരത്തില്‍ ഓരോ വലിയ വാതിലിന്‍റെ മുകളിലും എഴുതിയിരിക്കുന്നത് കണ്ടു… 9, 8, 7,… നാലാം നമ്പര്‍ തിയേറ്ററില്‍ ഞാന്‍ എത്തിക്കപ്പെട്ടു… അവിടെ എന്നെ കാത്ത് മുഖം മറച്ച, സര്‍ജിക്കല്‍ ഗൌണ്‍ ധാരികളായ നാലുപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കൊടും തണുപ്പ്, പല്ലുകള്‍ കൂട്ടിയിടിക്കുന്നതുപോലെ.
മറ്റൊരു ഇഞ്ചെക്ഷന്‍ കൂടി…
കണ്ണുകള്‍ അടഞ്ഞു പോകുന്നു… ഞാന്‍ ബലം പ്രയോഗിച്ചു തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു… പറ്റുന്നില്ല… കണ്‍പോളകളില്‍ വലിയ ഭാരം തൂക്കിയിട്ടത് പോലെ… കാലുകള്‍ കോച്ചിപ്പിടിക്കുന്നതുപോലെ… ശരീരം ബെല്‍റ്റ്‌ ഉപയോഗിച്ച് ഞാന്‍ കിടന്നിരുന്ന  ടേബിളിലേക്കു ഇളകാതെ ബന്ധിക്കുന്നത് ഞാനറിഞ്ഞു…
ഒരു ഗ്യാസ് മാസ്ക് എന്‍റെ മുഖത്തേക്ക് അടുപ്പിച്ചു… പ്രത്യേകിച്ച് ഒരു ഗന്ധവും ഇല്ലാത്ത ഒരു വാതകം എന്‍റെ മൂക്കിലേക്ക് കയറി… ഞാന്‍ കാലുകള്‍ ഒന്നു വലിക്കാന്‍ ശ്രമിച്ചു… പറ്റുന്നില്ല… എന്‍റെ തലയ്ക്കു മുകളിലെ വലിയ ഓപറേഷന്‍ തിയേറ്റര്‍ ലൈറ്റ്കള്‍ മിഴി തുറക്കുന്നു… എന്‍റെ കണ്ണുകള്‍ അടഞ്ഞു… “അച്ഛാ” എന്നൊരു വിളി തൊണ്ടയില്‍ പാതി വഴിയെത്തി നിന്നു…

***

ഞാന്‍ അതിഭയങ്കരമായ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു… വളഞ്ഞു പുളഞ്ഞു പോകുന്ന ഇരുണ്ട ഒരു കുഴലില്‍ക്കൂടി… ഒരിടത്തും പിടുത്തം കിട്ടുന്നില്ല, ഒന്നും കാണാനും സാധിക്കുന്നില്ല- കട്ട പിടിച്ച ഇരുട്ട്. എവിടെയൊക്കെയോ അള്ളിപ്പിടിക്കണമെന്നുണ്ട്… പ്രവേഗം അനുവദിക്കുന്നില്ല… സമയം-ദേശം-കാലം ഒന്നുമില്ല. എനിക്ക് ആകൃതിയോ ഗുണമോ ഒന്നുമില്ല… എടുത്തെറിഞ്ഞത് പോലെ, അതിവേഗത്തില്‍ ഒരു കയത്തിലേക്ക് പതിക്കുന്നതുപോലെ ഒരു യാത്ര…
എത്ര നേരം? അറിയില്ല – എന്‍റെ അമ്മ, സഹോദരി, ഭാര്യ, പിറക്കാന്‍ പോകുന്ന കുഞ്ഞ്, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ജോലി, വീട്, വാഹനം, സോഷ്യല്‍ സ്റ്റാറ്റസ്, ഒന്നും എന്‍റെ മനസ്സിലില്ല… പ്രകാശത്തെക്കാള്‍ വേഗതയില്‍ ഒരു യാത്ര… തിരിഞ്ഞും മറിഞ്ഞും തലകുത്തിയും … അന്തമില്ലാത്ത ഇരുട്ടിലൂടെ ഒരു ടുബിലൂടെ എന്നപോലെ….

പെട്ടെന്ന് ഒരു താഴ്വാരത്തിലെതിയതുപോലെ … രണ്ടു വശത്തും ഉയരമേറിയ പര്‍വതങ്ങള്‍ പോലെ … നടുവിലൂടെ പിടിച്ചാല്‍ കിട്ടാത്ത വേഗതയില്‍ എന്‍റെ യാത്ര… ഇരുണ്ടു മൂടിയ ഭൂവിഭാഗം … മുകളില്‍ കാര്‍മേഘം പോലെ ഇരുണ്ട എന്തോ ഒന്ന്… വശങ്ങളില്‍ പര്‍വ്വത ശിഖരങ്ങള്‍… താഴെ നോക്കെത്താത്ത ആഴത്തില്‍ ഇരുട്ട് മാത്രം…  കൈകാലുകളിലേക്ക് നോക്കിയ ഞാന്‍ തിരിച്ചറിഞ്ഞു എനിക്കു ശരീരം ഇല്ല. ശരീരം ഇല്ലാത്ത ഞാന്‍ എന്താണ്? എനിക്ക് ഈ താഴ്വരയും മലകളും ഒക്കെ അറിയാനും പറ്റുന്നുണ്ട് – കണ്ണില്ലാതെ ഞാന്‍ കാണുന്നു, ചെവിയില്ലാതെ കേള്‍ക്കുന്നു, നാവില്ലാതെ സംസാരിക്കാനാവുന്നു, മൂക്കില്ലാതെ ശ്വസിക്കുന്നു, ത്വക്കില്ലാതെ ഈ നനഞ്ഞ അന്തരീക്ഷത്തിന്റെ ഈര്‍പ്പവും തണുപ്പും അറിയുന്നു… ആ യാത്രയും സമയമെത്ര എന്നറിയാതെ തുടര്‍ന്നു – എന്‍റെ ചിന്തകള്‍ നിശ്ചലമായിരുന്നു – ഒന്നിനെക്കുറിച്ചും ആകുലതയില്ല – വിഷമമില്ല, സന്തോഷമില്ല, പകയില്ല, വെറുപ്പില്ല, ടാര്‍ഗറ്റ്കളെ കുറിച്ചുള്ള വേവലാതികളില്ല… ശാന്തം … സര്‍വത്ര ശാന്തം … ഒരിക്കലും അവസാനിക്കാത്തതെന്നു തോന്നുന്ന ഈ യാത്ര മാത്രമുണ്ട് ബാക്കി…
?????????????

പെട്ടെന്ന്‍ അകലെ ഒരു ഉജ്ജ്വല പ്രകാശം… അടുത്തടുത്ത്‌ വരും തോറും കണ്ണഞ്ചിക്കുന്ന – അതി തീവ്രമായ ധവള പ്രകാശം… പക്ഷെ കണ്ണടക്കാനാവുന്നില്ല … ആ പ്രകാശത്തിനു നേരെ അതി ഭയങ്കരമായ വേഗതയില്‍ ഞാന്‍ അടുത്തു …
പ്രകാശവലയതിനുള്ളിലേക്ക് കടന്നു… ചുറ്റും പ്രകാശം മാത്രം – മുന്നോട്ടു പോകും തോറും എന്‍റെ ഒപ്പം ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ … പക്ഷെ ആര് ? അറിയില്ല… ചിര പരിചിതരായ ചില ആളുകള്‍ തൊട്ടടുത്ത് ഉള്ളതുപോലെ … പക്ഷെ ആര്?

***

“മഹേഷ്‌ … ” ഒരു ഞെട്ടലില്‍ ഞാന്‍ ഉണര്‍ന്നു… ആരോ കവിളില്‍ പതിയെ തട്ടുന്നു … ഞാന്‍ സര്‍ജിക്കല്‍ ഐസിയു വിലാണ് – മാസ്ക് ധരിച്ച ചില നീല ഗൌണ്‍ ധാരികള്‍ എന്‍റെ ചുറ്റുമുണ്ട്…
“നൌ, ഇറ്റ്‌ വില്‍ ബി ഫൈന്‍ … ഹീ ഈസ്‌ ഓക്കേ…” അകലെ ഒരു ഗുഹയില്‍ നിന്നും പറയുന്നതു പോലെ ഒരു ശബ്ദം…
നീല ഗൌണ്‍ ധാരികള്‍ എന്‍റെ കിടക്കയുടെ അടുത്തു നിന്നും പോയി…
വലിയ കണ്ണുകളുള്ള മാസ്ക് വെച്ച ഗുണ്ടുമണി എന്‍റെ അടുത്തേക്കു വന്നു… നനഞ്ഞ പഞ്ഞികൊണ്ട് എന്‍റെ വരണ്ടുണങ്ങിയ ചുണ്ടുകള്‍ തുടച്ചു…
ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു… മിണ്ടരുത് എന്ന്‍ ആ നീല മാലാഖ ആംഗ്യം കാണിച്ചു… ഞാന്‍ ഇടതു കൈ പൊക്കി തലയില്‍ തൊട്ടു – തല മുഴുവന്‍ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നു…
“വേദന …” ഞാന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു… മാലാഖ ഒരു ട്രിപ്പ് എന്‍റെ വലത്തേ കൈയില്‍ കുത്തി … എന്നിട്ടു പറഞ്ഞു “സാരമില്ല … ഇപ്പോള്‍ മാറും…”
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല… ഇടയ്ക്കു സര്‍ജന്‍, അനസ്തേഷ്യഡോക്ടര്‍, ഫിസിഷ്യന്‍ എല്ലാവരും വന്നുപോയി… മയക്കതിനും ബോധത്തിനും ഇടയിലൂടെ സ്ഥല-കാല-സമയ ബോധങ്ങളില്ലാത്ത ഒരവസ്ഥ…
നന്നായി ബോധം വന്ന സമയത്ത് മാലാഖ ചോദിച്ചു “ഒന്നെണീറ്റു നോക്കാം…”
Post Surgeryകിടക്കയുടെ ചുവട്ടിലെ ലിവര്‍ കറക്കി തലയും ഉടലും ഒരുപോലെ മുകളിലേക്കുയര്‍ത്തി… 5 മിനിറ്റ് നേരം അങ്ങനെ ഇരുത്തി.
“തല കറങ്ങുന്നുണ്ടോ?”
“ഇല്ല…”
“റൂമില്‍ പോകാം…”
ഞാന്‍ തലയാട്ടി…
“ഇപ്പോള്‍ എന്തു തോന്നുന്നു ?”
“ഒന്നു പുനര്‍ജ്ജനിച്ച പോലെ …”
“ആഹാ… സാഹിത്യമാണല്ലോ… എല്ലാവരും പറയുന്നു ഒന്നുറങ്ങി ഉണര്‍ന്നതുപോലെ എന്ന്…”
“അല്ല സിസ്റര്‍, ഞാന്‍ മരിച്ചിട്ടു വീണ്ടും ഒന്നു ജനിച്ചതു പോലെയാണ് എനിക്കു തോന്നുന്നത്…”
അവര്‍ മനസ്സിലാകാത്ത ഭാവത്തില്‍ ഒരു നിമിഷം നിന്നു… പിന്നെ ചിരിച്ചു “കൊള്ളാം… നല്ല സാഹിത്യം …”

***

ഓപ്പറേഷന്‍ തിയേറ്റര്‍ ഫ്ലോറിലെ ലിഫ്റ്റ്‌ വരെ അവര്‍ കൂടെ വന്നു … മാസ്ക് മാറ്റി – കൈ വീശി ടാറ്റാ തന്നു… “ഗെറ്റ് വെല്‍ സൂണ്‍ …”

ഞാന്‍ ചോദിച്ചു “സിസ്റ്റര്‍ന്‍റെ പേരെന്താ? ”
അവര്‍ പേരു പറഞ്ഞു…!!!

ഓപ്പറേഷന് മുന്‍പ്

മരണത്തെക്കുറിച്ച്

ദൈവത്തെക്കുറിച്ച്

Advertisements