M_Id_373168_Manmohan_Singhഈ ദിവസങ്ങളിലെ വാര്‍ത്തകളിലൂടെ കടന്നു പോകുമ്പോള്‍ മനസ്സില്‍ തട്ടിയ ചില കാര്യങ്ങളാണ് ഒരിക്കലും തുറന്നു പറയേണ്ടതില്ല എന്നു കരുതിയിരുന്ന ഈ കുറിപ്പിന് പിന്നില്‍ …

1. വാഗ്ദാനം  പാലിക്കാന്‍ 90 ദിവസത്തെ (?) സമയം AAP ക്ക് അനുവദിച്ചിരിക്കുന്നു എന്ന കോണ്‍ഗ്രസ് പ്രസ്ഥാവന.
2. മന്‍മോഹന്‍ സിങ്ങിന്‍റെ ഇനി പ്രധാനമന്ത്രി പദത്തിലേക്കില്ല എന്ന പ്രസ്ഥാവന.
3. ഗുജറാത്ത് കലാപം വേദനയുണ്ടാക്കി എന്ന നരേന്ദ്ര മോദി യുടെ പ്രസ്ഥാവന.
4. ആറു മന്ത്രിമാരുമായി അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
5. നിരുപാധികം എന്ന്‍ പറഞ്ഞ്, ആരും ആവശ്യപ്പെടാതെ തന്നെ AAP ക്ക് പിന്തുണ പ്രഖ്യാപിച്ച  INC ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞു കൊണ്ട്, ഷീലാ ദീക്ഷിതിന്‍റെ ഉപാധികള്‍ ഉണ്ടെന്നും, ഏതെങ്കിലും കോണ്‍ഗ്രസ്‌ നേതാവ് അന്വേഷണത്തില്‍ പെട്ടാല്‍ പിന്തുണ പിന്‍വലിക്കും എന്ന പ്രസ്താവന.
6. ഡല്‍ഹി സെക്രട്ടറിയേറ്റിലെ ചില അഴിമതി ഫയലുകള്‍ തീയിട്ടു നശിപ്പിക്കുന്നു എന്ന ആജ്-തക് വാര്‍ത്തയും – ഏതെങ്കിലും ഫയല്‍ കാണാതായാല്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടിവരുമെന്ന കെജ്രിവാളിന്‍റെ മുന്നറിയിപ്പും.

***

ഡല്‍ഹി എന്ന പ്രദേശത്തിന്‍റെ സ്വാതന്ത്ര്യ സമരാനന്തര ചരിത്രം പരിശോധിച്ചാല്‍ അറിയാം കോണ്ഗ്രസ്സിന്‍റെ ഭരണ മാഹാത്മ്യം.1952 -ല്‍ സംസ്ഥാനം രൂപവല്‍ക്കരിച്ചെങ്കിലും 1956 വരെയുള്ള കോണ്ഗ്രസ് ഭരണത്തിന് ശേഷം 1993 വരെ രാഷ്ട്രപതി ഭരണത്തില്‍ ആയിരുന്നു ഡല്‍ഹി. 1993 മുതല്‍ BJP യും തുടര്‍ന്നുള്ള 15 വര്‍ഷം തുടര്‍ച്ചയായി ഷീലാ ദീക്ഷിതിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഭരിച്ചു. ഇനി ഇന്ത്യയിലെ ഭരണത്തിന്‍റെ കാര്യമെടുക്കുകയാണെങ്കില്‍ സ്വാതന്ത്യനന്തര ഭാരതത്തില്‍ ഒറ്റക്കും കൂട്ടായും 55 വര്‍ഷം കോണ്‍ഗ്രസ്‌ ആണ് ഭരിച്ചത്. BJP യുടെ ഭരണ കാലയളവ്‌ ഉള്‍പ്പെടെ കോണ്‍ഗ്രസ്‌ അധികാരസ്ഥാനത്തിരിക്കാത്തത് വെറും 11 വര്‍ഷം മാത്രം. ഇത്ര നീണ്ട വര്‍ഷങ്ങള്‍ ഭരിച്ചിട്ട് കട്ടു മുടിച്ചും അഴിമതി കാണിച്ചും ജനങ്ങളെ തങ്ങളില്‍ നിന്നകറ്റി എന്നല്ലാതെ ഒന്നും നേടാത്ത മഹാന്മാര്‍ പറയുന്നു- കേജ്രിവാള്‍ 90 ദിവസം കൊണ്ട് ഉണ്ടാക്കിയില്ലെങ്കില്‍ കാണിച്ചു കൊടുക്കാം എന്ന്. തോറ്റതിന്‍റെ കൊതിക്കെറുവ്‌ എന്നല്ലാതെ മറ്റൊന്നും തോന്നിയില്ല, ഇതുകേട്ടപ്പോള്‍. എന്നാല്‍ ഇപ്പോള്‍ കേജ്രിവാളിനെതിരെ കോണ്‍ഗ്രസ്കാര്‍ പറയുന്നതിലെല്ലാം കേജ്രിവാള്‍ സ്കോര്‍ ചെയ്തുകൊണ്ടിരിക്കുന്നു.

90 ദിവസം എന്നും കൊണ്ഗ്രസ്സിനെതിരെ അന്വേഷിച്ചാല്‍ ഒലത്തിക്കളയും എന്നും ഒക്കെയുള്ള ഷീലയുടെ ഭീഷണിയെ(?) കേജ്രിവാള്‍ നേരിട്ടത് ഉചിതമായി തന്നെയാണ്… എല്ലാ അഴിമതിയും അന്വേഷിക്കുക തന്നെ ചെയ്യും എന്ന്‍ കേജ്രിവാള്‍ ആവര്‍ത്തിച്ചു. മാത്രമല്ല
“എന്‍റെ കയ്യില്‍ മാന്ത്രിക വടി ഒന്നുമില്ല, എന്നാല്‍ അസാധ്യമായി ഒന്നുമില്ല…”
എന്ന മറുപടി കോണ്‍ഗ്രസ്കാരുടെ വായടച്ചു.
അതേത്തുടര്‍ന്നാണ് ഫയല്‍ നശീകരണ യജ്ഞം തുടങ്ങിയത് – അതിനുള്ള മറുപടി കേജ്രിവാള്‍ കൊടുക്കുകയും ചെയ്തു. എന്തു ഫയല്‍ നശിപ്പിച്ചാലും അഴിമതി കണ്ടുപിടിക്കാന്‍ ഗവണ്മെന്റ് ഫണ്ടിന്‍റെ  “ക്യാഷ് ഫ്ലോ” മാത്രം പരിശോധിച്ചാല്‍ മതി എന്ന് പത്തു വര്‍ഷം IRS ഉദ്യോഗസ്ഥനായിരുന്ന കേജ്രിവാളിനെ ആരും പഠിപ്പിക്കണ്ടല്ലോ… ഫയല്‍ നശിപ്പിച്ചതിന്‍റെ പേരില്‍  തൂങ്ങാതിരുന്നാല്‍ ചീഫ് സെക്രട്ടറിക്ക് കൊള്ളാം, പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ അതിബുദ്ധിമാന്‍മാര്‍ക്കും.

***

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ നല്ല സാധ്യതയുള്ള ഒരു പാര്‍ട്ടിയുടെ ഇന്നുവരെ ഒരു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആയിപ്പോലും ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു നേതാവ് – ഞാനിനി പ്രധാനമന്ത്രി ആകാനില്ല എന്നു പറഞ്ഞത് കേട്ടപ്പോള്‍  ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി രണ്ടു ടേമില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ അദ്ദേഹം ഒരിക്കലും ജനങ്ങളുടെ നേതാവ് ആയിരുന്നില്ല. പഞ്ചാബില്‍ ജനിച്ച് ഓക്സ്ഫോര്‍ഡില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ഡോക്ടറെറ്റ് എടുത്ത് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് ആസ്സാമിലെ ജനങ്ങളോട് എന്ത് സോഷ്യല്‍ കമ്മിറ്റ്മെന്‍റ് ഉണ്ട് എന്നത് എത്ര ആലോചിച്ചാലും മനസ്സിലാക്കാനാവാത്ത ഒരു കാര്യമാണ്. (ആസ്സാമില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് ശ്രീ മന്‍മോഹന്‍ സിംഗ്).

അല്ലെങ്കില്‍ത്തന്നെ ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഉപരി സഭ (Upper House) എന്നറിയപ്പെടുന്ന രാജ്യസഭ (Council of States) ജനപ്രതിനിധികള്‍ക്ക് അവരുടെ പാര്‍ട്ടിയുടെ അഹങ്കാരം കാണിക്കാനും, അവര്‍ക്ക് വേണ്ടപ്പെട്ടവരെ സുഖിപ്പിക്കാനും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാനും വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഒരു സംവിധാനം അല്ലാതെ മറ്റെന്താണ്? നമ്മുടെ നാട്ടില്‍ നിന്നുതന്നെ രാജ്യസഭയെ പ്രതിനിധീകരിക്കുന്നവരെ എത്രപേര്‍ക്കറിയാം? പക്ഷെ അവരും എംപി ഫണ്ടും, എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും പറ്റുന്ന So called “ജനപ്രതിനിധികള്‍” ആണ്… ജനത്തോട് അവര്‍ക്ക് യാതൊരു ബാധ്യതയും ഇല്ല താനും… അവരുടെ ബാധ്യത അവരെ തെരഞ്ഞെടുത്തയച്ച പാര്‍ട്ടിയോടും ജനപ്രതിനിധികളോടും ആണ്. ഈ പാര്‍ട്ടികളും ജനപ്രതിനിധികളും അഴിമതിയുടെ കാവലാളുകളും ആകുമ്പോള്‍, കയ്യൂക്കുള്ളവനും സമ്പന്നനും ഒക്കെ ജനങ്ങളുടെ സമ്മതവും സഹായവും ഇല്ലാതെ “പൊതുജനം എന്ന  കഴുതകളെ” ഭരിക്കാന്‍ യോഗ്യരാകുന്നു… 67 ശതമാനം രാജ്യസഭാംഗങ്ങളും കോടീശ്വരന്‍മാരും 17 ശതമാനം പേര്‍ ക്രിമിനലുകളും ആണെന്ന റിപ്പോര്‍ട്ട്‌ നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നു. സമ്പന്നന്‍ ആകുന്നത് ഭരണകര്‍ത്താവ് ആകാതിരിക്കനുള്ള ഒരു അയോഗ്യത ആണെന്നൊന്നും ഞാന്‍ കരുതുന്നില്ല – പക്ഷെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഭരണകര്‍ത്താക്കള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഒരു വീഴ്ച തന്നെയാണ്.
കുറഞ്ഞപക്ഷം പ്രധാനമന്ത്രി, കാബിനെറ്റ്‌-സഹ മന്ത്രിമാര്‍ എന്നു തുടങ്ങി അധികാര സ്ഥാനങ്ങളെങ്കിലും ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കണം.

“Choose the better EVIL” (ഭേദപ്പെട്ട ചെകുത്താനെ തെരഞ്ഞെടുക്കുക) എന്ന മാര്‍ഗം മാത്രം മുന്നിലുള്ള ഇന്ത്യന്‍ ജനതക്ക് സ്വയം തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ പോലും വിശ്വാസമില്ലാതായിരിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞ് തെരഞ്ഞെടുപ്പിന്‍റെ തലേന്നു വരെ ദാസ്യ ഭാവത്തിലും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് അടുത്ത അഞ്ചുവര്‍ഷവും സ്വേച്ചാധിപതിയായ രാജാവിന്‍റെ ഭാവത്തിലും കഴിയുന്ന ഒരു പറ്റം ആളുകള്‍ അവര്‍ക്കുവേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടു കഴിയാന്‍ വിധിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.

*****

BJP യുടെ ഇന്ത്യന്‍ രാഷ്ട്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള  രാഷ്ട്രീയ അജണ്ട എന്താണ് എന്നത് എന്നും ഒരു പ്രഹേളിക മാത്രമാണ്. എന്താണ് നിങ്ങളെ BJP യിലേക്ക് ആകൃഷ്ടനാക്കുന്നത് എന്ന്‍ ഏതു BJP ക്കാരനോട് ചോദിച്ചാലും വ്യക്തമായ ഒരുത്തരമില്ല. അഥവാ ചിലര്‍ അവരുടെ നിലപാട് വ്യക്തമാക്കിയാലും, മറ്റു ചിലര്‍ കടകവിരുദ്ധമായ മറുപടിയാവും നല്‍കുക. ചിരിപ്പിക്കുന്ന മറുപടികളാണ് ചിലര്‍ തരിക – “നീ ഒരു ഹിന്ദുവാണെന്ന് മറക്കരുത്…” എന്നുമുതല്‍ “നരേന്ദ്രമോദി ഇന്ത്യ ഭരിക്കും…” എന്നുവരെ പറഞ്ഞവരുണ്ട്. അതുകൊണ്ട് ചേട്ടനോ ഒരു സാധാരണ ഇന്ത്യാക്കരനോ എന്താണ് ഗുണം എന്നുചോദിച്ചപ്പോള്‍ മറുപടി ഉണ്ടായിരുന്നില്ല.
BJP എന്നത് പഴയ ഇന്ത്യന്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ ആധുനിക രൂപം മാത്രമാണ്. സവര്‍ണനാല്‍ നിര്‍മ്മിക്കപ്പെട്ട് സവര്‍ണനാല്‍ ഭരിക്കപ്പെട്ട് സവര്‍ണന്‍റെ ഉന്നമനത്തിനായി രൂപംകൊണ്ട പാര്‍ട്ടി. ഭാരതീയന്‍റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന സ്വയം അടിമയാകാനുള്ള സ്വഭാവം മാത്രമാണ് BJP യുടെ വോട്ട് ബാങ്ക് – സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന അല്ലെങ്കില്‍ സവര്‍ണനോടുള്ള അമിത ബഹുമാനം വെച്ചുപുലര്‍ത്തുന്ന സ്വഭാവം.  ഇത്തരത്തിലുള്ള അന്ധമായ ആരാധനയാണ് നൂറ്റാണ്ടുകളോളം നമ്മുടെ നാടിനെ യൂറോപ്യന്‍ അടിമത്തത്തിന്‍റെ അന്ധകാരത്തിലാഴ്ത്തിയത്.

RSS നെ നിരോധിച്ച സര്‍ദാര്‍ പട്ടേലിനെ ഇപ്പോള്‍ പൊക്കിപ്പിടിച്ച് 2500 കോടിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ പോകുന്നത് സത്യത്തില്‍ പട്ടേലിനോട്‌ നരേന്ദ്രമോദിക്ക് ഉള്ള അതിരറ്റ ആദരവുകൊണ്ടൊന്നുമല്ല എന്ന് ചിന്താ ശക്തിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.  ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമ നിര്‍മിച്ച ആള്‍ എന്നനിലയില്‍ തന്‍റെ പേര് അനശ്വരമാക്കാനുള്ള മോദിയുടെ തന്ത്രം മാത്രം. BJP യില്‍ തന്നെയുള്ള പലര്‍ക്കും ഇതറിയാം എങ്കിലും “ലോഹപുരുഷ്” ആയ അദ്വാനിയെ പോലും ഒതുക്കിയ മോദിയോട് രാജാവ് നഗ്നനാണ് എന്നു പറയാന്‍ ആര്‍ക്ക് സാധിക്കും എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം. രാജ്നാഥ് സിംഗ് എന്ന BJP ദേശീയ അധ്യക്ഷന് കോണ്‍ഗ്രസിലെ മന്‍മോഹന്‍ സിംഗിനെക്കാള്‍ വലിയ റോളൊന്നും ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്… കാര്യങ്ങള്‍ ഇവിടെ വേറെ ചിലര്‍ തീരുമാനിക്കും. പേരിന് ഒരു സ്ഥാനത്ത് അങ്ങട്ട് സുഖായിക്കോള്‍ക … അത്രന്നെ.

AAP പരസ്യമായി ചോദിച്ച, അഴിമതിയെ തടയാന്‍ ഉത്തകുന്നതെന്ന് കരുതിപ്പോരുന്ന 18 കാര്യങ്ങളില്‍ 16 എണ്ണത്തിനു അനുകൂലമായും 2 കാര്യം സാധ്യമല്ല എന്നും പറഞ്ഞ കോണ്ഗ്രസ് ഒന്നിനും മറുപടി പറയാത്ത BJP യേക്കാള്‍ രാഷ്ട്രീയ മര്യാദയും, രാഷ്ട്രീയ ബോധവും ഉള്ളവരാണ് എന്ന് പറയേണ്ടി വരും. അതുപോലെ തന്നെ – പരാജയം അംഗീകരിച്ച് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി, വല്ലപ്പോഴുമൊക്കെ അബദ്ധം പറയുമെങ്കിലും,മറ്റുപല അതിബുദ്ധിമാന്‍മാരായ രാഷ്ട്രീയ ഗീബല്‍സുകളെക്കാള്‍ ഭേദം താനാണെന്നു തെളിയിച്ചു. ഷീലാ ദീക്ഷിതിന്‍റെയൊക്കെ വിഷം തുപ്പുന്ന മറുപടി അവരെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ബഹുമാനം കൂടി ഇല്ലാതാക്കി. രാഹുല്‍ ഗാന്ധിയാണ് ഭേദം എന്നുപറയുമ്പോള്‍ മറ്റു കോണ്ഗ്രസ് നേതാക്കള്‍ എത്ര ചെറുതാകുന്നു എന്നത് ഞാന്‍ വായക്കാരുടെ ചിന്തക്ക് വിടുന്നു. അല്ലെങ്കിലും ഇന്ദിരാഗാന്ധിക്ക് ശേഷം ശക്തയായ/ശക്തനായ ഒരു നേതാവ് കോണ്‍ഗ്രസിനില്ലായിരുന്നല്ലോ. തന്‍റെ കോടിക്കണക്കിന് രൂപയുടെ പൈതൃക സ്വത്തു മുഴുവന്‍ രാജ്യത്തിന് സമര്‍പ്പിച്ച്‌, മകള്‍ക്കായി താന്‍ രചിച്ച പുസ്തകങ്ങളുടെ റോയല്‍റ്റി മാത്രം വില്‍പത്രത്തില്‍ എഴുതി കടന്നു പോയ നെഹ്രുവിനു ശേഷം, ഇന്ദിരയും, രാജീവും കടന്നു സോണിയയിലെത്തി നില്‍ക്കുമ്പോള്‍ അവര്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നയായ രാഷ്ട്രീയക്കാരി ആകുന്നത് നമ്മുടെ നികുതിപ്പണം കൊണ്ട് അല്ലെങ്കില്‍ നമ്മുടെ രാജ്യത്തെ ഒറ്റിക്കൊണ്ട് അല്ല എന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. 1991 കൊലചെയ്യപ്പെട്ട ഭര്‍ത്താവിന്‍റെ വിയോഗത്തിന് ശേഷം വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ സജീവമാകാതെ ഒതുങ്ങിക്കഴിഞ്ഞ ഗൃഹനാഥയില്‍ നിന്നും, സൃഷ്ടിക്കാനും സംഹരിക്കാനും കഴിവുള്ള, താന്‍ ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്ന റബ്ബര്‍ സ്റ്റാമ്പുകളെ രാജ്യത്തിന്‍റെ പ്രസിഡണ്ടും  പ്രധാനമന്ത്രിയും വരെ ആക്കാന്‍ കഴിവുള്ള, സര്‍വശക്തയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷയും എക്കാലത്തെയും സമ്പന്നയായ ഇന്ത്യന്‍ രാഷ്ട്രീയ ക്കാരിയിലേക്കുള്ള യാത്രയില്‍ അവര്‍ അതിവേഗം പിന്നിട്ട ദൂരം വളരെയേറെയാണ്.

വ്യക്ത്യധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകളുള്ള BJP, കോണ്‍ഗ്രസ് രാഷ്ട്രീയം ഇന്ത്യക്ക് എത്ര ഗുണകരമാകുമെന്ന് കണ്ടുതന്നെ അറിയണം. AAP യുടെ തുടക്കം ഉജ്ജ്വലമായി. അവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തമായ അടിയൊഴുക്കുകള്‍ എങ്ങനെ നേരിടാനകുമെന്നതാണ് ഇനി അറിയാനുള്ളത്.  ഇന്ത്യയുടെ ഭാവി അരാഷ്ട്രീയ വാദികള്‍ എന്നു മുദ്രകുത്തപ്പെട്ട ഇന്നത്തെ തലമുറയുടെ തിരിച്ചറിവിലാണ് – കാത്തിരുന്നു കാണാം…

ബന്ധപ്പെട്ട ലിങ്കുകള്‍
പ്രതിമകള്‍ പറയാത്തത്
ഒരു രാജകുമാരന്‍റെ കഥ
രാഷ്ട്രീയ നാടകം

Advertisements