man-sleepingമേശപ്പുറത്ത് വെച്ചിരുന്ന ബ്ലാക്ക്‌ബെറി ബോള്‍ഡില്‍ നിന്നും കിളിചിലക്കുന്ന ശബ്ദം. മറ്റൊരു ഇമെയില്‍ വന്നിട്ടുണ്ട് – ഒരുമാസത്തെ വെക്കേഷന് നാട്ടില്‍ വന്നാലും വെറുതെ വിടില്ല… പണ്ടൊക്കെ നാട്ടിലെത്തിയാല്‍ സമാധാനമുണ്ടായിരുന്നു. ഇപ്പൊ ഇവിടെയും എല്ലായിടത്തും മൊബൈല്‍ റേഞ്ചും നെറ്റ് കണക്ടിവിറ്റിയും ഒക്കെയായി, സമാധാനം പോയി എന്നു ചുരുക്കം. എന്നെക്കൊണ്ടാവില്ല ഇപ്പൊ മെയില്‍ നോക്കാന്‍…  നാട്ടിലെ ഈ ധനുമാസക്കുളിരിനു പകരം വെക്കാന്‍ എന്തിനു കഴിയും… ജനുവരിയുടെ സുഖകരമായ തണുപ്പില്‍ ഉറക്കം തെളിഞ്ഞിട്ടും അയാള്‍ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

“അതേ, വേണ്വേട്ടാ … രാവിലെ എനീക്കാറായില്ലേ… ഇന്ന് രാവിലെ ആരെയൊക്കെയോ കാണണം നേരത്തെ വിളിക്കണംന്നൊക്കെ പറഞ്ഞിട്ട്?” ഭാര്യയാണ് തൊട്ടു വിളിക്കുന്നത്.
“പത്തു മിനിട്ട് കൂടി … നീ കൂടി ഇവിടെക്കിടന്നോ. നമ്മക്ക് കുറച്ചുനേരം കെട്ടിപ്പിടിച്ചു കിടക്കാം.”
“അയ്യട, സ്കൂളില്‍ വിടാറായ കുട്ടീടെ അച്ഛനാ, രാവിലെ കെട്ടിപ്പിടിച്ചു കിടക്കാന്‍… അവിടെവച്ച് ഈ സ്നേഹം ഒന്നും ഇല്ലാല്ലോ…” പരിഭവം.
സത്യമാണ്. പാതിരാത്രി വരെ  ഗ്രാഫുകളുടെയും ചാര്‍ട്ടുകളുടെയും ലോകത്തിരുന്ന്‍, മീറ്റിങ്ങുകളും ടാര്‍ഗറ്റ് ഫോളോഅപ്പുകളും ഫോര്‍കാസ്റ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കലും മാത്രം ചെയ്യുന്ന വേണുഗോപാല്‍ എന്ന മിടുക്കനായ ഫിനാന്‍ഷ്യന്‍ അനലിസ്റ്റ് എന്ന യന്ത്രത്തിന് തന്‍റെതെന്ന് പറഞ്ഞു മാറ്റിവെക്കാന്‍ സമയം ഉണ്ടായിരുന്നില്ല, ഒരിക്കലും. ജോലി കഴിഞ്ഞ് എങ്ങനെയോ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി, ഷൂവും ടൈയ്യും ബെല്‍ട്ടും മാത്രം അഴിച്ച് ബെഡ്ഡില്‍ വീഴുന്നവന് എന്തു റൊമാന്‍സ്… വെറും പച്ചക്കറി. എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടം. ബാങ്കില്‍ വന്നു കൂടുന്ന പണം, നാട്ടിലെ നല്ല വീട്, ടൊയോട്ട ലെക്സസ്, സുന്ദരിയായ ഭാര്യ, കുഞ്ഞ്… എല്ലാം ഉണ്ട്… പക്ഷെ താനും ഒരു മനുഷ്യനാണെന്നു തോന്നുന്നത് വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോഴാണ്.
“ഡീ, നീ അങ്ങനെ പറയല്ലേ… നിനക്കറിഞ്ഞൂടെ വേണ്വേട്ടന്‍റെ തിരക്കുകള്‍…” പതിയെ കട്ടിലിന്‍റെ തലയ്ക്കലേക്ക് തലയിണ വെച്ചു ചാരിയിരുന്നു. രമയുടെ കയ്യില്‍ നിന്നു കാപ്പി വാങ്ങി.
ഉറക്കം പോയി. ഇന്നിനി റഷീദിന്‍റെയും ഗോപാലകൃഷ്ണന്‍റെയും ആന്‍റണിച്ചായന്‍റെയും ഒക്കെ വീടുകളില്‍ ഗള്‍ഫില്‍ നിന്നു തന്നയച്ചിരിക്കുന്ന ചെറിയ ചെറിയ പൊതികള്‍ എത്തിക്കണം. തിരക്കാണ്. ഒരുമാസം ധാ… ന്നങ്ങു പോകും.

“വേണ്വേ, എഴുന്നേറ്റില്ലേ നീയ്യ്? നിന്നെക്കാണാന്‍ ഒരാള് വന്നിരിക്കണൂ ട്ടോ…” അമ്മയാണ്.
“ദാരാപ്പോ ഇത്ര രാവിലെ…?” ആത്മഗതം പുറത്തു ചാടി…
“ഇത്ര രാവിലെയോ, മണി ഒന്‍പതാകുന്നു …” കാപ്പിക്കപ്പ് വാങ്ങി രമ അടുക്കളയിലേക്ക് പോയി. രാത്രിയില്‍ എപ്പോഴോ അഴിഞ്ഞുപോയ മുണ്ട് പുതപ്പില്‍ നിന്നും വേര്‍പെടുത്തിയെടുത്തുടുത്തുകൊണ്ട് വേണു സ്റ്റെപ്പുകള്‍ ഇറങ്ങി താഴേക്കു ചെന്നു. സിറ്റൌട്ടിലെ ചൂരല്‍ കസേരകളില്‍ ഒന്നില്‍ ഒരു കറുത്ത് മെലിഞ്ഞ മനുഷ്യന്‍ അമ്മയോട് സംസാരിച്ചിരിക്കുന്നു. നല്ല മുഖ പരിചയം.
“നിനക്ക് ആളെ മനസ്സിലായില്ല്യാന്നുണ്ടോ ?” അമ്മ ചോദിച്ചു.
പെട്ടെന്ന് ഒരു മിന്നല്‍ പോലെ ആളെ പിടികിട്ടി “വാസ്വേട്ടന്‍ അല്ലേ? കോവില്‍പ്പാട്ടെ രാജേഷിന്‍റെ…?”
“ഉം… രാജേഷ്‌ എന്‍റെ മോനാണ്…” ഘനമുള്ള ശബ്ദം. ആളിന്‍റെ ശബ്ദ ഗാംഭീര്യത്തിനു മാറ്റമൊന്നുമില്ല. രാജേഷിന്‍റെ അച്ഛന്‍ എന്നു പറയുന്നതിനേക്കാള്‍ രാജേഷ്‌ എന്‍റെ മോനാണ് എന്നു പറയുന്ന ധാര്‍ഷ്ട്യത്തിനും. വളരെ അകന്ന എന്തോ ബന്ധം അവരുടെ കുടുംബവുമായുണ്ടെന്ന് മുത്തശ്ശന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
വാസുദേവക്കുറുപ്പ് – അതായിരുന്നു അദ്ദേഹത്തിന്‍റെ പേര്. നാട്ടുകാര്‍ കുറുപ്പദ്യേം, എന്നും വാസ്വേട്ടന്‍ എന്നും വിളിക്കും. ഇരുണ്ട നിറം, ഉച്ചിയോളം കയറിയ തിളങ്ങുന്ന വലിയ നെറ്റി, പുളിയിലക്കരയുള്ള വെള്ളമുണ്ടു ധരിച്ച് നഗ്നമായ തോളില്‍ ഒരു വെള്ള തോര്‍ത്തും ഇട്ട് നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഷ്ണം മാറ്റാനായി ഇടക്കിടക്ക് ഊതിക്കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ച്‌ നടക്കുന്ന, ചെറുപ്പത്തില്‍ അല്‍പം ഭയത്തോടുകൂടി മാത്രം കണ്ടിരുന്ന മെലിഞ്ഞു നീണ്ട ബലിഷ്ട കായന്‍.

“നീയ് വന്നിട്ടുണ്ടെന്നറിഞ്ഞു, കണ്ടിട്ട് പോകാംന്നു കരുതി…”
“മിനിഞ്ഞാന്നെത്തി…” വേണു ഒരു കസേരയില്‍ ഇരുന്നു.
“ഉം .. എത്ര ദിവസ്സീണ്ട് ?”  വാസ്വേട്ടന്‍ തല മേലെക്കുയര്‍ത്തി ചോദിച്ചു. ഏതൊരു പ്രവാസിയെയും ഏറ്റവും വെറുപ്പിക്കുന്ന ചോദ്യം.
“ഒരു മാസം” അയാള്‍ ഒരു ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചു.
“ങാ … എങ്ങനീണ്ട് അവിട്ത്തെ പണീക്കെ …?”
“കുഴപ്പമില്ലാണ്ട് പോണൂ… വാസ്വേട്ടന്‍ ക്ഷീണിച്ചിരിക്കുന്നു… നമ്മള്‍ കണ്ടിട്ട് കുറേ ആയല്ലോ…” വേണു പറഞ്ഞൂ.
“പ്രായം ആയി വരല്ലേ… എത്രായീന്നറിയോ ? ” അദ്ദേഹം ചോദിച്ചു.
“അറുപത്‌ – അറുപത്തഞ്ച്…”
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് വാസ്വേട്ടന്‍ പറഞ്ഞു “എഴുപത്തി എട്ട്…”
“കണ്ടാല്‍ പറയില്ല…” അയാള്‍ അത്ഭുതപ്പെട്ടു.
“ഹം… അത് എന്നും പണിയെടുക്കുന്നതോണ്ടാ… പണി നിര്‍ത്തി വീട്ടിലിരിക്കാന്‍ തുടങ്ങ്യാല്‍ കഴിഞ്ഞൂ…”കൈയ്യിലിരുന്ന കാപ്പിക്കപ്പ് ടീപ്പോയില്‍ വെച്ച് വാസ്വേട്ടന്‍ എണീറ്റു. അമ്മയുടെ നേരെ നോക്കി പറഞ്ഞു “ജാനക്യേ… ഇറങ്ങ്കാണ്…”

“വിശേഷിച്ചെന്തെങ്കിലും…?” വേണു കൂടെ ഇറങ്ങി.
“ഒന്നുംല്ല്യാന്നില്ല്യാ… വരട്ടെ, സമയംണ്ടല്ലോ, പറയാം…” വാസ്വേട്ടന്‍ ചിരിച്ചു. നിസംഗമായ, അപൂര്‍വമായി മാത്രം കാണുന്ന ചിരി.
വാസ്വേട്ടന് തന്നോടെന്തോ പറയാനുണ്ട്, വേണു ഗേറ്റിനരികെ വരെ കൂടെ നടന്നു.
“പറഞ്ഞോളൂ വാസ്വേട്ടാ… പിന്നെയായാലും ഇപ്പോളായാലും എന്താ മാറ്റം?”.

ഒന്നു മടിച്ചു, പിന്നെ പറഞ്ഞു “പണ്ട് ബഷീര്‍ പറഞ്ഞത് പോലെ ‘ഉപ്പാപ്പാക്ക് ആനെണ്ടാര്‍ന്നു’ ന്നു പറയാംന്നെ ഉള്ളൂ. രാജേഷ്‌ ഇവിടൊരു കമ്പനീല്‍ ഇലക്ട്രീഷ്യന്‍ ആയി പോകുന്നുണ്ട്, കല്യാണം കഴിച്ചിട്ടില്ല. രാജിയുടെ വിവാഹംകഴിച്ചു വിട്ട വകയില്‍ ഭൂസ്വത്ത് മുഴുവനും തന്നെ തീര്‍ന്നു. ഇനി വീടിരിക്കുന്ന തൊടി മാത്രമേ ബാക്കീള്ളൂ.”
കൈ നീട്ടാന്‍ മടിക്കുന്ന അഭിമാനിയുടെ സംസാര തടസം അയാള്‍ കണ്ടു. അദ്ദേഹം ആ രാവിലെയും ചെറുതായി വിയര്‍ത്തിരുന്നു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് അദ്ദേഹം നെറ്റിയിലെയും നെഞ്ചിലെയും വിയര്‍പ്പ് തുടച്ചു. “ഗള്‍ഫിലൊക്കെ സാമ്പത്തിക മാന്ദ്യംന്നൊക്കെ വായിക്കാറുണ്ട്, ന്നാലും ചെറിയൊരു പണി ശര്യാക്കാനാവ്വോ രാജേഷിനേ…”
വേണു ഒന്നും മിണ്ടിയില്ല. നെറ്റിപ്പട്ടം കെട്ടിയ ആനയെപ്പോലെ തലയെടുപ്പോടെ നടന്നിരുന്ന തന്‍റെ ഓര്‍മ്മയുടെ അങ്ങേയറ്റത്തെ വാസ്വേട്ടനെ അയാള്‍ ഓര്‍മിച്ചു. ഇത് അദ്ദേഹം തന്നെയാണോ? കാലം എന്തൊക്കെ മാറ്റം ഒരു മനുഷ്യനില്‍ വരുത്തുന്നു…
“വേണ്വോന്നും പറഞ്ഞില്ല…” ഒരു ശബ്ദം അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
“ഞാന്‍… ഞാനെന്താ പറയ്ക വാസ്വേട്ടാ… അവിടെ ഉള്ളവരെ തന്നെ പറഞ്ഞു വിടണ കാലമാണ്. അവിടെച്ചെന്നിട്ടു നോക്കാംന്നല്ലാതെ എന്താ പറയ്ക.” അയാള്‍ അല്പം സങ്കോചത്തോടെ പറഞ്ഞു.
“ങ്ഹാ… ” ഒരു ദീര്‍ഘ നിശ്വാസം… “ശരിയാവില്ലെങ്കില്‍… ങ്ഹാ…ഞാനിങ്ങനെ ചോദിച്ചൂന്ന് ആരും അറിയണ്ടാ.” ഒരു വരണ്ട ചിരി ആ ചുണ്ടിന്‍റെ കോണില്‍ കണ്ടു… പിന്നെ കാല്‍ നീട്ടിവെച്ച്‌ തല ഉയര്‍ത്തിപ്പിടിച്ചു ആ പഴയ നടത്തം.

*****

ഏഴുമക്കളില്‍ മൂന്നാമനായിരുന്നു വാസ്വേട്ടന്‍. നാലു പെണ്ണും മൂന്നാണും ആയി ഏഴു മക്കള്‍. അച്ഛന്‍ ചെറുപ്പത്തിലെ മരിക്കുകയും ചേട്ടന്‍ പ്രണയ നൈരാശ്യം മൂത്ത് കഞ്ചാവും കള്ളുമായി നാടുചുറ്റലും തുടങ്ങിയപ്പോള്‍ വാസ്വേട്ടനായി കുടുംബനാഥന്‍. എഞ്ചിനീയറിംഗ് പഠനം മൂന്നാം വര്‍ഷം ഉപേക്ഷിച്ചു കുടുംബത്തിലേക്ക് വന്നു. തൊള്ളായിരപ്പറ പാടവും പത്തു പതിനഞ്ച് ഏക്കര്‍ പറമ്പും നോക്കി നടത്താന്‍ ആരെങ്കിലും വേണമല്ലോ. മൂത്ത സഹോദരിയെ മറ്റൊരു ജന്മി കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ചു. അനുജനിലൂടെ തന്‍റെ എങ്ങിനീയറിംഗ് സ്വപ്നം സാക്ഷാത്കരിച്ചും അനുജത്തിമാരില്‍ ഒരാളെ ഡോക്ടറും ഒരാളെ കോളേജ് അധ്യാപികയും ആക്കിയപ്പോഴേക്കും ഭൂസ്വത്തും ആയുസ്സും സൗന്ദര്യവും ഒക്കെ വാസ്വേട്ടന് നഷ്ടമായിരുന്നു. ഇളയവരെല്ലാം വിവാഹിതരായി സ്വന്തം വീതം വാങ്ങിപ്പോയപ്പോഴേക്കും അവശേഷിച്ചത് വലിയൊരു പഴയ തറവാടും അതിരിക്കുന്ന ഒന്നരയേക്കര്‍ പുരയിടവും മാത്രം. മധ്യവയസ്സില്‍ വിവാഹിതനായി താമസിച്ചുണ്ടായ മക്കളും ജോലിക്കാരിയല്ലാത്ത ഭാര്യയും ഒക്കെയായി വാസ്വേട്ടന്‍ കൂടുതല്‍ കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് പോക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം വീതമായ ഒന്നര ഏക്കറില്‍ നിന്നാണ് മകളെ വിവാഹം ചെയ്തയക്കാന്‍ വീണ്ടും വില്‍പ്പന നടത്തിയത്.

*****

couple-drivingആന്‍റണി  അച്ചായന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ രമയോട് വേണു കാര്യങ്ങളൊക്കെ പറഞ്ഞു. അവള്‍ പറഞ്ഞു “വേണ്വേട്ടനെങ്ങാനും രാജേഷിനെ കൊണ്ടുപോയീന്നറിഞ്ഞാല്‍ ഇവിടെ ഭൂമികുലുക്കം നടത്തും വെല്യേച്ചി. അവരുടെ ഭര്‍ത്താവിനെ കൊണ്ടുപോയില്ല എന്നും പറഞ്ഞ് ഇപ്പോഴേ പിണക്കമാ…”
“എടീ അളിയന് അഹങ്കാരം കാണിക്കാനാ… അല്ലെങ്കിലും നാട്ടില്‍ PWD കോണ്ട്രാക്റ്റ് വര്‍ക്ക് ചെയ്തു നടക്കുന്ന ആള്‍ക്ക് ഗള്‍ഫില്‍ എന്തു പണി മേടിച്ചു കൊടുക്കാനാ. അളിയന്‍റെ വിദ്യാഭ്യാസം BA പൊളിറ്റിക്സ്, കംപ്യുട്ടര്‍ അറിയില്ല. എന്നും വൈകിട്ട് തണ്ണിയടിച്ചു ബോധം പോകണം… കൂടെയുള്ള എല്ലാവരുടെയും തലയില്‍ കയറണം. ഇങ്ങനെ ഒരാളെ എന്തു പണിക്ക് കൊണ്ടുപോകും. അതുപോലെയാണോ ഇത്…” വേണു പറഞ്ഞു.
“ഈ മനുഷ്യനല്ലേ ഈ നാട്ടില്‍ നിന്ന് ആദ്യമായി എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയത് എന്നു പണ്ട് പറഞ്ഞത്? അന്ന് സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നോ? ” അവള്‍ ചോദിച്ചു.
“അദ്ദേഹം അന്നു സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ആയിരിക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങള്‍ എല്ലാവരും ആയേനേ… എനിക്കറിയാം ആ മനുഷ്യനെ. ഇത്ര അഭിമാനിയായ ഒരാള്‍ എന്നോട് ഇങ്ങനെ പറയണമെങ്കില്‍ അവസ്ഥ വളരെ മോശമായിരിക്കും. നോക്കണം. ആന്‍റണി അച്ചായന്‍റെയോ റഷീദിന്‍റെയോ കമ്പനിയില്‍ ഇലക്‌ട്രീഷ്യന്‍റെ വേക്കന്‍സി ഉണ്ടോ എന്നു ചോദിക്കാം…”

*****

തിരിച്ചു പോകുന്നതിന്‍റെ തലേന്ന് വേണു വാസ്വേട്ടന്‍റെ വീട്ടില്‍ ചെന്നു… വലിയ കോലായും തെക്കിനിയും വിസ്താരമേറിയ മുറ്റവും ഇരുപത്തഞ്ചു പശുക്കളെയെങ്കിലും കെട്ടാന്‍ പാകത്തിന് നീളമേറിയ, ഇപ്പോള്‍ ഒരു പശുവും കിടാവും മാത്രമുള്ള, പൊളിഞ്ഞു വീഴാറായ തൊഴുതും ഒക്കെയുള്ള ഒരു ചെങ്കല്‍ കൊണ്ടു പണിത രണ്ടു നില വീട്. ഒന്നര നൂറ്റാണ്ടിന്‍റെ പഴക്കം ഉണ്ടെങ്കിലും അകലെ നിന്നു നോക്കുമ്പോഴുള്ള പ്രൌഡിക്ക് കുറവൊന്നുമില്ല. അഴികള്‍ ഒടിഞ്ഞ ജനലുകളോട് കൂടിയ ചാവടിയില്‍ വേണുവിനെ വാസ്വേട്ടന്‍ സ്വീകരിച്ചിരുത്തി. ചിതലരിച്ച കഴുക്കോലും ചായം പൂശിയിട്ട് വര്‍ഷങ്ങളായ ഭിത്തികളും, കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ കരയുന്ന തടികൊണ്ടുള്ള ഗോവണിയും എല്ലാം ആ വീടിന്‍റെ പഴയ പ്രൌഡിയില്‍ പൊതിഞ്ഞ ദാരിദ്ര്യത്തെ വിളിച്ചു പറഞ്ഞു.

“വലിയ വീട് മെയിന്‍റെനന്‍സ് ബുദ്ധിമുട്ടാണ് അല്ലേ വാസ്വേട്ടാ.” അയാള്‍ ചോദിച്ചു.
“ഹേയ് … അങ്ങനെയോന്നൂല്ല്യ… നിങ്ങള്‍ കുട്ട്യോള്‍ക്ക് അങ്ങനെയൊക്കെ തോന്നും… രാജേഷും ഇങ്ങനെ പറയാറുണ്ട്…” വാസ്വേട്ടന്‍ ചിരിക്കാന്‍ ശ്രമിച്ചു. പോളിഞ്ഞടര്‍ന്ന ഭിത്തിയിലെ വിള്ളല്‍ അയാള്‍ കാണാതിരിക്കാന്‍ അവിടേക്ക് കസേര വലിച്ചിട്ടിരുന്നു.
‘ദുരഭിമാനി …’ വേണു മനസ്സില്‍ പറഞ്ഞു.
“വാസ്വേട്ടാ അന്നു പറഞ്ഞ കാര്യം നടന്നേക്കും, ഞാന്‍ ശ്രമിക്കുന്നുണ്ട്. രാജേഷിനോട് അവന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്പോര്‍ട്ടിന്‍റെയും കോപ്പി ഈ അഡ്രസ്സില്‍ എനിക്ക് അയച്ചു തരാന്‍ പറയണം.” വേണു തന്‍റെ ബിസിനസ് കാര്‍ഡ് വാസ്വേട്ടന് കൊടുത്തു.
“ഉവ്വ് …” വാസ്വേട്ടന്‍റെ ശബ്ദം ഇടറിയിരുന്നു.
“ഞാന്‍ ഇറങ്ങട്ടെ …” അയാള്‍ പുറത്തേക്കിറങ്ങി. “ഒരു കാര്യം ചെയ്യണം, എന്‍റെ അമ്മ പോലും ഇതറിയരുത്… അറിഞ്ഞാല്‍ ഒരുപാട് ആളുകള്‍ എന്നെ സമീപിക്കും, എനിക്ക് എല്ലാവരെയും സഹായിക്കാനാവില്ല… പിന്നെ പിണക്കമാകും… എന്തിനാ വെറുതെ…”
“ഉവ്വ്… നിന്നെ ദൈവം അ…” വാക്കുകള്‍ പാതിവെച്ചു മുറിഞ്ഞു… വൃദ്ധന്‍റെ കണ്ണിലെ നനവ് അയാള്‍ കണ്ടു.
“ഒന്നും പറയണ്ട വാസ്വേട്ടാ… എല്ലാം നന്നായി വരട്ടെ…”
paddy_fieldsപണ്ടെന്നോ അവരുടെതായിരുന്ന തൊള്ളായിരപ്പറ പാടശേഖരത്തിനിടയിലെ വരമ്പിലേക്ക് അയാളിറങ്ങി. സായാഹ്ന സൂര്യന്‍റെ ചെങ്കിരണങ്ങള്‍ മകരക്കൊയ്ത്തിനു മൂപ്പെത്തിനില്‍ക്കുന്ന കതിരുകള്‍ക്ക് ശോണവര്‍ണം പകര്‍ന്നു. തെക്കന്‍ കാറ്റ് അയാളുടെ മുടിയിഴകളെ തഴുകി കടന്നുപോയി… താന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന വെറുമൊരു യന്ത്രം മാത്രമല്ല എന്ന ബോധ്യത്തില്‍ നിറഞ്ഞ മനസ്സോടെ അയാള്‍ വീട്ടിലേക്കു നടന്നു.

Advertisements