ചരിത്രം മിക്കപ്പോഴും വിജയിയുടെ വീരഗാഥ മാത്രമാണ്… പരാജയപ്പെട്ടവന് എന്ത് മാര്‍കറ്റ്‌ വാല്യൂ ആണുള്ളത്? അവന്‍റെ സങ്കടം ആര്‍ക്കറിയണം? പഴയ പാണന്മാരുടെ ജോലിതന്നെയാണ് പല “So called Great Historians” ഉം ചെയ്യുന്നത്… ദക്ഷിണ (പണം) വാങ്ങി അപദാനങ്ങള്‍ പാടുന്നു. “മഹാനായ” അലക്സാണ്ടര്‍ ചക്രവര്‍ത്തിയും “മനസാക്ഷി ഇല്ലാത്ത” ഹിറ്റ്ലറും “ഗ്രേറ്റ്” ബ്രിട്ടനും ഒക്കെ അങ്ങനെഉണ്ടായവയാണ്. വിജയികള്‍ മഹാന്മാര്‍ ആകുന്നു – പരാജിതന് വൈതാളികര്‍ ഉണ്ടാവില്ലല്ലോ – അവന്‍ അപമാനത്തിന്‍റെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു.

ഇന്ത്യക്കാരുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്കാര്‍ക്ക് വെറും ശിപായി ലഹള മാത്രമാണ്. ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു നമ്മള്‍ (ഇന്ത്യക്കാര്‍) പഠിക്കുന്ന ഭാഗം മറ്റൊരു രാജ്യത്തുള്ള ചരിത്ര വിദ്യാര്‍ഥിയുടെ റെഫറന്‍സ് ബുക്കില്‍ ഇന്ത്യാചരിത്രമെന്ന ടോപ്പിക്കില്‍ ഒരു single sentence സംഭവം മാത്രം ആയി പറഞ്ഞു പോകുന്ന കാര്യം ആവാം. 

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ വിജയിച്ചിരുന്നു എങ്കില്‍ ലോകത്തിന്‍റെ ചരിത്രം തന്നെ മാറിയേനെ. അപ്പോള്‍, അമേരിക്കയും ബ്രിട്ടനും ഒക്കെ വില്ലന്‍ സ്ഥാനത് നിന്നേനെ, ഹിറ്റ്ലര്‍ മഹാനും. അങ്ങനെയെങ്കില്‍ ചര്‍ച്ചിലിന്‍റെ പ്രസംഗപാടവം ഒന്നും ആരും വാഴ്ത്തുമായിരുന്നില്ല. സത്യത്തില്‍ അനിവാര്യമായ വിധി ഒന്നു മാത്രമാണ് ചില കാര്യങ്ങളിലെങ്കിലും ചരിത്രത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത് ( അതി ശൈത്യം കൊണ്ട് മോസ്കോയില്‍ എത്താനാകാതെ ജര്‍മന്‍ സൈന്യത്തിന്‍റെ പിന്‍വാങ്ങലും വിജയം ചുണ്ടിനും കപ്പിനും ഇടയില്‍ വിട്ടു പോയ ഹിറ്റ്ലറിന്‍റെ വെറും രണ്ട് ആഴ്ച മുന്‍പ് തനിക്ക് റഷ്യയില്‍ എത്താനായില്ലല്ലോ എന്ന വിലാപവും പ്രസിദ്ധമാണല്ലോ)
ഹിറ്റ്ലറുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍ 
“നീ വിജയിച്ചാല്‍ നിനക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല – നീ പരാജയപ്പെട്ടാല്‍ വിശദീകരിക്കാന്‍ നീ ഉണ്ടാവുകയുമില്ല.”

നമ്മള്‍ക്ക് കിട്ടുന്ന ചരിത്രാവബോധം നാം വായിക്കുന്ന – കേട്ടറിഞ്ഞ ചരിത്ര പുസ്തകങ്ങളില്‍ നിന്നാണ് – അതില്‍ ആധികാരികമെന്ന് നാം കരുതുന്ന പലതും എഴുതിയിരിക്കുന്നത് നവയുഗ പാണന്മാര്‍ തന്നെ. വരികള്‍ക്കിടയില്‍ വായിക്കാനുള്ള കഴിവ് നാം നഷ്ടപ്പെടുത്തിക്കൂടാ. സത്യം എന്നു നാം കരുതുന്ന പലതും അര്‍ത്ഥ സത്യങ്ങള്‍ മാത്രമാണെന്നതാണ് പരമമായ സത്യം. ചിലര്‍ അത് ഒരിക്കലും അറിയാതെ മണ്‍മറയുന്നു – മറ്റുചിലര്‍ വൈകി എങ്കിലും അറിയുന്നു. 

നാം നമ്മുടെ മനസിന്‍റെ മന്ത്രണങ്ങള്‍ (Intuitions) കേള്‍ക്കാനാവാത്ത വിധം ഒരു പ്രത്യയശാസ്ത്ര ബഹളത്തിലും പെട്ടു പോവാതിരിക്കട്ടെ. നമ്മുടെ സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നിനെയും മനസ്സിലെങ്കിലും അംഗീകരിക്കാനാവാത്ത നിലയിലുള്ള ബൗദ്ധിക പക്വത (Intellectual Maturity) നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.

Advertisements