Amma_Gail-Tredwell-300x195ജീവിതത്തില്‍ പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്… ഏറ്റവും അടുപ്പമുള്ള പലരും അത്തരം പല അവസരങ്ങളിലും കേരളത്തിലെ പ്രബലമായ മൂന്നു മതങ്ങളിലെയും, പല ആള്‍ ദൈവങ്ങളെയും (അമൃതാനന്ദമയിയെ അടക്കം) പോയി കാണാനും പറഞ്ഞിട്ടുണ്ട് – പക്ഷെ ഭൂമിയില്‍ മജ്ജയും മാംസവുമായി ജനിച്ചുവളര്‍ന്ന ഒരുവനും ദൈവം ആണെന്ന് അന്നും ഇന്നും വിശ്വസിക്കാത്തത് കൊണ്ട് അത്തരം ഉപദേശങ്ങളെ, ഉപദേശം തന്നവരുടെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് തന്നെ നിരസിക്കുകയും, അതിന്‍റെ പേരില്‍ ചിലരൊക്കെ പിണങ്ങുകയും ചെയ്തിട്ടുണ്ട്…
“അമ്മയുടെ” ഒരാശ്ലേഷത്തില്‍ എല്ലാ പ്രശ്നവും തീരുമെന്ന് പറഞ്ഞവരോട് –
“എനിക്കെന്തോ എന്‍റെ അമ്മയേക്കാള്‍ വലുതായി അവരെ കാണാന്‍ കഴിയുന്നില്ല – എന്‍റെ അമ്മ എന്നെ കെട്ടിപ്പിടിച്ചാല്‍ എനിക്ക് തോന്നുന്ന മന:സുഖം ഒന്നും, ഓരോ സെക്കണ്ടിലും ഓരോ ആളിനെ ഒന്ന് ആലിംഗനം ചെയ്ത് – നമ്മുടെ പ്രശ്നങ്ങളില്‍ ഒരു വാക്ക് പോലും കേള്‍ക്കാതെ – ഒരു സൊല്യൂഷനും പറയാതെ ദര്‍ശനം അരുളാന്‍ മാത്രമിരിക്കുന്ന ഒരു സ്ത്രീ എനിക്ക് തരില്ല…” എന്ന എന്‍റെ നിലപാടില്‍ –
“നീ നിഷേധിയും അഹങ്കാരിയും ആണ്- വെറുതെയല്ല … അനുഭവിച്ചോ …” എന്നും പറഞ്ഞവരുണ്ട്.

ഇപ്പോഴും എനിക്ക് നേരിട്ടറിയില്ല – അമൃതാനന്ദമയി ഒരു നല്ല സ്ത്രീ ആണോ ചീത്ത സ്ത്രീ ആണോ എന്ന്. കേട്ടിടത്തോളം അവര്‍ നമ്മളെ ഒക്കെപ്പോലെ നന്മയും തിന്മയും ഒക്കെയുള്ള ഒരു മനുഷ്യ ജീവി മാത്രമാണ്… സുനാമി പോലെയുള്ള വന്‍ ദുരന്തങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും, അവര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒക്കെ നല്ലത് തന്നെ…
Amritaswarupananda Puriപിന്നെ കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍കോളേജ്, മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍ ഒക്കെ നടത്തുന്നതില്‍ക്കൂടി ക്വാളിറ്റി സര്‍വീസ് തരുന്നതിനൊപ്പം നല്ല ഫീസും/ബില്ലും വാങ്ങുന്നുണ്ട്- അത് ആതുരസേവനം അല്ല – ബിസിനസ് മാത്രമാണ്. അതിന്‍റെ ചുക്കാന്‍ പിടിക്കുന്നത് അമൃതസ്വരൂപാനന്ദപുരിയും ആണ്.
ബിസിനസ് ചെയ്ത് കാശുണ്ടാക്കുന്നത് തെറ്റെന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. ഞാനും നിങ്ങളില്‍ പലരും അന്നന്നത്തെക്ക് വേണ്ട അന്നം കണ്ടെത്തുന്നത് ബിസിനസിന്‍റെ ഭാഗമായിക്കൊണ്ടാണ്… രാജ്യത്തിന്‍റെ വികസനത്തിനും ബിസിനസ് നടന്നേ തീരൂ. ഹോസ്പിറ്റലുകളും സ്കൂളുകളും കോളേജുകളും ഒക്കെ ക്രിസ്ത്യന്‍, മുസ്ലിം, SNDP, NSS തുടങ്ങിയ അനേകം സംഘടനകളും നടത്തുന്നുമുണ്ട്.
ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ് കോഴ്സുകളും പേറ്റന്റ് ഉള്ള ബിസിനസ് തന്നെയാണ്. കൃത്യമായ രേഖകളോടെ നടത്തുന്ന അനുവദനീയമായ ഒരു ബിസിനസും നടത്തുന്നതിനെ എതിര്‍ക്കണ്ട കാര്യവും ഇല്ല.

Holly Hell“Gail Tredwell – Holy Hell – Ebook” ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട് – സമയംപോലെ വായിക്കണം… അതിന് അമിതപ്രാധാന്യം കൊടുക്കുന്നുമില്ല – 7-8 e-ബുകുകള്‍ അതിനു മുന്‍പ് തീര്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് – ഈ ബുക്കിന്‍റെ കണ്ടന്‍ന്റില്‍ ക്യൂരിയോസിറ്റി അത്രയൊന്നും തോന്നുന്നില്ല – അവര്‍ അതില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ഊഹം ഉണ്ട്. അത് വായിച്ചതിന്‍റെ പേരില്‍ അമൃതാനന്ദമയിയെക്കുറിച്ചുള്ള എന്‍റെ മുന്‍ധാരണ മാറാനും പോകുന്നില്ല…
(പലരുടെയും തനി നിറം കണ്ടുകണ്ട് – നമ്മുടെ ഞെട്ടലിന്‍റെ സിസ്റ്റം അടിച്ചുപോയോ എന്നു സംശയിക്കുന്നു… )
Gail Tredwell പറയുന്നത് യൂദാസ്/ബ്രൂട്ടസ് സ്പിരിറ്റില്‍ എടുക്കണോ, കണ്‍ഫെഷന്‍ ആയിക്കാണണോ, അതോ ഇത്ര വലിയ ബിസിനസുകാരുടെ കൂടെ പത്തിരുപത് വര്‍ഷം നിന്ന മദാമ്മ, സ്വന്തം ബിസിനസിന്‍റെ അരങ്ങേറ്റം ആശാന്‍റെ നെഞ്ചത്ത്‌ തന്നെ നടത്തിയതാണോ … ഒന്നും പറയാറായിട്ടില്ല.

പ്രശസ്തയായ ഒരാളെ ചീത്ത വിളിച്ചാല്‍ – അല്ലെങ്കില്‍ ഭൂരിപക്ഷം കാണുന്നതിനു വിരുദ്ധമായ എന്തെങ്കിലും വിളിച്ചു കൂവിയാല്‍ കിട്ടുന്ന മീഡിയ അറ്റെന്‍ഷന്‍ മാത്രമാണോ ശ്രീമതി ഗൈലിന്റെത് എന്നും സംശയിക്കാം…ഇനി അവര്‍ക്ക് അമൃതാനന്ദമയിയുടെയോ മഠത്തിന്‍റെയോ എന്തെങ്കിലും ഇല്ലീഗല്‍ ആക്ടിവിറ്റിക്കെതിരേ സോളിഡ് പ്രൂഫ്‌ നല്‍കാനുണ്ടെങ്കില്‍, പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നതിലും തെറ്റില്ല… അഥവാ അവര്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെങ്കില്‍ അമൃതാനന്ദമയിമഠം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിലും തെറ്റില്ല…
ഇത്രയും കോടികളുടെ ബിസിനസ് ചെയുന്ന മാതാജി “ആത്മീയ പ്രബുധത മൂലം ആ മകളോട് പൊറുത്തു” എന്നൊന്നും പറയാതിരുന്നാല്‍ മതിയായിരുന്നു…

എനിക്ക് ആള്‍ ദൈവങ്ങളുടെ പിറകെ നടക്കാത്തതിനാല്‍ ഇച്ഛാഭംഗം ഒട്ടുമില്ല – പിറകെ നടന്നവരോട് പുച്ഛവും ഇല്ല- സഹതാപം മാത്രം. അമൃതാനന്ദമയി ഫ്രോഡ് ആണെങ്കിലും അല്ലെങ്കിലും ഒരുകാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു…

എത്രയൊക്കെ വഞ്ചിക്കപ്പെട്ടിട്ടും സമ്പൂര്‍ണ്ണ സാക്ഷരരായ- വിദ്യാസമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന നമ്മള്‍, വീണ്ടും എന്തിനിങ്ങനെ ആള്‍ ദൈവങ്ങളുടെയും ചതിയന്മാരായ രാഷ്ട്രീയക്കാരുടെയും പിന്നാലെ പായുന്നു?

“ഓരോ ജനതയും അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ കണ്ടെത്തുന്നു.” എന്നത് മാത്രമാണോ കാരണം? ചിന്തിക്കൂ…
“എന്താടോ നന്നാവാത്തെ?”

Advertisements