GROUP OF CASUAL STYLE BOYS AT A PARTY. LONDON 1982 മറ്റു കൌമാര കഥകള്‍ പോലെ, ഈ സംഭവവും നടക്കുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ രണ്ടാം ഭാഗത്തിലാണ്. പ്രീഡിഗ്രീ കാലഘട്ടം. യൂണിഫോമിന്‍റെയും കര്‍ശന നിര്‍ദേശങ്ങളുടെയും സ്കൂള്‍ ജീവിതമെന്ന തടവറയില്‍ പുറത്തുവന്ന് അതിരുകളില്ലാത്ത സ്വാതന്ത്ര്യം കലവറയില്ലാതെ അനുഭവിക്കുന്ന പ്രായം… പൊടിച്ചു വരുന്ന മീശ തീപ്പെട്ടിക്കൊള്ളിക്കരി കൊണ്ടോ, പെങ്ങളുടെ ഐബ്രോ പെന്‍സില്‍ കൊണ്ടോ, ഇതൊന്നും കിട്ടിയില്ലെങ്കില്‍ കറുത്ത മഷിയുള്ള റീഫില്‍ കൊണ്ടു പോലും കറുപ്പിച്ചു “ഞാനും ഒരു ചേട്ടനായി” എന്ന സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജീവിതം ആഘോഷമാക്കിയ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത കാലം…

*****

സിനിമാ കാണലുകള്‍ക്ക് വേണ്ടി തുടങ്ങിയ ക്ലാസ്സ്‌ കട്ടുചെയ്യല്‍ ഒരു അഡിക്ഷന്‍ ആയി മാറാന്‍ അധിക കാലം ഒന്നുമെടുത്തില്ല. ക്ലാസ് കട്ടു ചെയ്യാന്‍ എന്താ ഒരു കാരണം എന്നായി ചിന്തകള്‍. പതിവ്പോലെ ഉച്ചയൂണും കഴിഞ്ഞു മീനച്ചിലാറിന്‍റെ കരയില്‍… അന്നത്തെ കൂലംകഷമായ  ചര്‍ച്ച എന്ത് കാരണം പറഞ്ഞ് ക്ലാസ് കട്ടുചെയ്യും എന്നതായിരുന്നു. കാരണം ഇല്ലെങ്കില്‍ കോളേജിന്‍റെ ഋഷിരാജ് സിംഗ്, ഫാദര്‍ കടുവ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രിന്‍സിപ്പാള്‍ ഞങ്ങളെ പൊക്കും എന്നത് ഉറപ്പാണ്‌… അപ്പോളാണ് തൊമ്മന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന നവീന്‍ ഒരു വാര്‍ത്ത പറഞ്ഞത്.
“മേരിക്കുട്ടി മിസ്സിന്‍റെ അമ്മായി അച്ഛന്‍ മരിച്ചു… നാളെയാണ് ഫ്യൂണറല്‍…”
ഞണ്ട് ചാടി വീണു “എടാ നമ്മുടെ സ്നേഹ നിധിയായ മിസ്സിന്‍റെ അമ്മായിഅച്ഛന്‍ മരിച്ചിട്ട്, നമ്മള്‍ മിസ്സിനെ ആശ്വസിപ്പിക്കണ്ടേ? മിസ്സിന്‍റെ അമ്മായി അച്ഛന്‍ എന്നുവെച്ചാല്‍ നമുക്ക് നമ്മുടെ അമ്മായി അച്ഛനെപ്പോലെ അല്ലേടാ…”
വരുണ്‍ പറഞ്ഞു “വേണ്ടടാ, ശരിയാവില്ല, ചിലപ്പോള്‍ വേറെ മിസ്സ്മാരോ സാറന്മാരോ ഒക്കെ കാണും… അല്ലെങ്കിലും മിസ്സിന്‍റെ അപ്പന്‍ ഒന്നുമല്ലല്ലോ – അമ്മയിഅപ്പനല്ലേ… നമുക്ക് പോകാന്‍ പറ്റിയ സ്ഥലമല്ല… ശരിയാവില്ല…”
“നിനക്ക് അങ്ങനെയൊക്കെ പറയാം- നമ്മുടെ മിസ്സിന്‍റെ അമ്മായിഅപ്പന്‍- ഹോ എന്‍റെ ചങ്ക് തകരുന്നെടാ….” ഞണ്ട് ഷര്‍ട്ടിന്‍റെ രണ്ട് ബട്ടണുകള്‍ അഴിച്ച് നെഞ്ചിലേക്ക് ഊതി…
“അതിനെന്തിനാ നിന്‍റെ ചങ്ക് തകരുന്നത്? നിന്‍റെ അമ്മാവന്‍ ഒന്നുമല്ലല്ലോ?” ജയകുമാര്‍ പറഞ്ഞു…
“നാളെ ക്ലാസ് കട്ടു ചെയ്യണോ വേണ്ടയോ? ആക്കാര്യം തീരുമാനിക്ക്… മിസ്സിനെ ഒന്നു മുഖം കാണിച്ചാല്‍ നമുക്ക് അല്പം സിമ്പതി ഒക്കെ കിട്ടുമെടെയ്… ഇതൊരു ലോങ്ങ്‌ ടേം ഇന്‍വെസ്റ്റ്‌മെന്‍റ് ആണ്…” ഞണ്ട് വളരെ കോണ്‍ഫിഡന്റ്റ് ആണ്.
അവസാനം മിസ്സിന്‍റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു…

പിറ്റേന്നു രാവിലെ മിസ്സിന്‍റെ വീട്ടിലേക്ക് മൂന്നു ഗിയര്‍ലെസ് സ്കൂട്ടറില്‍ ഞങ്ങളുടെ എട്ടംഗ സംഘം പുറപ്പെട്ടു –  ഞണ്ട്, തൊമ്മന്‍, സാബു, ജയന്‍, ലിബിന്‍,  അഭി, വരുണ്‍ പിന്നെ ഞാനും. (അന്ന് ഹെല്‍മറ്റും, ട്രിപ്പിള്‍ ട്രാവലിങ്ങും ഒന്നും അത്ര ഇഷ്യൂ ആയിരുന്നില്ല. പോലീസു പിടിച്ചാല്‍ നന്നായി ഒന്നു ചിരിച്ചു കാണിക്കും. അവര്‍ students എന്ന പരിഗണനയില്, മൂന്നാമനെ ഇറക്കി, ചാര്‍ജ് ചെയ്യാതെ വെറുതെ വിടുകയും ചെയ്യും. അടുത്ത വളവിങ്കല്‍ ഇറക്കി വിട്ടവനെയും പ്രതീക്ഷിച്ചു മറ്റു രണ്ടു പേരും കാത്തിരിക്കും… ഇറക്കി വിട്ടവന്‍ നടന്നു സ്ഥലത്തെത്തിയാല്‍ വീണ്ടും ട്രിപ്പിള്‍…
ഒരുത്തനും വഴി അറിയില്ല, പിന്നെ ചോദിച്ചും കേട്ടും ഒക്കെ കുറേ ഊടുവഴികള്‍ ഒക്കെ കയറി മരണ വീട്ടില്‍ എത്തി… നല്ല തിരക്ക്- ഞങ്ങള്‍ വീട്ടുമുറ്റത്ത് പന്തലില്‍ കിടത്തിയിരിക്കുന്ന പരേതന്‍റെ മുന്നില്‍ എത്തി മൌനമായി നിന്നു… ഒരു വശത്ത് മരിച്ച വല്യപ്പന്‍റെ ഭാര്യയും, പെണ്‍മക്കളും, മരുമക്കളും ഒക്കെ കരഞ്ഞു വീര്‍ത്ത ചുവന്ന മുഖവുമായി ഇരിക്കുന്നു. കുറച്ചു കന്യാസ്ത്രീകള്‍ പാന വായിക്കുന്നുണ്ട്.

Funeral“ഇഹീ ങ്ങീ…ഈ….ഈ…ഈ…”
പെട്ടെന്ന് ഒരു കരച്ചിലിന്‍റെ ശബ്ദം കേട്ടു ഞങ്ങള്‍ ഞെട്ടി… മറ്റൊന്നുമല്ല- അത് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുമായിരുന്നു… ഞണ്ട് ജയന്‍റെ തോളില്‍ തലചായ്ച്ചു ഭയങ്കര കരച്ചില്‍… ഞങ്ങള്‍ പരസ്പരം നോക്കി- ഈ പുല്ലന്‍ എന്തിനാ ഇപ്പോള്‍ കരയുന്നത് എന്ന അര്‍ത്ഥത്തില്‍. പന്തലില്‍ ഇരിക്കുന്ന ആളുകള്‍ മുഴുവന്‍ ഞങ്ങളെ നോക്കി. കരച്ചിലിന്‍റെ ശബ്ദം കേട്ട് അതുവരെ ഞങ്ങളെ ശ്രദ്ധിക്കാതിരുന്ന മിസ്സ്‌ രൂക്ഷമായി ഒന്നു നോക്കി… പിന്നെ
“ഉടന്‍ മേരിക്കുട്ടി ഇടത്തുകയ്യാല്‍-
അഴിഞ്ഞ വാര്‍ പൂങ്കുഴലൊന്നോതുക്കി,
ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക് നോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു…”
എന്താണ് ഉരച്ചതെന്നു കേള്‍ക്കാന്‍ പറ്റിയില്ല… ജയന്‍ പതുക്കെ ഞണ്ടിന്‍റെ ചെവിയില്‍ പറഞ്ഞു “ഓവറാക്കാതെടാ പട്ടീ…”
എവടെ… ഞണ്ട് ഏങ്ങലടിച്ചു കരയുന്നു… ജയനും സാബുവും കൂടി ഞണ്ടിനെ തോളില്‍ പിടിച്ചു മുറ്റത്തിന് പുറത്തുള്ള കാപ്പിത്തോട്ടതിലേക്ക് കൊണ്ടുപോയി… ഒറ്റ മിനിട്ടിനകം തിരിച്ചു വന്നു -വിളറി മഞ്ഞച്ചു ഒരു വളിച്ച ചിരിയുമായി ഞണ്ടിന്‍റെ മുഖം കണ്ട ഞങ്ങള്‍ക്കും ചിരിവന്നു. കൂടെ ദേഷ്യം കൊണ്ട്ചുവന്ന മുഖവുമായി സാബുവും ജയനും. ഞങ്ങള്‍ അപ്പോള്‍ത്തന്നെ സ്ഥലം കാലിയാക്കി. പുറത്തേക്കു വന്നപ്പോള്‍ കോളേജിലെ സ്ടാഫിനെ പ്രതിനിധീകരിച്ചു 4-5 അധ്യാപകരും, 2-3 നോണ്‍-ടീച്ചിംഗ് സ്റ്റാഫും ഒക്കെ കയറി വരുന്നു. കെമിസ്റ്റ്രി പ്രൊഫസര്‍ ഞങ്ങളെ ഇരുത്തി ഒന്നു നോക്കി… സാറിനോട് ഒരിക്കലും കാണിക്കാത്ത വിനയം മുഖത്ത് വരുത്തി ഞങ്ങള്‍ സ്കൂട്ടറിലേക്ക്.

പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ. തിരിച്ചു പോയ വഴി കുറേ ഇടതും വലതും തിരിഞ്ഞപ്പോള്‍ തെറ്റി. ഒരേ പോലുള്ള 2 വഴികള്‍ മുന്നില്‍ – ഇടത്തേക്ക് പോകണോ വലത്തേക്ക് പോകണോ എന്ന് ആശയക്കുഴപ്പം. അവസാനം നാണയം കറക്കാന്‍ തീരുമാനിച്ചു.
“ടെയില്‍- ഇടത്തേക്ക് …” സാബു പറഞ്ഞു. ചെമ്മണ്‍പാത, റബര്‍, കൊക്കോ തോട്ടത്തിനിടയിലൂടെ നേരെ ചെന്നത് ഒരു പഴയ വലിയ വീടിന്‍റെ മുന്നിലേക്ക് …
“വണ്ടി തിരിച്ചോടാ, വഴി തെറ്റി…” ആരോ പറഞ്ഞു… അപ്പോഴേക്കും പറമ്പില്‍ ചുള്ളി ഓടിച്ചുകൊണ്ടിരുന്ന ചേടത്തി ചോദിച്ചു, “എന്താ മക്കളേ?”
“ദാഹിച്ചപ്പോ, വെള്ളം…” ഞണ്ട് ഉവാച. പിന്നെ ഞങ്ങളുടെ നേരെ നോക്കി പരുങ്ങലോടെ കൂട്ടിച്ചേര്‍ത്തു “അല്ല… വെള്ളം, വേണ്ടാന്ന് പറയാന്‍…”
ചേടത്തി പറഞ്ഞു, “ആ കിണറ്റില്‍ നിന്നും കോരിക്കുടിച്ചോ…”
അങ്ങനെ, ശരിക്കും വെള്ളം കുടിച്ചു തിരിച്ചു പോന്നു…

*****

Teacher shouttingപിറ്റേന്ന് പ്രിന്‍സിപ്പാള്‍, കെമിസ്ട്രി സാര്‍, ക്ലാസ് ടീച്ചര്‍ എന്നിവരുടെ മോശമല്ലാത്ത വിരട്ടലിനു ശേഷം,പ്രിന്‍സിയുടെ കാലുപിടിച്ച് രക്ഷകര്‍ത്താവിനെ വിളിക്കുന്നതില്‍ നിന്നും ഒഴിവായി…

അങ്ങനെയിരിക്കുമ്പോള്‍ ഉച്ച സമയത്ത് സെക്കണ്ട് ഗ്രൂപ്പിലെ ഒരു പെണ്‍സുഹൃത്ത്‌ കൂടി ആയ ആന്‍സി എന്‍റെ അടുത്തുവന്നു പറഞ്ഞു – “ഞാന്‍ ഇന്നലെ കണ്ടിരുന്നു…”
“എന്ത്?”
“മേരിക്കുട്ടി മിസ്സിന്‍റെ വീട്ടിലെ പ്രകടനം…”
“….” ഞാന്‍ ഒന്നും മിണ്ടിയില്ല- എന്ത് മിണ്ടാന്‍?
“നിങ്ങള്‍ അതുകഴിഞ്ഞ് വെള്ളം കുടിക്കാന്‍ എന്നും പറഞ്ഞു എന്‍റെ വീട്ടില്‍ വന്നിരുന്നു അല്ലേ?”
ഈശ്വരാ… അത് ഈ കുരിശിന്‍റെ വീട് ആയിരുന്നോ?
“താനിന്നലെ എവിടെ ആയിരുന്നു?”
“മേരിക്കുട്ടി മിസ്‌ എന്‍റെ ബന്ധുവാ… ഞാന്‍ മരണവീട്ടില്‍ ഉണ്ടായിരുന്നു…” ഒരു ആക്കിയ ചിരി, ആന്‍സിയുടെ ചുണ്ടില്‍.
“വീട്ടില്‍ വന്നു എന്ന്‍ ആരാ പറഞ്ഞത്?”
Man explaining his analytics to Woman“എന്‍റെ വല്യമ്മ, നിങ്ങള്‍ വെള്ളം കുടിക്കാന്‍ വന്നു എന്നോ… പക്ഷെ എന്തോ കള്ള ലക്ഷണം ഉണ്ടായിരുന്നു എന്നോ ഒക്കെ.. ” അവള്‍ ഒന്നു നിര്‍ത്തി “പക്ഷെ, എനിക്കു മനസിലായി… ”
“എന്ത്?”
“സത്യം പറയണം, എന്‍റെ വീട് തപ്പി വന്നതല്ലേ? വെല്യമ്മയുടെ മുന്നില്‍ പെട്ടപ്പോള്‍ കള്ളം പറഞ്ഞു… അതല്ലേ സത്യം?”
“ങേ” ഞാന്‍ ഞെട്ടി. ഈശ്വരാ, ഇതെന്തൊരു പരീക്ഷണം… കഥക്ക് ഇങ്ങനെയും ഒരു ട്വിസ്റ്റോ? വീട് തപ്പിപ്പോകാന്‍ പറ്റിയ ഒരു മുതല്…
“അതേ, ആരോടും പറയണ്ട… നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി… നമ്മുടെ രതീഷിനു (ഞണ്ട്) തന്നോട് ഒരു… ഒരിത്…” ഞാന്‍ അവനോടുള്ള എന്‍റെ ദേഷ്യം മുഴുവന്‍ തീര്‍ത്തു… ഈ വിവരദോഷിയും ആ വിവരദോഷിയും കൂടെ പണ്ടാരമടങ്ങട്ടെ.
“എനിക്കപ്പോഴേ തോന്നി… അല്ലെങ്കിലും രതീഷിനു എന്നോട് എന്തോ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടെന്ന് എനിക്കു തോന്നിയിരുന്നു…”

“ഞണ്ടിന് തന്നോടല്ല, ഒരു ഹാങ്ങറില്‍ ചുരിദാര്‍ തൂക്കിയിട്ടാല്‍ അതിനോട്പോലും സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് പെങ്ങളേ…” എന്നു പറയണം എന്നുണ്ടായിരുന്നു… പിന്നെ, നമുക്ക് ഇത്രയോക്കെയല്ലേ ചെയ്യാന്‍ പറ്റൂ എന്നോര്‍ത്ത് ഒന്നും മിണ്ടിയില്ല…

“ശ്ശോ… മഹേഷ്‌ ആരോടും പറയല്ലേ…” അവള്‍ ചെറിയൊരു നാണം ഒക്കെയായി ഓടിപ്പോയി…
‘ആരോട് പറയാന്‍… വരാനുള്ളത് ഓട്ടോ പിടിച്ചു വരും, നമുക്ക് ചെയ്യാവുന്നത് വഴി കാണിച്ചു കൊടുക്കുക എന്നത് മാത്രമാണ്’  ഞാന്‍ ആത്മഗതം ചെയ്തു…

*****

ബന്ധപ്പെട്ട ലിങ്കുകള്‍

കൌമാരം – ഭാഗം 1 : ആദ്യപ്രണയം
കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം

Advertisements