???????????????????????????????തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വെച്ച് ഇന്നലെ(27-Feb-2014) നടന്ന മലയാളം ബ്ലോഗേര്‍സ് മീറ്റ്‌ തികച്ചും അവിസ്മരണീയമായ ഒരു അനുഭവം ആയിരുന്നു. തുഞ്ചന്‍പറമ്പ് മീറ്റ്‌ പോലെ വിശാലമായ ഒരു കാമ്പസ് ഇല്ലയിരുന്നതിനാലും, കോര്‍ഡ്-ലെസ് മൈക്ക് ഇല്ലാതിരുന്നതിനാലും സംസാരിക്കാന്‍ വേദിയില്‍ എത്തെണ്ടിയിരുന്നതിനാല്‍ അല്പം ഔപചാരികത അനുഭവപ്പെട്ടെങ്കിലും ഒരു ഹാളില്‍ വെച്ചു മീറ്റ് നടത്തേണ്ടിവരുന്ന പരിമിതിയെ മറികടക്കാന്‍ മറ്റൊരു സാധ്യത കാണാത്തതിനാല്‍ ആ വളരെ ചെറിയ ഔപചാരികത പോലും ആസ്വാദ്യമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
ആദ്യകാല ബ്ലോഗര്‍മാര്‍ മുതല്‍ ആദ്യമായ് മീറ്റില്‍ പങ്കെടുക്കുന്ന ആളുകള്‍ വരെ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്ന കാഴ്ചയായിരുന്നു കാണെണ്ടിയിരുന്നത്… പാവപ്പെട്ടവന്‍, പ്രവാഹിനി, ഷെരീഫ് സാര്‍, ചന്തു ചേട്ടന്‍, ലീല M. ചന്ദ്രന്‍ (CLS books), സാബു കൊണ്ടോട്ടി, വയല്‍പ്പൂവ്(സുജ), ബഷീര്‍ C V, സുധാകരന്‍ വടക്കാഞ്ചേരി തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം ആഹ്ലാദകരമായിരുന്നു. കൊച്ചു കൊച്ചു തമാശകളുമായി അപരിചിതത്വത്തിന്‍റെ മഞ്ഞുരുക്കിയ- മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിനും, രണ്ടു ബ്ലോഗര്‍മാരുടെ ചിത്രപ്രദര്‍ശനത്തിനും പ്രവാഹിനിയുടെ ഹാന്‍ഡി-ക്രാഫ്റ്റ് പ്രദര്‍ശനത്തിനും ഈ സമ്മേളനം വേദിയായി… സന്തോഷം പകര്‍ന്ന കാര്യങ്ങള്‍…

രണ്ട് പ്രധാന വിഷയങ്ങളില്‍ ആണ് ചര്‍ച്ച നടന്നത്
1. ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ
2. സോഷ്യല്‍ മീഡിയകളിലെ ഭാഷ മോശമാകുന്നുവോ? എങ്കില്‍ എന്തുകൊണ്ട്? എങ്ങനെ നിയന്ത്രിക്കാം?

പലരും വിഷയം വിട്ടു സംസാരിച്ചു മുന്നോട്ടുപോയി – സമയ പരിമിതി മൂലം ഒരു ചര്‍ച്ചയുടെ രൂപത്തില്‍ രണ്ടാമതും മൂന്നാമതും ഒരാള്‍ക്ക് സംസാരിക്കാനോ മറ്റൊരാളെ വിമര്‍ശിക്കാനോ പിന്തുണക്കാണോ സാധിച്ചുമില്ല… രണ്ടും ചിന്തിച്ചു/ചര്‍ച്ചചെയ്തു വരുമ്പോള്‍ വളരെ ഗഹനമായ വിഷയങ്ങള്‍ ആയിരുന്നതിനാല്‍ അവ എങ്ങുമെങ്ങും എത്താതെ പോകാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു. എങ്കിലും, അന്‍വര്‍ ഇക്കയും ഷെരീഫ് സാറും മോഡറേറ്റര്‍ എന്ന രീതിയില്‍ അവരുടെ റോള്‍ ഭംഗിയാക്കിയതിനാല്‍ സമയത്ത് തന്നെ ഒരുവിധം കാര്യങ്ങള്‍ തട്ടുമുട്ടുകള്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു…

മനോജ്‌ ഡോക്ടര്‍ ഫുഡ്‌ ആയിരിക്കും ഒരു സ്പെഷ്യാലിറ്റി എന്നു പറഞ്ഞിരുന്നു എങ്കിലും അമിത പ്രതീക്ഷ ഇല്ലാതെയാണ് പോയത്… അത്യുഗ്രന്‍ എന്നൊന്നും പറയുന്നില്ല എങ്കിലും- വളരെ ഡീസന്റായി ഭക്ഷണകാര്യങ്ങളും നടന്നു.

അവസാന ചര്‍ച്ചയുടെ കൂടെ, ഗവണ്മെണ്ടിന്‍റെ സൈബര്‍ ലോ ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കുന്ന പ്രമേയവും പാസ്സാക്കിയാണ് ബ്ലോഗര്‍ സമ്മേളനം അവസാനിപ്പിച്ചത്.

സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല- കാരണം അറുപതോളം ബ്ലോഗര്‍മാര്‍ക്ക് ഒട്ടും മുഷിപ്പില്ലാതെ (എന്നു ഞാന്‍ വിശ്വസിക്കുന്നു) ഇത്തരം ഒരു മീറ്റ് സംഘടിപ്പിക്കാനായതും- അതിനെ ആദ്യാവസാനം ഒരേ ടെമ്പോയില്‍ കൊണ്ടുപോകാന്‍ (വോള്‍വോ കിട്ടിയില്ല അതുകൊണ്ട് ടെമ്പോ മതി എന്നു തീരുമാനിച്ചു-സദയം ക്ഷമിക്കുക) സാധിച്ചതും സംഘടനാപാടവത്തിന്‍റെ തെളിവാണ്.
???????????????????????????????ആദ്യമായി അഭിനന്ദനം അര്‍ഹിക്കുന്നത് ഈ കൂട്ടായ്മയെ മുന്നില്‍ നിന്നു നയിച്ച അന്‍വര്‍ ഇക്കാ ആണ്. വാക്കുകളാല്‍ സമ്പന്നമായ മലയാള ഭാഷയിലെ പദങ്ങള്‍പോലും മതിയാവുമോ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എന്നു ഞാന്‍ സംശയിക്കുന്നു. സദാ ചിരിച്ച മുഖവുമായി പരാതികള്‍ ഇല്ലാതെ കാര്യങ്ങാന്‍ നോക്കി നടത്തുന്ന, ഇങ്ങനെയും ഒരു മനുഷ്യന്‍- അതേ- യഥാര്‍ത്ഥ മനുഷ്യ സ്നേഹി. ആദ്യാവസാനം എല്ലാക്കാര്യങ്ങളും നേരിട്ട് നോക്കി നടത്തിയ അദ്ദേഹം – ഇടക്ക് ലാഗ് ഉണ്ടാകാതെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്തു. അഭിനന്ദനങ്ങള്‍ അന്‍വര്‍ ഇക്കാ- താങ്കള്‍ പറയാറുള്ളത് പോലെ- മനുഷ്യസ്നേഹം നീണാള്‍ വാഴട്ടെ…
ഒരു ലീഡറുടെ വിജയം അദ്ദേഹത്തിന്‍റെ ടീം മെംബേര്‍സ് എങ്ങനെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ്… അജിത്തും (ഉട്ടോപ്യന്‍) ഡോക്ടര്‍ മനോജും വിജിത്ത്, വിഷ്ണു(വിഷ്ണുലോകം), മണി.മിനു എല്ലാവരും ഒന്നിനൊന്നു മെച്ചമായി അവരില്‍ നിഷിപ്തമായ കടമകള്‍ വീണ്ടും ഒരു ഫോളോ-അപ്പോ സൂപ്പര്‍ വിഷനോ ഇല്ലാതെ തന്നെ ഭംഗിയായി ചെയ്തു… ഓരോരുത്തരും പ്രവര്‍ത്തിച്ചത്-എന്‍റെ വീട്ടില്‍ ഒരു കാര്യം നടക്കുന്നു- ഞാന്‍ അത് ഭംഗിയായി ചെയ്യണം എന്ന മനോഭാവത്തോടെ ആയിരുന്നു… സ്വയം കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിവുള്ള ഒരു ടീം ആയിരുന്നു സംഘാടകര്‍ എന്നത് സമയ-സ്ഥല പരിമിതിക്കുള്ളിലും ഈ കൂട്ടായ്മയെ മനോഹരമാക്കാന്‍ സഹായകമായി.

???????????????????????????????തുടര്‍ന്നു നടന്ന ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ്‌ ഡോക്ടര്‍ മനോജ്‌ കുമാര്‍, തിരുവനന്തപുരത്തിന്‍റെ അഭിമാനമായ സോഷ്യല്‍ വര്‍ക്കര്‍ കുമാരി അശ്വതി നായരില്‍ നിന്നും ഏറ്റുവാങ്ങി. ബൂലോകം പോര്‍ട്ടലിന്‍റെ അവാര്‍ഡ്‌ ദാനചടങ്ങ് ഉദ്ഘാടനം ചെയ്തതും അശ്വതി തന്നെ ആയിരുന്നു.
പിരിഞ്ഞപ്പോള്‍ രാത്രി ആയിരുന്നു എങ്കിലും, ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമം മനസ്സില്‍ എന്നും മങ്ങാതെ നില്‍ക്കുന്ന ഒന്നായിരിക്കും.