Manikantanഈ വിഷയത്തില്‍ കഴിയുന്നതും ഒരു പോസ്റ്റ്‌ ഇടേണ്ട എന്നുകരുതിയതാണ്. പക്ഷെ ഇത്ര സിമ്പിളായ ഒരു കാര്യം പറഞ്ഞു പൊലിപ്പിച്ചു വലുതാക്കുന്നതു കണ്ടപ്പോള്‍ ഈയുള്ളവന്‍റെ അഭിപ്രായം കൂടി ഒന്നുപറയാം എന്ന് തീരുമാനിച്ചു. ഞാന്‍ ഒരു മിതവാദി ആയതിനാലും, Agnostic / Realist / Rationalist  ചിന്താഗതിക്കാരനായതിനാലും, മറ്റുള്ളവരുടെ വികാരങ്ങളെക്കൂടി മാനിക്കുന്നതിനാലും കഠിനപദങ്ങളും പരിധിവിട്ട കളിയാക്കലുകളും ഒഴിവാക്കുന്നു. (ഞാന്‍ ഒരു atheist അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ).

അയ്യപ്പന്‍:
ശബരിമലയെപ്പറ്റിയും അവിടുത്തെ ആചാരങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും കൂടി പറഞ്ഞുപോയാലെ കാര്യങ്ങള്‍ക്കൊരുവ്യക്തത വരൂ എന്നതിനാല്‍ അയ്യപ്പനില്‍ നിന്നു തുടങ്ങാം. “വിഷ്ണുമായയില്‍ ശിവന്‍റെ പുത്രനായി …”, “തന്നെ കൊല്ലാന്‍ ശിവന്‍റെയും വിഷ്ണുവിന്‍റെയും പുത്രന്‍ വേണമെന്നുള്ള വരം മഹിഷി ബ്രഹ്മാവില്‍ നിന്നു വാങ്ങി…” എന്നുള്ള മിത്തുകള്‍ ഒന്നും വടക്കേഇന്ത്യയില്‍ നിന്നുള്ള ഒരു പുരാണകഥകളിലും കാണുന്നില്ല. “മഹിഷാസുരന്‍” എന്ന കഥാപാത്രം ദേവീപുരാണത്തില്‍ ആണുള്ളത് പക്ഷെ സഹോദരന്‍റെ മരണത്തിനു പകരം ചോദിക്കാന്‍ സഹോദരി മഹിഷി ഇറങ്ങിപ്പുറപ്പെട്ട ചരിത്രമൊന്നും അതിലും വായിച്ചതായി ഓര്‍മയില്ല. ശിവപുരാണത്തിലോ വിഷ്ണുപുരാണത്തിലോ ഇങ്ങനെ ഒരു കഥ ഇല്ല. ഇതിഹാസങ്ങളും മിത്തുകളും അടര്‍ത്തിമാറ്റിയ അയ്യപ്പചരിത്രം ചുരുക്കിപ്പറഞ്ഞാല്‍ ഏകദേശം ഇങ്ങനെ വരും:

മക്കളില്ലാതിരുന്ന പന്തളത്തുരാജാവിന് വേട്ടക്കിറങ്ങിയപ്പോള്‍ പമ്പാനദിക്കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടുകിട്ടിയ അനാഥശിശുവാണ് അയ്യപ്പന്‍. കഴുത്തില്‍ ചരടില്‍ കോര്‍ത്തിട്ട നിലയില്‍ ഒരു മണി കണ്ടതിനാല്‍ മണികണ്ഠന്‍ എന്ന് രാജാവ് ആ ശിശുവിനെ നാമകരണം ചെയ്തു. മക്കള്‍ ഇല്ലാതിരുന്ന രാജാവും രാജ്ഞിയും മണികണ്ഠനെ മകനായിത്തന്നെ കരുതി വളര്‍ത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം രാജദമ്പതികള്‍ക്ക് ഒരു മകന്‍ കൂടി പിറന്നു – രാജരാജന്‍. രാജരാജന്‍റെ ജനനശേഷവും പന്തളത്ത് രാജാവ് മണികണ്ഠനെ സ്വന്തം മകനായിത്തന്നെ കരുതി. എന്നാല്‍ സ്വന്തം രക്തത്തില്‍ മകന്‍ പിറന്നതോടെ രാജ്ഞിക്ക് അവനോടായി പ്രതിപത്തി – ഉപജാപകരുടെ ശ്രമംകൂടിയായപ്പോള്‍ രാജ്ഞിക്ക് മണികണ്ഠന്‍ ഒഴിവാക്കപ്പെടേണ്ടവന്‍ ആയി.

കഴുത്തിലെ ചരടില്‍ കൊരുത്തിട്ട മണി, കരുത്തനും അഭ്യാസിയുമായ ബാലന്‍, അസാമാന്യമായ മെയ് വഴക്കം, കാടിനോടുള്ള താത്പര്യം, അസ്ത്ര-ആയുധ വിദ്യകളിലെ മികവ്, രാജകുമാരനായി വളര്‍ന്നിട്ടും രാജഭോഗങ്ങലോടുള്ള താത്പര്യക്കുറവ്, എളിമ, സ്വജീവനെപ്പോലും വകവെക്കാതെ മാതാവിന്‍റെ (പ്രിയപ്പെട്ടവരുടെ) കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാനുള്ള ആര്‍ജവം, ധൈര്യം, കാട്ടുമൃഗങ്ങളെ മെരുക്കാനുള്ള കഴിവ് (ഉദാ: 1. മഹിഷിയെ കൊന്നു-വലിയ ഡെക്കറേഷന്‍ ഒന്നുമില്ലാതെ പറഞ്ഞാല്‍- നാട്ടുകാരുടെ കൃഷി നശിപ്പിക്കുകയും കാട്ടിലെ സന്യാസിമാരെ ഉപദ്രവിക്കുകയും ചെയ്തിരുന്ന ഒരു ഇടഞ്ഞ കാട്ടുപോത്തിനെ ഒറ്റക്ക് കൊന്നു, 2. പുലിയെ പിടിച്ചു– ഇന്ദ്രന്‍ വന്നു പുലിയായ കോമഡിയൊക്കെ വിട്ടുകള), രാജകുമാരന്മാര്‍ കൂട്ടുകൂടാന്‍ മടികാണിച്ചിരുന്ന സാധാരണ ജനങ്ങളുമായുള്ള സൗഹൃദം (ഉറ്റമിത്രം ഇസ്ലാം മത വിശ്വാസിയായ വാവര്‍ – അഥവാ ബാബര്‍, കൊച്ചുകടുത്ത, വലിയകടുത്ത –ആദിവാസി ബാലന്മാര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു) എന്നിവ കൂട്ടിവായിച്ചാല്‍ ആഡംബരപ്രിയനല്ലാത്ത ഒരു തികഞ്ഞ ദ്രാവിഡന്‍/ആദിവാസി ബാലന്‍ (എരുമേലി പേട്ടകെട്ട് സ്മരണീയം) ആയിരുന്നു മണികണ്ഠന്‍ എന്ന് കരുതാം.

സുഖഭോഗങ്ങലോടുള്ള താല്‍പര്യക്കുറവ്, കൊട്ടാരം തന്നെ തനിക്ക് അന്യമാണെന്ന ചിന്ത ഒക്കെ താന്‍ ദത്തെടുത്ത് വളര്‍ത്തപ്പെട്ടവന്‍ ആണെന്ന ബോധത്തില്‍ നിന്നും ഉയിരിട്ടതാവാം. പന്തള രാജാവിന്‍റെ മഹത്ത്വമൊന്നും കൊട്ടാരത്തിലെ മറ്റുള്ളവരില്‍ ആ ദത്തുപുത്രന്‍ കണ്ടിരിക്കാനിടയില്ല. ഇന്ന് തന്നെ ജീവനായി കരുതുന്ന കൊച്ചനുജന്‍ രാജരാജന്‍, വളരുമ്പോള്‍ “രക്തബന്ധമില്ലാത്ത ജ്യേഷ്ടന്‍” രാജാവും യഥാര്‍ത്ഥ രാജ്യാവകാശിയായ താന്‍ സാമന്തനും ആയി കഴിയേണ്ടിവരുന്ന അവസ്ഥയില്‍ ഉപജാപകരുടെ വാക്കുകളാല്‍ തന്‍റെ ശത്രു ആവാനുമുള്ള സാധ്യത ബുദ്ധിമാനായ മണികണ്ഠന്‍ മുമ്പേ കണ്ടറിഞ്ഞു. അതുകൊണ്ടുതന്നെ തന്നെ  ഒഴിവാക്കാനായി മനപ്പൂര്‍വം അപകടത്തിലേക്ക് തള്ളിവിട്ട മാതാവിന്‍റെയും ഉപജാപകരുടെയും കൂടെ രാജാവായി വാഴുന്നതിലും നല്ലത് കാടും, കൂട്ടുകാരും തന്നെ എന്ന് മണികണ്ഠന്‍ കരുതിയിരിക്കാം. വളര്‍ത്തു മാതാവിന്‍റെ ചതിയില്‍ മനം നൊന്ത അയ്യപ്പന്‍റെ സ്ത്രീ വിരുദ്ധത അവിടെത്തുടങ്ങി എന്ന് കരുതാം. തന്‍റെതല്ലാത്തത് തനിക്ക് വേണ്ട –അതിപ്പോള്‍ രാജ്യമായാലും രാജപദവി ആയാലും- എന്ന ധീരമായ നിലപാടെടുത്ത, അല്പം ഫിലോസഫര്‍ ആയ ഒരു വീരനായകനായി നമുക്ക് അയ്യപ്പനെ കാണാം. രാജകുമാരനും വീരനുമായ യുവാവിനെ പ്രണയിച്ച യുവതിയായി നമുക്ക് മാളികപ്പുറത്തമ്മയേയും കരുതാം. കാട്ടുപോത്തിനെ പിടിക്കാന്‍ പോയപ്പോള്‍ കണ്ട പെങ്കൊച്ച് ആണ് മാളികപ്പുറം എന്നുവേണമെങ്കില്‍ വിശ്വസിക്കാം – അല്ലാതെ എരുമ (മഹിഷി) ചത്തപ്പോള്‍ ശാപമോക്ഷം കിട്ടി സുന്ദരിയായ പെണ്ണായി എന്നൊക്കെപ്പറഞ്ഞാല്‍ വിശ്വസിക്കാന്‍ വെറും ഭക്തന്മാരേ നോക്കണം. (കഥയില്‍ ചോദ്യമില്ല എന്നത് സമ്മതിക്കുന്നു – പക്ഷെ കഥ പറഞ്ഞു പറഞ്ഞു നിയമമാക്കരുത്)
ബ്രഹ്മചാരിയായ അയ്യപ്പന്‍ ഒഴിയാബാധയായി പിന്നാലെ കൂടിയ പെണ്ണിനെ ഒഴിവാക്കാന്‍ പലതും പറഞ്ഞുഎന്ന്‍ ഐതിഹ്യം തന്നെ പറയുന്നു. ഒരു രക്ഷയും ഇല്ലാതെ വന്നപ്പോള്‍ എടുത്ത അറ്റക്കൈ പ്രയോഗമാണ് തന്‍റെ വീടിന്‍റെ അടുത്ത് വേറൊരു വീടുവെച്ചു താമസിച്ചോ എന്നു പറഞ്ഞത്. പിന്നെ കല്യാണം കഴിക്കണമെങ്കില്‍ പുതുതായി ആരും (കന്നി അയ്യപ്പന്മാര്‍) എന്നെക്കാണാന്‍ വരാതിരിക്കണം (അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നറിഞ്ഞുതന്നെ) എന്ന നിബന്ധനയും വെച്ചു – രക്ഷപെട്ടു.

പന്തളം രാജവംശം:
തമിഴ്നാട്ടിലെ പാണ്ഡ്യ രാജവംശത്തില്‍പ്പെട്ട രാജാക്കന്മാര്‍ ചോളരാജാക്കന്മാരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു പശ്ചിമഘട്ടം കടന്നുവന്നു അച്ചന്‍കോവില്‍ ആറിനുസമീപം പന്തളത്ത് കൈപ്പുഴ തമ്പാന്‍ എന്ന നാട്ടുരാജാവില്‍ നിന്നും വാങ്ങി സ്ഥാപിച്ച രാജ്യമാണ് പന്തളം. മറ്റു കേരളക്ഷത്രീയ (വര്‍മ) രാജകുടുംബങ്ങളുമായി അവര്‍ക്ക് ബന്ധങ്ങള്‍ ഒന്നുമില്ല. അയ്യന്‍ എന്നത് തമിഴില്‍ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന പദമാണ്. ബഹുമാനിതനും ത്യാഗിയുമായ മണികണ്ഠനെ തമിഴ് വംശജനായ പന്തളത്ത് രാജാവ് വിളിക്കുന്ന പേരാണ് അയ്യപ്പന്‍ – (അയ്യന്‍ + അപ്പന്‍). (പന്തളത്ത് രാജകുടുംബത്തിനു) പിതൃതുല്യനും ബഹുമാനിതനും ആയവന്‍ എന്നര്‍ത്ഥം.
ഇരുമുടി:
അന്നത്തെക്കാലത്ത് ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ വേണ്ടതെല്ലാം രണ്ടു ഭാഗമായി നിറക്കാവുന്ന തുണി സഞ്ചിയില്‍ കെട്ടി തലയില്‍ താങ്ങി, അമ്പും വില്ലുംമേന്തി നടക്കുന്നത് വന സഞ്ചാരികളുടെ രീതിയായിരുന്നു. ഇരുമുടിയാണ് ഏറ്റവും സൌകര്യപ്രദമായി തലയില്‍ വെച്ച് ചുമട് കൊണ്ടുപോകാന്‍ പറ്റുന്ന മാര്‍ഗം. രണ്ടു കൈകളും ഒഴിവായിക്കിട്ടുക എന്നത് കാട്ടില്‍ക്കൂടിയുള്ള യാത്രയില്‍ നിസ്സാരമല്ല.

ശബരിമല ശ്രീ ധര്‍മ്മശാസ്താവ്:
അയ്യപ്പന്‍റെ കഥയില്‍ പറയുന്നത്, അവസാനം വരെ തന്നെ മകനായികരുതിയ പിതാവിനോടും  വിടപറഞ്ഞു കാഷായവസ്ത്രവും രുദ്രാക്ഷവും ധരിച്ചു നഗ്നപാദനായി ശബരിമല വനത്തിലേക്ക് കടന്നുപോകുന്നതായാണ്. സന്യാസജീവിതം സ്വീകരിച്ച മകനോട് വല്ലപ്പോഴും ഒന്നു കാണണമെന്നുള്ള ആഗ്രഹം ഉന്നയിച്ച പിതാവിനോടും തനിക്കായി എല്ലാം ത്യജിച്ചു സന്യാസം സ്വീകരിച്ച ജ്യേഷ്ഠനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അനുജനോടും തന്‍റെ വാസസ്ഥലമായ ശബരിമലയില്‍ മകരസംക്രമ ദിവസം വന്നു കണ്ടുകൊള്ളാന്‍ അനുവാദം നല്‍കിയാണ് അയ്യപ്പന്‍ കാട്ടിലേക്ക് മറയുന്നത്. മകനെ അന്വേഷിച്ചു ഇരുമുടിക്കെട്ടുമായി മല കയറിച്ചെന്ന രാജാവ് കണ്ടത് കാടിന് നടുവിലെ ശാസ്താക്ഷേത്രത്തില്‍ കഴിയുന്ന മകനെ ആണ്. പിന്നീട് കാലഗതിയില്‍ വിലയം പ്രാപിച്ച സന്യാസിയായ മണികണ്ഠനെ തന്‍റെ വാക്കുകളായ “ശബരിമല ശ്രീധര്‍മശാസ്താവിന്‍റെ നടയില്‍ താന്‍ ഉണ്ടാവും” എന്ന വാക്കുകളെ അനുസ്മരിച്ച് ശാസ്താവില്‍ ലയിച്ചതായികണക്കാക്കി.

ശാസ്താവ് എന്ന പദം “ചാത്തന്‍” എന്ന പദത്തില്‍ നിന്നും ഉത്ഭവമായതാണ്.

ചാത്തന്‍ ->
ചാത്തന്‍ + അവര് = ചാത്താവര് ->
ചാത്താവ് ->
ശാത്താവ് ->
ശാസ്താവ്

പ്രാചീന കേരളത്തിലെ ദൈവങ്ങള്‍ ആയിരുന്നല്ലോ ചാത്തന്‍, മാടന്‍, കാളി, കൂളി, മറുതാ, ഭൂതത്താന്‍, കാര്‍ന്നോര്‍… എന്നൊക്കെയുള്ള ദ്രാവിഡ ദൈവങ്ങള്‍. അല്ലാതെ ശൈവ-വൈഷ്ണവ ദേവസങ്കല്‍പ്പങ്ങളൊക്കെ വടക്കേഇന്ത്യയില്‍ നിന്നും മലയാളമണ്ണില്‍ എത്തിച്ചേര്‍ന്ന ആര്യന്മാരുമായുള്ള ഇടകലര്‍ച്ചക്ക് ശേഷം ഉണ്ടായതാണ്. അതുകൊണ്ടുതന്നെ അന്ന് അയ്യപ്പന്‍ ആരാധിച്ചിരുന്ന ദേവന്‍ ആയിരുന്നിരിക്കാം ശ്രീധര്‍മശാസ്താവ്. അനാഥനായ താന്‍ ഈശ്വരഭജനം നടത്തി കാട്ടിലേക്ക് ഒതുങ്ങിക്കൂടാം എന്ന തീരുമാനം ആവാം അയ്യപ്പനെ പന്തളത്തുനിന്നും വളരെ ദൂരെയുള്ള നിബിഡവനത്തില്‍ എത്തിച്ചത്.

അയ്യപ്പന്‍ എന്ന നല്ലവനും ധീരനുമായ “മനുഷ്യന്‍” ദൈവമാകുന്നു:
ആര്യന്മാര്‍ കേരളത്തിലേക്ക് കടന്നുവന്ന്‍ തദ്ദേശീയരായ ജനങ്ങളുമായി കൂടിക്കലര്‍ന്ന്‍ പുതിയ സംസ്കാരം രൂപപ്പെട്ടപ്പോള്‍, ആധിപത്യം സ്ഥാപിച്ച വരേണ്യവര്‍ഗം തദ്ദേശവാസികളുടെ മിത്തും തങ്ങളുടെ കൌശലവും കൂട്ടിക്കലര്‍ത്തി എല്ലവിഭാഗക്കാര്‍ക്കും യോജിച്ചുപോകാവുന്ന വിധത്തിലുള്ള കഥകള്‍ ഉണ്ടാക്കി – അമ്പലത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അവര്‍ മെച്ചപ്പെട്ട അമ്പലവും പ്രതിഷ്ടയും കാട്ടുവഴികളും ഉണ്ടാക്കി. അവരുടെ കൈവശം കാര്യങ്ങള്‍ നില്‍ക്കത്തക്കവിധം കഥകളില്‍ പരിഷ്കാരങ്ങള്‍ വരുത്തി. തിരി തെളിയിക്കലും, തോറ്റവും, തിറയും പോലുള്ള ലഘുവായ ദ്രാവിഡ ആചാരങ്ങള്‍ സംസ്കൃതശ്ലോകങ്ങളും ആര്യന്മാരുടെ ആചാരങ്ങളും കൂട്ടിക്കലര്‍ത്തി പുതിയ ഒരു ആരാധനാസംസ്കൃതി ഉണ്ടാക്കി. അയ്യപ്പനെ ദൈവപുത്രനാക്കി പ്രൊമോട്ട് ചെയ്തതും വടക്കന്‍റെ ബുദ്ധിതന്നെ.

മകരജ്യോതി:
ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്കുള്ള മാറ്റം നടക്കുന്ന ദിവസമായ മകരസംക്രമദിനത്തില്‍ ഇന്ന് പൊന്നമ്പലമേട് എന്നറിയപ്പെടുന്ന മലയില്‍ താമസിച്ചിരുന്ന ആദിവാസികളുടെ ഉത്സവദിവസം ആയിരുന്നു. അവര്‍ കത്തിക്കുന്ന അഗ്നികുണ്ഡം മകരജ്യോതിയായി വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചു. ഇന്നും മകരജ്യോതിയുടെ രഹസ്യം വെളിപ്പെടുത്താനാവില്ല എന്ന് കോടതിയില്‍ മൊഴികൊടുത്ത ദേവസ്വംബോര്‍ഡ് നിലപാട് മാറ്റമില്ലാതെ തുടരുന്നു. മുപ്പത്തിനാല് വര്‍ഷം ശബരിമല പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത എന്‍റെ അച്ഛന്‍ തന്നെ പറഞ്ഞുതന്ന അറിവുവെച്ച് പറയുന്നു – ഇപ്പോള്‍ ആദിവാസികള്‍ അവിടെയില്ല, ജ്യോതി മൂന്നു പ്രാവശ്യം ഉയര്‍ത്തിതാഴ്ത്തുന്നത് ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ തന്നെ.

മണ്ഡലവൃതം:
യോഗിയായ അയ്യനെ കാണാന്‍ പോകുന്നവരോട് ഒരു മണ്ഡലക്കാലം വ്രതമെടുത്ത് വരണമെന്ന നിബന്ധന അയ്യപ്പന്‍ തന്നെ വെച്ചതാവാം. സംസാരിക്കുന്നതിനും ഒരു നിലവാരം വേണമല്ലോ – സംന്യാസം എന്താണെന്ന് അറിയാത്ത ഭോഗിയായ ഒരുവനോട് സംസാരിക്കാന്‍ അയ്യപ്പന്‍ എന്ന യോഗിയായ സര്‍വസംഗപരിത്യഗിക്ക് ബുദ്ധിമുട്ട് തോന്നിയിരിക്കാം. ആയതിനാല്‍ തന്‍റെ അതിഥികള്‍ക്ക് ഒരു മാനദണ്ഡം കല്‍പ്പിച്ചുകൊടുത്തു എന്നും കരുതാം.

അയ്യപ്പദര്‍ശനം:
ഇഹലോക സുഖഭോഗങ്ങള്‍ വെടിഞ്ഞു വനമേറിയ മണികണ്ഠനെക്കാണാനും ചിലപ്പോഴെങ്കിലും ഭരണപ്രശ്നങ്ങളിലോ ആദ്ധ്യാത്മികകാര്യങ്ങളിലോ അഭിപ്രായമാരായാനും പന്തളം രാജാവും പുത്രനും, മണികണ്ഠന്‍റെ വാസസ്ഥലമായ ശബരിമലയില്‍ എത്തിയിരിക്കാം – ഒപ്പം യോഗിയായ തങ്ങളുടെ പ്രിയ രാജകുമാരനെ ദര്‍ശിക്കാന്‍ പന്തളം രാജ്യനിവാസികളും. സംന്യാസം സ്വീകരിച്ചു കൊടുംകാടിനുള്ളില്‍ തന്‍റെ  ശാസ്താസേവ (ചാത്തന്‍സേവ)യും നൈഷ്ടികബ്രഹ്മചര്യവുമായി കഴിഞ്ഞിരുന്ന അയ്യപ്പന്‍ യുവതികളെ തന്നെ കാണുന്നതില്‍ നിന്നും വിലക്കിയിരിക്കാം. ഒരു യഥാര്‍ത്ഥ സന്യാസി/ബ്രഹ്മചാരി സ്ത്രീ സംസര്‍ഗം ഒഴിവാക്കുന്നതില്‍ അത്ഭുതം ഒന്നും ഇല്ല. മാത്രമല്ല കൊടുംകാടിനുള്ളില്‍ കഴിയുന്ന അയ്യപ്പനെ കാണാന്‍ സ്ത്രീകളെ കൊണ്ടുപോകേണ്ട ആവശ്യം അന്നുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ പമ്പവരെ കാറില്‍ ചെന്നിറങ്ങി അവിടുന്ന് 5 കിലോമീറ്റര്‍ ഡോളിയില്‍ / നടന്നു ശബരിമല സന്നിധാനത്തില്‍ എത്താന്‍ അന്ന് സാധിച്ചിരുന്നില്ല. നിലക്കലിനും വളരെമുന്‍പേതന്നെ നിബിഡമായ വനഭൂമിയിലേക്ക് പ്രവേശിച്ച് കുറഞ്ഞത് 40 കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. കുതിരപ്പുറത്തുപോകാമെന്ന് വെച്ചാല്‍ പമ്പക്കുശേഷം കരിമല, നീലിമല, തുടങ്ങിയ സ്ഥലങ്ങളില്‍ കുതിരക്ക് പോകാന്‍ കഴിയില്ല – അക്കാലത്ത് അതിനിബിഡമായ വനപ്രദേശമായിരുന്നു ശബരിമല വനഭൂമി. ആന, കരടി, പുലി, ചെന്നായ്, പെരുമ്പാമ്പ്‌, കാട്ടുപോത്ത് എന്നിവ ധാരാളമായുണ്ടായിരുന്ന വനമായിരുന്നു അത്. കുതിരയെ കെട്ടിയിട്ടിട്ടു പോയാല്‍ തിരികെവരുമ്പോള്‍ എല്ലുപോലും ബാക്കിയുണ്ടാവില്ല. അങ്ങനെ പൂര്‍ണമായും അപകടകരമായ വനമേഖലകളില്‍ സ്ത്രീകളുമായുള്ള യാത്ര തികച്ചും അപകടകരവും തന്മൂലം നിരുല്‍സാഹപ്പെടുത്തേണ്ടിയിരുന്നതും  തന്നെയായിരുന്നു.

സ്ത്രീപ്രവേശനം:
ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക് പോകാം. അയ്യപ്പദര്‍ശനം ആണ് പ്രശ്നം. അയ്യപ്പന്‍ എന്ന യോഗി അക്കാലത്ത് തനിക്ക് കാണാന്‍ താത്പര്യമില്ലാത്ത ആളുകള്‍ അപകടകരമായ ചുറ്റുപാടില്‍ തന്നെക്കാണാന്‍ എത്തുന്നത് ആവശ്യമില്ലാത്ത കാര്യമാണ് എന്ന് പറഞ്ഞിരിക്കാം. അയ്യപ്പന്‍റെ (ശാസ്താവിന്‍റെയല്ല) സ്ത്രീവിരുദ്ധതയില്‍ അസാംഗത്യം ഒന്നുമില്ല. അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ഇഷ്ടംമാത്രം. ഇന്നും കേരളമാകെയുള്ള ശാസ്താക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അപ്പോള്‍ പ്രശ്നം അയ്യപ്പനാണ് – ശാസ്താവിനല്ല. ബ്രഹ്മചാരിയായ അയ്യപ്പന്‍ ശാസ്താവില്‍ ലയിച്ചു – എന്നു വിശ്വസിക്കുന്നതിനാല്‍ സ്ത്രീ വിരുദ്ധത ശബരിമലയില്‍ നിലനില്‍ക്കുന്നു.

അയ്യപ്പന്‍ എന്ന മഹായോഗിയും വീരനുമായ രാജകുമാരന്‍റെ കഥകേട്ട കുട്ടികള്‍ അച്ഛന്‍റെകൂടെ വല്ലപ്പോഴും ദര്‍ശനത്തിന് വന്നിരിക്കാം. ഒരു ബ്രഹ്മചാരി സ്ത്രീ സംസര്‍ഗം ഒഴിവാക്കിയിരുന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, പ്രായമായ സ്ത്രീകളെ അമ്മയേപ്പോലെയും ചെറിയ കുട്ടികളെ ആണ്‍-പെണ്‍ ഭേദമില്ലാതെ വാത്സല്യത്തോടെ അദ്ദേഹം പെരുമാറിയിരിക്കാം. ധീരനും കുലീനനും ത്യാഗിയും ആയ ഒരു മനുഷ്യന്‍ ഇങ്ങനെയൊക്കെ പെരുമാറിയിരുന്നു എന്ന്‍ അനുമാനിക്കാവുന്നതെയുള്ളൂ…ഇതിനൊന്നും അവിശ്വസനീയമായ കെട്ടുകഥകളുടെ പര്യാവരണത്തിന്‍റെ ആവശ്യമില്ല. അയ്യപ്പനെ ദൈവമാക്കുമ്പോഴാണ് ബുദ്ധിക്കുനിരക്കാത്ത കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങേണ്ടി വരുന്നത്.

അയ്യപ്പന്‍ പണ്ടെങ്ങോ മരിച്ചുപോയ സംന്യാസിയായ ഒരു വ്യക്തിയാണെന്നും, ഇപ്പോള്‍ ശബരിമലയിലുള്ളത് ശാസ്താക്ഷേത്രമാണെന്നുമിരിക്കെ, വിവാദങ്ങള്‍ ഒക്കെ അനാവശ്യവും കാലത്തിനു നിരക്കാത്തതും ആണെന്ന് കരുതേണ്ടിയിരിക്കുന്നു.

**************************************************************************************

ചില ചരിത്ര ചിന്തകള്‍:
കാവും, തറയില്‍ തിരികൊളുത്തലും മറ്റുമല്ലാതെ കേരളത്തില്‍ അടച്ചുകെട്ടിയ ക്ഷേത്രങ്ങള്‍ ഉണ്ടായിട്ടുതന്നെ 900-ല്‍ പരം വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഗുരുവായൂര്‍ ക്ഷേത്രമൊക്കെ ദേവഗുരുവായ ബ്രഹസ്പതി ദ്വാപരയുഗത്തിന്‍റെ അവസാനം സ്ഥാപിച്ചതാണ് എന്നൊക്കെ വിശ്വസിക്കുന്ന ഭക്തര്‍ക്ക് എന്‍റെ നല്ലനമസ്കാരം. (യുഗാബ്ദം അയ്യായിരത്തിഇരുനൂറ് ആവുന്നു – അന്ന് കേരളത്തില്‍ നല്ല നായാടിയല്ലാതെ ഇപ്പറഞ്ഞ നമ്പൂതിരിമാരോ അമ്പലംപണിയാന്‍ തക്ക അറിവുള്ള തച്ചന്മാരോ ഒന്നും ഉണ്ടായിരുന്നില്ല) – അയ്യപ്പനെക്കുറിച്ചുള്ള ലേഖനം ആയതിനാല്‍ ഗുരുവായൂര്‍ ചരിത്രം നിര്‍ത്തുന്നു.

ക്രി. വ. ആറാം നൂറ്റാണ്ടില്‍ പ്രബലരായിരുന്ന പാണ്ഡ്യന്മാര്‍ ഒന്‍പതാം നൂറ്റാണ്ടിലെ ചോളരാജാക്കന്മാരുടെ അധിനിവേശത്തില്‍ ബലക്ഷയം സംഭവിച്ചതായിട്ടാണ് ചരിത്രം പറയുന്നത്. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ നഷ്ടപ്രതാപം വീണ്ടെടുത്തു എന്നും നാം ചരിത്രത്തില്‍ പഠിക്കുന്നു. അപ്പോള്‍ ചോളന്മാരുടെ ആക്രമണത്തില്‍ നാടുവിട്ട പാണ്ഡ്യരാജകുടുംബം പന്തളത്ത് സ്വരൂപം രൂപീകരിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടില്‍ ആയിരിക്കാം. പിന്നീട് അയ്യപ്പന്‍റെ കാലം പത്തോ പതിനൊന്നോ നൂറ്റാണ്ടില്‍ ആയിരിക്കാം. മുസ്ലിങ്ങള്‍ കേരളത്തില്‍ വാസമുറപ്പിച്ച ശേഷമാണ് അയ്യപ്പന്‍ ജനിച്ചത് –ഉറ്റമിത്രം ഒരു മുസ്ലിം ആയിരുന്നു. കേരളത്തിലെ നമ്പൂതിരി സമുദായം വടക്കേഇന്ത്യയില്‍ നിന്നുള്ള   ആര്യ-ബ്രാഹ്മണന്മാരുമായി ഇടകലര്‍ന്ന്‍ വൈഷ്ണവ ശൈവ ആരാധനാമൂര്‍ത്തികളും പുരാണങ്ങളും കേരളത്തില്‍ പ്രബലമാകുന്ന ഒരു കാലഘട്ടമാവാം അയ്യപ്പന്‍റെത് എന്നും നമുക്ക് അനുമാനിക്കാം – കാരണം അയ്യപ്പന്‍റെ ആരാധനാമൂര്‍ത്തി ദ്രാവിഡദൈവമാണ്. എന്നാല്‍ അയ്യപ്പന്‍ മോഹിനിയുടെയും ശിവന്‍റെയും പുത്രനായ്‌ ഐതിയങ്ങളും. അല്ലാതെ പുരാണങ്ങളിലെ പാലാഴികടഞ്ഞ അമൃത്‌ തിരിച്ചുകൊണ്ടുവരാന്‍ അസുരന്മാരെ പറ്റിക്കാന്‍ അവതാരമെടുത്ത മോഹിനിയില്‍ ശിവന് അനുരാഗം തോന്നി ഉണ്ടായ പുത്രന്‍, യുഗങ്ങളോളം കൈക്കുഞ്ഞായിരുന്ന് പമ്പയാറിന്‍റെ തീരത്ത് പന്തളത്ത് രാജാവിന്‍റെ മകനായി ജനിക്കാന്‍ പാകത്തിന് വന്നു എന്നൊക്കെപ്പറഞ്ഞാല്‍…

 

ആചാരങ്ങള്‍ – ഉരുവായ കാരണവും കാലഹരണപ്പെട്ടവയും: സാമൂഹികമായ പ്രതിഫലനങ്ങള്‍
1. സ്ത്രീകളുടെ ആര്‍ത്തവവും ക്ഷേത്ര അശുദ്ധിയും:
കേരളത്തില്‍ ക്ഷേത്രാചാരങ്ങള്‍ നിലവില്‍ വന്ന കാലത്ത് നിറമുള്ള വസ്ത്രങ്ങളോ, തീണ്ടാരിത്തുണികളോ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ആര്‍ത്തവത്തെ മറക്കനാവുന്ന തരത്തിലുള്ളതായിരുന്നില്ല. നമ്പൂതിരിമാരില്‍ പൊതുവേയുള്ള താന്‍പോരിമ, സ്ത്രീകളെ അത്തരം അവസരങ്ങളില്‍ ക്ഷേത്രത്തിനു പുറത്താക്കുന്നതില്‍ വിജയിച്ചു. തങ്ങള്‍ രണ്ടാംതരം മനുഷ്യര്‍ ആണെന്നുള്ള ബോധം സ്ത്രീകളില്‍ വളര്‍ത്തുന്നതിനും അങ്ങനെ അവരുടെമേല്‍ മാനസികമായി ആധിപത്യം സ്ഥാപിക്കുന്നതിനും പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന പ്രാചീന ഉപരിവര്‍ഗ്ഗ സമൂഹം കൊണ്ടുവന്ന അടവുകളില്‍ ഒന്നായിരുന്നു ഈ വിശ്വാസം. ആര്‍ത്തവകാലത്ത് ഭാരമേറിയ റൈഫിളും തൂക്കി പരേഡ് പോലും ചെയ്യുന്ന വനിതാ പോലീസുകാരും പട്ടാളക്കാരും ഉള്ള ഈക്കാലത് ഈ കാലഹരണപ്പെട്ട ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്.

 1. ശബരിമല നോയമ്പ് കാലഘട്ടത്തില്‍ സ്വന്തം കുടുംബത്തില്‍ പോലും സ്ത്രീകള്‍ക്കുള്ള തീണ്ടിക്കൂടായ്മ – രണ്ടാംതരം പൌരന്‍ ?
  ശബരിമലക്ക് പോകാന്‍ മുദ്രധരിച്ച (മാലയിട്ട) ഒരു സ്വാമി/മാളികപ്പുറം ഉള്ള വീട്ടില്‍ തീണ്ടാരിയായ പെണ്ണിന്‍റെ അവസ്ഥ വളരെ ദയനീയമാണ്. അവള്‍ക്ക് സ്വാമി നടക്കുന്ന വഴി നടക്കാനുള്ള അവകാശം പോലുമില്ല. അവള്‍ സ്പര്‍ശിച്ചതെല്ലാം സ്വാമിക്ക് നിഷിദ്ധം. (ഈ സ്വാമി/മാളികപ്പുറം സ്വന്തം മകനോ മകളോ(ചെറിയകുട്ടി) സഹോദരനോ അച്ഛനോ പ്രായമായ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ ആണ് എന്നതാണ് Divine Tragedy). തന്‍റെ നിയന്ത്രണത്തിലല്ലാത്ത ഒരു പ്രതിഭാസത്തിന് താന്‍ ദൈവത്തിന്‍റെ മുന്‍പില്‍ തെറ്റുകാരിയാവുമോ എന്ന ഭയത്തില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സ്ത്രീകളുടെ അവസ്ഥയെ എന്തുപേരിട്ടു വിളിക്കണം?
  ഇതോടൊപ്പം എന്‍റെ ഒരു സ്മരണകൂടി  കൂട്ടിച്ചേര്‍ക്കട്ടെ. എന്‍റെ പേരമ്മക്ക് ശബരിമലക്ക് പോകണം എന്നത്  വലിയ ഒരു ആഗ്രഹമായിരുന്നു. “ചെറുപ്പത്തില്‍ എന്‍റെ അച്ഛന്‍ എന്നെ കൊണ്ടുപോയില്ല പ്രായമാകുമ്പോള്‍  പോകാമായിരിക്കും …” എന്ന്‍ പേരമ്മ എന്‍റെ കുട്ടിക്കാലത്ത് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ പ്രായമായപ്പോള്‍ സന്ധിവാതമാണ് പേരമ്മയെ കാത്തിരുന്നത്. കഴിഞ്ഞവര്‍ഷം പേരമ്മ അന്തരിച്ചു. എന്‍റെ ജീവിതത്തില്‍ കണ്ടിട്ടുള്ള  ഏറ്റവും വലിയ ഭക്ത പേരമ്മതന്നെയാണ്. അത്തരം ഭക്തയായ ഒരുസ്ത്രീക്ക് ശബരിമല അപ്രാപ്യമായിത്തന്നെ നിലകൊള്ളാനുള്ള  കാരണം ഈ സ്ത്രീ വിരുദ്ധ നിലപാട് തന്നെയാണ്.
 2. ക്ഷേത്രപ്രവേശന വിളംബരവുമായി കൂട്ടി വായിക്കുക:
  മനുഷ്യരേ മറ്റുചില മനുഷ്യര്‍ (?) പട്ടികളെക്കാള്‍ താഴെക്കണ്ടിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിന്‍റെ തിരശീലവീണിട്ട് കാലമേറെയായിട്ടില്ല. (ഇപ്പോഴും തെരുവ് പട്ടികളെ മനുഷ്യര്‍ക്ക്‌ മേലേ കാണുന്ന ദന്തഗോപുരവാസികളെ വെറുതേ സ്മരിക്കുന്നു… 😛 ). 1936 –ല്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശനവിളംബരം നടത്തിയിട്ടും ഇന്നും ഒരു നൂറ്റാണ്ട് മുന്‍പത്തെ മാനസികാവസ്ഥയില്‍ കഴിയുന്ന ചിലരെങ്കിലും ഉണ്ടെന്നു പറയേണ്ടി വരുന്നത് നമ്മുടെ സാംസ്കാരിക അധ:പതനം തന്നെയാണ്. ആ കാലഘട്ടത്തിലെ ചെറുമനും പുലയനും പാണനും ഈഴവനും പറയനും അനുഭവിച്ച വേദന ഇന്നത്തെക്കാലത്ത് ഒരു സ്ത്രീ “സ്വന്തം വീട്ടില്‍” അനുഭവിക്കേണ്ടിവരുന്ന അവസ്ഥ എത്ര മോശമാണ്? കുറഞ്ഞപക്ഷം പഴയ നിയമത്തിലെ അധകൃതര്‍ക്ക് സ്വന്തം വീട്ടില്‍ തീണ്ടല്‍ ഉണ്ടായിരുന്നില്ല.
 3. #ReadyToWait -ലെ യുക്തിരാഹിത്യം:
  ചില ഭക്തകള്‍ #ReadyToWait എന്ന ബാനറും പിടിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്കില്‍ കാണാനിടയായി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീ എന്നൊക്കെ വീമ്പിളക്കുന്നതും കണ്ടു. ചുണ്ടില്‍ ലിപ്സ്റ്റിക്കും ഫേഷ്യല്‍ ചെയ്ത മുഖവും ജീന്‍സും സ്മാര്‍ട്ട്‌ഫോണും ഒക്കെക്കൊണ്ട്‌ നിങ്ങള്‍ ആധുനിക കാലഘട്ടത്തിലെ സ്ത്രീകളായി എന്നു കരുതുന്നുവോ സഹോദരിമാരേ? ചിന്തയേ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ വിട്ട് ഈ നൂറ്റാണ്ടിന്‍റെ വേഷമണിഞ്ഞാല്‍ നിങ്ങള്‍ ആധുനികര്‍ ആകുമോ?
 4. ശബരിമലയിലെ അവസാനവാക്ക്:
  ഏത് ക്ഷേത്രത്തിലെയും അവസാനവാക്ക് തന്ത്രി ആണെന്ന് “തന്ത്രി” പറയുന്നു. (ഞാന്‍ മഹാനാണെന്ന് ഞാന്‍ പറയുന്നു). അതിനെ ചുമലിലേറ്റി ചില നേതാക്കന്മാരും അവര്‍ പറയുന്ന മണ്ടത്തരങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ചിന്താശക്തിനഷ്ടപ്പെട്ട ചില ഭക്തന്മാരും. നേതാക്കന്മാര്‍ക്കും ബ്രാഹ്മണവര്‍ഗത്തിനും ഇത്തരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നാലേ നിലനില്‍പ്പുള്ളൂ. തന്‍റെ തന്നെ താല്പര്യങ്ങള്‍ ഒരു വിളക്ക് കത്തിച്ചുവെച്ച് വെറ്റിലയോ കവടിയോ നോക്കി അത് ഈശ്വരന്‍റെ ഹിതം ആണെന്ന് പറയുന്നവരെ മനസിലാക്കാനുള്ള സാമാന്യബോധം ഈ നൂറ്റാണ്ടിലും ജനങ്ങള്‍ ആര്‍ജിച്ചിട്ടില്ല എന്നത് ലജ്ജാവഹമാണ്. ഈ ലേഖനം ക്ഷേത്രങ്ങളിലെ അനാചാരങ്ങളെക്കുറിച്ചല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ അധികം പറയുന്നില്ല.
 1. മാനസികമായ അടിമത്തം
  എണ്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് (1936) ക്ഷേത്രപവേശനത്തിന് അനുവാദം കിട്ടിയിട്ടും തങ്ങളെ പറഞ്ഞു പഠിപ്പിച്ച “അമ്പലം സവര്‍ണര്‍ക്കുള്ളതാണ്, തങ്ങള്‍ അമ്പലത്തില്‍ പ്രവേശിച്ചാല്‍ ഈശ്വരകോപം ഉണ്ടാവും” എന്ന വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ അമ്പലത്തില്‍ കയറാത്ത ദളിതര്‍ ഉണ്ടായിരുന്നു. ഈ സഹോദരിമാര്‍ അവരെ അനുസ്മരിപ്പിക്കുന്നു. മാനസികമായ അടിമത്തം ആണ് ഏറ്റവും വലിയ തടവറ.
  അന്ന്‍ അമ്പലത്തില്‍ പോകാന്‍ മടിച്ച ദളിതരുടെ മക്കളും കൊച്ചുമക്കളുമൊക്കെ ഇന്ന്‍ മറ്റെല്ലാവരെയും എന്നപോലെ അമ്പലത്തില്‍ കയറുന്നു. അത് കാണുമ്പോള്‍ അന്ന് ദളിതരെ “എന്ത് വിളംബരം നടന്നാലും ഒരു അധ:കൃതനെ അമ്പലത്തില്‍ കയറ്റില്ല” എന്നുപറഞ്ഞ് അമ്പലത്തിനുചുറ്റും കാവല്‍ നിന്നിരുന്ന സവര്‍ണന്‍റെ കൊച്ചുമക്കള്‍ക്ക് ഒന്നും തോന്നുന്നുമില്ല. കാരണം കാലം മാറി. അന്ന് കാവല്‍ നിന്ന സവര്‍ണനെ അനുസ്മരിപ്പിക്കുന്ന ചിലരെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ കാണുകയുണ്ടായി. “നാണമില്ലേ മനുഷ്യാ നിങ്ങള്‍ക്ക്? ഇത്ര അവിവേകിയാകാന്‍ അങ്ങനെ കഴിയുന്നു ?” എന്ന ചിന്ത അതിന്‍റെ പാരമ്യത്തില്‍ എത്തിയതിന്‍റെ ഫലമാണ് ഈ ലേഖനം. ദൈര്‍ഘ്യമേറി എന്നറിയാം എങ്കിലും പറയേണ്ടകാര്യങ്ങള്‍ ഇത്രയേറെ ഉണ്ടായിരുന്നു…

  മലകയറാന്‍ ശേഷിയുള്ളവര്‍ കയറട്ടെ – സ്ത്രീയായാലും പുരുഷന്‍ ആയാലും. കാലം മാറുകതന്നെ ചെയ്യും – ആരൊക്കെ എതിര്‍ത്താലും.

Advertisements