അതൊരു അത്രയൊന്നും നീണ്ടതല്ലാത്ത  ലിസ്റ്റിൽക്കൂടി കണ്ണോടിക്കുകയായിരുന്നു… ചുരുക്കം ചില മലയാളി IAS ഉദ്യോഗസ്ഥർ മാത്രമുള്ള ലിസ്റ്റ്.  ഇത് ശക്തമായ നീതി ബോധവും നിയമ പരിജ്ഞാനവും അതു പ്രവർത്തി പഥത്തിൽ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയുമുള്ളവരുടെ ഒരു ചെറിയ ലിസ്റ്റാണ്. (സത്യസന്ധരെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഡിപ്ലോമാറ്റിക് മൗനം അവലംബിച്ചു പോന്ന ഉദ്യോഗസ്ഥരെയും ഒഴിവാക്കിയിരുന്നു…)
ടി എൻ ശേഷനും, അൽഫോൻസ് കണ്ണന്താനവും, സുരേഷ് കുമാറും, രാജു നാരായണ സ്വാമിയും എൻ. പ്രശാന്തും … എന്നിങ്ങനെ ചുരുക്കം ചിലർ മാത്രമുള്ള ലിസ്റ്റ്. അനുപമയും ശ്രീരാമും ആണ് ആണ് ആ ലിസ്റ്റിലെ ഇളമുറക്കാർ.

സത്യത്തിൽ എല്ലാ സർക്കാരുദ്യോഗസ്ഥരും അവരവരുടെ കർമ്മം “ഭീതിയോ പ്രീതിയോ കൂടാതെ” ചെയ്യുന്ന ഒരു ഐഡിയൽ സിസ്റ്റത്തിൽ ഇത്തരം ഹീറോ IAS കാരുടെ റെലവൻസ് ഇല്ല…
അഥവാ എല്ലാം ശരിയാണെങ്കിൽ പ്രത്യേകിച്ച് ഒരു ഉദ്യോഗസ്ഥൻ കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ. നിർഭാഗ്യവശാൽ നാം ആ അവസ്ഥയിലെത്താൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. നാറിയ രാഷ്ട്രീയക്കളികൾ കൊണ്ട് നമ്മുടെ നാട് നാശത്തിന്റെ പടുകുഴിയിലേക്ക് വീഴുമ്പോൾ ഇങ്ങനെ ചില പ്രകാശ കിരണങ്ങൾ മാത്രമേ പ്രതീക്ഷയുടെ നന്മ മരങ്ങളായി അവശേഷിക്കുന്നുള്ളൂ…

പിന്നെ, ഇക്കഴിഞ്ഞ ദിവസം വായിച്ചറിഞ്ഞ ചെറിയൊരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. 
ചോദ്യം ഇതായിരുന്നു: മുഖ്യമന്ത്രിക്കാണോ IAS ഉദ്യോഗസ്ഥർക്കാണോ കാര്യനിർവഹണ അധികാരം കൂടുതൽ?
(എന്തൊരു മണ്ടൻ ചോദ്യം അല്ലേ? ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനപ്രതിനിധികൾക്കല്ലാതെ ആർക്കാണ് കൂടുതൽ അധികാരം?)

എന്നാൽ ചിരിച്ചു തള്ളാൻ വരട്ടെ…

കൃത്യമായ ഉത്തരം പറയാൻ ഇന്ത്യൻ ഭരണഘടന തന്നെ റഫർ ചെയ്യണം. കാരണം ഏറ്റവും ഉന്നതമായ സ്ഥാനത്തുള്ളത്  Constitution of India ആണ്. അത് നൽകിയ അധികാരങ്ങൾ മാത്രമേ മറ്റാർക്കുമുള്ളൂ…

സ്കൂളിന്റെ വരാന്തയിൽ മഴയത്തു പോലും കയറി നിൽക്കാത്തവനും പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വരെ ആകാവുന്ന രീതിയിലുള്ള വിശാല ഘടനയിൽ ഭരണകൂടം വിഭാവനം ചെയ്ത് എഴുതിയുണ്ടാക്കിയവർക്ക് അറിയാമായിരുന്നു, കുബുദ്ധികളും മൂല്യബോധമില്ലാത്തവനും ഒക്കെ നാവിന്റെ ബലം കൊണ്ടോ മുന്നണി ഭരണത്തിലെ വൃത്തികെട്ട കളികൾ കൊണ്ടോ ഭരണത്തിന്റെ അത്യുന്നതങ്ങളിൽ എത്തുമെന്ന്.

അതുകൊണ്ട് തന്നെയാണ് അതിബുദ്ധിമാന്മാരായ ഭരണഘടനാ ശില്പികൾ പ്രൊട്ടോക്കോൾ പ്രകാരം അധികാരം ജനപ്രതിനിധികൾക്കാണെന്നു സ്ഥാപിച്ചു വെച്ചെങ്കിലും “നിർവഹണാധികാരം” (Execution Power) ശക്തമായ ഒരു ഭരണ നിർവഹണ ഉദ്യോഗസ്ഥവൃന്ദത്തെ ഏൽപ്പിച്ചത്. ജനപ്രതിനിധികളാൽ നിർമ്മിക്കപ്പെട്ട നിയമസംഹിതയെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ബ്യൂറോക്രസിയും ശരിയായി വ്യാഖ്യാനിച്ചു പരിപാലനം ചെയ്യാൻ ജുഡീഷ്യറിയും.

ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനോ നിയമിക്കാനോ(posting) ഒക്കെ ജനപ്രതിനിധികൾക്ക് അധികാരം ഉണ്ടായിരിക്കെത്തന്നെ അവരെക്കൊണ്ട് അവരുടെയൊക്കെത്തന്നെ consent ഇല്ലാതെ ഒരു കാര്യം ചെയ്യിക്കാൻ രാഷ്ട്രീയക്കാരനാവില്ല. ഇന്ത്യൻ ഭരണഘടന അധികാര നിർവഹണ ചുമതല പൂർണമായും നൽകിയിരിക്കുന്നത് സിവിൽ സർവീസ് ഉദ്യോഗസ്ഥരിലാണ്. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയക്കാരനെ മുകളിൽ ഒരു കസേരയിട്ട് ഇരുത്തിയിട്ടുണ്ടന്നൊഴിച്ചാൽ, അധികാരം മുഴുവൻ സിവിൽ സർവീസ്കാരുടെ കയ്യിലാണെന്ന്.

P.S.: അതുകൊണ്ട് സബ് കളക്ടർ സാറൊന്ന് objection note എഴുതി നീട്ടിയൊരു ഒപ്പിട്ടു വെച്ചാൽ, പിന്നെ അതൊന്നു മാറ്റിയെടുക്കാൻ കവല പ്രസംഗം നടത്തിയുള്ള പരിചയവും വീട്ടുമൂച്ചും തിണ്ണമിടുക്കും ഒന്നും പോരാതെ വരും…

For your reference: https://www.quora.com/Who-is-more-powerful-an-IAS-officer-or-a-CM-or-governor

Advertisements