എന്റെ ചെറുപ്പത്തിൽ (എൺപതുകളിൽ) “ബന്ദ്” (ഇന്നത്തെ ഹർത്താൽ) എന്നൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ അന്യായമായ കാര്യം ചെയ്തതിന്റെ പ്രതിഷേധം എന്നൊരു ഫീലിങ് ഒക്കെ ഉണ്ടായിരുന്നു. അതും ആഴ്ചകൾക്കു മുമ്പേ പത്രം, റേഡിയോ, ചുവരെഴുത്ത് എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിൽ മുൻകൂർ അറിയിപ്പ് തന്ന ശേഷം, വർഷത്തിൽ രണ്ടോ മൂന്നോ മാത്രം. ഇതിപ്പോ ഈ വർഷം തന്നെ 161 ദിവസത്തിനുള്ളിൽ കേരളത്തിൽ മാത്രം 60 ഹർത്താൽ. പഴയകാല ബന്ദുകൾ ഒരു ആശയത്തിന്/നയത്തിന് (ideology) എതിരെ ആയിരുന്നുവെങ്കിൽ ഇന്ന് അത് ചില സംഭവങ്ങൾ(incidents)ക്ക് എതിരെ ആയി ശുഷ്കിച്ചു പോയിരിക്കുന്നു. പണ്ട് ഒരു ബന്ദ് ആഹ്വാനം ചെയ്യുന്ന പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വം എന്തുകൊണ്ട് ബന്ദ് എന്ന് വ്യക്തമാക്കി ജനങ്ങൾക്കുണ്ടാവുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നത്തെ No remorse -just finish രാഷ്ട്രീയത്തിൽ വെറും വാക്കുകൾ കൊണ്ടുള്ള ഖേദ പ്രകടനം പോലും ഒരു രാഷ്ട്രീയ മര്യാദയെക്കാൾ കഴിവു കേടായിട്ടാണ് കരുതുന്നത്.

*****
കോഴിക്കോട് ജില്ലയിൽ ഇന്നലെയും ഇന്നും (9 & 10 June 2017) ഹർത്താൽ, നാളെ ഞായറാഴ്ച. “Last day to submit” എന്ന് deadline തന്നിരിക്കുന്ന പലകാര്യങ്ങളും പലർക്കും പ്രശ്നങ്ങളാവും. Date to completion കർശനമായി പറയുന്ന Contracts, Exam application submission with bank draft, എന്നിങ്ങനെ പല കാര്യങ്ങളിലും ഉണ്ടാവുന്ന തടസ്സം. ഹർത്താലിന്റെ അടുത്ത ദിവസങ്ങളിലെ തിരക്കിൽ വലയുന്ന പൊതുജനം, പ്രത്യേകിച്ച് അംഗവൈകല്യം സംഭവിച്ചവർ, കൈക്കുഞ്ഞുങ്ങളുമായ് ഓരോ കാര്യങ്ങൾക്കിറങ്ങിപ്പുറപ്പെടേണ്ടിവരുന്ന അമ്മമാർ, ഹർത്താൽ ദിവസം റയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കുടുങ്ങിപ്പോകുന്നവർ… ഇതൊന്നും പോരാഞ്ഞിട്ട് State ന് ഉണ്ടാവുന്ന ശതകോടികളുടെ നഷ്ടം.
*****
ഹർത്താൽ മഹാത്മാഗാന്ധിയുടെ സമരമാർഗ്ഗമായിരുന്നു എന്നൊക്കെപ്പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്നവർക്ക് എന്റെ നല്ല നമസ്കാരം. ഒരു മഹാരാജ്യത്തെ അടിമത്തത്തിൽ നിന്നും രക്ഷിക്കാൻ നടത്തിയ മഹത്തായ സമര മാർഗം, “നാല് വയസ്സുള്ള ഒരു കുട്ടി ഞങ്ങളുടെ നേതാവിനെ കൊഞ്ഞനം കാണിച്ചു – നാളെ ഹർത്താൽ” എന്ന രീതിയിൽ ദുരുപയോഗം ചെയ്യുന്നവർ പാറ്റേൺ ടാങ്ക് കൊണ്ട് കൊതുകിനെ കൊല്ലാൻ ശ്രമിക്കുന്നവരാണ്. ഹർത്താൽ നടത്തുന്നവർക്ക് വോട്ടില്ല എന്ന് തീരുമാനിച്ചാൽ വളരെപ്പെട്ടെന്നു തീർക്കാവുന്നതേയുള്ളൂ ഈ സാമൂഹ്യ ശല്യം.
*****
എന്നും കഴിച്ചാൽ തലശേരി ബിരിയാണിയും മടുക്കും. മടുത്തു തുടങ്ങിയ ജനം ഇപ്പോൾ ഹർത്താൽ ദിവസവും ജോലിക്ക് പോയിത്തുടങ്ങി. “നാളെ ഹർത്താൽ” എന്നു കേട്ടാൽ കാരണം എന്തെന്നും ആരു പ്രഖ്യാപിച്ചു എന്നു പോലും അന്വേഷിക്കാതെ, ചുണ്ടിൽ ഒരു പുച്ഛച്ചിരിയുമായി നടന്നു നീങ്ങുന്ന നിസംഗതയിലേക്ക് മലയാളികൾ വളർന്നു എന്നത് ശുഭസൂചകമാണ്. 
*****
പിൻകുറിപ്പ്: ഇക്കഴിഞ്ഞ എറണാകുളം ജില്ലാ ഹർത്താലിന്റെ ദിവസം രാവിലെ 9:30 ന് ഓഫീസ് തുറന്ന് മറ്റേതൊരു ദിവസവും പോലെ വൈകുന്നേരം 6 മണി വരെ ഞങ്ങൾ ജോലി ചെയ്തിരുന്നു. Say “NO” to Hartal.

Advertisements