പതിവ് പോലെ ഓഫീസിൽ പോകാൻ തിരക്കിട്ട് തയ്യാറാകുന്ന സമയം, കുളിച്ചിറങ്ങുമ്പോഴാണ് കോളിങ് ബെൽ ശബ്ദിച്ചത്. ഭാര്യ മുന്നിലെ വാതിൽ തുറന്നു, എന്തോ സംസാരിക്കുന്നു. പെട്ടെന്ന് എന്റെയടുത്ത് വന്നു പറഞ്ഞു “പുറത്ത് രണ്ട് ചെറുപ്പക്കാർ വന്നു നിൽക്കുന്നു. മഹിയേട്ടനെ കാണണം എന്നു പറയുന്നു…”
“എന്താ കാര്യം?”

“അറിയില്ല, നല്ല ഇംഗ്ലീഷിലാ സംസാരം…”

ശ്ശെടാ രാവിലെ എട്ടരക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ചെറുപ്പക്കാർ എന്നെക്കാണാൻ… ഇനി വേറേ സംസ്ഥാനത്തു നിന്നുള്ള എന്റെ കൂട്ടുകാരെങ്ങാനും… Gods own country കാണണം എന്നും പറഞ്ഞ് മിക്കവാറും മെസേജ് വരാറുണ്ട്. പക്ഷെ അവർക്ക് എന്റെ അഡ്രസ് അറിയില്ലല്ലോ…

ഞാൻ പുറത്തേക്ക് ചെന്നു.

നന്നായി വസ്ത്രം ധരിച്ച വൃത്തിയായി ഷേവ് ചെയ്ത ഏകദേശം 25-28 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ചെറുപ്പക്കാർ. ഒരു ബൈക്ക് ഗേറ്റിനു പുറത്ത് റോഡിൽ വെച്ചിട്ടുണ്ട്.

“എന്താ കാര്യം?”

ഒരാൾ എന്റെ നേർക്ക് ഹസ്തദാനത്തിനായി കൈ നീട്ടി…

“ഹല്ലോ സർ, അയാം അഖിൽ അൻഡ് ദിസീസ് സുമീത്… വീയാർ ഹിയർ ഫോറെ സ്റ്റാറ്റിസ്റ്റിക്കൽ സ്റ്റഡി. വീ വിൽ ബീ ഡിലൈറ്റഡ് ഇഫ് യു കുഡ് സ്പെന്റ് ടെൻ മിനുട്സ് ഫോറവർ സ്റ്റഡീസ്…”

ഞാൻ കൈ കൊടുത്തു “ഐം മഹേഷ്. ബട്ട് ഐ തിങ്ക് ഇറ്റ്സ് നോട്ട് ദ റൈറ്റ് ടൈം… ഐം ഇൻ എ ഹറി ടു ഗോ ടു മൈ ഓഫീസ്”
(ബാക്കി സംസാരത്തിന്റെ മലയാളം തർജ്ജമ തുടർന്നെഴുതുന്നു…)

“സർ, ഞങ്ങൾ കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് “കംപാഷനേറ്റ് ഇന്ത്യ”ക്ക് വേണ്ടി ഒരു പഠന-ബോധവൽക്കരണ പ്രോജക്ടുമായി വന്നതാണ്. സർ പത്തു മിനിറ്റ്… പ്ലീസ് … ഒരു സാമ്പിൾ സർവേ… ബോധവൽക്കരണം… സഹകരിക്കണം, പ്ലീസ്… സർ…”

കുസാറ്റ് നമ്മുടെ സംസ്ഥാത്തിന്റെ തന്നെ അഭിമാനമാണല്ലോ, പിന്നെ കംപാഷനേറ്റ് ഇന്ത്യ… നല്ല കാര്യം വല്ലതുമായിരിക്കും…

“ഓക്കെ… പത്തു മിനിറ്റ്. പറഞ്ഞോളൂ…”

“സർ ഞങ്ങൾക്ക് സാർ പറയുന്ന കാര്യങ്ങൾ നോട്ട് ചെയ്യാനുണ്ട് നമുക്ക് അകത്തേക്ക് ഇരിക്കാൻ സാധിക്കുമോ…?”

“തീർച്ചയായും…”

ഞങ്ങൾ ഹാളിലേക്ക് കയറി.

“ഇരിക്കൂ…” ഞാൻ പറഞ്ഞു.

“നന്ദി സർ, ഞങ്ങൾ അപ്പർ മിഡിൽ ക്ലാസ് ലെവലിൽ ഉള്ള ആളുകൾക്കിടയിൽ ഒരു സാമ്പിൾ സർവേ നടത്തുകയാണ്.”

“ഞാൻ അപ്പർ മിഡിൽ ക്ലാസിൽ വരില്ല. വെറും മിഡിൽ ക്ലാസ് ആണ്…”

“അങ്ങനെയല്ല സാർ… ഈ പോർച്ചിൽ കിടക്കുന്ന കാർ സാറിന്റെയല്ലേ…”

“അതേ…”

“സാറിന്റെ വിദ്യാഭ്യാസം?”

“പി ജി ഉണ്ട്.”

“മേഡത്തിന്റെ വിദ്യാഭ്യാസം?”

“പി ജി”

“മേഡം വർക്കു ചെയ്യുന്നുണ്ടോ?”

“ഇല്ല..”

“മുൻപ്?”

“ഉവ്വ്”

“സാർ, ഞങ്ങളുടെ ചാർട്ടനുസരിച്ച് സാറിനെ അപ്പർ മിഡിൽക്ലാസിൽ തന്നെ കണക്കാക്കാം… ഭാര്യയും ഭർത്താവും പോസ്റ്റ്ഗ്രാജ്വേറ്റായ സ്വന്തമായി കാറുള്ള ഭാര്യ ജോലിക്ക് പോകാതെ കാര്യങ്ങൾ മാനേജ് ചെയ്യാൻ പറ്റുന്ന വളരെ ചുരുക്കം ആളുകളെ ഈ ഇന്ത്യാ മഹാരാജ്യത്തുള്ളു സാർ… കേരളം എന്ന യൂറോപ്യൻ ജീവിത നിലവാരമുള്ള സ്റ്റേറ്റുമായി ഇന്ത്യയെ മൊത്തത്തിൽ കമ്പയർ ചെയ്യരുത് സർ. കമ്പാഷനേറ്റ് ഇന്ത്യ ഈ രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു പ്രസ്ഥാനമാണ് സാർ. ഞങ്ങളുടെ കണക്കിൽ സാർ അപ്പർ മിഡിൽ ക്ലാസ് ആണ് സാർ…”

അതെനിക്ക് ഇഷ്ടപ്പെട്ടു… ഒരു നിമിഷമെങ്കിലും നമ്മളും അപ്പർ മിഡിൽ ക്ലാസ് ആയല്ലോ… പിന്നെ വണ്ടിയുടെ ഫൈനാൻസും കുഞ്ഞിന്റെ കാര്യം നോക്കാൻ ജോലി വേണ്ടെന്നുവെച്ച ഭാര്യയുടെ കാര്യവും ഒരിക്കലും കണക്കുകൾ കൂട്ടിമുട്ടാത്ത മാസ ബജറ്റുമൊന്നും ഈ വാചകക്കസർത്തനോട് പറയേണ്ട കാര്യമില്ല. അവനു വേണ്ട സാമ്പിൾ സർവേ കൊടുത്തു വിട്ടിട്ട് ഓഫീസിൽ പോകുന്നതാണ് ബുദ്ധി.

“ഈ വീട് സ്വന്തമാണോ…?”

“അല്ല”

“സ്വദേശം?”

“കോട്ടയം ജില്ലയിലെ ഒരു ഗ്രാമം”

“ജോലി?”

“പി എസ് യു”

“സ്റ്റേറ്റോ സെൻട്രലോ?”

“സെൻട്രൽ”

“വരുമാന നികുതി കൊടുക്കുന്നുണ്ടോ?”

“ഉണ്ട്”

“സ്വന്തമായി സ്ഥലം/വീട്?”

“ഉണ്ട്”

“വാർഷിക വരുമാനം?”

……..

“മടിക്കണ്ട സാർ, കൃത്യമായ വിവരങ്ങളാണ് ഒരു സർവേക്ക് വേണ്ടത്. സാർ ഞങ്ങളോട് പറയുന്ന കാര്യങ്ങൾ അങ്ങേയറ്റം രഹസ്യമായിരിക്കും.”

“ഇതൊരു സ്റ്റാറ്റിസ്റ്റിക്കൽ സാമ്പിൾ സർവേയല്ലേ… Income- Undisclosed എന്നെഴുതിക്കോളൂ…”

“സർ… ഹം….ഓക്കെ…”

“നിങ്ങളുടെ ഓർഗനൈസേഷന്റെ പ്രവർത്തന മേഖല?”

“പാവപ്പെട്ട, മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരെ ഏറ്റെടുത്തു സംരക്ഷണം നൽകുന്നതാണ് സാർ… സാറിന്റെ പാരന്റ്സ് എവിടെയാണ് സാർ”

“അമ്മയുണ്ട്, നാട്ടിൽ സഹോദരിക്കൊപ്പം”

“മാതാപിതാക്കളെ സംരക്ഷിക്കാൻ നമുക്ക് ബാധ്യത(liability)യുണ്ട് സാർ”

“Liability ഒന്നുമല്ല മിസ്റ്റർ അഖിൽ, അതൊരു Privilege ആണ്…”

“ശരിയാണ് സാർ… ശരിയാണ്. എന്റെ തെറ്റാണ്. ഞാൻ liability എന്ന പദം ഉപയോഗിക്കരുതായിരുന്നു… സർ അല്പം വെള്ളം കിട്ടുമോ…”

“പിന്നെന്താ, കോഫി എടുക്കട്ടേ…”

“വേണ്ട സാർ … തിളപ്പിച്ചാറിയ വെള്ളം എന്തെങ്കിലും…”

ഞാൻ ഭാര്യയെ വിളിച്ചു, വെള്ളം കൊണ്ടുവരാൻ പറഞ്ഞു.

“സാർ സാറിന്റെ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നു?”

“അതിനങ്ങനെ അളവൊന്നുമില്ല… നിങ്ങൾ കാര്യത്തിലേക്ക് വരൂ… സമയം പോകുന്നു.”

“സാർ സാറിന്റെ അമ്മയെ സ്നേഹിക്കുന്നതു പോലെ എല്ലാവരും സ്നേഹിക്കുന്നില്ല സാർ…”

“ശരിയായിരിക്കാം, പൊതുജനം പലവിധം”

“അങ്ങനെ അശരണരായ ആയിരക്കണക്കിന് അമ്മമാരെ പരിപാലിക്കുന്ന സംഘടനയാണ് സാർ കമ്പാഷനേറ്റ് ഇന്ത്യ. മുതിർന്ന ആളുകളെ സംരക്ഷിക്കുക എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”

ഭാര്യ വെള്ളം കൊണ്ടുവന്നു. ഒന്നു സിപ് ചെയ്ത് അവർ ഗ്ലാസ് ട്രേയിൽ തന്നെ വെച്ചു.

“മിസ്റ്റർ അഖിൽ വന്ന സമയം തൊട്ട് തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് എനിക്ക് നിങ്ങളെക്കുറിച്ച് ഒന്നും ചോദിക്കാൻ സാധിച്ചില്ല.”

“ഞങ്ങൾ പറഞ്ഞല്ലോ സാർ… കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് കമ്പാഷനേറ്റ് ഇന്ത്യ…”

“നിങ്ങളുടെ സംഘടനയുടെ അഫിലിയേഷൻ ? ഇത് ഏത് തരം സംഘടനയാണ്? NGO / NPO അങ്ങനെയെന്തെങ്കിലും…?”

“സർ, ഞങ്ങൾ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ്. മിനിസ്ട്രി ഓഫ് ഫൈനാൻസുമായി അഫിലിയേറ്റഡാണ് മാത്രമല്ല മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സുമായും ഞങ്ങൾ കണക്ടഡാണ്…”

“ഏത് ഡിപ്പാർട്ട്മെന്റ്?”

“സാർ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ഫൈനാൻസ്…”

“അത് മനസ്സിലായി, മിനിസ്ട്രി ഓഫ് ഫൈനാൻസിൽ ഏത് ഡിപ്പാർട്ട്മെന്റ്? എകണോമിക് അഫയേഴ്സ്, ഫൈനാൻഷ്യൽ സർവീസ്, റവന്യൂ… അങ്ങനെ…”

“ഫൈനാൻഷ്യൽ സർവീസ് ആണ് സാർ… ചാരിറ്റി ഒക്കെ സർവീസ് ആണല്ലോ…”

മിടുക്കൻ, ആ പേരിലെ സർവീസ് വെച്ചാണ് കളി… ഫൈനാൻഷ്യൽ സർവീസ് എന്താണെന്നറിയാത്തവർ വിശ്വസിസിച്ചു പോകും.

“ഓഹോ, നിങ്ങൾ വന്ന കാര്യ്ം പറയൂ…”

“സാർ സാറിന്റെ അമ്മയെ നോക്കുന്ന പോലെ ഇന്ത്യയിൽ ഭൂരിപക്ഷം അമ്മമാരെയും മക്കൾ കരുതുന്നില്ല സാർ. അവരെ സംരക്ഷിക്കാൻ കൽക്കട്ട ആസ്ഥാനമായി മാഗ്സെസെ അവാർഡ് ജേതാവ് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ചെയർമാനായുള്ള ചാരിറ്റബിൾ ട്രസ്റ്റ് ആണ് കമ്പാഷനേറ്റ് ഇന്ത്യ… സമൂഹത്തിൽ മികച്ച രീതിയിൽ ജീവിക്കുന്ന സാറിനെപ്പോലെയുള്ള ആളുകളുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.”

ങും…പിടികിട്ടി…പിടികിട്ടീ…
“നിങ്ങളുടെ കമ്പനിയുടെ എന്തെങ്കിലും ബ്രോഷറോ മറ്റോ ഉണ്ടോ?”
ലാമിനേറ്റ് ചെയ്ത മൂന്നുനാല് A3 സൈസ് ഷീറ്റുകൾ അവർ ബാഗിൽ നിന്നും എടുത്തു നീട്ടി. കമ്പനിയുടെ പേരിനു മുകളിൽ അശോക സ്തംഭം…!!!
ഓഹോ… ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റുകൾ അല്ലാതെ 100% Govt. Of India owned Company – കൾ പോലും അശോക സ്തംഭം ചിഹ്നമായി ഉപയോഗിച്ച് ഇങ്ങനെയൊരു ബ്രോഷർ അടിക്കില്ല… (ഉദാഹരണത്തിന് BPCL, FACT, SBI, NIC… എല്ലാം പൂർണമായും ഗവൺമെന്റ് കമ്പനികൾ ആണ്. പക്ഷേ അവരുടെ ബ്രോഷറിൽ നാഷണൽ എംബ്ലം ഉണ്ടാവില്ല, കമ്പനിയുടെ ലോഗോ ആവും ഉണ്ടാവുക.)
ഞാൻ ഒന്നു ചിരിച്ചു… “ഓക്കെ… പ്ലീസ് ഗോ ഓൺ…”
“സാറിനെപ്പോലെ നിലവാരമുള്ള ആളുകൾ ഒരു അമ്പതിനായിരം രൂപ എങ്കിലും ഡൊണേറ്റ് ചെയ്യണം സാർ… ആരുമില്ലാത്ത അമ്മമാർക്ക് വേണ്ടി…”
“ഏന്റെ കയ്യിൽ ഇപ്പോൾ അത്രയും കാശില്ലല്ലോ അഖിൽ…”
“ഞങ്ങൾ പിന്നെ വരാം സാർ…”
“നിങ്ങളുടെ കമ്പനിയുടെ പേരിൽ ക്രോസ് ചെയ്ത ചെക്ക് പോരെ…”
“ക്യാഷ് മതി സാർ… ഈ ടാക്സിന്റെ പ്രശ്നം…”
“അതെന്താ… ഈ ഗവൺമെന്റ് അംഗീകൃത ചാരിറ്റബിൾ സംഘടനകളുടെ പേരിൽ കൊടുക്കുന്ന സംഭാവന എനിക്ക് ടാക്സിൽ നിന്നും ഒഴിവാക്കാമല്ലോ…”
“നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ഒന്നു കാണിക്കാമോ?”
“തീർച്ചയായും സാർ…”
അശോകസ്തംഭം ലോഗോ ആക്കിയ ഐഡന്റിറ്റി കാർഡ്…
“അമ്മമാരോട് സ്നേഹം ഒക്കെയുണ്ട്. പക്ഷേ അമ്പതിനായിരം എന്തായാലും പറ്റില്ല കേട്ടോ…”
കുറേ സംസാരത്തിനു ശേഷം “പതിനായിരം എങ്കിലും സാർ തരണം…” എന്നു വരെ അയി…
ഞാൻ ഭാര്യയോട് മൊബൈൽ എടുക്കാൻ പറഞ്ഞു… “നിങ്ങൾക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തിത്തരാം, എന്നേക്കാൾ നല്ലരീതിയിൽ ജീവിക്കുന്ന ആളാണ്… എന്റെ അച്ഛന്റെ സഹപ്രവർത്തകനായിരുന്നു… വളരെ നല്ല മനുഷ്യൻ ആണ്…”
“വളരെ നന്ദി സാർ… അദ്ദേഹം എന്തു ചെയ്യുന്നു?”
“ഡെപ്യൂട്ടി കമന്റാന്റ് ആണ്…ഇപ്പോൾ ഓഫീസിൽ പോയിട്ടുണ്ടാവില്ല.”
“ഏത് ഡിപ്പാർട്ട്മെന്റാണ് സാർ”
“പോലീസ്…”
മുന്നിലിരിക്കുന്നവരൂടെ നെഞ്ചിൽ അകവാള് വെട്ടിയത് മറക്കാൻ ശ്രമിച്ചിട്ടും വ്യക്തമായിരുന്നു…
ഞാൻ പതുക്കെ എഴുന്നേറ്റു വീടിന്റെ സിറ്റൗട്ടിലേക്കിറങ്ങി… അവരും ഒപ്പം വന്നു.
ഞാൻ അവരുടെ കണ്ണിൽ നോക്കി ചോദിച്ചു “നിങ്ങളുടെ വീട് എവിടെയാണ്?”
“എറണാകുളം തന്നെയാണ് സാർ”
(ഇംഗ്ലീഷ് സംഭാഷണം ഇവിടെ സമാപ്തം…)
“അപ്പൊ മലയാളം നന്നായി അറിയാം…”
“…”
“നിങ്ങൾ വന്നു കയറിയ സമയത്ത് തന്നെ ഞാൻ മലയാളത്തിലല്ലേ സംസാരിച്ചത്? ”
“സാർ സ്റ്റാന്റേർഡുള്ള ആളുകളോട്…”
അതു വരെ മിണ്ടാതിരുന്ന രണ്ടാമൻ “ചില നല്ല സ്റ്റാന്റേർഡുള്ള വീടുകളിൽ ചെന്നാൽ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ ഞങ്ങളുടെ ആശയം പ്രസന്റ് ചെയ്യാൻ പോലും പറ്റില്ല സാർ…”
“അത് സ്റ്റാന്റേർഡല്ലെടോ, അഹങ്കാരവും അല്പത്തരവുമാണ്… ഈപ്പറഞ്ഞ വീടുകളിൽ നിന്നും ഡൊണേഷൻ തരുമോ… ”
“മിക്കവാറും ഇല്ല സാർ…”
“ഈ ബൈക്ക് നിങ്ങളുടെയാണോ കമ്പനിയുടെതാണോ?”
“എന്റെ ബൈക്കാണ് സാർ, എന്തേ?”
“സെക്കന്റ് ഹാന്റാണോ?”
“അല്ല സാർ, പുതിയ ബൈക്കാണ്…”
“നിങ്ങൾ എറണാകുളം സ്വദേശിയാണെന്ന് പറഞ്ഞിട്ട് നിങ്ങളുടെ സ്വന്തം പുതിയ ബൈക്ക് എങ്ങനെയാണ് KL-22 രജിസ്ട്രേഷൻ?”
രണ്ടുപേരും ഒന്നും പറഞ്ഞില്ല. ടെമ്പററി അഡ്രസിൽ രജിസ്ട്രേഷൻ സാധിക്കും എന്നെനിക്ക് അറിയാമായിരുന്നു. എങ്കിലും എനിക്കുറപ്പായിരുന്നു അവർക്ക് ആ മറുപടി പെട്ടെന്ന് കിട്ടില്ല എന്ന്..
“അപ്പൊ എങ്ങനെ, അങ്കിളിനെ വിളിക്കട്ടെ…?”
“വേണ്ട സാർ…”
“ആരോരുമില്ലാത്ത അമ്മമാരുടെ സംരക്ഷണത്തിന്റെ കാര്യമല്ലേ… അദ്ദേഹത്തിനു താത്പര്യം കാണും…”
“വേണ്ട സാർ, ഞങ്ങൾ പിന്നെ വരാം…”
“പിന്നെയെന്നല്ല, മേലാൽ ഈ ഏരിയായിൽ കണ്ടാൽ …”
“ഇല്ല സാർ… പോട്ടെ സാർ…” രണ്ടുപേരും ഇപ്പോൾ കരയുന്ന അവസ്ഥയിൽ എത്തി. ഗേറ്റിനു പുറത്ത് ബൈക്കിനടുത്തേക്ക് നീങ്ങി.
“അവന്റെ മാഗ്സെസെ ദീനദയാൽ ഉപാധ്യായ… മനുഷ്യനെ മെനക്കെടുത്താൻ. നല്ല വിദ്യാഭ്യാസം ഉണ്ടല്ലോടോ, വല്ല നല്ല തൊഴിലും ചെയ്തു ജീവിച്ചു കൂടെ…”
ബൈക്ക് സ്റ്റാർട്ട് ചെയ്തു “പോട്ടെ സാർ… സോറി സാർ… പ്രശ്നമുണ്ടാക്കരുത് സാർ”
“പോടാ പോടാ…”
“താങ്ക്യൂ സാർ…”
റോഡീനപ്പുറം എതിരെ താമസിക്കുന്ന റെയിൽവേ DM ചോദിച്ചു “ആരാ സാറേ…” (ഞങ്ങൾ രണ്ടുപേരും പരസ്പരം സാർ എന്നാണ് വിളിക്കുന്നത്. Professional respect)
“നല്ല ഗജ ഫ്രോഡ്കളാ സാറേ… ആന്റിയോടും ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞോ…”
വീട്ടിൽ കയറിയപ്പോൾ ഭാര്യ പറഞ്ഞ്ഞു
“മഹിയേട്ടന് കഴിക്കാൻ എടുത്തു വച്ചു…”
“ഓ, ഇന്നിപ്പോൾ കഴിക്കാൻ നിന്നാൽ ഓഫീസിൽ ലേറ്റാവും…”
P.S: എന്റെ ചില ചിന്തകൾ ചുവടെ കൊടുക്കുന്നു
Ten Commandments for Self defense from potential frauds
1. ഇങ്ങനെ വരുന്നവരുടെ Company Id card നൊപ്പം Driving license മുതലായ രേഖകൾ ആദ്യം തന്നെ ബോധ്യപ്പെടുക. ആവശ്യമെങ്കിൽ നിങ്ങളുടെ മൊബൈൽ ക്യാമറ ഉപയോഗിച്ച് വന്ന ആളുകളുടേയും രേഖകളുടെയും ഫോട്ടോ എടുത്തു വെക്കാം.
2. നമ്മളെക്കാൾ ശക്തരാണെങ്കിൽ/നമ്മുടെ സുരക്ഷ sufficient അല്ലെങ്കിൽ എത്രയും പെട്ടെന്ന് ഒഴിവാക്കുക.
3. ഒരുപാട് സാർ/മാഡം വിളിക്കുന്നവരെ ശ്രദ്ധിക്കുക.
4. ഇത്തരക്കാർ അവർ വളരെ റെപ്യൂട്ടഡ് ആയ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നവർ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കും (CUSAT, Govt. Emblem ഉള്ള ID card, നല്ല റെപ്യൂട്ടേഷൻനുള്ള എന്നാൽ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാനാവാത്ത ആളുകളുടെ പേരുകൾ -ഉദാഹരണത്തിന് ദീനദയാൽ ഉപാധ്യായ, മാഗ്സെസെ അവാർഡ്…)

5. അമിതമായ ആംഗലേയം കേരളീയരുടെ ഈഗോ വർക്കൗട്ട് ചെയ്യിക്കാനുള്ള ശ്രമം ആവാം. നമ്മുടെ പൊതുവേയുള്ള പ്രശ്നം ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാവും തിരിച്ചു പറയാൻ തടസ്സം എന്നതാണല്ലോ. അപ്പോൾ നമ്മുടെ ബാർഗൈനിങ് പവർ കുറയും. മാന്യരും റെപ്യൂട്ടഡായ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുമായ ആളുകളെ ഒഴിവാക്കാനുള്ള മടി.

6. നമ്മെക്കുറിച്ച് സാധാരണ ഗതിയിൽ ഒരു ധാരണയും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത, ആദ്യമായി കാണുന്ന ആളുകൾ നമ്മുടെ ഗുണങ്ങൾ/നല്ല രീതിയിൽ ജീവിക്കുന്ന ആളാണ് എന്ന സ്ഥാനം കെട്ടിയേൽപ്പിക്കുന്നത്. -നമ്മൾ നല്ല രീതിയിൽ അല്ല കഴിയുന്നത് എന്ന് അപരിചിതനോട് പറയാനുള്ള നമ്മുടെ മടി അവർ ചൂഷണം ചെയ്തേക്കാം.
7. അപരിചിതർ വരുന്ന വണ്ടിയുടെ നമ്പർ നോട്ട് ചെയ്യുക.
9. സംസാരത്തിൽ സംശയം തോന്നുന്ന നിമിഷം മുതൽ ഡിഫൻസ് എടുക്കുക. നാം ഒറ്റക്കല്ല. നമ്മോടു കൂടി അവരെ കുടുക്കാൻ മാത്രം ശക്തരായ ആളുകൾ വിളിപ്പുറത്തുണ്ട് എന്ന് സാധാരണ സംസാര രൂപത്തിൽ വ്യക്തമാക്കുക.
10. കാശും സമയവും അഭിമാനവും നമ്മുടേതാണ്. So be careful.

Advertisements