Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Month

November 2013

പ്രൊഫഷണലിസം

അത്ര ചെറുതല്ലാത്ത ഒരു ഞെട്ടലില്‍ നിന്നുകൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത്.
അടുത്ത ബുധനാഴ്ച (ഡിസംബര്‍ 4, 2013) എനിക്ക് ഒരുവിധം ഭേദപ്പെട്ട ഒരു സര്‍ജറി പ്ലാന്‍ ചെയ്തിട്ടുണ്ട്- അതിനായി വേണ്ട ഹെല്‍ത്ത്‌ ചെക്ക്‌-അപ്പുകള്‍ ഈ ആഴ്ച നടത്താനായി ഡോക്ടര്‍ പറഞ്ഞിരുന്നു. ഒരു 10-16 കൂട്ടം ബ്ലഡ്‌ ടെസ്റ്റുകള്‍, ECG, വാക്സിനേഷന്‍ അങ്ങനെ അങ്ങനെ …
ഇന്നലെ (27-നവംബര്‍ 2013)  ബ്ലഡ്‌ ടെസ്ടിനായി സ്ഥലത്തെ കൊള്ളാവുന്നതെന്ന് പേരെടുത്ത ഒരു ഡയഗ്നോസിസ് സെന്ടറില്‍ ചെന്നു –
പുഞ്ചിരിയോടെ അവര്‍ സ്വീകരിച്ചു,
പുഞ്ചിരിയോടെ തന്നെ അവരുടെ സ്റ്റാറ്റസിന് ചേര്‍ന്ന ബില്‍ തന്നു ഞെട്ടിച്ചു,
ഒരു മഞ്ഞച്ചിരിയോടെ ഞാന്‍ പേ ചെയ്തു.
blood-syringeഒട്ടും വേദനിപ്പിക്കാതെ തന്നെ സുന്ദരികളായ നേഴ്സ്മാര്‍ എന്‍റെ വിലയേറിയ രക്തം ഒരു വലിയ സിറിഞ്ചില്‍ ശേഖരിച്ചു.
നാളെ അഞ്ചുമണിക്ക് റിസള്‍ട്ട്‌ തരാമെന്നു പുഞ്ചിരിയോടെ തന്നെ അറിയിച്ചു.
എനിക്കു റിസള്‍ട്ട്‌ ഇമെയില്‍ ആയി ഡോക്ടര്‍ക്ക് അയച്ചു കൊടുക്കേണ്ടതിനാല്‍ ഞാന്‍ ചോദിച്ചു – “നിങ്ങള്‍ റിസള്‍ട്ട്‌ ഇമെയില്‍ ചെയ്തു തരുമോ?”
“പിന്നെന്താ സര്‍, ഇമെയില്‍ ഐഡി തന്നോളൂ, നാളെ അഞ്ചുമണിക്കകം റിസള്‍ട്ട്‌ സാറിനു കിട്ടും.” – പുഞ്ചിരിയോടെയുള്ള മറുപടി.
നമ്മുടെ നാട്ടിലും പ്രൊഫഷണല്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടല്ലോ എന്നോര്‍ത്ത് ഞാനും സന്തോഷമായി വീട്ടിലേക്കു പോയി.

***

(28-നവംബര്‍, 2013) ഇന്നു 4:50 pm: എനിക്കു അവരുടെ മെയില്‍ ഒന്നും വന്നിട്ടില്ല – ഇന്നു വൈകുന്നേരത്തിനകം എനിക്ക് റിപ്പോര്‍ട്ട്‌ അയക്കുകയും വേണം. 5:30 pmന് സര്‍ജറി കൌണ്‍സിലര്‍ പോകും.
ഞാന്‍ അനിയനോട് പറഞ്ഞു ഡയഗ്നോസിസ് സെന്ടറിലേക്കു വിളിപ്പിച്ചു – “ഞങ്ങള്‍ ഇന്നലെ ബ്ലഡ്‌ടെസ്റ്റ്‌ ചെയ്യാന്‍ വന്നിരുന്നു ബില്‍ നമ്പര്‍ -17546. നിങ്ങള്‍ റിസള്‍ട്ട്‌ ഇമെയില്‍ ചെയ്തു തരാം എന്നു പറഞ്ഞിരുന്നു…”
“എപ്പോള്‍ തരാമെന്നാ പറഞ്ഞത്?”
“5 മണിക്ക്.”
“5 മണി ആയില്ലല്ലോ…” (ശരിയാണ് 5 മിനിട്ടും കൂടി ഉണ്ട്)
“അപ്പോ അഞ്ചുമണിക്ക് ഇമെയില്‍ ചെയ്തു തരുമോ?”
“ങ്ങാ… ”
ക്ലിംഗ് – ഫോണ്‍ കട്ടായി.

അനിയന്‍ പറഞ്ഞു “ചേട്ടാ അവര്‍ 5 മണി ആയിട്ടേ തരൂ … ഇമെയില്‍ ചെയ്യാം എന്നു പറഞ്ഞതില്‍ എന്തോ ഒരു ഉറപ്പുകുറവുണ്ട്. നമുക്കൊന്ന് ബൈക്കും എടുത്ത് പോയി നോക്കിയാലോ ?”
നമ്മള്‍ ഭയങ്കര ഒപ്ടിമിസ്റ്റാണല്ലോ “ഏയ്‌, വേണ്ടടാ… അവര്‍ അയച്ചു തരും. നമ്മള്‍ വെറുതെ 8-10 കിലോമീറ്റര്‍ അങ്ങോട്ട്‌ ബൈക്ക് ഓടിച്ചു ചെന്നു റിസള്‍ട്ട്‌ മേടിച്ചു വീട്ടില്‍ കൊണ്ടുവന്ന് ഫോട്ടോ എടുത്ത് ലാപ്ടോപ്പില്‍ കയറ്റി എഡിറ്റു ചെയ്ത് അറ്റാച്ച് ചെയ്ത് അയക്കുമ്പോളെക്കും നേരം കുറേപോകും. അവരിപ്പോ അയച്ചുതരും. നമുക്ക് ആ മെയില്‍ ഡോക്ടര്‍ക്കു ഫോര്‍വേഡ് ചെയ്‌താല്‍ മതിയല്ലോ…”
“എനിക്ക് അവരുടെ മുക്കലും മൂളലും കേട്ടിട്ട് വലിയ വിശ്വാസം ഒന്നുമില്ല- പോയി നോക്കണോ?”
“വേണ്ട – നമുക്ക് 5 മണി കഴിഞ്ഞു വന്നില്ലെങ്കില്‍ അപ്പൊ നോക്കാം…”

സമയം 5:10 pm… “എങ്ങനീണ്ട് ?” എന്നൊരു ഭാവം അനിയന്‍റെ മുഖത്ത്.
വീണ്ടും വിളിച്ചു “ഞാന്‍ ഇന്നലെ ബ്ലഡ്‌ടെസ്റ്റ്‌ ചെയ്യാന്‍ വന്നിരുന്നു ബില്‍ നമ്പര്‍ -17546. നിങ്ങള്‍ റിസള്‍ട്ട്‌ ഇമെയില്‍ ചെയ്തു തരാം എന്നു പറഞ്ഞിരുന്നു…”
“എപ്പോള്‍ തരാമെന്നാ പറഞ്ഞത്?”
“5 മണിക്ക്.”
“ഒന്നു നേരത്തെ വിളിച്ച് ഓര്‍മിപ്പിച്ചൂടാരുന്നോ..”
“ഞാന്‍ 4:55 ന് വിളിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞു 5 മണി ആകട്ടെ എന്ന്”
“ങ്ങാ… നോക്കട്ടെ.”
“നോക്കട്ടേന്നോ … ” എനിക്ക് ആസകലം പെരുത്തുകയറി…
“അയച്ചു തരാം വെയിറ്റ് ചെയ്യൂ…” എന്തോ വലിയ ഔദാര്യം …

ശരി മൊതലാളീ – ഞാന്‍ വെയിറ്റ് ചെയ്തു…

Weekend in Casualsഞാന്‍ എന്‍റെ സര്‍ജറി പ്ലാന്‍ ചെയ്തിരിക്കുന്ന ഹോസ്പിറ്റലിലെ സര്‍ജറി കൌണസിലറെ വിളിച്ചു വിവരം പറഞ്ഞു.
അവര്‍ ഒരു നല്ല സ്ത്രീ ആയിരുന്നു “ഇന്നു നൈറ്റ് അയച്ചാല്‍ മതി – ഞാന്‍ രാവിലെ നേരത്തെ വന്നു ഡോക്ടര്‍ക്ക്‌ കൊടുത്തുകൊള്ളാം.”

സമാധാനമായി.

സമയം 6:30 pm : വീണ്ടും ഡയഗ്നോസിസ് സെന്ടറിലേക്കു വിളിച്ചു. “നിങ്ങളെന്തിനാ ഇത്ര ധൃതി വെക്കുന്നത്? ഫയല്‍ അറ്റാച്ച് ആകുന്നതേ ഉള്ളൂ.”

ഓ ശരി, എന്‍റെ തെറ്റ് – Mea Culpa, Mea Culpa, Mea Maxima Culpa…
ന്നാലും ന്താണാവോ ഇത്ര വലിയൊരു അറ്റാച്ച്മെന്റ്? ചിലപ്പോ നെറ്റ് സ്ലോ ആയിരിക്കും. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല… ഞാന്‍ വീണ്ടും ഒപ്ടിമിസ്റ്റ് ആയി.

6:40 ആയപ്പോള്‍ ദാ വന്നല്ലോ വനമാല.

ഓരോ പേജും 8.5 MB സൈസ് ഉള്ള 2 അറ്റാച്ചുമെന്റുകളും 4 MB യുള്ള ഒരു അറ്റാച്ചുമെന്റുമായി ദാ വന്നൂ ഒരു മെയില്‍. അറ്റാച്ച് ചെയ്യാന്‍ താമസിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോളല്ലേ പിടികിട്ടിയത്.

സന്തോഷമായി ഗോപിയേട്ടാ…

മൂന്നും ഡൌണ്‍ലോഡ് ചെയ്തു- വേണമെങ്കില്‍ ഫ്ലെക്സ് പ്രിന്‍റ് ചെയ്യാന്‍ മാത്രം റെസലൂഷ്യന്‍. അതിനെ ചെറുതാക്കി A4 സൈസില്‍ 250 kb ആക്കിക്കഴിഞ്ഞപ്പോള്‍ ദാ വന്നിരിക്കുന്നു മറ്റൊരു മെയില്‍ അതിലും ഉണ്ട് ഒരു 9 MB ഫയല്‍.

അത് വെറുതെ ഒന്നു വായിച്ചു നോക്കി – പേജിനു മുകളില്‍ പേരൊന്നും ഇല്ല- ആദ്യം അയച്ചു തന്ന റിപ്പോര്‍ട്ടുകളുമായി അപ്പിയറന്‍സില്‍ അല്പം വ്യത്യാസവും ഉണ്ട്.

“Past Medical Information” എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്നു എനിക്കു മുന്‍പ് ചിക്കന്‍പോക്സ് വന്നിട്ടുണ്ടെന്ന്.

ശ്ശെടാ ഞാനറിയാതെ എനിക്ക് ഇതിനിടക്ക്‌ ചിക്കന്‍പോക്സും വന്നോ? എപ്പോ?
നേരത്തെ അയച്ചുതന്ന റിപ്പോര്‍ട്ട്‌ നോക്കി – ഡോക്ടര്‍ ചെയ്യാന്‍ പറഞ്ഞ ടെസ്റ്റിന്റെ ലിസ്റ്റും നോക്കി. ഞാന്‍ നന്നായി ഒന്നു ഞെട്ടി- ചില ടെസ്റ്റുകളുടെ റിസള്‍ട്ട്‌ ഇല്ല.

ഉടനേ വിളിച്ചു ഡയഗ്നോസിസ് സെന്ടറിലേക്ക് – മറുപടി ഞെട്ടിക്കുന്നതായിരുന്നു “സാര്‍ അബദ്ധം പറ്റി – ആ രണ്ടാമത്തെ മെയിലിലെ അറ്റാച്ച്മെന്റ് സാറിന്‍റെ ടെസ്റ്റിന്റെ റിസള്‍ട്ട്‌ അല്ല, വേറൊരാളിന്റെയാ… സാറിന്റെ ടെസ്റ്റിന്‍റെ റിസള്‍ട്ട്‌ 4 പേജ് ഉണ്ട് – നാലാമത്തെ പേജ് ഇപ്പൊ അയച്ചു തരാം.”

The Supreme Powerവീണ്ടും വന്നു ഒരു 9 MB ഫയല്‍. ഭാഗ്യം അതില്‍ എന്‍റെ പേരും ബാക്കിടെസ്റ്റ്‌ റിസള്‍ട്ടും ഒക്കെയുണ്ട്.

ഈശ്വരാ – ഞാനിതു നോക്കാതെ ഡോക്ടര്‍ക്ക്‌ ഫോര്‍വേഡ് ചെയ്തിരുന്നെങ്കില്‍ – വേറെ വല്ല ഇന്ജെക്ഷനും തന്നിരുന്നെങ്കില്‍… അനസ്തേഷ്യക്ക് എന്തെങ്കിലും പ്രോബ്ലം വന്നാല്‍… ആവശ്യമില്ലാത്ത എന്തെങ്കിലും മെഡിസിന്‍ ചെയ്‌താല്‍ … എനിക്കു എല്ലാക്കാര്യവും ഡബിള്‍ ചെക്ക്‌ ചെയ്യുന്ന സ്വഭാവം ഇല്ലായിരുന്നെങ്കില്‍ … മെഡിക്കല്‍ പ്രോഫെഷനില്‍ ഉള്ള എല്ലാവരെയും ബഹുമാനത്തോടെ മാത്രം കാണുന്ന, അന്ധമായി വിശ്വസിക്കുന്ന ഒരു നാട്ടിന്‍ പുറത്തുകാരന്‍ ആയിരുന്നെങ്കില്‍…

ഒരു യൂറോപ്യന്‍ / അമേരിക്കന്‍ / ഓസ്ട്രേലിയന്‍/മിഡില്‍ ഈസ്റ്റ്‌ രാജ്യത്ത് ഇങ്ങനെ നടക്കുമോ? അവിടെ മനുഷ്യ ജീവന് വിലയുണ്ട്…

വില എന്നു പറയുന്നത് ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള ഒരു കോ റിലേഷന്‍ ആണല്ലോ. “ഡിമാന്‍ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്താല്‍ വില കൂടും ഡിമാന്‍ഡും സപ്ലൈയും ബാലന്‍സ്ഡ് ആണെങ്കില്‍ വില മാറ്റമില്ലാതെ നില്‍ക്കും. എന്നാല്‍ ഡിമാന്‍ഡ് കുറയുകയും സപ്ലൈ കൂടുകയും ചെയ്താല്‍ വില കുറയും” – ഇതൊരു ബേസിക് ഇക്കണോമിക്കല്‍ പ്രിന്‍സിപ്പിള്‍ ആണല്ലോ.

നമ്മുടെ നാട്ടില്‍ ഡിമാന്‍ഡ് തീരെ ഇല്ലാത്തതും സപ്ലൈ വളരെയുള്ളതുമായ ഒന്നാണല്ലോ മനുഷ്യന്‍ – വിലയില്ലാത്ത ജന്മങ്ങള്‍ – മരുന്ന് കമ്പനികള്‍ക്ക് പരീക്ഷണം നടത്താം, ഡയഗ്നോസിസ്  സെന്റര്‍കള്‍ക്ക് അബദ്ധം ചെയ്യാം, ഡോക്ടര്‍മാര്‍ക്ക് കൈയ്യബദ്ധം പറ്റി എഴുതി തള്ളാം. രാഷ്ട്രീയക്കാര്‍ക്കും അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കും ടാക്സ് പിഴിഞ്ഞു ധൂര്‍ത്തടിക്കം… ജീവന്റെ വില വ്യക്തിക്കും കുടുംബത്തിനും അവന്‍റെ വേണ്ടപ്പെട്ടവര്‍ക്കും മാത്രം.

ബന്ധപ്പെട്ട ലിങ്ക് (ഓപ്പറേഷന്‍ ദിനം)

കൌമാരം – ഭാഗം 2 – അച്ഛനെയാണെനിക്കിഷ്ടം…

K. N. Rajappan Nair
My Father

1980 കളുടെ രണ്ടാം പകുതി – ഞാന്‍ അന്നു പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥി. അന്ന് അച്ഛന്‍ വരുന്ന ദിവസമാണ്. ആറടി പൊക്കമുണ്ടായിരുന്ന അച്ഛന്റെ തലവെട്ടം അകലെ പള്ളിപ്പറമ്പിന്‍റെ ഉയര്‍ന്ന മതിലിനും മുകളിലൂടെ അകലെ കണ്ടതേ ഞാന്‍ ഓടിച്ചെന്നു. ചെന്നപാടെ അച്ഛന്‍ എന്നെ പൊക്കിയെടുത്ത് ഉമ്മ തന്നു തോളിലേറ്റി.അച്ഛന്‍ സാധാരണയിലും ക്ഷീണിതനാണെന്ന് എനിക്കു തോന്നി. പതിവിനു വിരുദ്ധമായി ആ ആഴ്ച അച്ഛന്‍ വന്നപ്പോള്‍ കൈയില്‍ മിഠായികളോ, സ്ഥിരമായി വാങ്ങി വന്നിരുന്ന കഥാ പുസ്തകങ്ങളോ ഇല്ലായിരുന്നു. ഞാന്‍ അച്ഛന്റെ പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റിലും ബാഗിലും ഒക്കെ തിരഞ്ഞു… ഒന്നുമില്ല. “ഒന്നും വാങ്ങാന്‍ പറ്റിയില്ല മക്കളെ…” അച്ഛന്റെ ഗംഭീര ശബ്ദം താന്നിരുന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല. മടിയില്‍ നിന്നും മെല്ലെ ഊര്‍ന്നിറങ്ങി അടുക്കളയില്‍ അമ്മയുടെ അടുത്തേക്കു നടന്നു.

പിറ്റേന്നു രാവിലെ പോകാന്‍ തയാറെടുക്കുന്ന അച്ഛന്‍ അമ്മയോട് പറയുന്നതു കേട്ടു – “ബാങ്കിലെ പണയം പുതുക്കേണ്ടി വരും, മാനേജരെ ഞാന്‍ ഇന്നലെ വന്ന വഴി കണ്ടിരുന്നു. എന്താ ഒരു മാര്‍ഗം. പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ… അയാള്‍ക്ക്‌ ശമ്പളവും കിമ്പളവും ഒക്കെയുണ്ടെന്നാണല്ലോ ധാരണ… ന്നെക്കൊണ്ട് അവിഹിതമായി കാശുണ്ടാക്കാന്‍ വയ്യ. അതിന്‍റെ ശാപം നമ്മുടെ കുട്ടികള്‍ക്കാവും വരിക… അത് നമ്മുടെ രീതിയുമല്ല… സഹായിക്കുക എന്നല്ലാതെ ശാപം വാങ്ങാന്‍ വയ്യ…”

ഞങ്ങള്‍ സാമ്പത്തികമായ ബുദ്ധിമുട്ടിലാണ് എന്നെനിക്കു മനസിലായി. എനിക്കെന്തു ചെയ്യാനാവും? പെട്ടെന്നൊരു ചിന്ത. മൂന്നു വയസുമുതല്‍ കിട്ടുന്ന ചില്ലറയും വിഷു കൈ നേട്ടങ്ങളും ഒക്കെ ഇട്ടുവേക്കുന്ന ഒരു കുടുക്കയുണ്ട് – കുടുക്കയെന്നു വെച്ചാല്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ ഒരു വലിയ പൌഡര്‍ ടിന്‍ ആണ് – ഒരടി പൊക്കം കാണും. അതിന്‍റെ മുകളില്‍ നീളത്തില്‍ ഒരു ഓട്ടയുണ്ടാക്കി അതില്‍കൂടി ചില്ലറയും മടക്കിയ നോട്ടുകളും ഞാന്‍ സമ്പാദിച്ചിരുന്നു. ഞാന്‍ അച്ഛനോട് പറഞ്ഞു “എന്‍റെ കുടുക്ക പൊട്ടിക്കാം അച്ഛാ…”
അച്ഛന്‍ ചിരിച്ചു “മോന്‍റെ കുടുക്ക പൊട്ടിക്കണ്ട, അതുകൊണ്ടാവില്ല… അങ്ങനെ പറഞ്ഞൂല്ലോ. അച്ഛനതുമതി.”
പതിവുപോലെ രണ്ടുകവിളിലും ഉമ്മകളും വാങ്ങി, കൈകള്‍ വീശി, തലയുയര്‍ത്തിപ്പിടിച്ച് അച്ഛന്‍ നടന്നു പോയി…
അമ്മയുടെ ആത്മഗതം കേട്ടു “ഇരുപതു രൂപയെ പേഴ്സിലുള്ളൂ, ഒരാഴ്ച എങ്ങനെ കഴിച്ചുകൂട്ടുമോ എന്തോ… ബാക്കിയിരുന്ന പൈസ മുഴുവന്‍ ഇവിടെ വെച്ചിട്ടാ പോയിരിക്കണേ…”

*****

1990-കളുടെ രണ്ടാം പകുതി, ഞാനന്ന് കോളേജ് ജീവിതം ആരംഭിച്ചിരുന്നു… സിനിമയും, പെണ്‍കുട്ടികളുടെ മുന്നിലെ ഷൈനിങ്ങും അല്‍പ-സ്വല്പം മാന്യമായ(പെണ്‍കുട്ടി അറിയാതെ) വായ്‌നോട്ടവും ഒക്കെ തലയ്ക്കു പിടിച്ചിരുന്ന കാലം… കാശിനാവശ്യം  കൂടുന്നു, നമ്മുടെ ബജെറ്റ് ആണെങ്കില്‍ എന്നും കമ്മി ബജെറ്റും. ഒരേയൊരു ഇന്‍കം സോഴ്സ് അച്ഛനാണ്. ഞാന്‍ അന്ന് എന്‍റെ പില്‍ക്കാല വരുമാനമാര്‍ഗമായ ഇംഗ്ലീഷ് – ഗണിത ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നില്ല.

എല്ലാ മാസവും ശംബളം വാങ്ങിയിട്ടു വീട്ടില്‍ വരുന്ന ദിവസം വൈകിട്ട് സന്ധ്യാനാമജപം കഴിയുന്ന സമയത്ത്, വീടിന്റെ മുന്‍വശത്തെ കസേരയില്‍ കാലിന്മേല്‍ കാലും കയറ്റി വെച്ചിരുന്ന്‍ അച്ഛന്റെ ഘന ഗംഭീരമായ ശബ്ദതില്‍ നീട്ടി ഒരു വിളിയുണ്ട്
“എടീ, എടാ, മോളൂ …”
എടീ എന്നു വിളിക്കുന്നത്‌ അമ്മയെ ആണ്, എടാ എന്ന് എന്നെയും, എന്നേക്കാള്‍ മൂത്തതെങ്കിലും, അച്ഛന്റെ ഇള്ളക്കുട്ടിയായിരുന്ന എന്‍റെ ചേച്ചി മോളുവും…
മൂന്നുപേരും ചാവടിയില്‍ ഹാജര്‍.
അച്ഛന്‍ പതുക്കെ എണീറ്റ് ചെന്നു മുത്തശ്ശിയോടു ചോദിക്കും “അമ്മക്ക് കാശ് വല്ലതും വേണോ?”
“വേണ്ടാ..” പതിഞ്ഞ ശബ്ദതിലുള്ള മറുപടി. അച്ഛന്‍ ഒരു തുക മുത്തശ്ശിയുടെ കൈയ്യില്‍ കൊടുക്കും, എന്നിട്ട് കൂട്ടിച്ചേര്‍ക്കും- “വേണ്ടാന്നറിയാം, അമ്മേടെ കൈയ്യില്‍ കുരുമുളകും, കാപ്പിക്കുരുവും, ഒട്ടുപാലും ഒക്കെ വിറ്റ കാശുണ്ടെന്നും അറിയാം, എന്നാലും ഇതിരിക്കട്ടെ…” (എനിക്കോര്‍മ്മ വെച്ച കാലം മുതല്‍ അച്ഛന്‍ മരിക്കും വരെ എല്ലാ മാസവും കണ്ടിരുന്ന ഒരു കാഴ്ചയാണിത് – അച്ഛന്റെ ഒന്നാം ചരമ വാര്‍ഷികം കഴിഞ്ഞു മൂന്നാം നാളാണ് മുത്തശ്ശി മരിച്ചത്).

പിന്നെ സാവധാനം കസേരയില്‍ വന്നിരിക്കും എന്നിട്ട്
“മോളൂന് ഈ മാസം എത്ര വേണം ?”
ആദ്യ വീതം ചേച്ചിക്കാണ്. ചേച്ചി ചിലവുകള്‍ കണക്കുകൂട്ടി വെച്ചിട്ടുണ്ടാവും ആ തുക പറയും. അച്ഛന്‍ പറയുന്ന തുക കൃത്യമായി കൊടുക്കും.. കൂടെ എല്ലാ മാസവും പതിവായി കൊടുക്കുന്ന ഒരുപദേശവും:
“നന്നായി പഠിക്കണംട്ടോ, ഇല്ലേല്‍ അമ്മയെപ്പോലെ ഇങ്ങനെ ചട്ടീം കലോം തേച്ചു അടുക്കളേല്‍ കഴിയേണ്ടി വരും..”
“അച്ഛനിതൊന്നു മാറ്റിപ്പിടിച്ചൂടെ? കേട്ടു കേട്ടു മടുത്തു…” ഞാന്‍ മനസ്സില്‍ പറയും- നേരെ പറയാന്‍ ധൈര്യം പോരാ…
“എന്നാ മോളു പോയി പഠിച്ചോ…” അച്ഛന്റെ സ്ഥലം കാലിയാക്കാനുള്ള പെര്‍മിഷന്‍.
അതുകേട്ടാലും ചേച്ചി അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. “പോടീ കള്ളീ…” കണ്ണുരുട്ടിക്കൊണ്ടു ചുണ്ടനക്കി ഞാന്‍ വിരട്ടാന്‍ ശ്രമിക്കും – “നീ പോടാ ചെക്കാ, ഞാനിതെത്ര കണ്ടതാ…” എന്ന ഭാവത്തില്‍ ചേച്ചിയും.
“ന്താടാ ?…” നല്ല ഘനതിലൊരു ചോദ്യം എന്നോട് അച്ഛന്റെ വക.
“ഊം ഊം ” ഒന്നുമില്ല എന്നു ചുമലുകള്‍ രണ്ടും ഉയര്‍ത്തി താഴ്ത്തി ഞാന്‍ മറുപടിയും നല്‍കും.
“ആ… ഇതും കൂടി വെച്ചോ …” ഒരു നൂറു രൂപ കൂടി ചേച്ചിക്കു കൊടുക്കും. ചേച്ചിക്കു സന്തോഷമാകും, എനിക്കു ദേഷ്യവും.
“കള്ളീ… കള്ളീ… ” ഞാന്‍ ചുണ്ടനക്കി ചേച്ചിയെ വിളിക്കും. അച്ഛനൊരു ഉമ്മയും കൊടുത്തു, അച്ഛന്‍ കാണാതെ എന്‍റെ നേരെ കോക്രി കാണിച്ചു ചേച്ചി ഉള്ളിലേക്കും പോകും.

പിന്നെ എല്ലാ മാസ ശമ്പളക്കാരന്റെയും വീട്ടില്‍ എല്ലാ മാസാദ്യ വൈകുന്നേരങ്ങളിലും കേള്‍ക്കുന്ന സ്ഥിരം കണക്കുകള്‍ “ഈ മാസം എത്ര വേണംന്ന് കൂട്ടാം – പാല്‍, പത്രം, കരണ്ട്, റബ്ബര്‍ വെട്ടു കൂലി, ബാങ്ക് ലോണിന്റെ അടവ്, ചിട്ടി, പലചരക്ക് കടയില്‍…” അങ്ങനെ പോകുന്നു… അവസാനം എല്ലാം എഴുതിക്കൂട്ടി പച്ചക്കറി വാങ്ങാനും പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യം വന്നെങ്കില്‍ ഉപയോഗിക്കാന്‍ എന്നു പറഞ്ഞു ഒരു ചെറിയ തുകയും കഴിഞ്ഞ് നമ്മുടെ ഊഴം.

അച്ഛന്‍: “നിനക്കെത്ര വേണം?”
ഞാന്‍: “നൂറ്റമ്പത്…”
അച്ഛന്‍: “ന്താ നൂറ്റമ്പതു രൂപ ചിലവ് ഒരു മാസം ? നീ ST കൊടുത്തല്ലേ കോളേജില്‍ പോകുന്നത്? ചോറ് വീട്ടില്‍ നിന്നും കൊണ്ടുപോകുന്നുമുണ്ട്… ”
ഞാന്‍: “…” ഒന്നും മിണ്ടാതെ തല കുനിച്ചു ഓട്ടക്കണ്ണിട്ട് അമ്മയെ നോക്കും.
അമ്മ അച്ഛനെ “കൊടുത്തെക്കൂന്നെ…” എന്ന ഭാവത്തില്‍ നോക്കും…
അച്ഛന്‍: “നീ ഇവന് എല്ലാത്തിനും വളം വെച്ചു കൊടുക്കണ്ടാ കേട്ടോ…” എന്നും പറഞ്ഞു ചോദിച്ച തുക കൃത്യമായി തരും -കൂടുതലും ഇല്ല കുറവും ഇല്ല. ഞാന്‍ അത്ര മുഖപ്രസാദമില്ലാതെ ആ പണം വാങ്ങും.
അച്ഛന്‍: “ന്താ ഡാ?”
ഞാന്‍: “ഒന്നൂല്ല…”
അച്ഛന്‍: “പറഞ്ഞോ…”
ഞാന്‍: “അച്ഛന്‍ ചേച്ചിക്ക് എനിക്കു തരുന്നതിനേക്കാള്‍ കൂടുതല്‍ പൈസ എല്ലാമാസവും കൊടുക്കുന്നുണ്ടല്ലോ…”
അച്ഛന്‍: “അവളു പെണ്‍കുട്ടിയല്ലേ…?”
ഞാന്‍: “ന്താ പെണ്‍കുട്ടികള്‍ക്ക്?”
അച്ഛന്‍: “കുറച്ചു കഴിഞ്ഞ്, അവളെ കെട്ടിച്ചു വിടൂല്ലേ, പിന്നെ അച്ഛനിങ്ങനെ കൊടുക്കാന്‍ പറ്റ്വോ?, നീ എന്‍റെ കൂടെത്തന്നില്ലേ?”
ഞാന്‍ ചിരിക്കും, അച്ഛനും. എന്നിട്ട് എനിക്ക് ഒരു അമ്പതുരൂപ കൂടി തരും…
അച്ഛന്‍: “ഒരുമ്മ തന്നിട്ട് പോയി പഠിച്ചോ… മറക്കണ്ട, ഫിലിപ്പ് സാറിന്‍റെ മോന്‍ സിവില്‍ സര്‍വീസ്ന് പഠിക്കുന്നുണ്ട്. അതുപോലെ …”
ഞാന്‍: “അച്ഛാ എനിക്കു സിവില്‍ സര്‍വീസ് വേണ്ടാ, എന്നെ MCA ക്കു വിട്ടാല്‍ മതി.”
അച്ഛന്‍: “നോക്കാം… നീ പോയി പഠിച്ചോ…”

*****

കാലം കടന്നു പോയി ഞാന്‍ ബി.എസ്സി.(മാത്സ്) കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം.  വൈകുന്നേരങ്ങളില്‍ അയലത്തുള്ള കുറച്ചു ഹൈസ്കൂള്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷും കണക്കും ട്യൂഷന്‍ എടുക്കുന്നുണ്ട്. അതിന്‍റെ ഫീസുകൊണ്ട് നമ്മുടെ വട്ടചിലവുകള്‍ നടന്നുപോകും.  ചേച്ചിക്ക് കല്യാണം നടത്താനുള്ള പദ്ധതികള്‍ ആയി വരുന്നു… എനിക്ക് ബജാജ് അലിയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും ഓരോ ഓഫറുകള്‍ വന്നു നില്‍ക്കുന്ന സമയം. അച്ഛന്‍ പറഞ്ഞു, “അവളുടെ കല്യാണവും നിന്‍റെ MCA -യും കൂടെ നടക്കില്ല. അച്ഛന്റെ കൈയ്യില്‍ അതിനുള്ള നീക്കിയിരുപ്പില്ല. നീ തല്ക്കാലം ആ ഏഷ്യാനെറ്റിലെ ജോലി സ്വീകരിക്കണം. അല്ലെങ്കില്‍ പറമ്പ് വില്‍ക്കേണ്ടിവരും. കാരണവന്മാരായിട്ടു കൈമറിഞ്ഞ് കിട്ടിയ അവസാനത്തെ സ്വത്താ, അത് വില്‍ക്കാന്‍ തോന്നുന്നില്ല – നമ്മുടെ തറവാടും ഈ പുരയിടത്തില്‍ തന്നെ ആണല്ലോ…”
എന്‍റെ കണ്ണു നിറഞ്ഞു. തല കുനിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു “കുഴപ്പമില്ലച്ഛാ…”

വിദ്യാഭ്യാസ ലോണിനു നേരെ ബാങ്കുകള്‍ മുഖം തിരിച്ചു നില്‍ക്കുന്ന സമയം. സൌമ്യ എന്ന പെണ്‍കുട്ടി വിദ്യാഭ്യാസ ലോണ്‍ നിരസിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്തതില്‍പ്പിന്നെ ഉണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആണല്ലോ ബാങ്കുകള്‍ ലോണ്‍ നയങ്ങള്‍ അല്പം കൂടി മയമുള്ളതാക്കിയത്. ഈ സംഭവം നടക്കുന്നത് അതിനും വര്‍ഷങ്ങള്‍ മുന്‍പാണ്. പേരിലുള്ള സ്ഥലം ഈടു വെച്ചു മാത്രമേ അന്നു ലോണ്‍ നല്‍കിയിരുന്നുള്ളൂ…

രണ്ടു ദിവസം കഴിഞ്ഞു, ഞാന്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. വിവരം അച്ഛനോടു പറഞ്ഞു. അച്ഛന്‍ പറഞ്ഞു “നീ ഇപ്പൊ ജോലിക്കു പോകണ്ട. ഇപ്പൊ ജോലിക്കു പോയാല്‍ നിന്‍റെ പഠനം അതോടെ തീരും. ഇന്നത്തെക്കാലത്ത് ഒരു ഡിഗ്രി കൊണ്ടൊന്നും ഒരു കാര്യവുമില്ല. എനിക്കു ചെയ്യാവുന്നത് ഇതാണ്, എന്തായാലും നിനക്ക് തരേണ്ടതാണ് ഈ സ്ഥലം. അതില്‍ കുറച്ച് ഞാന്‍ ഇപ്പോതന്നെ നിന്‍റെ പേരിലാക്കം. അത് ഈടുവെച്ചു നീ ലോണ്‍ എടുത്തോ…”
എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…
“ന്താടാ, പെമ്പിള്ളേരേപ്പോലെ…” അച്ഛനും എന്നെ കെട്ടിപ്പിടിച്ചു…
അകന്നപ്പോള്‍ ഞാന്‍ കണ്ടു – അച്ഛന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു… ഞങ്ങളുടെ മനസ്സുകളും …

 *ST – Student’s Ticket (with concession rate)

അച്ഛനെക്കുറിച്ച്
കൌമാരം – ഭാഗം 1: ആദ്യപ്രണയം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

സച്ചിനു ഭാരതരത്ന-ഉഷയെ മറക്കാതെയുമിരിക്കാം…

bharat-ratna-to-sachinസച്ചിനു “ഭാരതരത്ന” നല്‍കാനുള്ള PMO യുടെ (ധൃതിപിടിച്ചെടുത്ത) തീരുമാനം സന്തോഷത്തോടെയാണ് കേട്ടത്. രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ, മറ്റുള്ളവര്‍ക്ക് മാതൃക ആക്കാവുന്ന, പ്രതിഭാധനന്‍മാരായ ഭാരതീയര്‍ക്ക് ആജീവനാന്ത സേവനത്തെ കണക്കിലെടുത്ത് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്ന രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ആണല്ലോ “ഭാരതരത്ന” പുരസ്കാരം. നാളിതുവരെ കായിക രംഗത്തുള്ളവര്‍ അതു നേടിയിരുന്നില്ല – അതിനായി അവരെ ചട്ടപ്രകാരം പരിഗണിച്ചിരുന്നും ഇല്ല. സത്യത്തില്‍ അത് തികഞ്ഞ അന്യായം തന്നെ ആയിരുന്നു താനും. “ഇന്ത്യന്‍ കായിക രംഗം എന്നത് കുറേ രാഷ്ട്രീയക്കാര്‍ക്ക് കയ്യിട്ടു വാരാനും തിരിമറി ചെയ്യാനുമുള്ള കുറേ ഫണ്ട്‌ മറിക്കുന്ന സ്ഥാപനം എന്നതിനപ്പുറം എന്താണ്?” എന്നു നമ്മള്‍ സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… സച്ചിന്‍ മൂലം കാന്‍ഡിഡേറ്റ്സ് ലിസ്റ്റില്‍ കായിക താരങ്ങളും കൂടി കടന്നു വരുന്നു എന്നതില്‍ സന്തോഷവും ഉണ്ട്. ധ്യാന്‍ ചന്ദും,  മില്‍ഖ സിങ്ങും, ലിയാണ്ടര്‍ പേസും, രാജ്യവര്‍ധന്‍ സിംഗ് റാത്തോടും, അഭിനവ് ബിന്ദ്രയും, വിശ്വനാഥന്‍ ആനന്ദ് … അങ്ങനെ എത്രയോ പേര്‍, കായിക രംഗത്തെ ഇന്ത്യന്‍ അഭിമാനങ്ങള്‍ ആയിരിക്കുന്നു. 

1 P T Usha1അവരൊക്കെ വ്യക്തിജീവിതത്തില്‍ സച്ചിനോളം കരിസ്മാടിക് ആയിരുന്നില്ല എന്നും കരിയറിന് ശേഷം ഒരു ഐക്കണ്‍ ആക്കാന്‍ സാധിക്കുമായിരുന്നില്ല.. കൂടിപ്പോയാല്‍ ഒരു പദ്മവിഭൂഷന്‍… എന്നുമൊക്കെ വാദിക്കാം-ആയിക്കോട്ടെ…

usha medalsഎന്നാല്‍ കായിക താരങ്ങളെ “ഭാരതരത്ന” പുരസ്കാരത്തിന് പരിഗണിക്കുമ്പോള്‍. പി ടി ഉഷ എന്ന കായിക താരത്തെ നമ്മള്‍ ഒരിക്കലും വിസ്മരിക്കരുത്. സ്പോര്‍ട്സ് എന്നത് റെയില്‍വേയിലും, ബാങ്ക്കളിലും സെന്‍ട്രല്‍-സ്റ്റേറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളിലും അധികം മേലനങ്ങാത്ത, ഓഫീസര്‍ പദവി ലഭിക്കാനായുള്ള ഒരു മാര്‍ഗം മാത്രമായി ഇന്നും കാണുന്ന സംസ്കാരമുള്ള ഒരു രാജ്യത്ത്, ജോലി കിട്ടിക്കഴിഞ്ഞാല്‍ തനിക്കീ ജീവിത മാര്‍ഗം തന്ന സ്പോര്‍ട്സിന് വീണ്ടും ഒരു സംഭാവനയും നല്‍കാതെ, വല്ലപ്പോഴും ഏതെങ്കിലും സംഘടന തരുന്ന അവാര്‍ഡ്‌ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പിന്റെ ബലത്തില്‍ ഗമയോടെ പോയി വങ്ങാനല്ലാതെ, സ്വന്തം മക്കളെ (ഒരു വ്യായാമം എന്ന രീതിയിലല്ലാതെ) സ്പോര്‍ട്സിലേക്ക് അടുപ്പിക്കാത്ത സോ കോള്‍ട് “സ്പോര്‍ട്സ് താരങ്ങള്‍” ഉള്ള നമ്മുടെ നാട്ടില്‍ റെയില്‍വേയിലെ ഉന്നത ഉദ്യോഗത്തില്‍ നിന്നും വേര്‍പെട്ടു സ്വന്തം പരിശ്രമം കൊണ്ടുമാത്രം “പി ടി ഉഷ സ്കൂള്‍ ഓഫ് അതലെടിക്സ്” രൂപീകരിച്ചു, ഇന്ത്യന്‍ അതലെടിക്സിന്‍റെ ഇന്നത്തെ അഭിമാനങ്ങളായ ടിന്റു ലൂക്കയെ പോലെയുള്ള അനവധി താരങ്ങളെ വളര്‍ത്തിയെടുത്ത, ഇന്നും വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഉഷ, ഒരു ശരിയായ “ഭാരതരത്നം” തന്നെയല്ലേ? (ഈ മഹത്തായ ഉദ്യമത്തില്‍ ഉഷയോടൊപ്പം നിന്ന സുമനസുകളെ മറക്കുന്നില്ല, എങ്കിലും ഈ സംരംഭം യഥാര്‍ത്ഥ്യമായത് ഉഷയുടെ തളരാത്ത മനസ്സുകൊണ്ടു മാത്രം).
Usha Achievementsഒരു ഒളിമ്പിക് മെഡല്‍ പോലുമില്ലാത്ത ഉഷക്കെന്തിനു “ഭാരതരത്ന”? എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മേലേ പറഞ്ഞത്. ചെറുപ്പം മുതലേ സിന്തെടിക് ട്രാക്കില്‍ സ്പോര്‍ട്സ് മെഡിസിനും കൃത്യമായ ആഹാരവും ലഭിച്ചു സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിച്ചു വിദഗ്ധ പരിശീലനം ലഭിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്കു സങ്കല്‍പ്പിക്കാനാവാത്ത സാഹചര്യങ്ങളില്‍ നിന്നു പടപൊരുതി (ആ വാക്ക് വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ചു മൂര്‍ച്ച പോയി എന്നറിയാം) നേടിയ നേട്ടങ്ങളാണ് ഉഷയുടെത്. ഉസൈന്‍ ബോള്‍ട്ടിനെപ്പോലെയുള്ള ഒരു നാച്ചുറല്‍ അത് ലറ്റ് ആണ് ഉഷയും. വ്യത്യാസം , ബോള്‍ട്ട് അമേരിക്കയിലും ഉഷ ഇന്ത്യയിലും ജനിച്ചു എന്നതാണ്. “കുപ്പയില്‍ കിടന്നാലും മാണിക്യം, മാണിക്യം തന്നെയാണ്”. സ്പോര്‍ട്സ് മെഡിസിന്റെയോ എനര്‍ജിഫുഡിന്റെയോ സഹായമില്ലാതെ സ്വന്തം ടാലെന്റും കഠിനാധ്വാനവും കൊണ്ട് 1984 ലെ ലോസ്-അഞ്ചെലസ് ഒളിമ്പിക്സ് സെമിയില്‍ ഒന്നാമതും ഫൈനലില്‍ സെക്കണ്ടിന്റെ നൂറിലോരംശത്തില്‍ മെഡലും നഷ്ടപ്പെട്ട ഉഷയെ ഒളിമ്പിക് സ്വര്‍ണം നേടിയ ആള്‍ക്ക് കൊടുക്കുന്ന ബഹുമാനം തന്നെ നമ്മള്‍ കൊടുക്കണ്ടേ ?

Usha Awardsകൂടെ ഇട്ടിരിക്കുന്ന ചിത്രങ്ങളില്‍ നിന്നു ഉഷയുടെ കര്‍മ്മ മണ്ഡലത്തിലെ നേട്ടങ്ങള്‍ മനസിലാക്കാവുന്നതാണ്. “ഭാരതരത്ന” ലഭിക്കാന്‍ ഇത്രയും പോരേ? സച്ചിനെയും ഉഷയെയുമൊക്കെ മറ്റുള്ള കായിക താരങ്ങളില്‍ നിന്നു വ്യത്യസ്ഥരാക്കുന്നത്‌ അവരുടെ മനോഭാവം തന്നെയാണ്. മറ്റു പലര്‍ക്കും സ്പോര്‍ട്സ് ഒരു ജീവിതമാര്‍ഗ്ഗം കണ്ടെത്താനുള്ള ഉപാധി മാത്രമാണെങ്കില്‍ സച്ചിനെയും ഉഷയേയും പോലുള്ള മഹത്തുക്കള്‍ക്ക്‌ അത് ജീവിതം തന്നെയാണ്.  

സച്ചിന് “ഭാരതരത്ന” കിട്ടിയതില്‍ എനിക്കു സന്തോഷമുണ്ട്, അദ്ദേഹം അത് അര്‍ഹിക്കുന്നു. സച്ചിനെക്കുറിച്ചുള്ള എന്‍റെ മുന്‍ പോസ്റ്റില്‍ അദ്ദേഹത്തോടുള്ള എന്‍റെ സ്നേഹം വ്യക്തമാക്കിയിട്ടുമുണ്ട്. സച്ചിന്‍ ഭാരതത്തിന്റെ അമൂല്യ രത്നം തന്നെ എന്ന കാര്യത്തിലും സംശയമില്ല. പക്ഷെ സ്പോര്‍ട്സ്കരിയര്‍ അവസാനിപ്പിച്ചു, ഇന്ത്യ ഇന്നുവരെ ആരുടെ കാര്യത്തിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള യാത്രയയപ്പും സ്വീകരിച്ചു, സ്റ്റേഡിയത്തില്‍ നിന്നും വീട്ടില്‍ എത്തുന്നതിനു മുന്‍പേ “ന്നാ, ഏതായാലും പോകുവല്ലേ, ഒരു ഭാരതരത്നം കൂടി കൊണ്ടുപൊയ്ക്കോ” എന്ന രീതിക്ക് – റിപ്പബ്ലിക് ദിനത്തിന്‍റെ തലേന്ന് പ്രഖ്യാപിക്കേണ്ട രാജ്യത്തിന്‍റെ പരമോന്നത ബഹുമതി “സച്ചിന്‍ പോകുന്നേ, സച്ചിന്‍ പോകുന്നേ…” എന്നും പറഞ്ഞു 70 ദിവസം മുന്‍പേ പ്രഖ്യാപിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന്‍ എനിക്കു തീര്‍ച്ചയായും സംശയം ഉണ്ട്. സച്ചിന്‍ ഇന്ത്യവിട്ടു പോകുന്നുമില്ല. 70 ദിവസം കഴിഞ്ഞാലും സച്ചിന്‍റെ മഹത്വത്തിന് ഒരു കുറവും വരികയും ഇല്ല. സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവം ആയിരിക്കാം, പക്ഷെ ഭാരതം എന്നാല്‍ ക്രിക്കറ്റ് മാത്രമല്ല… സച്ചിന്‍ ഭാരതത്തിലെ നിയമങ്ങള്‍ക്കോ, വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോരുന്ന ചട്ടങ്ങള്‍ക്കോ അതീതനുമല്ല. ഇത്ര തിടുക്കപ്പെടാന്‍ സച്ചിന്‍ ഇതുവരെ രാജ്യത്തിന്‍റെ അവഗണനയേറ്റു വാങ്ങി പെട്ടെന്നൊരു ദിവസം പുറത്തു പോകേണ്ടി വന്നയാളുമല്ല. ഗവണ്മെന്ടിനു നല്‍കാവുന്ന എല്ലാ അവാര്‍ഡുകളും സച്ചിന് നല്‍കിയിട്ടുമുണ്ട്- (സച്ചിന്‍ അത് അര്‍ഹിക്കുന്നുമുണ്ട്). സച്ചിന് ഇന്ത്യാ ഗവണ്മെന്റ് “ഭാരതരത്ന” യ്ക്ക് മുന്‍പ് നല്‍കിയിട്ടുള്ള പുരസ്കാരങ്ങള്‍ താഴെ പറയുന്നവയാണ്.

1. അര്‍ജുന അവാര്‍ഡ്‌ (വേറിട്ടു നില്‍ക്കുന്ന ജീനിയസ്സുകലായ കായിക താരങ്ങള്‍ക്ക് നല്‍കുന്ന പുരസ്കാരം -1994)

2. രാജീവ്‌ ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്‌ (കായിക താരത്തിനു രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരം -1997 – 98)

3. പദ്മശ്രീ പുരസ്കാരം (രാജ്യത്തെ നാലാമത്തെ ഉന്നത സിവിലിയന്‍ ബഹുമതി – 1999)

4. പദ്മവിഭൂഷന്‍ (രാജ്യത്തെ രണ്ടാമത്തെ ഉന്നത സിവിലിയന്‍ ബഹുമതി – 2008)

അവാര്‍ഡ്‌ പ്രഖ്യാപന തിയതി മാറ്റുന്നതു വഴി ഒരു മോശം കീഴ്വഴക്കം സൃഷ്ട്ടിച്ചു എന്നു മാത്രമേ PMO യെക്കുറിച്ച് പറയാനുള്ളൂ. സച്ചിന്‍ ഇതില്‍ നിര്‍ദോഷിയാണ്- അടുത്ത കാലത്തായി വിവരക്കേടുകള്‍/അബദ്ധങ്ങള്‍ മാത്രം കാണിക്കുന്ന PMO യില്‍ ഉള്ളവര്‍ക്ക് വ്യക്തികള്‍ രാജ്യത്തെക്കാള്‍ വലുതായി തോന്നിയിട്ടുണ്ടെങ്കില്‍ അവരുടെ വിവരക്കേട് എന്നല്ലാതെ എന്തു പറയാന്‍…

എന്തായാലും പിന്നിട്ട വഴികള്‍ നമുക്ക് മറക്കാതിരിക്കാം… ആവഴികളില്‍ നമ്മെ ഇന്നത്തെ നാമായി ഉയര്‍ത്തിയ മഹാപ്രതിഭകളെയും…

എന്നെന്നും എന്‍റെ ശരിയായ മാതൃക…

sachin - kalam“ചിലര്‍ മഹാന്മാരായ്‌ ജനിക്കുന്നു, മറ്റു ചിലര്‍ മഹത്വം ആര്‍ജിക്കുന്നു…” സച്ചിനെക്കുറിച്ചും കലാമിനെ കുറിച്ചും ഓര്‍മിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ക്കൂടി കടന്നു പോകുന്ന വാക്കുകളാണിവ… നിറഞ്ഞ മനസ്സോടെയല്ലാതെ ഈ രണ്ടു പ്രതിഭകളെക്കുറിച്ചും ചിന്തിക്കാനാവില്ല. ഇന്ത്യയുടെ നാമം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു എന്നത് മാത്രമല്ല, എന്നും ഏതൊരു ഇന്ത്യക്കാരനും മാതൃകയാക്കാവുന്ന സ്വഭാവഗുണം കൂടിയാണ് ഇവരെ വ്യത്യസ്ഥരാക്കുന്നത്‌.

“ദൈവത്തെ ഞാന്‍ കണ്ടു, അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നാലാമതായി ബാറ്റ് ചെയ്യുന്നു – മാത്ത്യു ഹെയ്ഡന്‍”,

“നിങ്ങള്‍ക്കു ചെയ്യാനുള്ള ക്രൈമുകളെല്ലാം സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ചെയ്യുക, കാരണം ദൈവം പോലും അപ്പോള്‍ കളി കാണുന്ന തിരക്കിലായിരിക്കും…”,

“ലോകത്ത് രണ്ടു തരാം ക്രിക്കറ്റര്‍ മാരുണ്ട് ഒന്ന്‍ സച്ചിന്‍ മറ്റേതു ബാക്കിയുള്ളവരെല്ലാം… – ആന്‍ഡി ഫ്ലവര്‍”

തുടങ്ങിയ അത്യതിശയോക്തി കലര്‍ന്ന വാക്കുകളെക്കാള്‍ എനിക്കിഷ്ടം അല്‍പംകൂടി റിയലിസ്റ്റിക് ആയ –

“എന്‍റെ മകന്‍ സച്ചിനാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു – ലാറ”,

“ഞാന്‍ സച്ചിന്റെ കളി കണ്ടിട്ടുണ്ട്, എനിക്കു ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും അറിയുന്നതുകൊണ്ടല്ല മറിച് എന്തുകൊണ്ട് അയാള്‍ ബാറ്റ് ചെയ്യുന്ന ദിവസങ്ങളില്‍ എന്‍റെ രാജ്യത്തിന്‍റെ വരുമാനം 5% കുറയുന്നു എന്നറിയാന്‍ വേണ്ടി മാത്രം… – ഒബാമ” തുടങ്ങിയ കമന്റുകളോടാണ്.

സച്ചിനെക്കുറിച്ച്, സച്ചിന്‍റെ റെക്കോര്‍ഡുകളെ കുറിച്ച്, സച്ചിനെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ കമന്റുകളെക്കുറിച്ചോക്കെ ഞാന്‍ എന്തു പറയാന്‍? എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് അതൊക്കെ. എനിക്കു പറയനാവുന്നത് സച്ചിനെക്കുറിച്ചുള്ള എന്‍റെ ഫീലിംഗ്സ് മാത്രമാണ്.

boost-sachin+kapilസച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി   ബാറ്റ് ചെയ്തു തുടങ്ങുമ്പോള്‍ എനിക്കു പ്രായം 8 വയസു മാത്രം. കപില്‍ദേവ് എന്ന, ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ ഇതിഹാസത്തിന്‍റെ കൂടെ

“Boost is the Secret of My Energy…”

എന്നു പറയുന്ന, ഒതുക്കമില്ലാത്ത ചുരുണ്ട മുടിയുള്ള, മീശമുളക്കാത്ത കൌമാരക്കാരനെ ഞാന്‍ ആദ്യം കാണുന്നത് ഏതോ ഒരു ഞായറാഴ്ച, രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിന്റെ കോമെഴ്ഷ്യല്‍ ബ്രേക്കിനിടക്കയിരുന്നു… ബൂസ്റ്റ്‌ ആണ് കപില്‍ കുടിക്കുന്നത് എന്നതിനപ്പുറം ആ പയ്യന്‍ ആരെന്നു അന്നു ചിന്തിച്ചിരുന്നില്ല… sachin15

പിന്നീട്, ഞങ്ങള്‍ പഞ്ചായത്തു റോഡില്‍ കവളന്‍ മടല്‍ നാട്ടി, റബ്ബര്‍ബോളില്‍  (പൊട്ടിയ റബ്ബര്‍ ബോളിനു പകരം പുതിയത് മേടിക്കാന്‍ കാശില്ലാത്ത ദിവസങ്ങളില്‍ കല്ലും കടലാസും ഒട്ടുപാലു ചുറ്റിയുണ്ടാക്കിയ നാടന്‍പന്തിലും) മടല്‍ ബാറ്റുമായി –

“പള്ളിപ്പറമ്പിന്‍റെ മതിലിനു മുകളിലും, കണ്ടത്തിലും, ജോയിസ്സാറിന്റെ പറമ്പിലും തോട്ടിലും ബോള്‍ നിലം തൊടാതെ പോയാല്‍ സിക്സ്, തോട്ടിലും മാടക്കലെ കുളത്തിലും ഇടവഴിയിലെ കാട്ടിലും ബോള് പോയാല്‍ അടിച്ചിട്ടവന്‍ തന്നെ പോയി പെറുക്കിക്കൊണ്ട് വരണം, പെണ്‍കുട്ടികളുടെ പെറ്റികോട്ടിന്റെ മടി കൂട്ടി എടുക്കുന്ന ക്യാച് കണക്കിലെടുക്കില്ല, റബര്‍ മരത്തിന്റെ ചില്ലയില്‍ കൊണ്ടാല്‍ സിക്സ്, തടിയില്‍ കൊണ്ടാല്‍ ഫോര്‍ …” തുടങ്ങി ക്രിക്കറ്റിന്റെ പുസ്തകങ്ങളിലില്ലാത്ത അസംഖ്യം നിയമങ്ങളുമായി നാടന്‍ ക്രിക്കറ്റ് കളിച്ച കാലത്ത്, മീശ മുളക്കാത്ത ആ ബൂസ്റ്റ്‌ പയ്യന്‍ വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള ടീമുകളുടെ അന്തകന്‍ ആകുന്ന വിവരം പത്രങ്ങളിലൂടെ ഞാനറിഞ്ഞിരുന്നു…

sachintendulkar_centuryതൊണ്ണൂറുകളുടെ തുടക്കത്തില്‍ TV തരംഗം വ്യാപകമായപ്പോള്‍ ഞങ്ങള്‍ അവന്‍റെ കളികണ്ടു കോരിത്തരിച്ചു. ഞാനും സഹോദരിയും പത്താം ക്ലാസ് കഴിയാതെ വീട്ടില്‍ TV വാങ്ങില്ല എന്ന അച്ഛന്റെ പിടിവാശിയെ മറികടക്കാന്‍, സച്ചിന്റെ കളിയുള്ള ദിവസം വെല്യച്ചന്റെ മകന്‍- സമപ്രായക്കാരനായ  സനിയുടെ കൂടെ കമ്പൈന്‍ട് സ്റ്റഡിക്കെന്നു പറഞ്ഞു അവന്‍റെ വീട്ടിലേക്കു മുങ്ങി. ഞങ്ങളുടെ ക്രിക്കറ്റ് ഭ്രാന്ത്‌ അറിയാമായിരുന്ന പേരമ്മ സ്നേഹപൂര്‍വ്വം അനുവദിച്ചു തന്ന പഠനത്തിലെ ഒഴിവും, കൊറിക്കാന്‍ തന്നിരുന്ന ചക്കയുപ്പേരിയും മുറുക്കും, ഉറക്കമിളച്ചു കളികാണാനായി തിളപ്പിച്ചു ഫ്ലാസ്കില്‍ ഒഴിച്ചു തന്നിരുന്ന കട്ടന്‍ കാപ്പിയുമെല്ലാം…, സച്ചിന്‍- നിന്നെ ഞങ്ങളുടെ പ്രിയ തോഴനാക്കി… (പേരമ്മക്കു നൂറു നന്ദി). സച്ചിന്‍ – നിന്‍റെ ഓരോ സെഞ്ച്വറികഴിഞ്ഞും തൊപ്പിയൂരി നീ മുകളിലേക്ക് നോക്കുമ്പോള്‍ ഞങ്ങള്‍ ആനന്ദനൃത്തം ചവിട്ടി – (ചവിട്ടിക്കൂട്ടിയ മെത്തകളുടെ പേരില്‍ വഴക്കു പറയാത്ത വെല്യച്ചനും നന്ദി…)

തനിക്കു മുന്‍പും ശേഷവും വന്നവര്‍ ഒന്നൊന്നായി അരങ്ങോഴിഞ്ഞപ്പോളും സച്ചിന്‍ കളമൊഴിയുന്ന കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചതേയില്ല. കാരണം- സച്ചിനാണല്ലോ ക്രിക്കറ്റ്‌. ബാക്കിയുള്ളവരൊക്കെ സച്ചിന്‍റെ കൂടെ കളിക്കാന്‍ വന്നവരും. venkatesh-prasad17_2“തെറിക്കുത്തരം മുറിപ്പത്തല്‍” എന്ന പോളിസിക്കാരനായ, വാശിക്കാരനെങ്കിലും പ്രിയപ്പെട്ടവനായ “വെങ്കി” എന്ന വെങ്കിടേഷ് പ്രസാദിന്‍റെ വീര്യമൊന്നും ഒരിക്കലും സച്ചിനില്‍ കണ്ടിരുന്നില്ല.

തന്നെ തുടര്‍ച്ചയായി ഒരു സിക്സും ഫോറുമടിച്ചു, അടുത്തത്  ബൌണ്ടറിയിലേക്കാണെന്ന് ആംഗ്യം കാണിച്ച ബാറ്റ്സ്മാന്‍റെ ലെഗ് സ്റ്റമ്പ്‌ അടുത്ത ബോളില്‍ പിഴുത വെങ്കി,  വിക്കറ്റു നഷ്ടപ്പെട്ടു വിഷണ്ണനായി നില്‍ക്കുന്ന ബാറ്റ്സ്മാനോട് പവലിയന്‍ ചൂണ്ടിക്കാണിച്ചു അരിശം തീര്‍ത്തു.

എന്നാല്‍ “അടുത്തത് നീ…” എന്ന ആംഗ്യം കാണിച്ച ബൌളറെ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ചു നാണംകെടുത്തിയ സച്ചിന്‍ ഒരു നിശബ്ദകൊലയാളി ആയിരുന്നു.

സച്ചിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്‍റെ അത്തരം നിയന്ത്രണമാണ്. വെങ്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്ഷുഭിത യൌവനമായിരുന്നു എങ്കില്‍ സച്ചിന്‍ എന്നാല്‍ പക്വത ആയിരുന്നു. റാവല്‍പിണ്ടി എക്സ്പ്രസ്സ്‌ തനിക്കു വെറും വാഴപ്പിണ്ടി ആണെന്ന് തെളിയിച്ചു കൊടുത്ത സച്ചിന്‍, വസിം അക്രവും ഷോയബ് അക്തറും നിരന്ന പാക്‌ ബൌളിംഗ് അഹങ്കാരത്തിന്‍റെ പത്തി സൌരവിന്റെയും ദ്രാവിഡിന്റെയും കൂടെചേര്‍ന്നു തല്ലിചതച്ചപ്പോള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ക്കൊപ്പം ആര്‍പ്പു വിളിച്ചു സന്തോഷിക്കാന്‍ പ്രോഫെസ്സര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ ഉണ്ടായിരുന്നു. സച്ചിന്‍ ഞങ്ങളുടെ എല്ലാവരുടെയും ആവേശം ആയിരുന്നു.

24 വര്‍ഷങ്ങള്‍ എന്നിലും മാറ്റങ്ങള്‍ ഉണ്ടാക്കി. ക്രിക്കറ്റ് കാണല്‍, “എല്ലാകളികളും കാണുക” എന്നതില്‍ നിന്നു “ഇന്ത്യ കളിക്കുന്ന കളികള്‍ മാത്രം” എന്നതിലേക്കും, പിന്നീട് “സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ മാത്രം” എന്നതിലേക്കും ചുരുങ്ങി. പിന്നീട് ജോലിഭാരം ലീവെടുക്കാന്‍ അനുവദിക്കാത്ത രീതിയിലായപോള്‍ ക്രിക്ഇന്‍ഫോ ഡോട്ട് കോമിന്‍റെ ബോള്‍ ബൈ ബോള്‍ ഡിസ്ക്രിപ്ഷനിലേക്കു മാത്രമായി ചുരുങ്ങി. എങ്കിലും, സച്ചിന്‍ കളിക്കുന്ന ദിവസത്തെ റെക്കോര്‍ഡ്‌ ചെയ്ത കളി വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് ചാനലുകളില്‍ ഞാന്‍ കണ്ടു – അമ്മയുടെ സീരിയല്‍ കാണാനാവാത്തതിന്‍റെ വേദനയേയും, ദേഷ്യത്തെയും മറികടന്നുകൊണ്ട് . അമ്മയുടെ ദേഷ്യം കുറച്ചു കഴിയുമ്പോള്‍ മാറും, സര്‍വ്വം സഹയാണല്ലോ അമ്മ – പക്ഷെ സച്ചിന്‍റെ ബാറ്റിംഗ് കാണാതെ ഞാന്‍ എങ്ങിനെ ഉറങ്ങും?

ഇനി അതില്ല… അമ്മക്ക് സ്വസ്ഥമായി സീരിയല്‍ കാണാം, മറ്റു രാജ്യങ്ങളിലെ ബൌളര്‍മാര്‍ക്ക് സച്ചിനെ പേടിക്കാതെ കളിക്കാം. മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഒന്നും, സച്ചിനെതിരെ മറ്റൊരു സ്ട്രാറ്റെജിയും പ്ലാന്‍ ചെയ്ത്, മറ്റു രാജ്യങ്ങളുടെ കോച്ചുമാര്‍ക്കും മാനേജര്‍ മാര്‍ക്കും വലയേണ്ട. ഇന്ത്യന്‍ ടീം സ്വന്തം രാജ്യം സന്ദര്‍ശിക്കുമ്പോള്‍ സച്ചിനെ ഒതുക്കാനായി പിച്ചുകള്‍ നിര്‍മ്മിച്ചു ക്യുറേറ്റര്‍മാര്‍ വിയര്‍ക്കേണ്ട… (നിര്‍മിച്ചിട്ടും വലിയ കാര്യമില്ല എന്നതു കാലം തെളിയിച്ച സത്യം).

“എന്‍റെ ഏറ്റവും നല്ല പന്തുകള്‍ ഞാന്‍ അയാള്‍ക്കിട്ടെറിഞ്ഞു. അവ ബൌണ്ടറികളിലേക്ക് പായുന്നത് സ്വപ്നങ്ങളില്‍ പോലും ഏറെനാള്‍ എന്നെ വേട്ടയാടി. അയാള്‍ക്കെങ്ങനെ അതിനു കഴിഞ്ഞു? – ഷെയ്ന്‍ വോണ്‍”

ഇത്തരം വിലാപങ്ങള്‍ ഇനി കേള്‍ക്കില്ല.

എവിടെ നിന്നോ വായിച്ച ഒരു വാചകം കടമെടുത്തു പറയട്ടെ… സച്ചിന്‍റെ റെക്കോര്‍ഡുകള്‍ എല്ലാം ഒരുപക്ഷെ ഇനി വരുന്നവര്‍ തകര്‍ത്തേക്കാം, പക്ഷെ ഒന്നുമാത്രം ഇനിയൊരിക്കലും ഉണ്ടാവില്ല- സച്ചിന്‍ ഔട്ടായി കഴിയുമ്പോള്‍ വീട്ടില്‍ അച്ഛന്‍ പറയുന്ന വാചകം ”സച്ചിന്‍ ഔട്ടായില്ലേ, ഇനി പോയിക്കിടന്നുറങ്ങെടാ …”

സച്ചില്‍ കളിക്കളമൊഴിയുമ്പോള്‍ ഇത്രമാത്രം പറയുന്നു … എന്‍റെ ബാല്യത്തിനു കൂട്ടായിരുന്നതിനും, എന്‍റെ യൌവനത്തിലെ ആവേശമായത്തിനും, മോശമായി പെരുമാറുന്നവരോട് മാന്യത വിടാതെ എങ്ങനെ പ്രതികരിക്കാം എന്ന് എന്നെ പഠിപ്പിച്ചതിനും, എന്‍റെ ശത്രുരാജ്യത്തിന്‍റെ അഹങ്കാരം ശമിപ്പിച്ചതിനും, കപിലിനും ഗവാസ്കരിനും കിര്‍മാനിക്കും ശാസ്ത്രിക്കും ശേഷം ദ്രാവിഡിന്റെയും സൌരവിന്റെയും കൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രോജ്ജ്വലമാക്കിയത്തിനും, കോടികള്‍ തരാമെന്നു പറഞ്ഞിട്ടും മദ്യത്തിന്‍റെ മോഡല്‍ ആവില്ല എന്ന ധര്‍മ്മബോധം യുവാക്കള്‍ക്ക് കാണിച്ചു കൊടുത്തതിനും, സമ്പന്നനും സെലിബ്രിറ്റിക്കും മാന്യനാകാം എന്നു തെളിയിച്ചതിനും, ക്രിക്കറ്റിന്റെ അടിവേരു മാന്തിയേക്കാമായിരുന്ന കോഴവിവാദത്തില്‍ തന്നേ പോലെ തന്നെ മാന്യനായ ഹാന്‍സി ക്രോണ്യേയും ക്യാപ്ടന്‍ അസ്ഹറൂദ്ധീനും വൈസ് ക്യാപ്ടന്‍ ജടേജയും ഉള്‍പ്പെടെ പല വന്‍ മരങ്ങളും കടപുഴകിയിട്ടും അചഞ്ചലമായി സൌരവിനും ദ്രാവിഡിനും ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെ സംരക്ഷിച്ചതിനും സര്‍വോപരി ഇന്ത്യക്കാരുടെ ആശയും പ്രതീക്ഷയുമായി 24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണായതിനും …

നന്ദി സച്ചിന്‍, മറ്റൊന്നും പറയാനില്ല.

കൌമാരം – ഭാഗം 1 : ആദ്യപ്രണയം…

കൌമാരമെന്നു കേള്‍ക്കുന്നതെ നമ്മുടെ മനസിലേക്കോടിയെത്തുന്നത് ഒരു പ്രണയ ചിന്ത ആയിരിക്കും, അതിനു മുന്‍പും പിന്‍പും ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും, ആദ്യം ആ നഷ്ട പ്രണയമധുരത്തില്‍ നിന്നാവാം. പേരുകളില്‍ മാറ്റം വരുത്തുന്നു, ചില സാഹചര്യങ്ങളിലും…

മൂക്കിനുതാഴെ ഒരു കറവല്‍ മാത്രമായി മീശ എന്ന അഭിമാനചിഹ്നം വന്നു തുടങ്ങിയ പതിനാലാം വയസ്സിലാണ് എന്റെ ആദ്യ പ്രണയം മൊട്ടിട്ടത്. അതിനു മുന്‍പുള്ള അസംഖ്യം മന:ശല്യങ്ങളെ ഒരു പ്രണയമെന്നു വിളിക്കാന്‍ എനിക്കാവില്ല. ലക്ഷണമൊത്ത ആദ്യപ്രണയം ഇതായിരുന്നു.

പത്താം ക്ലാസ്സിലെ സൈക്കിലുള്ള ചേട്ടന്‍മാരില്‍ ഒരാള്‍, അവരില്‍ തന്നെ ഹാന്‍ഡിലില്‍ നിന്നു കൈ വിട്ടു സൈക്കിള്‍ ഓടിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ … എന്നിങ്ങനെ ചില വീര പരിവേഷങ്ങളാല്‍, 7, 8, 9 ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കണ്ണില്‍ വിരിയുന്ന ആരാധനയാണ് ജീവിത സാഫല്യമെന്നു കരുതി നടന്നിരുന്ന നാളുകളിലാണ്‌ പതിയെ പതിയെ അവള്‍ എന്‍റെ മനസ്സില്‍, എന്‍റെ പോലും സമ്മതമില്ലാതെ കുടിയേറി പാര്‍ത്തു തുടങ്ങിയത്. സുഹൃത്തുക്കളായ സുനിക്കും കൈമളിനും വരുണിനും ആദര്‍ശിനും ഒക്കെ പ്രണയബാധ (എല്ലാം വണ്‍-വേ ലൈന്‍ ആയിരുന്നു) ഉണ്ടായപ്പോഴും- ഒരു പെണ്ണിനെക്കുറിച്ചോര്‍ത്തു നടക്കുന്ന മണ്ടന്മാര്‍ എന്ന പുച്ഛമായിരുന്നു എന്‍റെ മനസ്സില്‍.

loveഎന്നാല്‍ കൂട്ടത്തില്‍ തെറ്റില്ലാത്ത പെണ്ണെങ്കിലും, എന്തേ ആരും അവളെ കാമുകിയാക്കാത്തൂ എന്ന കൌതുകമായിരുന്നു എനിക്ക് പാറു എന്ന പാര്‍വതിയോട്. കൈമളിന്റെ ഒന്നര ലൈനായ (അങ്ങോട്ട്‌ മുഴുവനും ഇങ്ങോട്ടു പാതിയും) ജിയയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പാറു. കൈമളിനു ജിയയോടു സംസാരിക്കാന്‍ തുണപോയിരുന്ന ഞാന്‍, തലകുനിച്ചു, പുസ്തകങ്ങള്‍ നെഞ്ചോടമര്‍ത്തി, മാലയിലെ ലോക്കറ്റില്‍ ഇടയ്ക്കിടയ്ക്ക് തെരുപ്പിടിച്ചു അല്പം പരുങ്ങലോടെ നടന്നിരുന്ന, എന്നും കുളിച്ചു കുളിപ്പിന്നല്‍ പിന്നിയ, അല്പം ചുരുണ്ട മുടിയുടെ അറ്റത് എന്നും കര്‍പ്പൂര തുളസിയില ചൂടി, എന്നും പാവാടയും ബ്ലൗസും ധരിച്ചു വന്നിരുന്ന പാറുവിനെ എങ്ങിനെയോ ശ്രദ്ധിച്ചു തുടങ്ങി.

കൈമളിനോട് ഞാന്‍ ചോദിച്ചു “കലപിലാ ചിലക്കുന്ന ജിയയെക്കാള്‍ നല്ലത് പാറുവല്ലേ, പിന്നെ നീയെന്താ അവളെ നോക്കാത്തത്” എന്ന്.

അവന്‍ പറഞ്ഞു “മനുഷ്യരെ നമുക്കു പ്രേമിക്കാം, ദേവിമാരെ ആരാധിക്കനല്ലേ പറ്റൂ…”. അങ്ങനെ ഞാനും ആരാധന തുടങ്ങി – എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലില്‍, ഏഴു തിരി വിളക്കു കത്തിച്ച്.

മഹേഷ്‌ എന്നാല്‍ ശിവന്‍, പാര്‍വതിയും ശിവനും … ഞാന്‍ വിഡ്ഢിത്തങ്ങള്‍ ചിന്തിച്ചുകൂട്ടി. പാറുവിന്റെ സാന്നിധ്യത്തില്‍ ഞാന്‍ എന്‍റെ ചിതറിയ കോലന്‍ മുടി ഒതുക്കിവെക്കാന്‍ ശ്രമിക്കുന്നതും, ബഹളം കൂട്ടി സംസാരിക്കാതെ മാന്യനാകുന്നതുമൊക്കെ ആദ്യം കണ്ടുപിടിച്ചത് ജിയയാണ്, അവളതു കൈമളിനോട് പറഞ്ഞു. കൈമള്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഞാന്‍ പ്രണയത്തിലാണെന്ന് ഒരിക്കലും, ആരോടും സമ്മതിച്ചില്ല. ഉഗ്രപ്രതാപിയായ അച്ഛന്റെ ചെവിയിലെങ്ങാനും മകന്‍ വായിനോക്കി നടക്കുന്നു എന്നാരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലുമുള്ള ധൈര്യമില്ലാത്തതിനാലാണോ, നാട്ടിലെ മര്യാദക്കാരനായ പയ്യന്‍ എന്ന ഇമേജ് പോകുമെന്ന ഭയത്താലാണോ, അതോ തുറന്നു പറഞ്ഞാല്‍ ഇപ്പോളുള്ള സൗഹൃദം കൂടി നഷ്ടമാകുമോ എന്ന ചിന്തയാലാണോ… അറിയില്ല, ഞാന്‍ എന്‍റെ പ്രണയത്തെ മനസ്സിന്റെ ഏറ്റവും ഉള്ളിലെ അറയില്‍ ഒരു നിധിപോലെ സൂക്ഷിച്ചു. എന്‍റെ തലയിണയെ ഞാന്‍ പാറു എന്നു വിളിച്ചു… ഓരോ രാവുകളിലും ചുംബനങ്ങള്‍ കൊണ്ടു മൂടി, കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…

പത്താംക്ലാസ്സിലായിരുന്നതിനാല്‍ മിക്കവാറും  ശനിയാഴ്ചകളില്‍ ഉച്ചവരെയുണ്ടായിരുന്ന സ്പെഷ്യല്‍ ക്ലാസുകള്‍  അവളെ ഒരുനോക്കു കാണാമെന്ന കാരണത്താല്‍ അഭിമതമായി മാറി. പഠിച്ചൊരു ജോലി എത്രയും പെട്ടെന്നു വാങ്ങിയാലെ അവളെ സ്വന്തമാക്കുന്നകാര്യം ചിന്തിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം ബോറന്‍ ക്ലാസ്സുകലോടുള്ള എന്‍റെ വെറുപ്പുകുറച്ചു. പെണ്‍കുട്ടികളെ ഇരുപതിലും ഇരുപത്തിരണ്ടിലുമൊക്കെയും, ആണ്‍കുട്ടികള്‍ 27 ലും 30 ലും ഒക്കെയും വിവാഹം ചെയ്യിക്കുന്ന നാട്ടുനടപ്പിനെ ഞാന്‍ ശപിച്ചു.

ഞായറാഴ്ചകളായിരുന്നു അസഹ്യം- എങ്ങിനെ അവളെ ഒരുനോക്കുകാണുമെന്നത് ഒരു പ്രശ്നമായി. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടല്ലോ. പാര്‍വതിയെ കാണാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെ തുണ. ഞങ്ങളുടെ നാട്ടിലെ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് അവളുടെ വീട്. ശിവരാത്രി ദിവസം പോലും അമ്പലത്തില്‍ പോകാത്ത ഞാന്‍ പെട്ടെന്നു ഭക്തനായി. എല്ലാ ഞായറാഴ്ചകളിലും നെറുകയില്‍ വെയില്‍ വീഴുന്നതുവരെ കിടന്നുറങ്ങിയിരുന്ന ഞാന്‍, ആരും വിളിക്കാതെ രാവിലെ എഴുന്നേറ്റു കുളിച്ചു ശുഭ്രവസ്ത്രം ധരിച്ചു, മുടങ്ങാതെ ശിവക്ഷേത്രത്തില്‍ പോയിത്തുടങ്ങി. എന്താ പതിവില്ലാത്തൊരു ഭക്തിമാര്‍ഗമെന്നു എന്‍റെ അമ്മ അത്ഭുതപ്പെട്ടു.

അച്ഛന്‍ പറഞ്ഞു “പത്താം ക്ലാസ്സിലല്ലേ ഭക്തിയൊക്കെ താനേ വരും. എന്തായാലും നല്ല കാര്യം”.
ഞാന്‍ തിരുത്താന്‍ ശ്രമിച്ചില്ല – അതങ്ങനെയിരിക്കട്ടെ.

അവളുടെ വീടിനരികിലേക്കെത്തുന്നത് ഒരു വളവു തിരിഞ്ഞു കഴിഞ്ഞാണ്. അതുകൊണ്ട് വീടിനടുത്തെത്തുമ്പോള്‍  ബെല്ലടിക്കുന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല- ഭാഗ്യം. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ വീടിനടുത്തുകൂടി സ്ഥിരമായി സൈക്കിള്‍ ബെല്ലടിക്കുന്നവര്‍ക്ക് സംഭവിച്ചിട്ടുള്ളതൊക്കെ എനിക്കും സംഭവിച്ചേനെ. അവളുടെ അച്ഛനും ചേട്ടനും നല്ല ആരോഗ്യവുമുണ്ട്. വളവു തിരിഞ്ഞു ചെല്ലുന്നിടത്ത്, അവളുടെ പറമ്പിന്റെ അരികില്‍ ഉടനീളം മഞ്ഞഇല്ലി നട്ടിരിക്കുകയാണ് – റോഡിന്‍റെ എതിര്‍വശത്തു താമസിക്കുന്നവരില്‍ ഒരാളുടെ നാള്‍ ആയില്യം ആണത്രേ – അയല്‍ദോഷപരിഹാരം… എന്‍റെ ബെല്ലടി കേള്‍ക്കുമ്പോള്‍ അവള്‍ ഇറങ്ങി വന്നിരുന്നു-മഞ്ഞ ഇല്ലികല്‍ക്കിടയിലൂടെ… മിക്കവാറും ദിവസങ്ങളില്‍ കൈയ്യിലൊരു ടൂത്ത്ബ്രുഷുമായാവും വരവ് – പറമ്പില്‍ കൂടി നടന്നു പല്ലു തേക്കുന്ന ഭാവത്തില്‍… മുട്ടോളമെത്തുന്ന പാവാടയും ജാക്കറ്റും ഇട്ടു, മുടി അലസമായി ഉരുട്ടിക്കെട്ടിവെച്ച്…

സൈക്കിളിന്‍റെ വേഗത കുറച്ചു ഞാന്‍ എന്തെങ്കിലും ചോദിക്കും, അവള്‍ മറുപടിയും പറയും. അമ്പലത്തിലേക്ക് പോകുമ്പോഴും വരുമ്പോഴും ഒരോ നിമിഷക്കാഴ്ചകള്‍… അതിനായാണ് ഈ കഷ്ടപ്പാടു മുഴുവനും.

അങ്ങനെയങ്ങനെ ഞങ്ങള്‍ SSLC പാസ്സായി, അന്നു പ്ലസ്‌ടു സിസ്റ്റം അത്ര പ്രബലമല്ല. അവിടിവിടെ ഓരോ ഗവന്മേന്റ്റ്ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ ഉണ്ട്. മാര്‍ക്ക് കുറഞ്ഞ, കോളേജില്‍ അഡ്മിഷന്‍ കിട്ടാത്ത കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങള്‍. ചുരുക്കി പറഞ്ഞാല്‍ അന്നൊക്കെ പത്താം ക്ലാസ്സോടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു, വര്‍ണപ്പകിട്ടേറിയ കോളേജ് ജീവിതം തുടങ്ങി – പ്രീഡിഗ്രീ എന്നപേരില്‍. കണക്കില്‍ സ്കൂളിലെ മിടുക്കനായിരുന്ന ഞാന്‍ ഫസ്റ്റ്ഗ്രൂപ്പ്‌ എടുത്തു. അത്രയൊന്നും മാര്‍ക്കില്ലാതിരുന്ന അവള്‍ തേര്‍ഡ് ഗ്രൂപ്പും. എനിക്കു സന്തോഷം തോന്നി. കുറഞ്ഞപക്ഷം അവള്‍ എന്‍റെ കോളേജില്‍ തന്നെ ഉണ്ടല്ലോ. കുറച്ചുകൂടി മാര്‍ക്ക് കുറഞ്ഞു നാട്ടിലെ പ്രതിഭയില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന പ്രതിഭാ കോളേജിലെക്കെങ്ങാനും അവള്‍ പോയിരുന്നെങ്കില്‍ എന്തു ചെയ്തേനേ… നന്ദി ശിവനെ.

NBകോളേജ് എന്‍റെ രീതികളിലും മാറ്റങ്ങള്‍ വരുത്തി. പതിനാലാം വയസില്‍ 5 അടി 10 ഇഞ്ചിലെത്തിയ എന്‍റെ മെലിഞ്ഞു നീണ്ട ശരീരത്തെ ഞാന്‍ കോളേജ് ജിംനേഷ്യത്തില്‍ പോയി ഭംഗിയുള്ളതാക്കി. നിറയെ എണ്ണ വെച്ചു ഒട്ടിച്ചു വകഞ്ഞു ചീകി വെച്ചിരുന്ന എന്‍റെ മുടിയില്‍ ക്ലിനിക്‌ ആക്ടിവ് ക്രീം പുരട്ടി ഹെയര്‍ സ്റ്റൈല്‍ മാറ്റി. ചുളുങ്ങിയ ഷര്‍ട്ടും മുണ്ടുമായി സ്കൂളില്‍ പോയിരുന്ന ഞാന്‍ ഇസ്തിരിയിട്ട വസ്ത്രം ധരിച്ചു തുടങ്ങി, മുണ്ടില്‍ നിന്നും ജീന്‍സിലേക്ക് മാറി, ഷര്‍ട്ട്‌ ഇന്‍സെര്‍ട്ട്  ചെയ്തു, വള്ളിചെരുപ്പില്‍ നിന്നു പ്ലാസ്റ്റിക്‌/ലെതര്‍ ചെരുപ്പിലെക്കും ഷൂസിലേക്കും ഞാന്‍ വളര്‍ന്നു. ഒരിക്കലും എന്‍റെ മുഖത്തേക്ക് ഒഴുകിയിറങ്ങിയ എണ്ണയെ ഗൌനിക്കാതിരുന്ന ഞാന്‍ ക്രീമുകളും പൌഡറുകളും ഉപയോഗിച്ചു തുടങ്ങി. മീശയുടെ കറവലിനെ കറുത്ത റീഫില്‍ ഉപയോഗിച്ചു കൂടുതല്‍ കറുപ്പിച്ചു. ഇങ്ങോട്ടു ക്രഷ് തോന്നിയ പെണ്‍കുട്ടികളുടെ എണ്ണം എന്‍റെ ആത്മവിശ്വാസം കൂട്ടി. ഭാമയെയും നിത്യമേനോനെയും വെല്ലുന്ന സുന്ദരികള്‍ എന്നോട് അടുത്തു. പക്ഷെ എനിക്ക് എന്‍റെ സുമലതയെ മതിയായിരുന്നു…

sumalathaഎങ്കിലും അപ്പോഴും തുറന്നു ചോദിക്കാനുള്ള ഭയം എന്നെ വിട്ടിരുന്നില്ല… അങ്ങനെ രണ്ടാം വര്‍ഷമായി. ഇനിയും താമസിച്ചാല്‍ അവള്‍ മറ്റാരുടെതെങ്കിലുമായിപ്പോകുമോ എന്നു ഞാന്‍ ഭയന്നു. അവളുടെ ക്ലാസ്സിലെ ഹാരിസ് എന്‍റെ സുഹൃത്തും കൂടെ NCC യില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നയാളുമാണ്. അവനാണെങ്കില്‍ കോളേജിലെ ഞങ്ങളുടെ ബാച്ചിലെ ലവ്ഗുരുവും. അതിസുന്ദരന്‍, ആര്‍ക്ക് എന്തു പ്രണയ സഹായവും ചെയ്തു കൊടുക്കുന്ന വിശാല മനസ്കന്‍. ലഞ്ച് ബ്രേക്ക്‌ സമയത്ത് മിനിമം 15 പെണ്‍കുട്ടികള്‍ ചുറ്റിനും കൂടി അവന്‍റെ വീരകഥകള്‍ കേള്‍ക്കുന്നത് കാണാം. അവസാനം അവന്‍റെ സഹായം തേടി.

അവന്‍ പറഞ്ഞു “അളിയാ, താമസിപ്പിക്കണ്ട അടുത്ത ആഴ്ച കോളേജ് ഡേ ആണ് അന്നു തന്നെ പറഞ്ഞോ. ഫങ്ക്ഷന്‍ ഉള്ള ദിവസം പെണ്പിള്ളേരോട് സംസാരിക്കാന്‍ കടുവയെ (പ്രിന്‍സിപ്പാള്‍) പേടിക്കണ്ട. അളിയന്‍ പഞ്ചാര മുക്കില്‍ വെച്ചു കാര്യം കബൂറാക്കിക്കോ… പാറുവിനെ ഒരാള്‍ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്ന് ഞാന്‍ അവള്‍ക്കൊരു ഹിന്റു കൊടുത്തേക്കാം. ബാക്കിയൊക്കെ അളിയന്റെ ധൈര്യം, പ്രസന്റേഷന്‍ ഒക്കെ പോലിരിക്കും…”
ഞാനൊന്നു വലിഞ്ഞു “മച്ചമ്പീ, അവളു നോ പറയുമോടെ ? അവളു നോ പറഞ്ഞാല്‍ അതെനിക്ക് …”
“നിനക്ക് കോപ്പാ …” അവന്‍ എന്നെ ചീത്തവിളിച്ചു “എടാ ഒന്നുമല്ലെങ്കിലും ഒരു തീരുമാനം ആകുമല്ലോ… ഇത്രേം പെമ്പിള്ളെരുടെ സ്വപ്ന നായകന് ഒരു ആവറേജ് ലുക്കിംഗ് നാടന്‍ പെണ്ണിനെ വളക്കാന്‍ പറ്റില്ലെങ്കില്‍ പോയി ചാകെടാ… ഇതാ ഹിന്ദിപ്പാട്ടില്‍ പറയുന്നതു പോലെ – ദുനിയാ ഹേ മേരേ പീച്ചേ, ലേകിന്‍ മേ തേരേ പീച്ചേ … എന്തുവാടെ ഇത്…”

My College
ഒരുപാട് ഓര്‍മ്മകളിലുള്ള എന്‍റെ കലാലയം….

അങ്ങനെ ഹാരിസ് അവളുടെ അടുത്തു പോയി പറഞ്ഞു “ഒരാള്‍ തന്നെ വര്‍ഷങ്ങളായി ഇഷ്ടപ്പെടുന്നു, താന്‍ നോ പറയുമോ എന്നു പേടിച്ചു തന്നോടു പറയാതിരിക്കുന്നതാ…”
അവള്‍ അപ്പോള്‍ ഒന്നും മിണ്ടിയില്ല… വൈകിട്ട് ക്ലാസ്സില്‍ നിന്നിറങ്ങാന്‍ നേരം “ആരാ അത് ഹാരിസ്” എന്നു ചോദിച്ചു.
അവന്‍ പറഞ്ഞില്ല അടുത്ത ഒരാഴ്ച മുഴുവല്‍ അവന്‍ അവളെ വട്ടു കളിപ്പിച്ചു. ആരെന്നറിയാനുള്ള ജിജ്ഞാസ അവളുടെ ഉള്ളിലും വളര്‍ന്നു… അവസാനം അവന്‍ പറഞ്ഞു “വെള്ളിയാഴ്ച കോളേജ് ഡേ അല്ലെ ഒന്നരക്ക് പഞ്ചാരമുക്കില്‍ വരാന്‍ ഞാന്‍ അവനോടു പറയാം, ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സീനുണ്ടാക്കരുത്…”
അവള്‍ സമ്മതിച്ചു…
അങ്ങനെ ആ ദിനമെത്തി, ഞാന്‍ ഒരു പരിപാടിക്കും പങ്കെടുത്തില്ല, ഒന്നും കാണാന്‍പോലും പോയതുമില്ല.. സ്പോര്‍ട്സ് റൂമില്‍ തെരാ പാരാ നടന്നു… ഒരുമണിയായപ്പോള്‍ പഞ്ചാരമുക്കിലെത്തി. ഒന്നു പത്തായപ്പോള്‍ ദാ വരുന്നു നായിക – മഞ്ഞ നിറത്തിലുള്ള വലിയ പാവാടയും ബ്ലൌസുമിട്ടു, പഴയതുപോലെതന്നെ കുളിപ്പിന്നല്‍ പിന്നി, തുളസിക്കതിരും ചൂടി – എന്‍റെ സുമലത…
ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ചെന്നു “പാറു എന്താ ഇവിടെ? ആരെ എങ്കിലും വെയിറ്റ് ചെയ്യുവാണോ ?”
“ഏയ്‌ അല്ല.. കാന്റീനിലേക്ക് പോകുന്ന വഴിയാ.”
“ഞാനും കാന്റീനിലേക്കാ, താന്‍ വാ …”
“ഇല്ല മഹേഷ്‌ പൊക്കോ, എനിക്ക് ഒരാളേ കാണാനുണ്ട്…”
“ആര് ?”
“…” അവള്‍ ഒന്നും മിണ്ടിയില്ല, തലകുനിച്ചു നിന്നു. കളിപ്പിച്ചത് മതി എന്നു ഞാനും കരുതി.
ധൈര്യം സംഭരിച്ചു ചോദിച്ചു “ഹാരിസ് എന്തെങ്കിലും പറഞ്ഞോ …?”
“ഏഹ് …” ഒരു ഞെട്ടലോടെ അവള്‍ എന്നെ നോക്കി, സന്തോഷമാണോ, അമ്പരപ്പാണോ എന്നൊന്നും പറയാനാവാത്ത ഒരു ഭാവം ആ മുഖത്തു നിറഞ്ഞിരുന്നു. ഒറ്റ നിമിഷം കൊണ്ടു മുഖം മുഴുവന്‍ ചുവന്നു തുടുത്ത്…
“ക്ലാസ്സ്‌ കഴിയാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ, ഞാന്‍ എന്‍റെ ഓട്ടോഗ്രാഫ് തരാം അതില്‍ ഡിയര്‍ മഹേഷ്‌ എന്നെഴുതിയാല്‍ ഞാന്‍ കരുതും എന്നെ ഇഷ്ടമാണെന്ന്. വെറുതെ മഹേഷ്‌ എന്നെഴുതിയാല്‍ ഇഷ്ടമല്ല എന്നും… ഇത് രണ്ടര വര്‍ഷമായി മനസ്സില്‍ കൊണ്ടു നടക്കുന്നു…”
എന്‍റെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി അവള്‍ നടന്നു… അല്ല ഓടി.
“അളിയാ എന്തായീ ?” ഹാരിസ് ആണ്.
“എന്താവാന്‍, ഞാന്‍ ഓട്ടോഗ്രാഫ് കൊടുത്തു വിട്ടിട്ടുണ്ട്.” ഞാന്‍ പറഞ്ഞു…
“എടാ അവള്‍ ഓക്കേ ആണ് ഉറപ്പ്, അല്ലെങ്കില്‍ അവള്‍ ആ ഓട്ടോഗ്രാഫ് വാങ്ങില്ല.” അവന്‍ പറഞ്ഞു…
“നോക്കാം”… ഞാന്‍ ചിരിച്ചു.
വൈകുന്നേരം അവള്‍ ഹാരിസിന്റെ കൈയ്യില്‍ ഓട്ടോഗ്രാഫ് കൊടുത്തുവിട്ടു. അവന്‍റെ മുഖത്ത് ആകെ കണ്‍ഫ്യൂഷന്‍.
“എടാ പലതരം പെണ്ണുങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട് വളച്ചിട്ടുമുണ്ട്. പെണ്ണുങ്ങളുടെ മനശാസ്ത്രം എനിക്കു കാണാപ്പാഠമാനിന്നായിരുന്നു എന്‍റെ വിചാരം. ഇത് വേറൊരു താരമാ…”
“എന്താടാ, യെസ് ഓര്‍ നോ, എന്താ മറുപടി?” ഞാന്‍ ചോദിച്ചു…
“അതാണ് പ്രശ്നം…” അവന്‍ ഒട്ടൊഗ്രാഫ് എന്‍റെ കൈയില്‍ തന്നു…
അതിന്‍റെ മുപ്പത്തിയേഴാം പേജില്‍ ഇങ്ങനെ എഴുതിയിരുന്നു
“To Mahesh,
Best of Luck for the Future …
– Parvathi ”

*****

P.S. : ഈ കഥ നടക്കുന്നത് 1990-കളിലാണ്. അന്നു മൊബൈല്‍ ഫോണ്‍ ഇല്ല. ലാന്‍ഡ്‌ ഫോണിനു അപ്ലൈ ചെയ്ത് 5-6 വര്‍ഷം കാത്തിരിക്കണം. ആശയ വിനിമയം ഒരു ചിരി, സൈക്കിള്‍ ബെല്‍, ഒരു നോട്ടം എന്നിവയിലൊക്കെ ഒതുങ്ങിയിരുന്നു. ലൈഫ് കുറേകൂടി വേഗത കുറഞ്ഞതായിരുന്നു. ബന്ധങ്ങളില്‍ ആത്മാര്‍ഥത ഏറെയായിരുന്നു, ഗ്രാമ വിശുദ്ധിയും…

പഞ്ചാരമുക്ക്: ഞങ്ങളുടെ കോളേജിലെ രണ്ടു ബ്ലോക്കുകള്‍ ചേരുന്ന ഒരു നാല്‍ക്കവല- നാല് ഇടനാഴികള്‍ അവിടെ സന്ധിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം കാണാന്‍ അവസരമൊരുക്കുന്ന സ്ഥലം – വായിനോട്ടത്തിനും…

ബന്ധപ്പെട്ട ലിങ്കുകള്‍

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)

മുംബൈയിലെ റിക്ഷാക്കാരന്‍

Mumbaiകഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ 8/Nov/2013 അര്‍ദ്ധരാത്രി 12:10 am ന് ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വഴിയായിരുന്നു. നേരിട്ടുള്ള ഫ്ലൈറ്റ് കിട്ടിയില്ല. മുംബൈയില്‍ നിന്നും കൊച്ചിക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് 5:50 am ന് ആണ്. 5:00 am നുശേഷം ചെക്കിന്‍ ചെയ്താല്‍ മതി. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സഹയാത്രികന്‍. അവന്‍റെ സുഹൃത്ത് – മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി – ഞങ്ങള്‍ മുംബൈ വഴി കടന്നുപോകുന്നതറിഞ്ഞു കാണാനെത്തിയിരുന്നു. ഏകദേശം 1:00 am ന് അദ്ദേഹം സ്ഥലത്തെത്തി. ഞങ്ങള്‍ മൂന്നുപേരും കൂടി ഓരോ ചായയും വാങ്ങി എയര്‍പോര്‍ട്ടിലെ ആഗമന വിഭാഗത്തില്‍ ഇരുന്നു. വല്ലപ്പോഴും ഏതെങ്കിലും ഫ്ലൈറ്റ് വരുമ്പോഴുള്ള തിരക്കൊഴിച്ചാല്‍ തികച്ചും വിജനമായിരുന്നു ആ സമയത്ത് ആ സ്ഥലം. ആദ്യ പരിചയപ്പെടലിനുശേഷം എന്‍റെ സുഹൃത്തിന്റെ സുഹൃത്തിനും എനിക്കും പൊതുവായി ഒന്നും സംസാരിക്കാനില്ലായിരുന്നു. മറ്റു രണ്ടുപേരെയും സംസാരിക്കാന്‍ വിട്ടു ഞാന്‍ പതുക്കെ എയര്‍പോര്‍ട്ടിന്റെ വെളിയിലെ പിക്ക്-അപ്പ്‌ ഏരിയയിലേക്ക് നടന്നു. വിവിധ വിമാനങ്ങളില്‍ എത്തുന്നവരെ പിക്ക് ചെയ്യാനെത്തുന്ന ആളുകള്‍, പ്രീ-പെയ്ഡ് ടാക്സികള്‍, സിറ്റി ടാക്സികള്‍, ഓട്ടോറിക്ഷാകള്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന എയര്‍ലൈന്‍ ജീവനക്കാര്‍, പരസ്യമായി ഫ്രഞ്ച്കിസ്സ്‌ ചെയ്യുന്ന കാമുകീ-കാമുകന്മാര്‍, അതി സുന്ദരികളായ മോഡലുകള്‍/സിനിമാ നടികള്‍, ഏതോ അതിസമ്പന്നനെ സ്വീകരിക്കാന്‍ വെയിറ്റ് ചെയ്യുന്ന സില്‍വര്‍ കളര്‍ ബെന്റ്ലി മുല്‍സയ്ന്‍  കാര്‍… അങ്ങനെ പലപല കാഴ്ചകള്‍.
“കിധര്‍ ജാനാ ഹൈ, സാബ്?” ഒരു ശബ്ദം…
ഞാന്‍ ആ ചോദ്യം അവഗണിച്ചു…
“സാബ്ജി, ആപ് കോ പിക്ക് കര്‍നെ കേലിയെ കോയി ആയേഗാ?”
“നഹി…” ഞാന്‍ മറുപടി പറഞ്ഞു.
“ഹമാരേ സാഥ് ആയിയേ സാബ്, കിധര്‍ ജാനാ ഹൈ ആപ്കോ?”
ഞാന്‍ അപ്പോളാണ് അയാളെ ശരിക്കും ശ്രദ്ധിച്ചത്. അധികം പൊക്കമില്ലാത്ത മെല്ലിച്ച, മീശയും താടിയും ഇല്ലാത്ത ചെറിയ, കട്ടിയില്ലാത്ത രണ്ടു ദിവസത്തെ വളര്‍ച്ചയുള്ള കുറ്റിത്താടി അങ്ങിങ്ങു പറ്റി നില്‍ക്കുന്ന മുഖമുള്ള, ഇരുനിറമുള്ള ഒരു മനുഷ്യന്‍. 25 നും 30 നും മദ്ധ്യേ പ്രായം പറയും. അപ്പോള്‍ ചവക്കുന്നില്ല എങ്കിലും സ്ഥിരമായി മുറുക്കുന്ന ആളാണെന്നു ചുണ്ടുകള്‍ പറയുന്നു. കൂര്‍ത്ത മുഖം. നീണ്ട, ഉള്ളുള്ള, കനം കുറഞ്ഞ, എണ്ണ വെക്കാത്ത ചിതറിക്കിടക്കുന്ന മുടിയിഴകള്‍ വീണുകിടക്കുന്ന വലിയ നെറ്റി.  അല്പം കലങ്ങിയ കുടിലത നിഴലിക്കുന്ന ചെറിയ കണ്ണുകള്‍. നീണ്ടു കൂര്‍ത്ത മൂക്ക്, ഒട്ടിയ കവിളുകള്‍, മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ശരീരം…
ഞാന്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു.
“ആപ് മദ്രാസി ഹൈ?”
“നഹി… കേരള്‍ സെ ആത്താ ഹും…” ഞാന്‍ പറഞ്ഞു.
“അരേ, വോഹി, വോഹി, കേരള്‍ കി രഹനെ വാലാ തോ, മദ്രാസി ഹൈ നാ? ക്യാ ഫരക് ഹൈ?”
“ബോഹത് ഫരക് ഹൈ ഭായ്, ആപ് ജായിയെ…” എന്നെ മദ്രാസി എന്നു വിളിച്ചത് എനിക്കിഷ്ടപ്പെട്ടില്ല.
അയാള്‍ അല്പം ചിന്താകുഴപ്പത്തില്‍ ആയി എന്നു തോന്നി.
“മുംബൈ മേം പെഹലെ ബാര്‍ ആയാ ഹൈ?”
“നഹി… ദോ-തീന്‍ സാല്‍ മേം യഹാം ഹി ഥാ.” ഞാന്‍ പറഞ്ഞു.

“കിധര്‍ ?” അയാള്‍ക്ക്‌ എല്ലാം അറിയണം.

“വര്‍ളി മേം സ്റ്റേ കര്‍കെ ദാദര്‍ മേം കാം കിയാ ഥാ ?” ഞാന്‍ മറുപടി പറഞ്ഞു.
“അഛാ, തോ ആപ്കോ ജാന്‍താ ഹൈ, യെ സിറ്റി ?”
“ജി…”
“കിസ്കോ വെയിറ്റ് കര്‍ രഹാ ഹൈ ആപ് ?” വിടുന്ന ലക്ഷണം ഇല്ല.
“കണക്ഷന്‍ ഫ്ലൈറ്റ് കോ. ദില്ലി സെ കൊച്ചി ജാ രഹാ ഹും.” ഞാന്‍ ശാന്തമായി മറുപടി പറഞ്ഞു.
“ഫ്ലൈറ്റ് കബ് ആയേഗാ?” അടുത്ത ചോദ്യം.
“സാടെ പാഞ്ച് ബജേ.”
“അരേ വാ, അഭി തോ ദോ ബജേ ഹൈ. ഏക്‌ ബാര്‍ ഖൂം കര്‍നെ കേലിയെ കാഫി ടൈം ബാകി ഹൈ സാബ്. ആയിയേനാ …” അയാള്‍ക്കൊരു പിടിവള്ളി കിട്ടിയ സന്തോഷം…
ഞാന്‍ ചിരിച്ചു “അഭി, യെ രാത് ദോ ബജേ മേം കിധര്‍ ജാനാ ഹൈ…?”
“വോ തോ ഹൈ സാബ്…” അയാള്‍ ചിരിച്ചു “ഗേറ്റ് വേ ഓഫ് ഇന്ത്യ, ആപ്കോ ദാരൂ പീനാ ഹൈ തോ ബാര്‍, ഓര്‍ ഡാന്‍സ് ബാര്‍, … ഓര്‍ …”
“ഡാന്‍സ് ബാര്‍ – വോ തോ പ്രോഹിബിറ്റ് കിയാ ഥാ നാ? അഭി ഭി ഹൈ?” ഞാന്‍ ചോദിച്ചു.
“അരേ സാബ്, യേ മുംബൈ ഹൈ മുംബൈ. കുച്ച് ഭി ഹോ സക്താ ഹൈ… ആപ് കോ ദേഖ്നാ ഹൈ തോ, മേരെ സാഥ് ആയിയേ. ചാര്‍ ബജേ മേം വാപാസ് ആയേഗാ… ദോ ഖംടെ കാഫി ഹൈ…” അയാളുടെ കണ്ണുകളില്‍ ഒരു മിന്നല്‍ ഞാന്‍ കണ്ടു.
“മുജ്സെ കിധര്‍ ഭി നഹി ജാനാ ഹൈ ഭായ്, ആപ് ജായിയെ” ഞാന്‍ പറഞ്ഞു.
“ഓര്‍ ഭി പ്ലേസ് ഹൈ, ആപ് കോ interest ഹൈ തോ …” ഒരു വഷളന്റെ ചിരി – അയാള്‍ ലാസ്റ്റ് കാര്‍ഡും ഇറക്കി.
“ക്യോം ? മുച്ചേ ദേഖ് കര്‍ ആപ് കോ ഐസേ ആദ്മി ലഗ്താ ഹൈ ക്യാ??” ഞാന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
നാലഞ്ചു സെക്കന്റ്‌ അയാള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി നിന്നു … പിന്നെ തല താഴ്ത്തി…
“നഹി സാബ്… മാഫ് കീജിയെ…” മുഖമുയര്‍ത്തി കണ്ണുകള്‍ താഴ്ത്തി അയാള്‍ പറഞ്ഞു.

ഒന്നു രണ്ടു നിമിഷം അയാള്‍ ഒന്നും മിണ്ടിയില്ല… ഞാനും.

“ആപ് അകേലാ ഹൈ…?” ഇത്തവണ ഒരു ബിസിനസ്‌ പിടിക്കാനുള്ള ത്വര വാക്കുകളില്‍ ഇല്ലായിരുന്നു.
“നഹി, മേരെ സാഥ് ദോ സാഥിയോം ഭി ഹൈ…” ഞാന്‍ മറുപടി പറഞ്ഞു.
“വോ ലോഗ് ഹൈ?” എന്‍റെ സുഹൃത്തുക്കള്‍ക്ക് നേരെ കൈ ചൂണ്ടി ചോദിച്ചു.
“ജീ…” ഞാന്‍ തലയാട്ടി.
“അഗര്‍ വോ ലോഗ് ഭി ആയേഗാ തോ ആപ് മേരെ സാഥ് ആയേഗാ?” വീണ്ടും ഒരു ശ്രമം…
ഞാന്‍ ഉറക്കെ ചിരിച്ചു “അരേ ഭായ്, മേനേ കഹാ ഥാ നാ, not interested… മുഛെ ച്ചോടോ …”
“ഏക്‌ മിനിറ്റ് സാബ്…” അയാള്‍ എന്നെ വിട്ട് എന്‍റെ സുഹൃത്തുക്കള്‍ക്കു നേരെ വേഗത്തില്‍ നടന്നു. അവരുടെ അടുത്ത് ചെന്ന് എന്തോ ചോദിച്ചു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഞങ്ങളുടെ സുഹൃത്ത് എന്തോ പറഞ്ഞു. അതുകേട്ട് എന്‍റെ സുഹൃത്ത് ഉറക്കെ ചിരിച്ചു. ചോദിക്കാന്‍ പോയ ആള്‍ പോയതിന്റെ ഇരട്ടി വേഗതയില്‍ തിരിച്ചുപോന്നു… തിരികെ എന്‍റെ അടുത്തുകൂടി കടന്നു പോയ അയാള്‍ എന്‍റെ നേരെ ഒന്നു നോക്കിയതുപോലുമില്ല… ആലുവാ മണപ്പുറത്ത് ശിവരാത്രി നാള്‍ കണ്ട പരിചയം പോലും കാണിക്കാതെ അയാള്‍ എന്നെ കടന്നു പോയി.
“എന്താ ആയാള്‍ ചോദിച്ചത് ?” ഞാന്‍ എന്‍റെ സുഹൃത്തുക്കളോട് ചോദിച്ചു…
“പാതിരാത്രി കറങ്ങാന്‍ പോകാന്‍… പിന്നേ ഭ്രാന്തല്ലേ ?” എന്‍റെ സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
“മാഷെന്താ അയാളോട് പറഞ്ഞത്?” ഞാന്‍ മുംബൈ വാലാ സുഹൃത്തിനോട്‌ ചോദിച്ചു…
അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല, രണ്ടുകണ്ണും ഒരുമിച്ച് ഒന്നിറുക്കി ഉറക്കെ ചിരിച്ചു… കൂടെ ഞങ്ങളും.

മറ്റാരുമായും ബന്ധമില്ലാത്ത ഒരു കഥ …

നാട്ടിലെ പ്രമുഖ കുടിയന്മാരും തല്ലുകൊള്ളികളുമായിരുന്നു രാഘവനും സോമനും. സ്വന്തം പിതാവിനെക്കൊണ്ട് ഒരു ഗുണവും ഇല്ലായിരുന്നിട്ടും സോമന്റെ മകൻ രാമൻ കഷ്ടപ്പെട്ട് നല്ല നിലയിലായി, മാന്യനായി ജീവിച്ചു സൽപ്പേരുണ്ടാക്കി. കാലങ്ങൾ കഴിഞ്ഞു സോമനും രാഘവനും മരിച്ചു. രാമന്റെ മകളുടെ കല്യാണത്തിന് രാഘവന്റെ മകൻ രഘുവും ക്ഷണിക്കപ്പെട്ടിരുന്നു, കല്യാണ ദിവസം രഘു അടിച്ചു പാമ്പായി മാന്യരായ അതിഥികളുടെയൊക്കെ മുൻപിൽ വെച്ചു …
“എടാ രാമാ, പണ്ട് എന്റെ തന്തയും നിന്റെ തന്തയും കൂടെ തെക്കേലെ ദാക്ഷായണി ….#@$*&്# യുടെ അടുത്ത് #@!₹%ക്കാൻ പോകാറില്ലായിരുന്നോ? അന്ന്, നമ്മുടെ ചെറുപ്പത്തിൽ ദാക്ഷായണിക്ക് ഒരു മോളില്ലരുന്നോ ? ആ കെട്ടി തൂങ്ങി ചത്ത ദേവകി അവൾക്കു നിന്റെ മോളുടെ നല്ല ഷേപ്പ് … അപ്പൊ അവളാരാ … “
ഇങ്ങനെ അങ്ങു തുടങ്ങി…
രാമൻ രഘുവിനെ ഒതുക്കത്തിൽ സ്ഥലത്തുനിന്നും ഒഴിവാക്കാൻ ശ്രമിച്ചു.
“നീയെന്നെ വിളിച്ചു വരുത്തി അപമാനിക്കുന്നോടാ ^*#@% … ഒരു മാന്യൻ വന്നിരിക്കുന്നു നിന്റെ അപ്പന്റെ ഗുണം ഈ നാട്ടുകാർക്കെല്ലാം അറിയാം …” എന്നായി രഘു…
കേട്ടു മടുത്തപ്പോൾ നാട്ടിലെ ആരാധ്യനായ ചാക്കോ മാഷ് രഘുവിനോട് “നീ നിന്റെ അപ്പനേപ്പോലെ വിവരക്കേട് പറയരുത്” എന്നു പറഞ്ഞു…
അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടല്ലോ.
അതു കേട്ട് രഘുവിന്റെ ഒരു സുഹൃത്ത് “മാഷ്‌ രഘുവിന്റെ തന്തക്കു പറഞ്ഞത് ശരിയായില്ല” എന്നുപറഞ്ഞ് മാഷിനോട് ഏറ്റുപിടിച്ചു.
“മാഷിനോടെനിക്ക് വളരെ ബഹുമാനമുണ്ട്, മാഷ് എന്റെ തന്തക്കു പറഞ്ഞതിൽ എനിക്ക് വിഷമമില്ല” എന്ന് രഘു വിളിച്ചു കൂവി.
നാട്ടിലെ മാന്യന്മാരായ ആളുകൾ ഇടപെട്ടു രഘുവിനെ മാറ്റി. കെട്ടെറങ്ങിയപ്പോൾ രഘു പറഞ്ഞു. “എന്റെ പറച്ചിലുകൾ ആരെയും തൃപ്തിപ്പെടുത്താനോ, ആരെയെങ്കിലും പ്രകോപിപ്പിക്കാനോ വേണ്ടിയല്ല. അത് എന്റെ നിലപാടുകളാണ്. കേവലമായ നേട്ടങ്ങൾക്കോ, വിവാദങ്ങൾക്കോ വേണ്ടി പറയുക എന്നത് എന്റെ രീതിയുമല്ല. മുഖത്ത് നോക്കി പറയുക എന്നുള്ളത് സത്യസന്ധതയുടെ ലക്ഷണമാണ്. അതുകൊണ്ടാണ് ഞാൻ അവനോടത് പറഞ്ഞത്.
പിന്നീട് നാട്ടുകാർ ഇത് സംസാര വിഷയമാക്കി “രഘു നിഷ്കളങ്കനായതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്, പലർക്കും പണ്ടേ തോന്നിയിട്ടുണ്ട് രാമന്റെ മകളും ദേവകിയും ആയി ഒരു മുഖസാമ്യം” എന്ന് ഒരുവിഭാഗവും,
“കാര്യം ശരിയായിരിക്കാം എന്നാലും പബ്ലിക്കായി പറയാമോ? അവനു നല്ല തല്ലു കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്” എന്ന് മറുവിഭാഗവും പറഞ്ഞു. എന്നാൽ മറ്റുചില ആളുകൾക്ക് ദേവകിയും രാമന്റെ മകളുമായി ഒരു സാമ്യവും ഒരിക്കലും തോന്നിയിരുന്നില്ല.
*****

പ്രശ്നം ഇതാണ് തോന്നുന്നതെല്ലാം എവിടെയും വിളിച്ചു പറയാമോ? നിഷ്കളങ്കതയുടെയോ വിവരക്കേടിന്റെയോ മുഖംമൂടി അണിഞ്ഞുകൊണ്ട് ആളുകൾക്ക് എന്തും പറയാമോ? മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ആർജിച്ച സംസ്കാരം എന്നത് ചിലർക്കുമാത്രം ബാധകമല്ലേ? സാമൂഹ്യജീവി എന്ന വ്യത്യസമൊഴിവാക്കിയാൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്തു വ്യത്യാസം?

ന്യൂ ജനറേഷൻ സിനിമകളോടുള്ള ശ്രീ. ബാലചന്ദ്ര മേനോന്റെ അഭിപ്രായമാരാഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി ഞാൻ സ്മരിക്കുന്നു “Don’t try to show all what you do inside a toilet, while in your drawing room. You may be doing several things inside your bedroom, but it is not fair to show it all on screen. If a donkey dares to stand in front of a speeding train, will you call it ‘boldness’?”

*****

ഒരിക്കൽക്കൂടി ഞാൻ മുൻ‌കൂർ ജാമ്യമെടുക്കുന്നു:  ഈ കഥക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇനി ജനിക്കാൻ പോകുന്നവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. കൊല്ലരുത് നടേശാ …  ഒന്നു വിരട്ടി വിട്ടാൽ ഞാൻ നന്നായിക്കോളാം.

ആകാശത്തിനൊരു മറ …

അണികൾ: “നേതാവേ, എന്തിനാ അടിയന്തിര സമ്മേളനം വിളിച്ചത്? “
നേതാവ്: “ലോക്സഭാ തിരഞ്ഞെടുപ്പ് ഇങ്ങടുത്തു… കാര്യങ്ങളൊക്കെ നമുക്കൊന്ന് ഉഷാറാക്കണ്ടേ …”
അ: “വേണം വേണം, പറഞ്ഞാൽ മതി എന്താ മുകളിൽ നിന്നുള്ള തീരുമാനം?”
നേ:”ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നമ്മളെടുത്ത അതേ നിലപാട് തന്നെ വേണം ഇവിടെയും എടുക്കാൻ …”
അ: “അതെ, പാർട്ടിക്കു പല സംസ്ഥാനങ്ങളിൽ പല നയം ആണെന്ന ആക്ഷേപം ഇതോടെ തീരണം ..”
നേ:”ആയിക്കോട്ടെ, വടക്കേ ഇന്ത്യയിലെ നയം കണ്ടിരുന്നല്ലോ അല്ലെ?”
അ: “എന്താ ഇപ്പൊ പുതിയ ഒരു നയം?”
നേ: “എടോ, പത്രം വായിക്കണം… താമരക്കുളങ്ങൾ മറക്കുന്ന കാര്യം… “
അ: “അതിനു കേരളത്തിൽ BJP നമുക്കൊരു ശക്തമായ എതിരാളി ഒന്നുമല്ലല്ലോ.. ഇവിടെ സിപിഐ, സിപിഎം, ഒക്കെയല്ലേ പ്രശ്നം ? “
നേ: “അതെ, അപ്പോൾ നമ്മൾ അവരുടെ ചിഹ്നം ജനങ്ങളുടെ മുന്നില് നിന്നു മറക്കണം”
അ: “എന്നുവെച്ചാൽ?”
നേ: “ഉദാഹരണത്തിനു CPI, അരിവാൾ അങ്ങ് നിരോധിച്ചേക്കാം, പിന്നെ കതിര് – പാടങ്ങൾ മുഴുവൻ മൂടട്ടെ “
അ: “നേതാവേ, ആകെ കുറച്ചു പാടങ്ങളെ നമ്മുടെ നാട്ടിൽ ഉള്ളൂ… മകരത്തിൽ കൊയ്യേണ്ടപാടങ്ങളാണ്‌… അതിപ്പോൾ മൂടണോ ?
“നേ: “എടോ തെരഞ്ഞെടുപ്പിനേക്കാൾ വലുതാണോ കൊയ്ത്ത് …”
അ: “മൂടാൻ അങ്ങു ചെന്നാൽ മതി – തൊഴിലാളികൾ മുഴുവനും മറ്റേപാർട്ടിക്കാരാ… മൂടാൻ ചെല്ലുന്നവനെ അവന്മാര് ജീവനോടെ മണ്ണിട്ട്‌ മൂടും… തല്ക്കാലം പാടത്തിന്റെ നാലുവശവും അങ്ങുമറയ്ക്കാം… അതാവുമ്പോൾ കുറച്ചു ജനപിന്തുണയും കിട്ടും”
നേ: “അതു കൊള്ളാം, പണ്ട് മണ്ണൊലിപ്പ് തടയാനായി ഇടവഴികൾ മുഴുവൻ കല്ലിട്ട് ബണ്ട് ഉണ്ടാക്കിയ പോലെ … ഒരു പുതിയ പ്രൊജക്റ്റ്‌ ആക്കം ഒത്താൽ കുറച്ചു കോടികൾ ഇങ്ങു പോരുകയും ചെയ്യും. വീട് പണി നടക്കുകയാ …”
അ: “അപ്പോ നമ്മുടെ വിപ്പച്ചായൻ പറഞ്ഞത് സത്യമാ അല്ലെ?”
നേ: “അങ്ങേരു എന്നും ഓരോകാര്യം പറയുന്നതുകൊണ്ട് താൻ ഏതാ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല…”
അ: “അല്ല, 100 രൂപ കിട്ടിയാൽ 80 രൂപയും പോക്കറ്റിൽ ഇടുന്നവരാണ് നമ്മുടെ ആൾക്കാർ – എന്നു പറഞ്ഞത്…”
നേ: “എടോ, നൂറു രൂപ കിട്ടിയാൽ ഞാൻ നൂറു രൂപയും പോക്കെറ്റിൽ തന്നെ ഇടും – 80 രൂപ പോക്കെറ്റിൽ ഇട്ടിട്ടു 20 രൂപ എന്തിനാ വെറുതെ കൈയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്നത്? കൈയ്യിൽ പിടിച്ചാൽ അത് മുഷിഞ്ഞു പോകും, നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്… വിപ്പച്ചായനും മറ്റേ പാർട്ടിക്കാരുമൊക്കെ കാശ് കൈയ്യിൽ ആണോ പിടിക്കുന്നത് ?”
അ: “നേതാവേ, കാശ് അമക്കുന്ന കാര്യമാ പറഞ്ഞത്…”
നേ: “എടോ, ഞാനിങ്ങനെ കിടന്നുരുളുമ്പോൾ താനിങ്ങനെ കാര്യങ്ങള് തെളിച്ചു പറയാതെ… @*#$#…”
അ: “അതുപോട്ടെ, അപ്പൊ CPI ക്കാരുടെ ചിഹ്നത്തിൽ തീരുമാനം ആയി സിപിഎം ന്റെ കാര്യത്തിലോ ? അരിവാളും ചുറ്റികയും നക്ഷത്രവും ഉണ്ട്… നക്ഷത്രം മറക്കാൻ കേരളത്തിനു മുകളിൽ മൊത്തത്തിൽ ഒരു പന്തൽ ഇട്ടാലോ… നക്ഷത്രത്തെ നിരോധിക്കാൻ പറ്റില്ലല്ലോ …”
നേ: “ഓരോ കോപ്പു ചിഹ്നങ്ങളുമായിട്ടു വന്നോളും …”
അ: “നേതാവേ, ഭരണം നന്നാക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ… സോളാർ വന്നതിൽപ്പിന്നെ അവന്മാര് ഒന്നിനും സമ്മതിച്ചിട്ടുമില്ല നമ്മളൊന്നും ചെയ്തിട്ടുമില്ല…”
നേ: “എന്തു ചെയ്യനാടോ, പ്രതിപക്ഷത്തെക്കാൾ ഡോസ് കൂടിയ ഒരു വിപ്പും ഉണ്ട് … എന്നും പ്രശ്നങ്ങളും … ഇന്നലെ ദേ ശ്വേതാ മേനോനും – അവളു മറ്റേ പാർട്ടി ആണോ ?”
അ: “അതറിയില്ല നേതാവേ, എന്തായാലും നാറി എന്നു പറഞ്ഞാൽ മതി..”
നേ: “ങാ… അവിടെ ഒരു തെറ്റയിൽ ഉള്ളതുകൊണ്ട് നമുക്ക് പിടിച്ചു നില്ക്കാം…”
അ: “അപ്പോൾ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ് ???”
നേ: “പഴയതുപോലെ തന്നെ, കാലുപിടുത്തം … അല്ലാതെന്താ …”

മകളെ, മാപ്പ് …

aksaമകളെ നിനക്കായി ഒരുതുള്ളി മിഴിനീര് –
മാത്രമീ താതന്റെ കവിളിലൂടൊഴുകുന്നു.

അറിയില്ല നിന്നെയീ ഭൗതിക ജീവിത –
ത്തെരുവിലെന്നാലുമിന്നറിയുന്നു,
നിന്നാത്മ വിഹ്വലതയും,
നിന്നെരിയുന്ന നിൻ മനോവേദനയും –
അഭയമരുളാത്ത മാതാവിൻ സ്വാർത്ഥയും –
മൃഗമനമാർന്ന വേടന്റെ ക്രൂരതയും…

വൃഥാ മൊഴിയുന്ന മാനവക്കൂട്ടത്തിൽ
നിന്നോരുവനാണെങ്കിലുമെൻ കുഞ്ഞേ …
പറയട്ടെ ഒരു മാപ്പ്… നീ പൊറുക്കൂ.

*അകാലത്തില്‍ പൊളിഞ്ഞ “അക്സ” എന്ന കുഞ്ഞ് നക്ഷത്രത്തിന്‍റെ ഓര്‍മയില്‍ 😦  

Create a free website or blog at WordPress.com.

Up ↑