Logosമനുഷ്യരുടെ ഒരു പൊതുസ്വഭാവമാണ്‌ താന്‍ ഒരു ഇരയാണ് എന്നു സ്ഥാപിച്ചെടുക്കുവാനുള്ള ത്വര.

എത്ര നല്ല അവസ്ഥയിലാണെങ്കിലും താന്‍ സഹതാപം അര്‍ഹിക്കത്തക്ക വിധം ദയനീയാവസ്ഥയിലാണെന്നും അതിനു കാരണം താനല്ല മറ്റ് പലതും/പലരും ആണെന്നും സ്ഥാപിക്കാനുള്ള ഒരു വ്യഗ്രത അവനിലുണ്ട്.

താന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യാതെ തനിക്ക് കിട്ടാനുള്ളത് വലിയ കാര്യമായി കൊണ്ടുനടക്കുന്ന പ്രവണതയും ഇതോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

അവകാശങ്ങളെക്കുറിച്ച് ആളുകള്‍ (പ്രത്യേകിച്ച് കേരളീയര്‍) ബോധവാന്മാരാണ് എങ്കിലും കടമകളെക്കുറിച്ച് സൗകര്യപൂര്‍വ്വം മറക്കുന്നു എന്നതും ഒരു ദയനീയ സത്യമാണ്. പ്രായമായ മാതാപിതാക്കളില്‍ നിന്നു കിട്ടാവുന്നത് മുഴുവന്‍ ഊറ്റിയ ശേഷം അനാഥാലയങ്ങളില്‍/റോഡില്‍/ആരാധനാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം.

vote-cartoon1ഇത്രയൊക്കെ പറഞ്ഞത് ഇലക്ഷനിലേക്ക് വരുവാന്‍ വേണ്ടിയാണ് – നാം നമ്മുടെ രാജ്യം നമുക്ക് തരുന്ന/തരേണ്ടിയിരിക്കുന്ന സേവനങ്ങളെക്കുറിച്ച് വാചാലരാകുന്നു. എന്നാല്‍ നമ്മുടെ രാജ്യം ആരാണ് ഭരിക്കുന്നത് – എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണം നിയന്ത്രിക്കേണ്ടത്, പൌരന്മാര്‍ എന്ന നിലയില്‍ നമ്മുടെ തന്നെ കടമയാണ്.

“ഓ ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും അയാളേ ജയിക്കൂ …”
“നമ്മുടെ നാട് നന്നാവില്ല…”
“എന്തിനാ മെനക്കെട്ട് അവിടെ വരെപ്പോയി ക്യൂ നിന്നു കഷ്ടപ്പെട്ട് ഇവനൊക്കെ വോട്ട് ചെയ്യുന്നത്?”


ഇനിയുമുണ്ട് എണ്ണിയാലൊടുങ്ങാത്ത നിഷേധചിന്തകള്‍… നിങ്ങളുടെ നിഷേധമനോഭാവത്തിന്‍റെ (Negative Attitude) പ്രതിഫലനമാണ് നിങ്ങളെ ഭരിക്കുന്ന – എന്നാല്‍ നിങ്ങളെ നിഷേധിക്കുന്ന ജനപ്രതിനിധി. നിങ്ങള്‍ Positive ആകുമ്പോള്‍ നിങ്ങളുടെ പ്രതിനിധിക്കും അങ്ങനെ ആയേ തീരൂ.

voteനിങ്ങള്‍ക്ക് നിങ്ങളെ/ നമ്മുടെ രാജ്യത്തെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെ, നിങ്ങള്‍ അത് വിനിയോഗിക്കാതെ, നിങ്ങളുടെ കടമ ചെയ്യാന്‍ വിമുഖരാകുമ്പോള്‍, അനര്‍ഹരായ ആളുകള്‍ അധികാരത്തിലേറുന്നു. നിങ്ങളുടെ, അഥവാ രാജ്യത്തിന്‍റെ സമ്പത്ത് അവര്‍ കൊള്ളയടിക്കുന്നു…

ഓര്‍മിക്കുക – “എവിടെ മാലാഖമാര്‍ കടന്നു ചെല്ലാന്‍ മടിക്കുന്നോ, അവിടം ചെകുത്താന്മാര്‍ താവളമാക്കുന്നു.”

ഇനി ആരും യോഗ്യരല്ല എന്നു നിങ്ങള്‍ കരുതുന്നു എങ്കിലോ?
ഇത്തവണ മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് മിഷീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ സംവിധാനം ആണ് None Of The Above (NOTA) ബട്ടന്‍. ഇലക്ഷനില്‍ നിങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന ഒരാള്‍ പോലും നിങ്ങള്‍ക്ക് അഭികാമ്യനല്ല എങ്കില്‍ നിങ്ങള്‍ക്ക് NOTA ഉപയോഗിക്കാം. NOTA യുടെ പരിമിതികളെ ഞാന്‍ തന്നെ മുമ്പ് പരിഹസിച്ചിട്ടുണ്ട്– എന്നാല്‍ ഇപ്പോഴും ആ പരിഹാസം മനസ്സിലുണ്ടെങ്കിലും, ആ എല്ലാക്കുറവുകളോടും കൂടിത്തന്നെ NOTA ഒരു വലിയ പ്രതീക്ഷ കൂടിയാണ്- ഒരു ചെറിയ ചുവട് വെയ്പ്പ്- ഇനിയും ഇമ്പ്രൂവ് ചെയ്‌താല്‍, ആ വോട്ടുകള്‍ക്ക് കൂടി അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ – അതൊരു മികച്ച സാധ്യത തന്നെയാണ്.

people-powerപല വന്മരങ്ങളും കടപുഴകാന്‍ നിങ്ങളുടെ വോട്ട് മതിയാകും. പല അഴിമതികളുടെയും അടിവേരറുക്കാന്‍ നിങ്ങള്‍ അര്‍ഹരായ ആളുകളെ തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും- പാര്‍ട്ടിയെക്കാള്‍ നല്ല വ്യക്തികള്‍ക്ക് വിജയം ഉറപ്പാക്കുന്ന (അത് ഒരു സ്വതന്ത്രനോ പുതുമുഖമോ ആണെങ്കില്‍ പോലും…) ഒരു സിസ്റ്റത്തില്‍ അഴിമതി ഒരു പരിധിവരെ തൂത്തെറിയപ്പെടും. അന്ധമായ പാര്‍ട്ടി വിധേയത്വവും അന്ധമായ പാര്‍ട്ടി വിരോധവും മനുഷ്യന്‍റെ ചിന്താശേഷിയെ നശിപ്പിക്കും.

കൊടുത്ത അവസരം വിനിയോഗിക്കാതെ ഒരവസരം കൂടിത്തരൂ എന്നു പറയുന്നവരോട് “പോയിപ്പണിനോക്കെടാ…” എന്ന്‍ വോട്ട് വഴി പറയുന്നതാണ് നല്ലത്. നമുക്ക് ഇവനല്ലെങ്കില്‍ വേറെ ആളുണ്ട് എന്ന സത്യം അവരും അറിയട്ടെ. പിഴച്ചവനെ നന്നാക്കിയെടുക്കാനും വീണ്ടും ഒരു ഒരു അവസരം കൂടിക്കൊടുക്കാനും  അവന്‍ നമ്മുടെ കുടുംബത്തിലെ ആളൊന്നും അല്ലല്ലോ. അഥവാ അങ്ങനെ ആണെങ്കില്‍ത്തന്നെ അങ്ങനെ അവനെ നന്നാക്കി പരീക്ഷിക്കാന്‍ ചിലവാക്കാന്‍ ഈ രാജ്യത്തെ സ്വത്ത്‌ മുഴുവന്‍ നമ്മുടെതും അല്ലല്ലോ.

പാര്‍ട്ടികളുടെ ഹിഡന്‍ അജണ്ടകളെയും പൊള്ളത്തരങ്ങളെയും ഞാന്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ക്കുപരിയായി വ്യക്തികളെ നോക്കി വോട്ട് ചെയ്യുക – നല്ല ആളുകളെ തെരെഞ്ഞെടുക്കുക – എന്നതാണ് നമുക്ക് നമ്മുടെ രാജ്യത്തോടും നമ്മുടെ പിന്‍ തലമുറയോടും നമ്മളോട് തന്നെയും ചെയ്യാവുന്ന വലിയ കാര്യം.

പൌരബോധം ഉണ്ടായിരിക്കുക എന്നത് വലിയൊരു കാര്യം തന്നെ ആണ്. നിങ്ങളുടെ വോട്ട് ശരിയായി വിനിയോഗിക്കൂ.