Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Month

March 2014

കൊടുക്കുന്നവനും വാങ്ങുന്നവനും

albert-einstein-success-value-large“കര്‍മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന:”

സാധാരണ ഗതിയില്‍, ഒരു ബിസിനസ് ഡീല്‍ അല്ലാത്ത ഏതിലും (പ്രത്യേകിച്ച് കുടുംബം, വ്യക്തിബന്ധങ്ങള്‍… മുതലായവയില്‍) നല്‍കുന്നവന്‍ എന്നും നല്‍കിക്കോണ്ടേ ഇരിക്കണം എന്ന് വിധിക്കപ്പെട്ടിരിക്കുന്നു. വാങ്ങുന്നവന്‍ എന്നും വാങ്ങാന്‍ തയ്യാറായും കാണപ്പെടുന്നു. ഈ പ്രക്രിയ എന്നുമെന്നും തുടര്‍ന്നു പോകേണ്ടതാണ് എന്നാണ് മിക്കവാറും ആളുകളുടെ ചിന്ത. കൊടുക്കുന്നവന്‍റെ നല്‍കാനുള്ള കപ്പാസിറ്റിയോ, മാനസികാവസ്ഥകളോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു…

“എന്താ അവന് തന്നാല്‍? ഉണ്ടായിട്ടല്ലേ ചോദിക്കുന്നത്…”
എന്ന ചിന്ത ആണ് പലരെയും ഭരിക്കുന്നത്… എന്നാല്‍ താന്‍ അവനില്‍ നിന്നും വാങ്ങാന്‍ യോഗ്യനാണോ? അല്ലെങ്കില്‍ അവന്‍ പണ്ട് ചെയ്തതിന് താന്‍ എന്ത് പ്രത്യുപകാരം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.

നല്‍കുന്നവന്‍ തന്‍റെ പ്രത്യേക സാഹചര്യത്തില്‍ “സ്ഥിരം പരാദജീവിക്ക്” എപ്പോഴെങ്കിലും അയാള്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ചെയ്യാന്‍ വിട്ടുപോയി എങ്കില്‍, ദാതാവ്, ഇതുവരെ ചെയ്തിരുന്ന എല്ലാ നല്ല കാര്യങ്ങളും ഒറ്റ നിമിഷത്തില്‍ വിസ്മരിക്കപ്പെടുന്നു. ദാതാവിന്‍റെ സാമ്പത്തിക, ശാരീരിക, മാനസിക അവസ്ഥകള്‍ ഒന്നും സ്വീകര്‍ത്താവിന്‍റെ വിഷയമല്ല. ഒരു വൈരാഗ്യ ബുദ്ധിയോടെയാണ് പിന്നീട് സ്വീകര്‍ത്താവിന്‍റെ പെരുമാറ്റം- മുന്‍പ് കിട്ടിയ സഹായങ്ങളെ പാടേ മറന്ന്, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവന്‍ ആയി അയാള്‍ ദാതാവിനെ ചിത്രീകരിക്കുന്നു.

?????????????അതുകൊണ്ട് ദാതാവ് ആകുന്നവര്‍ എപ്പോഴും കരുതിയിരിക്കുക- തിരിച്ച് ഒന്നും പ്രതീക്ഷിക്കണ്ട, നന്ദി പോലും – അത് കിട്ടിയാല്‍ കിട്ടി ബോണസ് ആയി കരുതുക…
പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ കൂടി തയ്യാറായി മാത്രം ദാനം/സഹായം ചെയ്യുക…

പക്ഷെ എങ്കിലും, മറ്റൊരുവന് ചെയ്യുന്ന ദാനം/സഹായം ആണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത്.
കാരണം സഹായിക്കുന്നവന്‍ / നല്‍കുന്നവന്‍ ആണ് ദൈവം

*****

ബന്ധപ്പെട്ട പോസ്റ്റ്‌: The God ???

ശാസ്ത്രീയ നിഗമനം

laboratory_experiment_bigഎല്ലാ സയന്റിഫിക് തിയറങ്ങളും പ്രൂവ് ചെയ്യുന്നത് പൊതുസമ്മതമായ assumptions നെ അല്ലെങ്കില്‍ മുന്‍പ് ഇതുപോലെ പ്രൂവ് ചെയ്തിട്ടുള്ള തിയറങ്ങളുടെ ബേസില്‍ ആണ്… ഏതെങ്കിലും ഒരു ഫണ്ടമെന്‍റല്‍ തിയറം തെറ്റാണ് എന്നു പിന്നീട് ബോധ്യമാകുമ്പോള്‍ കുഴഞ്ഞുമറിയുന്നത് അതില്‍ കെട്ടിപ്പൊക്കിയ എല്ലാ വളര്‍ച്ചകളുമാണ്…

ഗണിത ശാസ്ത്ര പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ച് പോപ്പും ഞാനും ഒരാളാണെന്ന് വരെ ശാസ്ത്രജ്ഞന്‍മാര്‍ അടങ്ങിയ ഒരു സദസില്‍ പ്രൂവ് ചെയ്ത ജീനിയസ് ഉണ്ട്….
അദ്ദേഹം തന്‍റെ സ്പീച്ചിന്‍റെ അവസാനം പറഞ്ഞു- “ശാസ്ത്ര വിദ്യാര്‍ഥികള്‍ തുറന്ന മനസുള്ളവര്‍ ആയിരിക്കണം…”

*****

ഒരു ഉദാഹരണം നോക്കാം
Searching Books in LibraryNobody is perfect… —————————(Statement 1)

A humble man’s noble thought:
In this huge world, I am nobody ————(Statement 2)

From Statement (1) and (2) -> In this huge world I am perfect
Means, “A humble man with noble thoughts is perfect…”

( വട്ടായതല്ല, Effect of my graduation in Mathematics 
മണ്ടത്തരം എന്നു തോന്നുന്നവരോട് – ഞാനടക്കമുള്ള സയന്‍സ്/ടെക്നോളജി വിദ്യാര്‍ഥികള്‍ ഈ മെത്തേഡില്‍ പ്രൂവ് ചെയ്തിരിക്കുന്ന തിയറങ്ങള്‍ എത്രയെന്ന് ചിന്തിച്ചാല്‍…  ഹാവൂ…!!! )

*****

some-good-adviceഏതു ജീനിയസ് പ്രൂവ് ചെയ്ത പ്രിന്‍സിപ്പില്‍ / തിയറം ആണെങ്കിലും അതിലും തെറ്റുണ്ടാവാം… കാരണം അദ്ദേഹം പ്രൂവ് ചെയ്യാന്‍ ഉപയോഗിച്ച മെത്തേഡ് ചിലപ്പോള്‍ തെറ്റാവാം… അദ്ദേഹം പോപ്പ് അല്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു… എന്നാല്‍ അതിനാല്‍ അദ്ദേഹം ഉപയോഗിച്ച മെത്തേഡ് പൂര്‍ണമായും തെറ്റാണ് എന്നല്ല അര്‍ത്ഥം…
ഉപയോഗിക്കേണ്ട മെത്തേഡ് ഉപയോഗിച്ചാലേ ശരിയായ റിസള്‍ട്ട് ലഭിക്കൂ…

പായസം പുട്ടുകുറ്റിയില്‍ ഉണ്ടാക്കാനാവില്ലല്ലോ… പുട്ട് ഉരുളിയിലും…

കൌമാരം ഭാഗം 5: നഷ്ട പ്രണയത്തിന്‍റെ കാലം- അതിജീവനത്തിന്‍റെയും

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദത്തിലെ ആദ്യ പാദം. പ്രണയം അതിന്‍റെ എല്ലാ തീവ്രതകളോടും കൂടി സിരകളില്‍ ഒഴുകിപ്പടര്‍ന്നിരുന്നു… (ആദ്യ പ്രണയം ആയിരുന്നില്ല എന്‍റെ അസ്ഥിക്ക് പിടിച്ച യഥാര്‍ത്ഥ പ്രണയം എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ). കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച ഒരു കുട്ടി ആയിരുന്നു നായിക – പലരറിഞ്ഞ പ്രണയങ്ങള്‍ പൊതുവേ പരാജയപ്പെടുമെന്ന ധാരണ ഉണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ പ്രണയം അതിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.

ഇതാണ് ആ കഥ:
Man explaining to Woman
എന്‍റെ യഥാര്‍ത്ഥ പ്രണയം തുടങ്ങുന്നത് പ്രഥമ-ദൃഷ്ടിയില്‍ ഉണ്ടായ അനുരാഗത്തില്‍ ഒന്നുമായിരുന്നില്ല… അവളുടെ ക്ലാസിലെ ഒരു മുസ്ലിം പെണ്‍കുട്ടി(തല്‍ക്കാലം നമുക്കവളെ സുനൈന എന്നു വിളിക്കാം) പലരുടെയും സ്വപ്ന നായിക ആയിരുന്നു- എന്‍റെ നല്ല സുഹൃത്തും. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള അതി സുന്ദരി ആയ ഒരു കുട്ടി- ലൈബ്രറിയില്‍ വെച്ചു മിക്കവാറും ഇവരെ രണ്ടു പേരെയും കണ്ടു മുട്ടിയിരുന്നു. കോളേജിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ എന്നെയും ഇവര്‍ക്കറിയാമായിരുന്നു. അവര്‍ രണ്ടുപേരും ആദ്യം മുതല്‍ എന്നെ മാഷേ എന്നായിരുന്നു വിളിച്ചിരുന്നത് – സീനിയര്‍ ആയ എന്നെ മഹേഷേ എന്നു വിളിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൊണ്ടാണ് അത് ചുരുക്കി അല്പം ബഹുമാനം കൂടി ചേര്‍ത്ത് ‘മാഷേ’ എന്നാക്കിയത് എന്നാണ് പറഞ്ഞത്.

പല ആണ്‍ സുഹൃത്തുക്കളും സുനൈനയോടുള്ള അവരുടെ പ്രണയത്തിലെ ഹംസമാകാന്‍ എന്നെ സമീപിച്ചിട്ടുണ്ട്… മിക്കവാറും ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ വളരെ അടുത്ത ഒരാള്‍, അയാളുടെ കാര്യത്തില്‍ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഹംസം ആകാം എന്നു സമ്മതിച്ചു. ഇക്കാര്യം പറയാമെന്നേറ്റ ദിവസം സുനൈന അബ്സെന്റ്.  നമ്മുടെ നായികയെ കണ്ടപ്പോള്‍ സംസാര വശാല്‍ ഇക്കാര്യം സൂചിപ്പിച്ചു, അവള്‍ പറഞ്ഞു: “മാഷിനു വേറെ പണി ഒന്നുമില്ലേ- നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഒരു വിചാരമുണ്ട് – ഭയങ്കര കാമദേവന്മാര്‍ ആണെന്ന് – ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും… ദാ ഇപ്പോള്‍ തന്നെ ഇക്കണോമിക്സിലെ സിജു, സുനൈനക്ക് ഭയങ്കര ശല്യമാ – ബോറന്‍. ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ എന്താടീ എനിക്കൊരു കുറവ് എന്നും പറഞ്ഞു തലയില്‍ കയറാന്‍ വരും… ഇഷ്ടമല്ലാത്ത ഒരാളെ ഇഷ്ടമാണെന്ന് പറയാനും പറ്റില്ലല്ലോ… മാത്രമല്ല – ആരോടും പറയണ്ട – സുനൈനയുടെ നിക്കാഹാണ് അടുത്ത മാസം… 18 വയസ് തികയാന്‍ നോക്കിയിരിക്ക്യാരുന്നു… അവളുടെ തന്നെ ഒരു ബന്ധുവാണ് – ഗള്‍ഫിലാണ് ജോലി. പഠനം ഇതോടെ തീരും. അതാണു അവള്‍ക്ക് വിഷമം.”

 എന്‍റെ നാവിറങ്ങിപ്പോയി – ഇക്കണോമിക്സിലെ സിജുവിന്‍റെ കാര്യം പറയാനാണ് വന്നത് എന്ന് ഇനി മിണ്ടാന്‍ പറ്റില്ലല്ലോ… ഇവന്‍ പഠിച്ച പണി മുഴുവന്‍ നോക്കി പരാജയപ്പെട്ടിട്ടാണ് നമ്മളെക്കൂടി നാണം കെടുത്താന്‍ ഈ പണി ഏല്‍പ്പിച്ചത് എന്നും അറിയുമായിരുന്നില്ല.
മുഖത്തേക്ക് നോക്കാതെ അവള്‍ തുടര്‍ന്നു… “പക്ഷെ ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…”
ങേ, അതെന്താ സംഭവം??? മനസ്സില്‍ ആ ചോദ്യം കിടന്നു… പക്ഷെ ഞാന്‍ ഒന്നും മിണ്ടിയില്ല.

Love letterപിന്നീട് എന്‍റെ ഡിഗ്രിയുടെ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞു പോയപ്പോള്‍ എന്‍റെ ചില ടെക്സ്റ്റ്‌ബുക്കുകളും, ചോദ്യപ്പേപ്പറുകളും ഒക്കെ പിന്നീട് തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ എന്‍റെ കയ്യില്‍ നിന്നു അവള്‍ വാങ്ങിയിരുന്നു. ഡിഗ്രീ കഴിഞ്ഞു കോളേജില്‍ നിന്നു പോയിക്കഴിഞ്ഞും കത്തെഴുതലുകള്‍ തുടര്‍ന്നു… (അന്ന് മൊബൈല്‍ ഒന്നുമില്ല- അവളുടെ വീട്ടിലെ ഭീകരാന്തരീക്ഷത്തില്‍ ലാന്‍ഡ്‌ ലൈന്‍ ഉപയോഗിക്കാനും ആവില്ല – അതിന്‍റെ ആവശ്യവും തോന്നിയില്ല- കാരണം അന്നു പ്രണയം തുടങ്ങിയിരുന്നില്ല.) വല്ലപ്പോഴും ഒരു കത്ത് – സൗഹൃദം മാത്രം ഉണ്ടായിരുന്ന അവയില്‍ പതിയെ പതിയെ പ്രണയത്തിന്‍റെ കടും വര്‍ണങ്ങള്‍ കൂടി കലര്‍ന്നു… ഒരിക്കല്‍ അവള്‍ എഴുതി ‘നിന്‍റെ വിരലുകളാല്‍ മറിക്കപ്പെട്ട താളുകള്‍ ആണ് ഞാന്‍ വായിക്കുന്നത് എന്നത് എന്‍റെ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുന്നു’.
ഞാന്‍ മറുപടി എഴുതി ‘ഉടനെ ഒരു ഡോക്ടറെ കണ്ടോളൂ… ഹൃദയാഘാതം ഒഴിവാക്കാം… :P’
അതിന്‍റെ മറുപടി പണ്ട് കേട്ടു മറന്ന ഒരു വാചകം ആയിരുന്നു… ‘ചിലര്‍ക്ക് എത്ര ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞാലും മനസിലാവുകയും ഇല്ല…’ കൂടെ ഇത്രകൂടി കൂട്ടിച്ചേര്‍ത്തിരുന്നു – ‘പ്രണയം എന്നത് ജീവിതത്തിന്‍റെ അനിവാര്യത ആണ്… അത് നമ്മള്‍ തേടി കണ്ടെത്തുന്നതല്ല നമ്മെ തേടി വരുന്നതാണ്. എനിക്ക് നിന്‍റെ മനസ് അറിയില്ല- പക്ഷെ … ഞാന്‍ എന്‍റെ പ്രണയം കണ്ടെത്തി.’ ആ കവറിന്‍റെ ഉള്ളില്‍ കുറേ വളപ്പൊട്ടുകളും ഒരു മയില്‍പ്പീലിയും…

സുന്ദരിയായ ഒരു പെണ്ണ് ഇത്രയൊക്കെ പറഞ്ഞാല്‍ പ്രേമിക്കാതിരിക്കാനാവുമോ. ഞാനാണെങ്കില്‍ ഡിഗ്രീ കഴിഞ്ഞ് PGDCA ചെയ്യുന്ന സമയം- കൂടെ ഉള്ള പെണ്‍കുട്ടികള്‍ എല്ലാം നമ്മളെക്കാള്‍ മൂത്തതോ കല്യാണം കഴിഞ്ഞവരോ ഒക്കെ… മഹാ ബോറ്. 1400 പെണ്‍കുട്ടികള്‍ പഠിച്ച കോളേജില്‍ നിന്നു ഈ അവസ്ഥയിലേക്ക്. ചിറാപ്പുഞ്ചിയില്‍ ജീവിച്ച ആളെ താര്‍ മരുഭൂമിയില്‍ കൊണ്ടു വിട്ട അവസ്ഥയില്‍ നില്‍ക്കുമ്പോളാണ് ഈ മരുപ്പച്ച ഇങ്ങോട്ടു വരുന്നത്. തിരിച്ചു കാച്ചി ഒരു പൈങ്കിളി: ‘നിന്‍റെ പ്രണയം ഒരു മരുപ്പച്ച ആണ് പ്രിയേ… എന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലിലെ ദേവിയാണ് നീ…’
അങ്ങനെ എണ്ണമില്ലാത്ത എന്‍റെ പ്രണയ സാഹസങ്ങളുടെ ലിസ്റ്റില്‍ അവസാനത്തേത് കൂട്ടിച്ചേര്‍ത്തു.

കാലം, മീനച്ചിലാറ്റിലെ വെള്ളം പാലാ വലിയ പാലത്തിനടിയില്‍ക്കൂടി എന്ന പോലെ ഒഴുകിപ്പോയി… കഷ്ടതകളുടെ വര്‍ഷങ്ങള്‍ ആയിരുന്നു MCA പഠനത്തിന്‍റെ സമയം… കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി ഒക്കെ തകര്‍ന്ന വര്‍ഷങ്ങള്‍, MCA ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി പഠനം നിര്‍ത്തി അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ കോളേജില്‍ നിന്നു തിരിച്ചു വാങ്ങിപ്പോന്നു… വീണ്ടും രണ്ടും കല്‍പ്പിച്ചു തിരികെ ചേര്‍ന്നു. പ്രണയിനി അവള്‍ക്ക് വരുന്ന വിവാഹാലോചനകളെ പ്രതിരോധിക്കാന്‍ M. Sc. ക്ക് ചേര്‍ന്നു. ഞാന്‍ ഒരിക്കല്‍ പറഞ്ഞു ‘നിനക്ക് ഞാന്‍ ഒരു തടസമാകില്ല, കാരണം നീ സന്തോഷമായിരിക്കുക എന്നതാണ് എന്‍റെ വലിയ സന്തോഷം…’
അവളുടെ കണ്ണുകള്‍ നിറഞ്ഞു- അവള്‍ പറഞ്ഞു- “നമ്മുടെ വിവാഹം കഴിഞ്ഞായിരുന്നു എങ്കില്‍ മാഷിത് പറയുമോ? “

Before sunriseഎനിക്ക് ഉത്തരം മുട്ടി. തെറ്റ് എന്‍റെതാണ്- ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരുവളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യം… ഇനി എന്ത് ചിന്തിക്കാന്‍… ഇവള്‍ എന്‍റെതുമാത്രം… യഥാര്‍ത്ഥ പ്രണയം അവിടെത്തുടങ്ങി… അണപൊട്ടി ഒഴുകിയ പ്രണയത്തിന്‍റെ പെരുമഴക്കാലം – നീണ്ട അഞ്ചര വര്‍ഷങ്ങള്‍… അവധി ദിവസങ്ങള്‍ ഞങ്ങള്‍ പഴയ കോളേജിലെ അടച്ചിട്ട ക്ലാസ്മുറികളില്‍ കണ്ടുമുട്ടി… കണ്ണും കണ്ണും കഥകള്‍ കൈമാറി… പെണ്‍കുട്ടികളുടെ മനസ് ഇത്രയും ലോലവും മനോഹരങ്ങളായ മണ്ടത്തരങ്ങള്‍ നിറഞ്ഞതും ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയത്താണ്…

*****

ചുള്ളിക്കാടിന്‍റെ കവിതകള്‍ 1990 കളുടെ അവസാന പാതിയിലും 2000 ങ്ങളുടെ ആദ്യ വര്‍ഷങ്ങളിലും കോളേജില്‍ പഠിച്ച എനിക്കും (എന്നെപ്പോലെ മറ്റുചില ഭ്രാന്തന്മാര്‍ക്കും) ഹരമായിരുന്നു. ചിദംബര സ്മരണകളിലൂടെ ഊളിയിട്ട് ആരാധന ഭ്രാന്തായി മാറിയ വര്‍ഷങ്ങള്‍… അഞ്ചര വര്‍ഷത്തെ പ്രണയം എന്നെന്നേക്കുമായി നഷ്ടമായി എന്ന തിരിച്ചറിവില്‍, ‘555 സിഗരറ്റ്’ പുകച്ചു തള്ളി ബാംഗ്ലൂരിലെ തെരുവുകളില്‍ താടി നീട്ടി “ആനന്ദധാരയില്‍” മുഴുകി നടന്ന ഒരു കാലവും ഉണ്ടായിരുന്നു എനിക്ക്…

boolo cccc.cdr“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചോരെന്‍ പനീര്‍പ്പൂവുകള്‍…
കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ
പ്രാണന്‍റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍…



ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനെ
എന്നെന്നും എന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന”

പിന്നീട്, സിഗരറ്റ് വലി നിര്‍ത്തി, ഡിപ്രഷനില്‍ നിന്നു മോചിതനായി, ഏറണാകുളത്ത് ജോലി ചെയ്യുന്ന സമയം (3-4 വര്‍ഷം മുന്‍പ്) അദ്ദേഹത്തെയും വിജയലക്ഷ്മി മാഡത്തെയും ഒരു കൌമാരക്കാരി പെണ്‍കുട്ടിയെയും (മകളാണോ, കൊച്ചുമകളാണോ, അതോ മറ്റാരെങ്കിലും ആണോ എന്നറിയില്ല), NH ബൈ-പാസ്സില്‍ മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ജങ്ക്ഷനില്‍ ഉള്ള “ഹോട്ടല്‍ ന്യൂ മലയ” എന്നു പേരുള്ള ചൈനീസ് റെസ്റ്റോറന്ടില്‍ വെച്ചു കണ്ടു… മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞവര്‍ കുറവായിരുന്നു…
എന്‍റെ കൂടെ ഇരുന്ന സുഹൃത്ത് പറഞ്ഞു – “എടാ മിണ്ടണ്ട, ആളു ഭയങ്കര ജാഡയാ ഞാന്‍ തിരുവനന്തപുരത്ത് വെച്ച് ഒരിക്കല്‍ കണ്ടപ്പോള്‍ അങ്ങോട്ട്‌ ചെന്നു സംസാരിച്ചിട്ടും അയാള്‍ മൈന്‍ഡ് ചെയ്തില്ല”.
ഞാന്‍ അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല – ഡിന്നര്‍ കഴിഞ്ഞ് അദ്ദേഹത്തിന്‍റെ സമീപത്തുകൂടി വേണമായിരുന്നു കടന്നു പോകാന്‍ – ഞാന്‍ ഒന്നു പുഞ്ചിരിച്ചു – അദ്ദേഹം തന്‍റെ മുഖം വികാരരഹിതമായിത്തന്നെ നിലനിര്‍ത്തി. പിന്നീട് പല ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു… അവസാനം ഒരിക്കല്‍ അദ്ദേഹം ചോദിച്ചു- “എന്താ പേര്?”
“സര്‍, ഞാന്‍ മഹേഷ്‌… സാറിന്‍റെ കവിതകളുടെ ഒരു വലിയ ആരാധകനാണ്…”
“താങ്ക്സ്…” അദ്ദേഹം ചിരിച്ചു.
“ഫാമിലി ആയി ഡിന്നര്‍ കഴിക്കാന്‍ വരുന്ന ആളെ ശല്യപ്പെടുതണ്ട എന്നു കരുതിയാണ് ഇതുവരെ സംസാരിക്കാത്തത്…”
“എനിക്കു മനസിലായിരുന്നു- താങ്ക്സ്” അദ്ദേഹം വീണ്ടും പറഞ്ഞു. സെലിബ്രിറ്റികളും മനുഷ്യരാണല്ലോ…

*****

Mr and Mrs Maheshവര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ പഴയ കാമുകിയുടെ ഫോട്ടോ കണ്ട ഭാര്യ ചോദിച്ചു- “സുന്ദരി ആയിരുന്നല്ലോ എന്തേ പിന്നെ കല്യാണം കഴിക്കാത്തത്? ”
“ഞാന്‍ ഒഴിവാക്കിയതല്ല – ഈ ജന്മം എനിക്ക് തുണ നീ ആണെന്നാണ് ഈശ്വര നിശ്ചയം.”
“പിന്നെ എന്തിനാണ് ഈ ഫോട്ടോ ഇപ്പോഴും?”
“എന്‍റെ അച്ഛനും ഇതേ ചോദ്യം പലപ്പോഴും ചോദിച്ചിട്ടുണ്ട് – ഇതാണ് മറുപടി- ആ വലിയ പാഠം മറക്കാതിരിക്കാന്‍ – ഇനി ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍… Monument of a big failure…”
“ഇപ്പോഴും ആ കുട്ടിയെ ഇഷ്ടമാണോ?”
“ഞാന്‍ സ്നേഹിച്ച ആളെ എന്നും എനിക്ക് ഇഷ്ടമാണ്… പക്ഷെ അവള്‍ മരിച്ചു. ഇന്നുള്ളത് അവളുടെ ശരീരത്തില്‍ മറ്റൊരു സ്ത്രീ ആണ്… ആ സ്ത്രീയെ എനിക്കറിയില്ല.”
എന്‍റെ പ്രിയതമ പുഞ്ചിരിച്ചു… ഞാനും.
ജീവിതം വീണ്ടും മുന്നോട്ട്…

അനുബന്ധം
ആ പ്രണയത്തിന്‍റെ ക്ലൈമാക്സ്‌ എങ്ങനെയായിരുന്നു എന്നു ഞാന്‍ എഴുതുന്നില്ല – അവളെക്കുറിച്ച് ഒന്നും മോശമായി എഴുതാന്‍ എനിക്കാവില്ല. നന്ദിയുണ്ട് ഏകാന്തതയുടെയും ഒറ്റപ്പെടലിന്‍റെയും വേദനയുടെയും നാളുകളില്‍ എനിക്കു താങ്ങായി നിന്നതിന് – ഒരുപക്ഷെ എന്‍റെ ജീവിതത്തിലെ അവളുടെ റോള്‍ അവിടം കൊണ്ട് തീര്‍ന്നിരിക്കാം… കുറ്റപ്പെടുത്താന്‍ ആവില്ല.

എന്‍റെ വേദനയുടെ ആഴം അറിഞ്ഞ എന്‍റെയും അവളുടെയും സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു – “അവള്‍ നിന്നെ അര്‍ഹിക്കുന്നില്ല – നിനക്ക് ഇതിലും നല്ലതാണ് വരാനുള്ളത്”
അറിയില്ല- ഞാന്‍ അവളെ അര്‍ഹിക്കാത്തതും ആവാം…

നമ്മളൊക്കെ ജീവിതമെന്ന ചതുരംഗ ക്കളത്തിലെ കാലാളുകള്‍ മാത്രമാണല്ലോ – കളിക്കുന്നവന് അവന്‍റെ ഇഷ്ടാനുസാരം ബലികൊടുക്കം, പിന്തുണക്കാം, എട്ടാം കളത്തിലെത്തിച്ചു വാഴിക്കം… അവന്‍റെ ഇഷ്ടം- ഒരു കാലാളിന് എന്താധികാരമാണ് മറ്റൊരു കാലാളിനെ കുറ്റം പറയാന്‍???

ബന്ധപ്പെട്ട പോസ്റ്റുകള്‍

Realizing the true Love…
കൌമാരം – ഭാഗം 1 : ആദ്യപ്രണയം

കൌമാരം – ഭാഗം 2 : അച്ഛനെയാണെനിക്കിഷ്ടം
കൌമാരം – ഭാഗം 3: ആദ്യത്തെ A പടം
കൌമാരം – ഭാഗം 4: ക്ലാസ് കട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് (ഇല്ലെങ്കില്‍ ഉണ്ടാക്കും)
അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

Blog at WordPress.com.

Up ↑