വായന എന്ന ലഹരി അച്ഛനായി തുടങ്ങിത്തന്നതാണ്…

ഞാനും എന്റെ സഹോദരിയും അക്ഷരം കൂട്ടി വായിക്കാറാകാത്ത പ്രായത്തിൽ “പൂമ്പാറ്റ”യും “ബാലരമ”യും “ബാലമംഗള”വും “മുത്തശ്ശി”യും “തത്തമ്മ”യും “കുട്ടികളുടെ ദീപിക”യും “യൂറീക്ക”യും “അമർ ചിത്രകഥ”കളും “പൈകോ ക്ലാസ്സിക്”കളും ഒക്കെ ഞങ്ങളെ രണ്ടുപേരെയും രണ്ടുവശത്തും കിടത്തി അച്ഛൻ വായിച്ചു കേൾപ്പിച്ചിരുന്നു… അച്ഛൻ ജോലിസ്ഥലത്തായിരുന്ന ദിവസങ്ങളിൽ അമ്മയും.

പിന്നീട്, അക്ഷരം കൂട്ടി വായിക്കാറായപ്പോഴക്കും വായന എന്നത് ഭക്ഷണം കഴിക്കുമ്പോൾ പോലും ഒഴിവാക്കാനാവാത്ത അനിവാര്യത ആയി മാറിയിരുന്നു. 

വായനയുടെ തലവും വ്യാപ്തിയും വർദ്ധിച്ച കോളേജ് കാലഘട്ടവും ഒരു വ്യാഴവട്ടം പിന്നിടുന്ന ഔദ്യോഗിക ജീവിതവും കടന്ന് തിരിഞ്ഞു നോക്കുമ്പോൾ, ഒരിക്കൽ എന്തും വായിച്ചു കൂട്ടിയിരുന്ന പാഷനിൽ നിന്നും ഇന്നത്തെ “സെലക്ടീവ് റീഡിംഗ്” എന്ന അവസ്ഥയിലേക്കുള്ള അന്തരം വളരെ വലുതാണ് എന്ന ദു:ഖകരമായ തിരിച്ചറിവിലാണ് ഞാൻ…
പണ്ട് ചില നോവലുകളൊക്കെ ഒറ്റയടിക്ക് വായിച്ചു തീർത്ത് കിടന്നുറങ്ങുമ്പോൾ അതിലെ കഥാപാത്രങ്ങൾ സ്വപ്ങ്ങളിൽ എത്തിയത് അനുഭവങ്ങളാണ്. അത്രമേൽ വായന തലക്കു പിടിച്ചിരുന്നു.
എന്നാൽ ഇന്ന് വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടാവുന്ന ഫേസ്ബുക്ക് ഭൂമികയിൽ, വായനയുടെ പിൻബലമില്ലാത്ത ഉൾക്കാമ്പില്ലാത്ത എഴുത്താളന്മാരുടെ ഒരു സംഘം  കഴിഞ്ഞ ദിവസം ദിവ്യ അയ്യർ IAS ഉം ശബരീനാഥ് MLA യും “മിലൻ കുന്ദേര”യുടെ കൃതികൾ വായിച്ചിരുന്നു എന്ന കാരണം കൊണ്ട് പരിഹസിക്കപ്പെടുന്നത് കാണാനിടയായി. വായനയുടെ പിൻബലമില്ലാത്ത എഴുത്ത് എത്ര അപഹാസ്യമാണ് എന്ന് തോന്നിയത് അത്തരം ട്രോളുകൾ കണ്ടപ്പോഴാണ്.
എന്താണ് അവരുടെ തെറ്റ്? 

ആഴവും പരപ്പുമുള്ള വായനയോ? IAS കാരിയും MLA യും പ്രണയിച്ചതോ? നല്ല വിദ്യാഭ്യാസം നേടിയതോ? സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനം ചെറിയ പ്രായത്തിൽ തന്നെ നേടിയതോ? തനിക്ക് മനസ്സിലാകാത്തത് / സാധിക്കാത്തത് എല്ലാം പുച്ഛിച്ചു തള്ളേണ്ടതാണെന്ന പുതു സംസ്കാരം പരിപോഷണാർഹമല്ല എന്നു മാത്രം പറയാൻ ആഗ്രഹിക്കുന്നു.

വായന എന്നത് വലിയൊരു ക്വാളിറ്റി തന്നെയാണ്. ഘനമുള്ള വായനയുടെ ഫലം ചിന്താ ശേഷിയുള്ള മനസ്സാണ്. പഴയതുപോലെ വായിക്കാനാവുന്നില്ല എന്നത് ഒരു സ്വകാര്യ ദു:ഖമായി അവശേഷിക്കെത്തന്നെ പുതിയ തലമുറയിലെ എഴുത്തുകാരുടെ രചനകൾ വാങ്ങി വായിക്കാൻ സാധിക്കാറുണ്ട് എന്നത് ഒരു സ്വകാര്യ സന്തോഷം തന്നെയാണ്. അവസാനം വാങ്ങിയ പുസ്തകം സുഹൃത്തും നാട്ടുകാരനും (എന്നാൽ ഇതുവരെ നേരിൽക്കാണാത്ത ആളുമായ) ശ്രീ. UnNi Maxx ന്റെ പത്നിയും വളർന്നുവരുന്ന എഴുത്തുകാരിയുമായ ശ്രീമതി ശ്രീപാർവതിയുടെ “മീനുകൾ ചുംബിക്കുന്നു” എന്ന പുസ്തകമാണ്.

ശ്രീ. Manoj V D Viddiman, ശ്രീ. Siyaf Abdulkhadir തുടങ്ങിയ ഓൺലൈൻ സുഹൃത്തുക്കളുടെ പുസ്തകങ്ങളും വായിക്കാൻ സാധിച്ചിട്ടുണ്ട്. Sabu Hariharan ന്റെ പുതിയ പുസ്തകത്തിനായി കാത്തിരിക്കുന്നു. അതുപോലെ ശ്രീ. V J James ന്റെ കൃതികൾ… മലയാളത്തിലെ നിലവിലുള്ള active writers ലെ ഒന്നാം നിരയിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ എത്രപേർ സത്യത്തിൽ വാങ്ങി വായിച്ചു എന്നത് ചിന്തനീയമാണ്.

പറഞ്ഞു വന്നത്, നമ്മുടെ പല പുതിയ എഴുത്തുകാരും അമ്പരപ്പിക്കുന്ന സർഗാത്മകതയുള്ളവരാണ്. (ഉദാഹരണം ഡോ. മനോജ് വെള്ളനാട് – പക്ഷെ അദ്ദേഹം പുസ്തകം എഴുതിയതായി അറിവില്ല. ബ്ലോഗും ആനുകാലികങ്ങളുമാണ് ശ്രീമാന്റെ അങ്കത്തട്ട്). എന്നാൽ അവരെ പുകഴ്ത്തുന്നവർ പലരും അവരെ വായിക്കാത്തവർ ആണെന്നതാണ് വേദനാജനകമായ കാര്യം. ബഷീറിന്റെയും മലയാറ്റൂരിന്റെയും എംടിയുടെയും കുഞ്ഞബ്ദുള്ളയുടെയും മാധവിക്കുട്ടിയുടെയും ചുള്ളിക്കാടിന്റെയും കാലത്തിനു ശേഷം നല്ല എഴുത്ത് മരിച്ചു എന്നു വിലപിക്കുന്ന വാചാടോപകർ പുതിയ കൃതികൾ വായിച്ചു നോക്കിയതിനു ശേഷം അഭിപ്രായങ്ങൾ പറയണം എന്നു താത്പര്യപ്പെടുന്നു.

വായനക്ക് പകരം മറ്റൊന്നുമില്ല. ഒരു ഹിറ്റ് സിനിമ മൂന്നും നാലും തവണ കണ്ട് സൂപ്പർ ഹിറ്റാക്കി മാറ്റുന്നവർ അത് ഒന്നോ രണ്ടോ ആക്കി കുറച്ചു പകരം ഒരു പുതിയ പുസ്തകം / നല്ലൊരു ബ്ലോഗ് വായിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചുപോകുന്നു.