Search

ചിതറിയ ചിന്തകള്‍…

Mahi's Blog: ഒരു സാധാരണക്കാരന്‍റെ മനോവ്യാപാരങ്ങള്‍…

Month

January 2014

അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങള്‍… (ബാംഗ്ലൂര്‍ ജീവിതം -1)

Mother Calling to her Sonബാംഗ്ലൂര്‍: 2005 ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ച, പതിവ് പോലെ അന്നു വൈകീട്ടും അമ്മയെ വിളിച്ചു.
“നീ എന്നു വരും? വിഷുവിന് ഇനി കുറച്ചു ദിവസങ്ങളെ ഉള്ളൂ…”
“വന്നാല്‍ ശരിയാവില്ല – ഒരാഴ്ച പോകും. പ്രൊജക്ടിന്‍റെ അവസാന ഘട്ടം ആണ്… പിന്നെ ബസിലും ട്രെയിനിലും ഒന്നും ടിക്കറ്റും കിട്ടില്ല. എല്ലാം നേരത്തെ തന്നെ സോള്‍ഡൌട്ട് ആയിക്കാണും…” ഞാന്‍ മറുപടി പറഞ്ഞു.
“നീ വരില്ലെങ്കില്‍ ഈ വര്‍ഷം വിഷുക്കണിയും സദ്യയും ഒന്നും ഒരുക്കുന്നില്ല… കുട്ടികള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ക്കെന്തിനാ…” അമ്മയുടെ ശബ്ദത്തില്‍ പരിഭവം സ്പഷ്ടമായിരുന്നു.
അപ്പാര്‍ട്ടുമെന്‍ടില്‍ എത്തിയപ്പോള്‍ കൂട്ടുകാര്‍ വിഷു പ്രമാണിച്ച് ബംഗ്ലൂര്‍ തന്നെയുള്ള ബന്ധുക്കളുടെ വീട്ടില്‍ പോകുന്ന കാര്യം പറയുന്നു…
ബാംഗ്ലൂരില്‍ എനിക്ക് അടുപ്പമുള്ള ഒരേയൊരു ബന്ധു അമ്മയുടെ അകന്ന ബന്ധത്തിലുള്ള ബാലന്‍ അങ്കിള്‍ ആണ്. ചിലപ്പോളൊക്കെ വീക്കെന്‍ഡില്‍ അവിടെ പോകാറുമുണ്ട്. പക്ഷെ എന്തോ, വിഷുവിന് അവിടെ പോകാന്‍ തോന്നിയില്ല. ഞാന്‍ വീട്ടില്‍ ഇല്ലാത്ത ആദ്യ വിഷു… സഹമുറിയനും ബാല്യം തൊട്ടുള്ള സുഹൃത്തുമായ അരുണിനോട് കാര്യം പറഞ്ഞു. അവന്‍ പറഞ്ഞു “നിനക്ക് പോകണമെന്നുണ്ടെങ്കില്‍ പൊയ്ക്കോ… വിഷു സീസന്‍ അല്ലേ, ട്രെയിന്‍, ലക്ഷ്വറി ബസ് ഒന്നും നോക്കണ്ട… മജസ്റ്റിക്കില്‍ നിന്നു കോയമ്പത്തൂര്‍ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസ് കാണും, അവിടുന്ന് പാലക്കാട്‌, തൃശ്ശൂര്‍… അങ്ങനെ കയറി ഇറങ്ങിപ്പോകണം. ലക്ഷ്വറി ബസില്‍ 14 മണിക്കൂര്‍ മതി, പക്ഷെ ഇത് ഒരു ദിവസത്തെ യാത്ര കൂട്ടിക്കോ…”

*****

Rush Dayഅവസാനം പോകാന്‍ തന്നെ തീരുമാനിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഓണത്തിനും വിഷുവിനും ഒക്കെ കുടുംബത്തോടൊപ്പം കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു ജീവിതം? എന്തു പ്രോജെക്റ്റ്‌? ഈ പ്രൊജെക്ടുകള്‍ ചെയ്യുന്നത് തന്നെ കുടുംബത്തിനു വേണ്ടി അല്ലേ?
അങ്ങനെ ഏപ്രില്‍ 12 ന് ഉച്ചവരെ കമ്പനിയില്‍ പോയി അവിടെനിന്നു നേരെ ബസ് സ്റേഷനിലേക്കും.അമ്മയ്ക്കും പെങ്ങള്‍ക്കും വാങ്ങിയ സാരിയും ചുരിദാറും പിന്നെ അല്ലറ ചില്ലറ സാധനങ്ങളുമൊക്കെയായി ഭാരമേറിയ ഒരു ബാഗ്‌ പുറത്തുണ്ട്. ബാംഗ്ലൂര്‍ മജസ്റ്റിക്കിലെ ഇന്‍റര്‍-സ്റേറ്റ് ബസ് ടെര്‍മിനല്‍ പരിസരത്തേക്ക് അടുക്കാന്‍ പോലും ആവാത്ത തിരക്ക്. ഉത്സവപ്പറമ്പില്‍ക്കൂടി നടക്കുന്ന പ്രതീതി. ഓരോ ബസും നിറഞ്ഞ് തൂങ്ങി നിന്നു യാത്ര ചെയുന്ന ആളുകള്‍…
തിരികെ അപ്പാര്‍ട്ട്മെന്റിലേക്കു പോയാലോ എന്നാലോചിക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി “ഡായ്… മഹേഷ്‌, നാട്ടുക്ക് പോകലൈയാ?”
സുഹൃത്തും സഹപ്രവര്‍ത്തകനുമായ സെന്തില്‍ ആണ്- കോയമ്പത്തൂര്‍ മച്ചാന്‍.
“ആമാണ്ടാ, ആനാ ഒറ്റ ബസിലും സീറ്റ് കിടയാത്… പാരെടാ.. എപ്പടി കോവൈ വരേയ്ക്കും ഇന്ത മാതിരി ട്രാവല്‍ പണ്ണിടും?” ഞാന്‍ അറിയാവുന്ന തമിഴില്‍ പേശി.
“കവലൈപ്പെടാത് മച്ചാ… വാങ്കോ…” അവന്‍ എന്നെ കൂട്ടി ഒരു ഗാരെജിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ബസിലെ കണ്ടക്ടറോട് എന്തോ സംസാരിച്ചു. കുറച്ചു രൂപ കൊടുക്കുന്നതും കണ്ടു. ബോര്‍ഡ് വെക്കാതെ ഗാരേജില്‍ കിടന്ന ഒരു ബസിലേക്ക് അയാള്‍ ഞങ്ങളെ നയിച്ചു.
“അന്ത ബസ് ഒണ്‍ അവറുക്ക് ഉള്ളൈ പുറപ്പെടും – സേലം വരേയ്ക്കും പോകലാം…” സെന്തില്‍ പറഞ്ഞു.
സേലമെങ്കില്‍ സേലം – അവിടെ ചെന്നിട്ട് ബാക്കി നോക്കാം.

*****

സേലത്ത് എത്തിയപ്പോള്‍ രാത്രി 9 മണി. സെന്തില്‍ അവന്‍റെ സേലത്തുള്ള അമ്മാവന്‍റെ വീട്ടിലേക്ക് പോയി. എന്‍ക്വയറിയില്‍ അന്വേഷിച്ചപ്പോള്‍ കൃത്യം 9:30 ന് പാലക്കാടിന് ഒരു സൂപ്പര്‍ ഫാസ്റ്റ് ഉണ്ടെന്നറിഞ്ഞു. അത് കഴിഞ്ഞാല്‍ പിന്നെ വളരെ താമസിക്കും. അത്താഴം കഴിക്കാന്‍ സമയമുണ്ട്- ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്‍റെയും, വലിയ ബാഗും തൂക്കി ഓരോ ബസ്സിന്‍റെയും പിന്നാലെ ഓടി പരാജിതനായതിന്‍റെയും ക്ഷീണം വിശപ്പിന്‍റെ രൂപത്തില്‍ വിളി തുടങ്ങി. ബസ് സ്റ്റാന്‍ഡിനോട്‌ ചേര്‍ന്നു തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടു അതിന്‍റെ ഒരു പ്രവേശന കവാടം ബസ് സ്റ്റാന്‍ഡിലേക്കും മറ്റൊരു കവാടം ഹോട്ടലിനപ്പുറത്തുകൂടി പോകുന്ന റോഡിലേക്കും ആയിരുന്നു. തമിഴ്നാട്ടില്‍ ചെന്നാല്‍ ഒരിക്കലും ഒഴിവാക്കാത്ത കട്ടത്തൈരും കൂട്ടി വെള്ളച്ചോറ് സുഖമായി ഉണ്ടു.
കൈ കഴുകാനായി ടാപ്പ് തിരിക്കവെ വെറുതെ ജനലില്‍ കൂടി പുറത്തേക്കു നോക്കി. ആളുകള്‍ ഭക്ഷണം കഴിച്ച എച്ചിലില ഹോട്ടലിന്‍റെ പിന്നില്‍ ഒരു കുന്നുപോലെ കൂടിക്കിടക്കുന്നു. തെരുവുനായ്ക്കള്‍ അവയില്‍ അവശേഷിച്ച ഭക്ഷണം കഴിക്കാന്‍ കടിപിടി കൂടുന്നു. ഒറ്റ നോട്ടത്തില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഏതൊരു ഹോട്ടലിന്‍റെയും പിന്നാമ്പുറത്ത് ഇത്തരം കാഴ്ചകള്‍ കാണാം…
The Boy Needed Foodപെട്ടെന്ന്‍ ഒരു ഞെട്ടലോടെ ഞാന്‍ ആ കാഴ്ച കണ്ടു.കറുത്ത് മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം പോലെയായ, കഷ്ടിച്ച് മൂന്നോ നാലോ വയസ് പ്രായം  തോന്നിക്കുന്ന ഒരു കുഞ്ഞ് ആ ഇലക്കൂട്ടത്തിലേക്ക് ഇഴഞ്ഞു വന്നു. ഒരു വറ്റു ചോറിനായി ആ കുഞ്ഞ് കടിപിടി കൂടുന്ന പട്ടികളുടെ മുഖം തള്ളിമാറ്റുന്നു… ഒരു നിമിഷം ഞാന്‍ സ്തബ്ധനായി നിന്നു… എനിക്ക് ആ കുഞ്ഞിനു വേണ്ടി എന്തെങ്കിലും ചെയ്യണമായിരുന്നു… കുറഞ്ഞ പക്ഷം അവനെ ആ വൃത്തികെട്ട അവസ്ഥയില്‍ നിന്നും എടുത്തു മാറ്റി അല്പം ഭക്ഷണം എങ്കിലും വാങ്ങിക്കൊടുക്കണം…
പെട്ടെന്ന് പാലക്കാടിനുള്ള സൂപ്പര്‍ഫാസ്റ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയിരിക്കുന്നു- എന്നുള്ള അനൌണ്‍സ്മെന്‍റ് ഞാന്‍ കേട്ടു… ക്ഷീണം, കുടുംബത്തോടൊപ്പമുള്ള വിഷു… എനിക്ക് ആ ബസ് മിസ്‌ ചെയ്യാനാവില്ല. ഹോട്ടലിലെ ബില്‍ കൊടുത്ത്, ഭാരിച്ച ഹൃദയവുമായി ഞാന്‍ ബസിനു നേരെ ഓടി…
എനിക്ക് സീറ്റ് കിട്ടി, എങ്കിലും ആ രാത്രി ഉറങ്ങാനായില്ല… ഞാന്‍ ചുറ്റും നോക്കി-ബസിലുള്ള എല്ലാ യാത്രക്കാരും സുഖമായി ഉറങ്ങുന്നു- എനിക്കും, യാത്രാക്ഷീണവും, തലവേദനയും, ശരീര വേദനയും ഒക്കെയുണ്ടായിരുന്നു. – പക്ഷെ ഉറക്കം എന്നെ വിട്ടുനിന്നു. അന്നു രാത്രി മുഴുവനും ഞാന്‍ കറുത്ത് മെലിഞ്ഞ ആ കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു… അവന്‍ അല്പം ഭക്ഷണത്തിന് വേണ്ടി തെരുവു നായ്ക്കളോട് പൊരുതുന്നു – എനിക്ക് ഒരിക്കലും സങ്കല്‍പിക്കനാവാത്ത കാര്യം. എനിക്ക്, എന്‍റെ നെഞ്ചിനു മുകളില്‍ ഒരു വലിയ കല്ലെടുത്ത്‌ വെച്ചിരിക്കുന്നത് പോലെ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നി. ആ കറുത്തു മെലിഞ്ഞ കുഞ്ഞിനെ ഓര്‍ത്തു എന്‍റെ കണ്ണുകള്‍ നിറയുന്നതില്‍ നിന്ന് എന്നെ തടയാന്‍ എനിക്കാവുമായിരുന്നില്ല. ലോകത്തുള്ള, ഭക്ഷണം ലഭിക്കാത്ത എല്ലാ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയും ഞാന്‍ തീരുമാനിച്ചു- ഇനി ഭക്ഷണം പാഴാക്കില്ല…

*****

എന്‍റെ അമ്മ പലപ്പോഴും പറയുന്ന കാര്യം ഞാന്‍ ഓര്‍മിച്ചു – “അന്നദാനം മഹാദാനം ആണ് മോനെ- നിനക്ക് പണമോ മറ്റെന്തെങ്കിലും വസ്തു കൊടുത്തോ ഒരാളെയും തൃപ്തനാക്കാന്‍ കഴിയില്ല – ഭക്ഷണമല്ലാതെ…!!!”

ഭക്ഷണത്തിന്‍റെ വില ഒന്നു വേറെതന്നെ…
എന്‍റെ കുട്ടിക്കാലത്ത്, ഞാന്‍ ഭക്ഷണം പാഴാക്കിക്കളയുമ്പോള്‍ എന്‍റെ മാതാപിതാക്കള്‍ എന്നോട് പറയുമായിരുന്നു “നിന്നെ നന്നായി നോക്കാന്‍ ഞങ്ങള്‍ ഉള്ളതുകൊണ്ടും ശരിയായ വിശപ്പ്‌ നീ അറിയാത്തത് കൊണ്ടും ഭക്ഷണത്തിന്‍റെ വില നിനക്കറിയില്ല. ഒരു നേരം ആഹാരം കിട്ടാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഈ ലോകത്തുണ്ടെന്ന് നിനക്കറിയാമോ?”

*****

“അര്‍ഹതയുള്ളവയുടെ അതിജീവനം” (Survival of the Fittest) എന്ന ഹെര്‍ബര്‍ട്ട് സ്പെന്‍സറിന്‍റെ തിയറിയില്‍ പറയുന്നതുപോലെ – ഈ ലോകം അതിജീവിക്കുന്നവന് വേണ്ടിയുള്ളതാണ്. അതിജീവനത്തിനായ് ഈ ലോകത്തിലുള്ള എല്ലാവര്‍ക്കും സാഹചര്യങ്ങളുമായി പൊരുതേണ്ടിയും വരും. വിജയി ജീവിക്കും, പരാജിതന്‍ നശിക്കും. ചരിത്രം പോലും വിജയിയുടെ ജീവിതകഥയാണ് – പരാജിതന്‍റെ അല്ല.
സേലം ബസ്‌ സ്റ്റാന്‍ഡിലെ ഹോട്ടലില്‍ നിന്നും ഞാന്‍ കണ്ടതും അതുതന്നെയാണ്-
“നിലനില്‍പ്പിനായുള്ള സമരം- ജീവനും, അതിജീവനത്തിനും വേണ്ടിയുള്ള പൊരുതല്‍… പിന്നെ- തീര്‍ച്ചയായും ഭക്ഷണത്തിന്‍റെ വിലയും …”

*****

സേലം ബസ് സ്റ്റാന്‍ഡില്‍ കണ്ട പേരറിയാത്ത, കറുത്ത്മെലിഞ്ഞ  കുഞ്ഞേ, നീ ഇന്നെവിടെയാണെന്ന് എനിക്കറിയില്ല. നിനക്കായി ഒന്നും ചെയ്യാനാവാതെ സ്വാര്‍ത്ഥനായി മടങ്ങിയ അന്നത്തെ എന്നെക്കുറിച്ചോര്‍ത്ത് എനിക്കു ലജ്ജയുണ്ട്. പക്ഷെ, ജീവിതത്തെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടില്‍ നീ വരുത്തിയ മാറ്റം – അത് വളരെ വലുതാണ്‌ – നന്ദി.
എനിക്കറിയാം ഈ കുമ്പസാരം ഒരു പരിഹാരവും അല്ല എന്ന്… പക്ഷെ പ്രിയപ്പെട്ട കുഞ്ഞേ- എനിക്കിതു ചെയ്തേ മതിയാകൂ…!!!

ബന്ധപ്പെട്ട പോസ്റ്റ്‌ (English)

ഒരു അച്ഛന്‍ ജനിക്കുന്നു…

father-and-baby-girl-1536x1024-131024-ts-175734343-260x260“ആദ്യത്തെ കുഞ്ഞ് വരുമ്പോള്‍ ഭൂമിയില്‍ ഒരു അച്ഛന്‍ കൂടി ജനിക്കുന്നു… അമ്മയും…
അതുവരെ നമ്മള്‍ ധാര്‍ഷ്ട്യം മാത്രം കൈമുതലായുള്ള വെറും “ആണുങ്ങള്‍” മാത്രം… അല്ലെങ്കില്‍ തരള സ്വപ്നങ്ങളെ താലോലിച്ചു കഴിയുന്ന ‘പെണ്ണുങ്ങള്‍’ മാത്രം…
നമ്മളുടെ മനസ്സില്‍ ദൈവം ജനിക്കുന്നത് നമ്മുടെ കുഞ്ഞിനെ കാണുന്ന മുഹൂര്‍ത്തത്തില്‍ ആണ്… 

എന്‍റെ പിതാവ് ദിവംഗതനായ ശ്രീ കെ. എന്‍. രാജപ്പന്‍ നായരുടെ സ്മരണക്കുമുന്‍പില്‍, ഇതുവരെ ജനിച്ച എല്ലാ അച്ഛന്മാര്‍ക്കുമായി…”

*****

“ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരിക്കല്‍ നിനക്ക് മനസ്സിലാകും… നീ ഒരച്ഛന്‍ ആകുന്ന ദിവസം മുതല്‍ …”
അച്ഛന്‍റെ ഈ ഡയലോഗില്‍ ആയിരുന്നു ഞാനും അച്ഛനും തമ്മില്‍ ഉണ്ടാക്കിയിരുന്ന ,’അനാവശ്യമായിരുന്നു’ എന്നു പിന്നീട് തിരിച്ചറിഞ്ഞിരുന്ന മിക്കവാറും എല്ലാ വാഗ്വാദങ്ങളുടെയും അവസാനം. അന്ന് അച്ഛന്‍ പോയിട്ട് ഒരു ഭര്‍ത്താവ് പോലും അല്ലായിരുന്ന എനിക്ക് അതിനു മാത്രം മറുപടിയില്ലായിരുന്നു. “ഇപ്പോള്‍ മനസിലാകാത്ത എന്താ അന്നു മനസിലാകാന്‍?” എന്ന സംശയം മാത്രം മനസ്സില്‍ വെച്ച്, ഞാന്‍ വാഗ്വാദം അവസാനിപ്പിച്ചിരുന്നത് അച്ഛന്‍റെ ഈ ഒരു പ്രസ്താവനയിലായിരുന്നു. പരസ്പരം സ്നേഹിക്കുന്ന അച്ഛനും മക്കളും തമ്മിലുള്ള വഴക്കുകള്‍ പലപ്പോഴും
“പതിനെട്ടില്‍ നിന്നു മൂന്നു കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് നമ്മുടെ ഉത്തരം”
“സംഭവം ഒക്കെ ശരി, പക്ഷെ അത് കണ്ടു പിടിക്കേണ്ടത് പത്തിനോട് അഞ്ചു കൂട്ടിയാണ്…”
ഈ രീതിയില്‍ ഉള്ള പ്രശ്നങ്ങള്‍ ആയിരിക്കും… വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോഴേ അന്നത്തെ വാശിയുടെ അര്‍ത്ഥശൂന്യത മനസിലാകൂ…

*****

മക്കള്‍ രസംകൊല്ലികള്‍ ആണെന്ന ആധുനിക തലമുറയുടെ സങ്കല്‍പ്പങ്ങള്‍ ഒട്ടുമില്ലാത്ത ഒരാള്‍ ആയിരുന്നില്ല ഞാനും. “ഒരു കുട്ടി ആകാം, പക്ഷെ വിവാഹം കഴിഞ്ഞ് മൂന്നു നാലു വര്‍ഷങ്ങള്‍ക്കുശേഷം…” എന്ന ഇന്നത്തെക്കാലത്ത് പൊതുവേ ആരും തെറ്റ് പറയാത്ത ഒരു നിലപാടായിരുന്നു എന്‍റെതും. എന്നാല്‍ വിവാഹശേഷം 9 മാസങ്ങള്‍ കഴിഞ്ഞ്, ഞാന്‍ ഒരു അച്ഛന്‍ ആകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം അടക്കാനാവുന്നതിലും അപ്പുറമായിരുന്നു. “മൂന്നു- നാലുവര്‍ഷം കഴിഞ്ഞ് …” തുടങ്ങിയ പ്ലാനിംഗ് ചിന്തകളൊന്നും അപ്പോള്‍ മനസ്സിലേക്ക് വന്നില്ല. ഫോണ്‍ എടുത്ത് അമ്മയെ വിളിച്ചു “അമ്മേ, അമ്മ ഒരു മുത്തശ്ശി ആകാന്‍ പോകുന്നു …” എന്ന്‍ വിളിച്ചു കൂവിയ സമയത്ത്, എന്‍റെ യൌവനത്തിന്‍റെ പക്വത കൌമാരത്തിന്‍റെ ഉത്സാഹത്തിനും ആവേശത്തിനും വഴിമാറിക്കൊടുത്തു…
പിന്നീട് കരുതലിന്‍റെയും കാത്തിരുപ്പിന്‍റെയും  എട്ടു മാസങ്ങള്‍ കൂടി…
മൂന്നാം മാസത്തിലെ അള്‍ട്രാസൌണ്ട് സ്കാനിന് ശേഷം എന്‍റെ ഭാര്യ ഡോക്ടറോട് ചോദിച്ചു… “മോളാണോ മോനാണോ” എന്ന്…
“അത് പറയാന്‍ നിയമം എന്നെ അനുവദിക്കുന്നില്ല…” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി… കൂട്ടത്തില്‍  “നിങ്ങളുടെ ആഗ്രഹം എന്താണ്?” എന്നുകൂടി കൂട്ടിച്ചേര്‍ത്തു.
“മോളുവേണമെന്നാണ് മഹിയേട്ടന് … പിന്നെ ഏതായാലും ഞങ്ങളുടെ കുഞ്ഞല്ലേ…” അവള്‍ മറുപടി പറഞ്ഞു.
ഡോക്ടര്‍ ചിരിച്ചു… ഒന്നും പറഞ്ഞില്ല…

*****

“എടാ, ഇപ്പോള്‍ പണ്ടത്തെപ്പോലെ അല്ല. പണ്ടൊക്കെ കുഞ്ഞിനെ സ്കൂളില്‍ ചേര്‍ക്കാറാകുമ്പോഴേക്കും ഒരു പേര് കണ്ടുപിടിച്ചാല്‍ മതിയായിരുന്നു. പക്ഷെ ഇപ്പോള്‍ കുഞ്ഞിന്‍റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ തന്നെ പേരു ചേര്‍ക്കണം.” അമ്മ പറഞ്ഞു.
GayathreeDeviഞാന്‍ പറഞ്ഞു “പേരൊക്കെ നേരത്തെ കണ്ടു വെച്ചിട്ടുണ്ട് – ഗായത്രിദേവി… ആദി പരാശക്തിയുടെ പേരാണ്. സരസ്വതിയും ലക്ഷ്മിയും ശക്തിയും ചേര്‍ന്ന ദേവീ രൂപം.
ഗായത്രി എന്നു മാത്രം പറഞ്ഞാല്‍ മന്ത്രം ആണ് – അതല്ല ഉദ്ദേശിച്ചത്. മൂന്നു ദേവീ സങ്കല്‍പങ്ങളും ചേര്‍ന്നത് എന്ന അര്‍ത്ഥത്തില്‍ ഗായത്രീദേവി എന്നുതന്നെ വേണം…”
“അതുശരി അപ്പോള്‍ മോളാണെന്ന് ഉറപ്പിച്ചോ ? ഇത്രക്ക് വിശദമായി പറയാന്‍…” അമ്മ ചോദിച്ചു.
“മഹിയെട്ടന്‍റെ ആഗ്രഹം പറഞ്ഞു – അത്രതന്നെ…” ഭാര്യ പറഞ്ഞു.
“ആണ്‍കുട്ടി ആണെങ്കിലോ?” ചേച്ചി ചോദിച്ചു.
“നമ്മുടെ മുത്തച്ഛന്‍റെ പേര് ( നാരായണന്‍നായര്‍ ) ചേര്‍ത്ത് ദേവനാരായണന്‍, സൂര്യനാരായണന്‍ എന്ന്‍ രണ്ടു പേര് മനസിലുണ്ട് – പിന്നെ ആര്യന്‍, അനന്തപദ്മനാഭന്‍… പക്ഷെ അതൊന്നും വേണ്ടി വരില്ല.  ഗായത്രീദേവി ആയിരിക്കും…” ഞാന്‍ പുഞ്ചിരിച്ചു.
“ങാ ഏതായാലും ആരോടും പേര് സജസ്റ്റ് ചെയ്യാന്‍ പറയണ്ടല്ലോ – കുഞ്ഞിന്‍റെ അച്ഛനുതന്നെ തീരുമാനം ഉണ്ട്” അമ്മ പറഞ്ഞു.
ഞാന്‍ ചിരിച്ചു “മറ്റെല്ലാ കാര്യത്തിനും എന്നപോലെ…”

*****

‘സൗന്ദര്യവും ആരോഗ്യവും ബുദ്ധിയും സല്‍സ്വഭാവവും ഉള്ള ഒരു മകന്‍ ജനിക്കട്ടെ…’ എന്നാശംസിച്ചവരോടൊക്കെ ഞാന്‍ വിനയത്തോടെ തിരുത്തി – മകള്‍ എന്നു പറയൂ…
‘അച്ഛന്‍റെ പിന്നാലെ നടക്കുന്ന ഒരു സുന്ദരിക്കുട്ടി ഉണ്ടാവട്ടെ…’ എന്നശംസിച്ചവരോട് ഞാന്‍ പറഞ്ഞു ‘നിങ്ങളുടെ നാവ് പൊന്നായിരിക്കട്ടെ…’

എന്‍റെ സുഹൃത്ത് ചോദിച്ചു “എന്താടാ മകള്‍ വേണമെന്ന് ഇത്ര ആഗ്രഹം? മകന്‍ വേണമെന്നല്ലേ കൂടുതല്‍ ആളുകളും ആഗ്രഹിക്കുക?”
ഞാന്‍ പറഞ്ഞു “നമുക്ക് രണ്ടു രീതിയില്‍ സ്നേഹിക്കാം… ഒന്ന് – സാധാരണ സ്നേഹം- അഥവാ തിരിച്ച് എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് ഉള്ള സ്നേഹം – ‘ഞാന്‍ ഇപ്പോള്‍ അവനെ സംരക്ഷിക്കും, മകന്‍ എന്‍റെ വാര്‍ദ്ധക്യത്തില്‍ എന്നെ സംരക്ഷിക്കും’ എന്നുള്ള ടിപ്പിക്കല്‍ ഫ്യൂച്ചര്‍ കോണ്‍ഷ്യസ് സ്നേഹം – നല്ലൊരു ഇന്‍വെസ്റ്റ്‌മെന്‍റ് ടു ഫ്യൂച്ചര്‍… അതാണ് മകന്‍ മതി എന്ന ആഗ്രഹം…
എന്നാല്‍ മകള്‍ നാളെ മറ്റൊരാളുടെ കൈ പിടിച്ചു കൊടുക്കാനുള്ള നമ്മുടെ സൗഭാഗ്യമാണ് – പിതാവിന് മകളോട് തോന്നുന്ന സ്നേഹത്തില്‍ കലര്‍പ്പില്ല… പ്യുവര്‍ ആന്‍ഡ്‌ സ്വീറ്റ് ലൈക്‌ നാച്ചുറല്‍ ഹണി. ഒന്നും പ്രതീക്ഷിക്കാതുള്ള സ്നേഹം – ഞാന്‍ അവളെ സ്നേഹിക്കുന്നത് എനിക്ക് സ്നേഹിക്കാന്‍ വേണ്ടി മാത്രമാണ്… അവള്‍ എന്നെ ഭാവിയില്‍ കെയര്‍ ചെയ്യും എന്ന ചിന്ത പോലും അവിടെയില്ല…
മകന്‍ മാത്രം ഉള്ളവര്‍ സ്വാര്‍ത്ഥരാണ് എന്നല്ല ഞാന്‍ പറഞ്ഞത്, മകന്‍ മതി എന്നു വാശി പിടിക്കുന്നവരുടെ കാര്യമാണ്. മക്കള്‍ ഏതുണ്ടാകുന്നു എന്ന നിയന്ത്രണം നമ്മുടെ കയ്യില്‍ അല്ലല്ലോ- പ്രത്യേകിച്ച് നാച്ചുറല്‍ ബര്‍ത്തില്‍.
മകനെ സ്നേഹിക്കുമ്പോള്‍ നാം നമ്മുടെ അച്ഛനമ്മമാര്‍ക്ക് നമ്മോടുള്ള സ്നേഹം മനസ്സിലാകുന്നു – എന്നാല്‍ മകളെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ അതിനു പുറമേ നമ്മുടെ ഭാര്യയെ അവളുടെ അച്ഛനും അമ്മയും സ്നേഹിച്ചത് കൂടി അറിയുന്നു… പിന്നെ ഇതൊക്കെ ഒരു ആഗ്രഹം ആണ് മോനേ … ദൈവത്തിനറിയാം പിങ്ക് ഓര്‍ ബ്ലൂ എന്ന്. ഹ ഹ…”
ഞാന്‍ ചിരിച്ചു, അവനും…

*****

ജനുവരി 9: അന്ന് തിരുവനന്തപുരത്ത് വെച്ച് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ വിവാഹനിശ്ചയം ആയിരുന്നു. ജനുവരി രണ്ടാം ആഴ്ച ഏതു സമയത്തും എന്‍റെ കുഞ്ഞ് പിറക്കാം എന്നതിനാല്‍ ഞാന്‍ മുന്‍പ് തന്നെ ഭാര്യയുടെ ഹോംടൌണ്‍ കൂടി ആയ തലസ്ഥാനനഗരിയില്‍ എത്തിയിരുന്നു. രാവിലെ വാമഭാഗത്തിന് ചെറിയൊരു വയറു വേദന – ഹോസ്പിറ്റലില്‍ ചെന്നു – ഡോക്ടര്‍ പറയുന്നു “ഹേയ് കുഴപ്പമൊന്നുമില്ല, നാളെ രാവിലെ വന്ന് അഡ്മിറ്റ്‌ ആയാല്‍ മതി… നാളെ അല്ലെങ്കില്‍ നാളെകഴിഞ്ഞ് പ്രതീക്ഷിക്കാം…”
സമാധാനമായി – നാളെ രാവിലെ വന്നാല്‍ മതിയല്ലോ…
വിവാഹ നിശ്ചയത്തില്‍ ഒക്കെ ആഘോഷമായി പങ്കെടുത്തു. വൈകുന്നേരം എന്‍റെ ആരാധനാ പാത്രമായ ഓണ്‍ലൈന്‍ എഴുത്തുകാരനും സഹൃദയനുമായ ശ്രീ. സുധാകരന്‍ വടക്കാഞ്ചേരിയെ കാണാമെന്നു പറഞ്ഞിരുന്നു… സ്റ്റാച്യൂ ജംക്ഷനില്‍ ഇന്ത്യന്‍ കോഫീ ഹൌസില്‍ ഞങ്ങള്‍ സംസാരിച്ചിരിക്കവേ അതാ വരുന്നു SMS – “മഹിയേട്ടാ എവിടെയാ???”
“ഞാന്‍ സുധേട്ടന്‍റെ കൂടെ  സ്റ്റാച്യൂവില്‍ ഉണ്ട് – എന്താ ?”
“ഒന്നുമില്ല- വെറുതെ ചോദിച്ചതാ…”
ഹോ കുഴപ്പമൊന്നുമില്ല – അല്ലെങ്കിലും രാവിലെ ഡോക്ടര്‍ പറഞ്ഞിരുന്നല്ലോ നാളെ അഡ്മിറ്റ്‌ ആയാല്‍ മതിയെന്ന്… ഞങ്ങള്‍ വീണ്ടും സംസാരത്തില്‍ മുഴുകി മണിക്കൂറുകള്‍ ഒഴുകിപ്പോയതറിഞ്ഞില്ല… സുധേട്ടനോട് വിട പറഞ്ഞു കാറില്‍ കയറുമ്പോള്‍ മറ്റൊരു മെസ്സേജ് “വേഗം വാ, പെയിന്‍ ഉണ്ട്…”
“ദാ എത്തി… ” എന്നു റിപ്ലെ ചെയ്ത് ആക്സിലേറ്ററില്‍ കാലമര്‍ത്തി… എവിടെ എത്താന്‍ ? വീതികുറഞ്ഞ ഊട് വഴികളും വൈകുന്നേരത്തെ ട്രാഫിക്‌ ബ്ലോക്കും… ശരിക്കും പെട്ടു എന്നു പറഞ്ഞാല്‍ മതി…
ബേക്കറി ജംക്ഷന്‍ കഴിഞ്ഞ് മുന്നോട്ട് കടന്നപ്പോള്‍ അടുത്ത മെസ്സേജ് – “ഞങ്ങള്‍ ചേട്ടന്‍റെ (അളിയന്‍) കാറില്‍ ഹോസ്പിറ്റലിലേക്ക് പോകുന്നു – നേരെ അങ്ങോട്ട്‌ വന്നാല്‍ മതി…”
ഞാന്‍ മൊബൈലെടുത്ത് വീട്ടിലേക്ക് വിളിച്ചു- പ്രിയതമയുടെ അമ്മാവന്‍ ഫോണെടുത്തു- “അവര് പുറപ്പെട്ടു – നീ ഇങ്ങോട്ടു വരണ്ടാ, നേരേ ഹോസ്പിറ്റലിലേക്ക് വിട്ടോ…”

*****

ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ഭാര്യയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോകുന്നു. ഒന്നും സംസാരിക്കാന്‍ പറ്റിയില്ല… നിമിഷങ്ങള്‍ വിനാഴികകള്‍ ആയും വിനാഴികകള്‍ നാഴികകള്‍ ആയും വളര്‍ന്നു… ഇടക്ക് പുറത്തു വന്ന ഡോക്ടര്‍ പറഞ്ഞു – “നല്ല പെയിന്‍ ഉണ്ട് – പേടിക്കാന്‍ ഒന്നുമില്ല…”
kunjoosഅവസാനം ഞാന്‍ ആഗ്രഹിച്ചതുപോലെ എന്‍റെ മകള്‍ വന്നു – ഭൂമിയില്‍ ഒരു അച്ഛന്‍ കൂടി ജനിച്ചു… അമ്മയും.

വെളുത്ത കോട്ടന്‍ തുണിയില്‍ തലയും ശരീരവും കാലുകളും പൊതിഞ്ഞ്, ചുരുട്ടിയ കൈപ്പത്തികള്‍ രണ്ടും തലയോട് ചേര്‍ത്ത് കണ്ണുകള്‍ അടച്ചു കിടന്ന അവളെ എന്‍റെ ഭാര്യയുടെ അമ്മ ഏറ്റുവാങ്ങി… അല്പം കഴിഞ്ഞ് അമ്മയില്‍ നിന്നു ഞാനും…

ആ നിമിഷം – ഈ ജന്മത്തില്‍ ഇതുവരെ അനുഭവിക്കാത്ത പൂര്‍ണത ഞാന്‍ അനുഭവിച്ചു… കണ്ണുനീര്‍ കാഴ്ചയെ മറച്ചു… ചെറിയ കുറുനിരകള്‍ നിരയായി അതിരിട്ട കുഞ്ഞുനെറ്റിയില്‍ ആദ്യമായി ഞാന്‍ ചുംബിച്ചു – മനസ്സ് നിറഞ്ഞ് നിറഞ്ഞ് ഒന്നു വിതുമ്പിപ്പോയി…
ചുവന്നു തുടുത്ത ചെറിയ കവിളുകളില്‍ ചുംബിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു-

“മകളേ ഈ നിമിഷം എനിക്ക് തന്നതോടെ  ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു – ഞാന്‍ നിനക്ക് നല്‍കുന്ന ഒന്നും ഇതിനു പകരമാവില്ല… ഈ വികാരം നീ അറിയുന്നത് നീ നിന്‍റെ കുഞ്ഞിന്‍റെ മുഖം ആദ്യമായി കാണുമ്പോള്‍ ആവും…”

പണ്ട് അച്ഛന്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് മനസിലായിത്തുടങ്ങിയിരിക്കുന്നു…

ആധാറും വഴിയാധാറും

Aadhar1Unique IDentification Authority of India (UIDAI) യുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പായി വരുന്ന ആധാര്‍ ഉദ്ദേശശുദ്ധികൊണ്ട് പരിപൂര്‍ണ പിന്തുണ അര്‍ഹിക്കുന്ന ഒരു പ്രോജെക്റ്റ്‌ ആണ്. എന്നാല്‍ നടപ്പില്‍ വരുത്തുന്നതിന്‍റെ കാലതാമസവും നടപ്പിലാക്കിയതിന്‍റെ തന്നെ പാളിച്ചകളും, പിന്നെ സര്‍ക്കാരിന്‍റെ സബ്സിഡി ആധാറുമായി ബന്ധപ്പെടുതിയെ നല്‍കൂ എന്നുള്ള ചില പിടിവാശികളും ഒക്കെ ചേര്‍ന്ന് ആധാര്‍ എന്നത് ഒരു ജനവിരുദ്ധ പ്രക്രിയ ആയി പലയിടത്തും പറയാറുണ്ട്.
Nilekaniഎന്നാല്‍ സത്യത്തില്‍ ഇത് US ലെ സോഷ്യല്‍ സെക്യൂരിറ്റി നമ്പറിന്‍റെ മാതൃകയില്‍, ഒരു പൌരന്‍റെ എല്ലാ രേഖകളേയും സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെയും ബന്ധിപ്പിക്കുന്ന സിംഗിള്‍ റെഫറന്‍സ് നമ്പര്‍ ആയി കാലക്രമത്തില്‍ വര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു ദീര്‍ഘവീക്ഷണത്തോട് കൂടിയ പ്രോജക്റ്റ് ആണ്. ഇതിന്‍റെ പ്രോജക്റ്റ് ഡയറക്ടര്‍  / ബുദ്ധികേന്ദ്രം ഇന്‍ഫോസിസിന്‍റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ശ്രീ. നന്ദന്‍ നിലേക്കനി ആണ്. PAN നമ്പര്‍ എല്ലാ സാമ്പത്തിക ഇടപാടുകളുമായി ബന്ധിപ്പിച്ചു പോരുന്നതുപോലെ ഗവണ്മെന്റിനു കൃത്യമായി പൌരനു നല്‍കുന്ന സേവനങ്ങളെയും ട്രാക്ക് ചെയ്യാന്‍ ഇതുമൂലം സാധിക്കും. നല്ലരീതിയില്‍ നടപ്പിലാക്കിയാല്‍ ഭാവിയില്‍ മറ്റെല്ലാ നമ്പരുകളും ഒഴിവാക്കി ആധാര്‍ മാത്രമായി ഉപയോഗിക്കാനും സാധിക്കും – ഉദാഹരണത്തിന് ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ID കാര്‍ഡ്, പാസ്പോര്‍ട്ട്, PAN എന്നിങ്ങനെ ഏതു ആധികാരിക രേഖയുടെയും റെഫറന്‍സ് നമ്പര്‍ ആയി ആധാര്‍ ഉപയോഗിക്കാം.

എന്നാല്‍ നടപ്പിലാക്കിയത്തിലെ പിഴവ് മൂലം പലര്‍ക്കും ആധാര്‍ ഇന്നും ലഭ്യമല്ല. ഇപ്പോള്‍ ഈ പ്രോജക്റ്റ് നടപ്പിലാക്കിയിരിക്കുന്നത്  ചില ഏജന്‍സികള്‍ക്ക് കോണ്ട്രാക്റ്റ് കൊടുക്കുകയും അവ ചില കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ക്ക് സബ്-കോണ്ട്രാക്റ്റ് കൊടുക്കുകയും അവിടുത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആധാര്‍ നടപ്പിലാക്കുകയും ചെയ്തു. അതിന്‍റെ ഫലമായി അക്ഷരത്തെറ്റ് മുതല്‍ പേരിന്‍റെ സ്ഥാനത് ‘കുരങ്ങന്‍’, പിതാവിന്‍റെ പേര് ‘മണ്ടന്‍’ എന്ന രീതിയില്‍ വരെ മോശം വിവരങ്ങള്‍ കടന്നുകൂടി. ഇത് തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടത് തന്നെ. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങളാണ് ഏതൊരു നല്ല പ്രോജക്ടിനെയും നശിപ്പിക്കുന്നത്‌.
Aadharസബ്സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആണ്- എന്നാല്‍ ആധാര്‍ എല്ലാവര്‍ക്കും ലഭ്യമല്ല താനും. ഇത് മൂലം ജനം കുഴങ്ങുകയും പദ്ധതിക്ക് തന്നെ എതിരാവുകയും ചെയ്തു. UIDAI – എന്ന പേരു തന്നെ ‘ഉഡായി’ എന്നു വായിച്ച് മറ്റൊരു ഉഡായിപ്പാണെന്ന് പറഞ്ഞു കളിയാക്കി തുടങ്ങി. ഈ പദ്ധതി അല്‍പംകൂടി ദീര്‍ഘവീക്ഷണത്തോട് കൂടി നടപ്പിലാക്കേണ്ടിയിരുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ വഴി തന്നെ ഈ പ്രക്രിയ സുഗമമായി നടപ്പിലാക്കാവുന്നതെ ഉള്ളൂ.  ഏജന്‍സികള്‍ക്ക് കൊടുക്കുന്ന കമ്മീഷന്‍ ബാങ്കുകള്‍ക്ക് കൊടുക്കുക. ആവശ്യമുള്ള ആളുകള്‍ സമീപത്തുള്ള നാഷണലൈസ്ട് ബാങ്കില്‍ നിന്ന് ആധാര്‍ ഇന്‍ഫര്‍മേഷന്‍ കൊടുക്കുക – ബാങ്ക് വഴിയോ, പോസ്റ്റിലോ, ഓണ്‍ലൈനിലോ ആധാര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക. തിരക്കോ ക്യൂവോ ഇല്ലാതെ ഏതൊരാള്‍ക്കും പ്രവര്‍ത്തിദിവസങ്ങളില്‍ ബാങ്കില്‍ ചെന്ന് വിവരങ്ങള്‍ നല്‍കാവുന്നതാണ്. PAN കാര്‍ഡ് എടുക്കുന്നതുപോലെ സുഗമാമാക്കാവുന്ന ഒരു പദ്ധതി. അക്ഷയ സെന്‍ററുകള്‍ മുഖാന്തിരം നടപ്പിലാക്കുന്ന ഇ -ആധാര്‍ പദ്ധതിയും ഒരു പരിധിവരെ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു.

ഒപ്പം സബ്സിഡി കാര്യങ്ങളില്‍ അര്‍ഹമായ സമയവും നല്‍കേണ്ടതാണ്.  അല്ലെങ്കില്‍ ആധാര്‍ വഴിയാധര്‍ ആയി മാറും- കോടികള്‍ വെള്ളത്തിലാക്കുന്ന മറ്റൊരു ദീര്‍ഘവീക്ഷണമില്ലാത്ത പ്രോജക്റ്റ്. ഒരിക്കലും അങ്ങനെ ആകാതിരിക്കട്ടെ.

Aadhar Website : http://uidai.gov.in/
Aadhar Status : https://eaadhaar.uidai.gov.in/
Aadhar all Servises : http://resident.uidai.net.in/
Aadhar Enrollment: https://appointments.uidai.gov.in/easearch.aspx

അവസ്ഥാന്തരങ്ങള്‍…

man-sleepingമേശപ്പുറത്ത് വെച്ചിരുന്ന ബ്ലാക്ക്‌ബെറി ബോള്‍ഡില്‍ നിന്നും കിളിചിലക്കുന്ന ശബ്ദം. മറ്റൊരു ഇമെയില്‍ വന്നിട്ടുണ്ട് – ഒരുമാസത്തെ വെക്കേഷന് നാട്ടില്‍ വന്നാലും വെറുതെ വിടില്ല… പണ്ടൊക്കെ നാട്ടിലെത്തിയാല്‍ സമാധാനമുണ്ടായിരുന്നു. ഇപ്പൊ ഇവിടെയും എല്ലായിടത്തും മൊബൈല്‍ റേഞ്ചും നെറ്റ് കണക്ടിവിറ്റിയും ഒക്കെയായി, സമാധാനം പോയി എന്നു ചുരുക്കം. എന്നെക്കൊണ്ടാവില്ല ഇപ്പൊ മെയില്‍ നോക്കാന്‍…  നാട്ടിലെ ഈ ധനുമാസക്കുളിരിനു പകരം വെക്കാന്‍ എന്തിനു കഴിയും… ജനുവരിയുടെ സുഖകരമായ തണുപ്പില്‍ ഉറക്കം തെളിഞ്ഞിട്ടും അയാള്‍ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

“അതേ, വേണ്വേട്ടാ … രാവിലെ എനീക്കാറായില്ലേ… ഇന്ന് രാവിലെ ആരെയൊക്കെയോ കാണണം നേരത്തെ വിളിക്കണംന്നൊക്കെ പറഞ്ഞിട്ട്?” ഭാര്യയാണ് തൊട്ടു വിളിക്കുന്നത്.
“പത്തു മിനിട്ട് കൂടി … നീ കൂടി ഇവിടെക്കിടന്നോ. നമ്മക്ക് കുറച്ചുനേരം കെട്ടിപ്പിടിച്ചു കിടക്കാം.”
“അയ്യട, സ്കൂളില്‍ വിടാറായ കുട്ടീടെ അച്ഛനാ, രാവിലെ കെട്ടിപ്പിടിച്ചു കിടക്കാന്‍… അവിടെവച്ച് ഈ സ്നേഹം ഒന്നും ഇല്ലാല്ലോ…” പരിഭവം.
സത്യമാണ്. പാതിരാത്രി വരെ  ഗ്രാഫുകളുടെയും ചാര്‍ട്ടുകളുടെയും ലോകത്തിരുന്ന്‍, മീറ്റിങ്ങുകളും ടാര്‍ഗറ്റ് ഫോളോഅപ്പുകളും ഫോര്‍കാസ്റ്റിങ്ങ് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കലും മാത്രം ചെയ്യുന്ന വേണുഗോപാല്‍ എന്ന മിടുക്കനായ ഫിനാന്‍ഷ്യന്‍ അനലിസ്റ്റ് എന്ന യന്ത്രത്തിന് തന്‍റെതെന്ന് പറഞ്ഞു മാറ്റിവെക്കാന്‍ സമയം ഉണ്ടായിരുന്നില്ല, ഒരിക്കലും. ജോലി കഴിഞ്ഞ് എങ്ങനെയോ ഡ്രൈവ് ചെയ്ത് വീട്ടിലെത്തി, ഷൂവും ടൈയ്യും ബെല്‍ട്ടും മാത്രം അഴിച്ച് ബെഡ്ഡില്‍ വീഴുന്നവന് എന്തു റൊമാന്‍സ്… വെറും പച്ചക്കറി. എന്തിനോക്കെയോ വേണ്ടിയുള്ള ഓട്ടം. ബാങ്കില്‍ വന്നു കൂടുന്ന പണം, നാട്ടിലെ നല്ല വീട്, ടൊയോട്ട ലെക്സസ്, സുന്ദരിയായ ഭാര്യ, കുഞ്ഞ്… എല്ലാം ഉണ്ട്… പക്ഷെ താനും ഒരു മനുഷ്യനാണെന്നു തോന്നുന്നത് വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോഴാണ്.
“ഡീ, നീ അങ്ങനെ പറയല്ലേ… നിനക്കറിഞ്ഞൂടെ വേണ്വേട്ടന്‍റെ തിരക്കുകള്‍…” പതിയെ കട്ടിലിന്‍റെ തലയ്ക്കലേക്ക് തലയിണ വെച്ചു ചാരിയിരുന്നു. രമയുടെ കയ്യില്‍ നിന്നു കാപ്പി വാങ്ങി.
ഉറക്കം പോയി. ഇന്നിനി റഷീദിന്‍റെയും ഗോപാലകൃഷ്ണന്‍റെയും ആന്‍റണിച്ചായന്‍റെയും ഒക്കെ വീടുകളില്‍ ഗള്‍ഫില്‍ നിന്നു തന്നയച്ചിരിക്കുന്ന ചെറിയ ചെറിയ പൊതികള്‍ എത്തിക്കണം. തിരക്കാണ്. ഒരുമാസം ധാ… ന്നങ്ങു പോകും.

“വേണ്വേ, എഴുന്നേറ്റില്ലേ നീയ്യ്? നിന്നെക്കാണാന്‍ ഒരാള് വന്നിരിക്കണൂ ട്ടോ…” അമ്മയാണ്.
“ദാരാപ്പോ ഇത്ര രാവിലെ…?” ആത്മഗതം പുറത്തു ചാടി…
“ഇത്ര രാവിലെയോ, മണി ഒന്‍പതാകുന്നു …” കാപ്പിക്കപ്പ് വാങ്ങി രമ അടുക്കളയിലേക്ക് പോയി. രാത്രിയില്‍ എപ്പോഴോ അഴിഞ്ഞുപോയ മുണ്ട് പുതപ്പില്‍ നിന്നും വേര്‍പെടുത്തിയെടുത്തുടുത്തുകൊണ്ട് വേണു സ്റ്റെപ്പുകള്‍ ഇറങ്ങി താഴേക്കു ചെന്നു. സിറ്റൌട്ടിലെ ചൂരല്‍ കസേരകളില്‍ ഒന്നില്‍ ഒരു കറുത്ത് മെലിഞ്ഞ മനുഷ്യന്‍ അമ്മയോട് സംസാരിച്ചിരിക്കുന്നു. നല്ല മുഖ പരിചയം.
“നിനക്ക് ആളെ മനസ്സിലായില്ല്യാന്നുണ്ടോ ?” അമ്മ ചോദിച്ചു.
പെട്ടെന്ന് ഒരു മിന്നല്‍ പോലെ ആളെ പിടികിട്ടി “വാസ്വേട്ടന്‍ അല്ലേ? കോവില്‍പ്പാട്ടെ രാജേഷിന്‍റെ…?”
“ഉം… രാജേഷ്‌ എന്‍റെ മോനാണ്…” ഘനമുള്ള ശബ്ദം. ആളിന്‍റെ ശബ്ദ ഗാംഭീര്യത്തിനു മാറ്റമൊന്നുമില്ല. രാജേഷിന്‍റെ അച്ഛന്‍ എന്നു പറയുന്നതിനേക്കാള്‍ രാജേഷ്‌ എന്‍റെ മോനാണ് എന്നു പറയുന്ന ധാര്‍ഷ്ട്യത്തിനും. വളരെ അകന്ന എന്തോ ബന്ധം അവരുടെ കുടുംബവുമായുണ്ടെന്ന് മുത്തശ്ശന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
വാസുദേവക്കുറുപ്പ് – അതായിരുന്നു അദ്ദേഹത്തിന്‍റെ പേര്. നാട്ടുകാര്‍ കുറുപ്പദ്യേം, എന്നും വാസ്വേട്ടന്‍ എന്നും വിളിക്കും. ഇരുണ്ട നിറം, ഉച്ചിയോളം കയറിയ തിളങ്ങുന്ന വലിയ നെറ്റി, പുളിയിലക്കരയുള്ള വെള്ളമുണ്ടു ധരിച്ച് നഗ്നമായ തോളില്‍ ഒരു വെള്ള തോര്‍ത്തും ഇട്ട് നെഞ്ചിലെ നരച്ച രോമങ്ങളില്‍ ഉഷ്ണം മാറ്റാനായി ഇടക്കിടക്ക് ഊതിക്കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ച്‌ നടക്കുന്ന, ചെറുപ്പത്തില്‍ അല്‍പം ഭയത്തോടുകൂടി മാത്രം കണ്ടിരുന്ന മെലിഞ്ഞു നീണ്ട ബലിഷ്ട കായന്‍.

“നീയ് വന്നിട്ടുണ്ടെന്നറിഞ്ഞു, കണ്ടിട്ട് പോകാംന്നു കരുതി…”
“മിനിഞ്ഞാന്നെത്തി…” വേണു ഒരു കസേരയില്‍ ഇരുന്നു.
“ഉം .. എത്ര ദിവസ്സീണ്ട് ?”  വാസ്വേട്ടന്‍ തല മേലെക്കുയര്‍ത്തി ചോദിച്ചു. ഏതൊരു പ്രവാസിയെയും ഏറ്റവും വെറുപ്പിക്കുന്ന ചോദ്യം.
“ഒരു മാസം” അയാള്‍ ഒരു ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചു.
“ങാ … എങ്ങനീണ്ട് അവിട്ത്തെ പണീക്കെ …?”
“കുഴപ്പമില്ലാണ്ട് പോണൂ… വാസ്വേട്ടന്‍ ക്ഷീണിച്ചിരിക്കുന്നു… നമ്മള്‍ കണ്ടിട്ട് കുറേ ആയല്ലോ…” വേണു പറഞ്ഞൂ.
“പ്രായം ആയി വരല്ലേ… എത്രായീന്നറിയോ ? ” അദ്ദേഹം ചോദിച്ചു.
“അറുപത്‌ – അറുപത്തഞ്ച്…”
നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് വാസ്വേട്ടന്‍ പറഞ്ഞു “എഴുപത്തി എട്ട്…”
“കണ്ടാല്‍ പറയില്ല…” അയാള്‍ അത്ഭുതപ്പെട്ടു.
“ഹം… അത് എന്നും പണിയെടുക്കുന്നതോണ്ടാ… പണി നിര്‍ത്തി വീട്ടിലിരിക്കാന്‍ തുടങ്ങ്യാല്‍ കഴിഞ്ഞൂ…”കൈയ്യിലിരുന്ന കാപ്പിക്കപ്പ് ടീപ്പോയില്‍ വെച്ച് വാസ്വേട്ടന്‍ എണീറ്റു. അമ്മയുടെ നേരെ നോക്കി പറഞ്ഞു “ജാനക്യേ… ഇറങ്ങ്കാണ്…”

“വിശേഷിച്ചെന്തെങ്കിലും…?” വേണു കൂടെ ഇറങ്ങി.
“ഒന്നുംല്ല്യാന്നില്ല്യാ… വരട്ടെ, സമയംണ്ടല്ലോ, പറയാം…” വാസ്വേട്ടന്‍ ചിരിച്ചു. നിസംഗമായ, അപൂര്‍വമായി മാത്രം കാണുന്ന ചിരി.
വാസ്വേട്ടന് തന്നോടെന്തോ പറയാനുണ്ട്, വേണു ഗേറ്റിനരികെ വരെ കൂടെ നടന്നു.
“പറഞ്ഞോളൂ വാസ്വേട്ടാ… പിന്നെയായാലും ഇപ്പോളായാലും എന്താ മാറ്റം?”.

ഒന്നു മടിച്ചു, പിന്നെ പറഞ്ഞു “പണ്ട് ബഷീര്‍ പറഞ്ഞത് പോലെ ‘ഉപ്പാപ്പാക്ക് ആനെണ്ടാര്‍ന്നു’ ന്നു പറയാംന്നെ ഉള്ളൂ. രാജേഷ്‌ ഇവിടൊരു കമ്പനീല്‍ ഇലക്ട്രീഷ്യന്‍ ആയി പോകുന്നുണ്ട്, കല്യാണം കഴിച്ചിട്ടില്ല. രാജിയുടെ വിവാഹംകഴിച്ചു വിട്ട വകയില്‍ ഭൂസ്വത്ത് മുഴുവനും തന്നെ തീര്‍ന്നു. ഇനി വീടിരിക്കുന്ന തൊടി മാത്രമേ ബാക്കീള്ളൂ.”
കൈ നീട്ടാന്‍ മടിക്കുന്ന അഭിമാനിയുടെ സംസാര തടസം അയാള്‍ കണ്ടു. അദ്ദേഹം ആ രാവിലെയും ചെറുതായി വിയര്‍ത്തിരുന്നു. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് അദ്ദേഹം നെറ്റിയിലെയും നെഞ്ചിലെയും വിയര്‍പ്പ് തുടച്ചു. “ഗള്‍ഫിലൊക്കെ സാമ്പത്തിക മാന്ദ്യംന്നൊക്കെ വായിക്കാറുണ്ട്, ന്നാലും ചെറിയൊരു പണി ശര്യാക്കാനാവ്വോ രാജേഷിനേ…”
വേണു ഒന്നും മിണ്ടിയില്ല. നെറ്റിപ്പട്ടം കെട്ടിയ ആനയെപ്പോലെ തലയെടുപ്പോടെ നടന്നിരുന്ന തന്‍റെ ഓര്‍മ്മയുടെ അങ്ങേയറ്റത്തെ വാസ്വേട്ടനെ അയാള്‍ ഓര്‍മിച്ചു. ഇത് അദ്ദേഹം തന്നെയാണോ? കാലം എന്തൊക്കെ മാറ്റം ഒരു മനുഷ്യനില്‍ വരുത്തുന്നു…
“വേണ്വോന്നും പറഞ്ഞില്ല…” ഒരു ശബ്ദം അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
“ഞാന്‍… ഞാനെന്താ പറയ്ക വാസ്വേട്ടാ… അവിടെ ഉള്ളവരെ തന്നെ പറഞ്ഞു വിടണ കാലമാണ്. അവിടെച്ചെന്നിട്ടു നോക്കാംന്നല്ലാതെ എന്താ പറയ്ക.” അയാള്‍ അല്പം സങ്കോചത്തോടെ പറഞ്ഞു.
“ങ്ഹാ… ” ഒരു ദീര്‍ഘ നിശ്വാസം… “ശരിയാവില്ലെങ്കില്‍… ങ്ഹാ…ഞാനിങ്ങനെ ചോദിച്ചൂന്ന് ആരും അറിയണ്ടാ.” ഒരു വരണ്ട ചിരി ആ ചുണ്ടിന്‍റെ കോണില്‍ കണ്ടു… പിന്നെ കാല്‍ നീട്ടിവെച്ച്‌ തല ഉയര്‍ത്തിപ്പിടിച്ചു ആ പഴയ നടത്തം.

*****

ഏഴുമക്കളില്‍ മൂന്നാമനായിരുന്നു വാസ്വേട്ടന്‍. നാലു പെണ്ണും മൂന്നാണും ആയി ഏഴു മക്കള്‍. അച്ഛന്‍ ചെറുപ്പത്തിലെ മരിക്കുകയും ചേട്ടന്‍ പ്രണയ നൈരാശ്യം മൂത്ത് കഞ്ചാവും കള്ളുമായി നാടുചുറ്റലും തുടങ്ങിയപ്പോള്‍ വാസ്വേട്ടനായി കുടുംബനാഥന്‍. എഞ്ചിനീയറിംഗ് പഠനം മൂന്നാം വര്‍ഷം ഉപേക്ഷിച്ചു കുടുംബത്തിലേക്ക് വന്നു. തൊള്ളായിരപ്പറ പാടവും പത്തു പതിനഞ്ച് ഏക്കര്‍ പറമ്പും നോക്കി നടത്താന്‍ ആരെങ്കിലും വേണമല്ലോ. മൂത്ത സഹോദരിയെ മറ്റൊരു ജന്മി കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ചു. അനുജനിലൂടെ തന്‍റെ എങ്ങിനീയറിംഗ് സ്വപ്നം സാക്ഷാത്കരിച്ചും അനുജത്തിമാരില്‍ ഒരാളെ ഡോക്ടറും ഒരാളെ കോളേജ് അധ്യാപികയും ആക്കിയപ്പോഴേക്കും ഭൂസ്വത്തും ആയുസ്സും സൗന്ദര്യവും ഒക്കെ വാസ്വേട്ടന് നഷ്ടമായിരുന്നു. ഇളയവരെല്ലാം വിവാഹിതരായി സ്വന്തം വീതം വാങ്ങിപ്പോയപ്പോഴേക്കും അവശേഷിച്ചത് വലിയൊരു പഴയ തറവാടും അതിരിക്കുന്ന ഒന്നരയേക്കര്‍ പുരയിടവും മാത്രം. മധ്യവയസ്സില്‍ വിവാഹിതനായി താമസിച്ചുണ്ടായ മക്കളും ജോലിക്കാരിയല്ലാത്ത ഭാര്യയും ഒക്കെയായി വാസ്വേട്ടന്‍ കൂടുതല്‍ കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് പോക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം വീതമായ ഒന്നര ഏക്കറില്‍ നിന്നാണ് മകളെ വിവാഹം ചെയ്തയക്കാന്‍ വീണ്ടും വില്‍പ്പന നടത്തിയത്.

*****

couple-drivingആന്‍റണി  അച്ചായന്‍റെ വീട്ടിലേക്കു പോകുമ്പോള്‍ രമയോട് വേണു കാര്യങ്ങളൊക്കെ പറഞ്ഞു. അവള്‍ പറഞ്ഞു “വേണ്വേട്ടനെങ്ങാനും രാജേഷിനെ കൊണ്ടുപോയീന്നറിഞ്ഞാല്‍ ഇവിടെ ഭൂമികുലുക്കം നടത്തും വെല്യേച്ചി. അവരുടെ ഭര്‍ത്താവിനെ കൊണ്ടുപോയില്ല എന്നും പറഞ്ഞ് ഇപ്പോഴേ പിണക്കമാ…”
“എടീ അളിയന് അഹങ്കാരം കാണിക്കാനാ… അല്ലെങ്കിലും നാട്ടില്‍ PWD കോണ്ട്രാക്റ്റ് വര്‍ക്ക് ചെയ്തു നടക്കുന്ന ആള്‍ക്ക് ഗള്‍ഫില്‍ എന്തു പണി മേടിച്ചു കൊടുക്കാനാ. അളിയന്‍റെ വിദ്യാഭ്യാസം BA പൊളിറ്റിക്സ്, കംപ്യുട്ടര്‍ അറിയില്ല. എന്നും വൈകിട്ട് തണ്ണിയടിച്ചു ബോധം പോകണം… കൂടെയുള്ള എല്ലാവരുടെയും തലയില്‍ കയറണം. ഇങ്ങനെ ഒരാളെ എന്തു പണിക്ക് കൊണ്ടുപോകും. അതുപോലെയാണോ ഇത്…” വേണു പറഞ്ഞു.
“ഈ മനുഷ്യനല്ലേ ഈ നാട്ടില്‍ നിന്ന് ആദ്യമായി എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയത് എന്നു പണ്ട് പറഞ്ഞത്? അന്ന് സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നോ? ” അവള്‍ ചോദിച്ചു.
“അദ്ദേഹം അന്നു സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ആയിരിക്കുന്ന അവസ്ഥയില്‍ അദ്ദേഹത്തിന്‍റെ സഹോദരങ്ങള്‍ എല്ലാവരും ആയേനേ… എനിക്കറിയാം ആ മനുഷ്യനെ. ഇത്ര അഭിമാനിയായ ഒരാള്‍ എന്നോട് ഇങ്ങനെ പറയണമെങ്കില്‍ അവസ്ഥ വളരെ മോശമായിരിക്കും. നോക്കണം. ആന്‍റണി അച്ചായന്‍റെയോ റഷീദിന്‍റെയോ കമ്പനിയില്‍ ഇലക്‌ട്രീഷ്യന്‍റെ വേക്കന്‍സി ഉണ്ടോ എന്നു ചോദിക്കാം…”

*****

തിരിച്ചു പോകുന്നതിന്‍റെ തലേന്ന് വേണു വാസ്വേട്ടന്‍റെ വീട്ടില്‍ ചെന്നു… വലിയ കോലായും തെക്കിനിയും വിസ്താരമേറിയ മുറ്റവും ഇരുപത്തഞ്ചു പശുക്കളെയെങ്കിലും കെട്ടാന്‍ പാകത്തിന് നീളമേറിയ, ഇപ്പോള്‍ ഒരു പശുവും കിടാവും മാത്രമുള്ള, പൊളിഞ്ഞു വീഴാറായ തൊഴുതും ഒക്കെയുള്ള ഒരു ചെങ്കല്‍ കൊണ്ടു പണിത രണ്ടു നില വീട്. ഒന്നര നൂറ്റാണ്ടിന്‍റെ പഴക്കം ഉണ്ടെങ്കിലും അകലെ നിന്നു നോക്കുമ്പോഴുള്ള പ്രൌഡിക്ക് കുറവൊന്നുമില്ല. അഴികള്‍ ഒടിഞ്ഞ ജനലുകളോട് കൂടിയ ചാവടിയില്‍ വേണുവിനെ വാസ്വേട്ടന്‍ സ്വീകരിച്ചിരുത്തി. ചിതലരിച്ച കഴുക്കോലും ചായം പൂശിയിട്ട് വര്‍ഷങ്ങളായ ഭിത്തികളും, കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ കരയുന്ന തടികൊണ്ടുള്ള ഗോവണിയും എല്ലാം ആ വീടിന്‍റെ പഴയ പ്രൌഡിയില്‍ പൊതിഞ്ഞ ദാരിദ്ര്യത്തെ വിളിച്ചു പറഞ്ഞു.

“വലിയ വീട് മെയിന്‍റെനന്‍സ് ബുദ്ധിമുട്ടാണ് അല്ലേ വാസ്വേട്ടാ.” അയാള്‍ ചോദിച്ചു.
“ഹേയ് … അങ്ങനെയോന്നൂല്ല്യ… നിങ്ങള്‍ കുട്ട്യോള്‍ക്ക് അങ്ങനെയൊക്കെ തോന്നും… രാജേഷും ഇങ്ങനെ പറയാറുണ്ട്…” വാസ്വേട്ടന്‍ ചിരിക്കാന്‍ ശ്രമിച്ചു. പോളിഞ്ഞടര്‍ന്ന ഭിത്തിയിലെ വിള്ളല്‍ അയാള്‍ കാണാതിരിക്കാന്‍ അവിടേക്ക് കസേര വലിച്ചിട്ടിരുന്നു.
‘ദുരഭിമാനി …’ വേണു മനസ്സില്‍ പറഞ്ഞു.
“വാസ്വേട്ടാ അന്നു പറഞ്ഞ കാര്യം നടന്നേക്കും, ഞാന്‍ ശ്രമിക്കുന്നുണ്ട്. രാജേഷിനോട് അവന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്പോര്‍ട്ടിന്‍റെയും കോപ്പി ഈ അഡ്രസ്സില്‍ എനിക്ക് അയച്ചു തരാന്‍ പറയണം.” വേണു തന്‍റെ ബിസിനസ് കാര്‍ഡ് വാസ്വേട്ടന് കൊടുത്തു.
“ഉവ്വ് …” വാസ്വേട്ടന്‍റെ ശബ്ദം ഇടറിയിരുന്നു.
“ഞാന്‍ ഇറങ്ങട്ടെ …” അയാള്‍ പുറത്തേക്കിറങ്ങി. “ഒരു കാര്യം ചെയ്യണം, എന്‍റെ അമ്മ പോലും ഇതറിയരുത്… അറിഞ്ഞാല്‍ ഒരുപാട് ആളുകള്‍ എന്നെ സമീപിക്കും, എനിക്ക് എല്ലാവരെയും സഹായിക്കാനാവില്ല… പിന്നെ പിണക്കമാകും… എന്തിനാ വെറുതെ…”
“ഉവ്വ്… നിന്നെ ദൈവം അ…” വാക്കുകള്‍ പാതിവെച്ചു മുറിഞ്ഞു… വൃദ്ധന്‍റെ കണ്ണിലെ നനവ് അയാള്‍ കണ്ടു.
“ഒന്നും പറയണ്ട വാസ്വേട്ടാ… എല്ലാം നന്നായി വരട്ടെ…”
paddy_fieldsപണ്ടെന്നോ അവരുടെതായിരുന്ന തൊള്ളായിരപ്പറ പാടശേഖരത്തിനിടയിലെ വരമ്പിലേക്ക് അയാളിറങ്ങി. സായാഹ്ന സൂര്യന്‍റെ ചെങ്കിരണങ്ങള്‍ മകരക്കൊയ്ത്തിനു മൂപ്പെത്തിനില്‍ക്കുന്ന കതിരുകള്‍ക്ക് ശോണവര്‍ണം പകര്‍ന്നു. തെക്കന്‍ കാറ്റ് അയാളുടെ മുടിയിഴകളെ തഴുകി കടന്നുപോയി… താന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന വെറുമൊരു യന്ത്രം മാത്രമല്ല എന്ന ബോധ്യത്തില്‍ നിറഞ്ഞ മനസ്സോടെ അയാള്‍ വീട്ടിലേക്കു നടന്നു.

എന്തേ നിന്നെ വെറുക്കാന്‍ എനിക്കാവാത്തത് 2013 ?

കഴിഞ്ഞ വര്‍ഷത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ പലതായിരുന്നു – ധനനഷ്ടം, രോഗപീഡ, സ്ഥാനഭ്രംശം, തടവുശിക്ഷ (വീട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍), വേദന, ഒറ്റപ്പെടല്‍, ഡിപ്രഷന്‍ … അങ്ങനെയങ്ങനെ… പക്ഷെ 2013 ഒരു തിരിച്ചറിവിന്‍റെ വര്‍ഷം ആയിരുന്നു… പല കാര്യങ്ങളിലും.

കോട്ടങ്ങളെക്കുരിച്ചുള്ള വിശദീകരണം ഞാന്‍ ചുരുക്കുന്നു. കാരണം ഞാന്‍ ഒരു ഒപ്ടിമിസ്റ്റ് ആണ്. നിന്‍റെ യഥാര്‍ത്ഥ സുഹൃത്തുക്കളേ നിന്‍റെ കഷ്ടകാലത്തില്‍ നീ അറിയും എന്ന, മുന്‍പ് തന്നെ അറിയാവുന്ന സത്യം അടിവരയിട്ടുറപ്പിച്ച വര്‍ഷവും കഴിഞ്ഞത് തന്നെ… വര്‍ഷാദ്യത്തില്‍ എന്നെ എഴുതിത്തള്ളിയ ചിലര്‍ വര്‍ഷാവസാനത്തില്‍ – ഇവന്‍ അങ്ങനെ എഴുതി തള്ളേണ്ടവനല്ല എന്ന ഭാവത്തില്‍ തിരിച്ചു വരുന്നതും കണ്ടു…

എന്നും കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ – പ്രത്യേകിച്ച് രണ്ടു മൂന്നു പേര്‍ – ജീവിതം ഇവിടെയൊന്നും തീരുന്നില്ല എന്നും ഒരു രാത്രികൊണ്ടോന്നും ലോകം അവസാനിക്കില്ല എന്നും പറഞ്ഞു കൂടെ നിന്നു ജീവന്‍ പകര്‍ന്നു തന്നു…

ഞാന്‍ 2013 നെ ഇഷ്ടപ്പെടുന്നു… കാരണം ഭൌതികജീവിതത്തിലെ എന്‍റെ ഏറ്റവും മോശം വര്‍ഷം തന്നെ എനിക്ക് എന്‍റെ മനസ്സിനെ തിരിച്ചറിയാന്‍ സഹായിച്ചു. ഞാന്‍ എന്‍റെ കഴിവുകളിലേക്ക് – അഥവാ എന്നിലേക്ക്‌ തിരിഞ്ഞു നോക്കി… ഏകാന്തതയുമായി പൊരുത്തപ്പെട്ടു – അതിനെ എന്‍റെ ഓട്ടങ്ങള്‍ക്കിടയില്‍ കിട്ടിയ ഹോളിഡെയ്സ് ആയി കണക്കാക്കി… (എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട് – അത് നിന്‍റെ നാശത്തിലെയ്ക്കുള്ളതല്ല നന്മയിലെക്കാണ് എന്ന വാചകം ഞാന്‍ എനിക്കുള്ള നിമിത്തമായി കരുതി…) ഭഗവദ് ഗീതയും, ബൈബിളും, വീരേന്ദ്രകുമാറിന്‍റെ ഹൈമവതഭൂവിലും, ഒക്കെ വായിച്ചു… HBO യും Star movies ഉം എന്‍റെ കൂട്ടുകാരായി… ഭഗവദ്ഗീത മുതല്‍ പ്ലേബോയ് വരെ വായിച്ചുതള്ളി. സണ്ണി ലിയോണിന്‍റെ മുതല്‍ സണ്ണി ഡിയോളിന്‍റെ വരെ സിനിമകള്‍ കണ്ടു… അടൂര്‍ ഗോപാലകൃഷ്ണനും അനൂപ്‌ മേനോനും മുതല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും, ജെയിംസ് കാമറൂണും ബെന്‍ അഫ്ലെക്കും വരെ…

ഒക്ടോബര്‍ മുതല്‍ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങി – ഇംഗ്ലീഷ് ബ്ലോഗിങ്ങ് ഉപേക്ഷിച്ചിട്ടില്ല ചിലപ്പോള്‍ ഇനിയും ചെയ്തേക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 30-40 പേര്‍ ദിവസം വന്നിരുന്ന എന്‍റെ ബ്ലോഗ്ഗില്‍ (https://itsmahesh.wordpress.com/), 300 – 400 പേര്‍ വന്നു പോകുന്നത് അമ്പരപ്പോടെ ഞാന്‍ കണ്ടു… അപ്പൊ എന്നെ വായിക്കാനും ആളുകള്‍ ഉണ്ട്… (ഈ 300 – 400 ഒന്നും ബ്ലോഗ്ഗിങ്ങിലെ മഹാരഥന്മാരെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല എന്നറിയാം – എന്നാലും വെറുതെ സമയം പോകാന്‍ എന്തെങ്കിലും ചവര്‍ എഴുതുന്ന മ്മക്ക് 50 പേരെന്ന് പറയുന്നത് തന്നെ ഒരു സംഭവം ആണ്)
മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ച എന്‍റെ സഹോദരിയെ വിവാഹം ചെയ്ത് 2014 -മുതല്‍ എന്‍റെ കുടുംബത്തിലെ ഒരംഗമായി വരാന്‍ പോകുന്ന കവിയും അഭിഭാഷകനും ക്ഷേത്ര തന്ത്രിയുമായ ശ്രീരാം ഏട്ടനും (Adv. ശ്രീരാം ശര്‍മ) നന്ദി. എന്‍റെ ഏകാന്തതകളെ ഭ്രാന്തമായ ഉന്മാദത്തിലേക്ക് വഴുതാതെ സഹായിച്ച “മ്മടെ സൊന്തം സുക്കറിനും” നന്ദി.

ബ്ലോഗ്‌ വായന തുടങ്ങിയ 2008 മുതല്‍ ആരാധിച്ചിരുന്ന പല ഓണ്‍ലൈന്‍ എഴുത്തുകാരും എന്‍റെ സുഹൃത്തുക്കള്‍ ആയി. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന് നന്ദി. എല്ലാവരെയും എടുത്തു പറയുന്നില്ല എങ്കിലും ചിലരേ മറക്കാന്‍ വയ്യ – നൊസ്ടാല്‍ജിക്ക് എഴുത്തിന്‍റെ തമ്പുരാന്‍, സുധേട്ടന്‍ എന്ന സുധാകരന്‍ വടക്കാഞ്ചേരി, വേദനിക്കാതെ എഴുത്തുകൊണ്ട് മനസ്സില്‍ ശസ്ത്രക്രിയ ചെയ്യുന്ന പപ്പേച്ചി എന്ന പദ്മശ്രീ നായര്‍, മ്മടെ സ്വന്തം അക്കാക്കുക്കഇക്കാ എന്ന അലി മുഹമ്മദ്‌ അക്കാകുക്ക, ശക്തമായ, എന്നാല്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളെടുക്കുന്ന വിരോധാഭാസന്‍ ചേട്ടന്‍, പടന്നക്കരനായ ഷബീര്‍ അലി, സമാനതകളില്ലാത്ത സിയാഫ് ഇക്കാ, വിഡ്ഢി എന്ന മുഖം മൂടി സ്വയം അണിഞ്ഞ അതി ബുദ്ധിമാനായ വിഡ്ഢിമാന്‍, ഇടക്കിടക്ക് ഫോണ്‍ വിളിച്ച് “അനക്കെങ്ങനെണ്ടെടാ ഹംക്കേ … ” എന്നന്വേഷിക്കുന്ന അന്‍വരികളിലെ അന്‍വര്‍ക്കാ, SMS/ഫോണ്‍ വിളിക്കാറുള്ള സ്നേഹസമ്പന്നനായ ഷിറു എന്ന ഷിറാസ് VT, ഇടക്ക് കാണാതായ ഭ്രാന്തേട്ടന്‍ (അംജത്തിക്കാ), പിന്നെ ഷംസുദ്ദീന്‍, സീബു എന്ന ഔറംഗസീബ്, സുനൈസ്, ബെന്‍ജി ചേട്ടന്‍, ചാറ്റിങ്ങിലൂടെ എന്‍റെ ബോറടി മാറ്റിയിരുന്ന റിനു, നാമൂസ്, ആര്‍ഷ, P O രാധാകൃഷ്ണന്‍, ബിനോയ്‌ ദേവസ്സിക്കുട്ടി, മ്മടെ സ്വന്തം സഖാവ് സാബു തോമസ്‌… മ്മടെ സ്വന്തം ഡോക്ടര്‍ അബ്സാര്‍ ഭായ്, കുട്ടി ഡോക്ടര്‍ ഷിംന, മോഹി, റോബിന്‍, ഏകദേശം ഞാന്‍ ചിന്തിക്കുന്നതുപോലെ തന്നെ സിനിമയെക്കുറിച്ച് അവലോകനം നടത്തുന്ന പ്രവീണ്‍, പിന്നെ പുതുവത്സര സുഹൃത്തായി സമീപ നാട്ടുകാരനായ വില്ലേജ്മാന്‍ എന്ന ശശിയേട്ടനും… ഇനിയുമുണ്ട് ആളുകള്‍ വിസ്താര ഭയം മൂലം നിര്‍ത്തുന്നു.

എന്‍റെ വ്യക്തിജീവിതത്തിലെ പല നല്ലകാര്യങ്ങളും 2013 -ല്‍ നടന്നു. എന്‍റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചതും 2013 -ല്‍ തന്നെ. ഞാന്‍ പിതാവാകാന്‍ പോകുന്നു എന്ന കാര്യം അറിഞ്ഞതും 2013 -ല്‍ തന്നെ… മറക്കാനാവാത്ത നിമിഷങ്ങള്‍… ജീവിതത്തില്‍ ആദ്യമായി ബോധംകെടുത്തിയുള്ള (എനിക്കില്ലാത്ത ബോധം എങ്ങനെ കെടുത്തി എന്ന്‍ എന്നോട് ചോദിച്ചിട്ട് കാര്യമില്ല- അത് അനസ്തേഷ്യ തന്ന ഡോക്ടറോട് തന്നെ ചോദിക്കണം) ഒരു ഓപ്പറേഷന് വിധേയനായതും ഈ വര്‍ഷം തന്നെ… എന്‍റെ കാറിനെയും, അവളോടോപ്പമുള്ള (“അതിനോടൊപ്പമുള്ള” എന്നു ഞാന്‍ പറയുന്നില്ല – എന്‍റെ ഭാര്യ ക്ഷമിക്കട്ടെ ) ഏകാന്ത യാത്രകളെയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയതും 2013 -ല്‍ തന്നെ.

ആരാധനയോടെ മാത്രം കണ്ടിരുന്ന സാഹിത്യ മഹാ പ്രതിഭകള്‍ നവവത്സരാശംസകള്‍ നേരിട്ട് അറിയിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെയാണ് ഈ വര്‍ഷത്തിന്‍റെ തുടക്കം – പിതാവാകാന്‍ പോകുന്നതും അളിയന്‍ ആകാന്‍ പോകുന്നതും 2014-ല്‍ തന്നെ…

“മഹേഷ്‌/സാര്‍/ഭായ് ഒരു സംഭവം ആണെന്ന്” കരുതുന്നവരോടും, “മഹേഷോ – അവനൊരു മുടിഞ്ഞ അഹങ്കാരിയാ” എന്നു കരുതുന്നവരോടും ഞാന്‍ ഒരു ഭാഗ്യവാന്‍ ആണെന്നോ നിര്‍ഭാഗ്യവാന്‍ ആണെന്നോ കരുതുന്നവരോടും ഒരുവാക്ക് – “ഞാന്‍ ഇത് ഒന്നുമല്ല – എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള വെറും സാധാരണക്കാരന്‍ – ഞാന്‍ ആരുടേയും മുകളില്‍ ആണെന്ന് കരുതുന്നില്ല – താഴെയും…” : 2013 ലെ തിരിച്ചറിവ് ഇതാണ്.

നന്ദി, എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും, കൂടെ നിന്ന ബന്ധുക്കള്‍ക്കും, കടലുകല്‍ള്‍ക്കപ്പുറത്തു നിന്നും ചോക്ലേറ്റ് പാക്കുകള്‍ അയച്ചുതന്നും ചാറ്റില്‍ കൂടെ നിന്നും ആശ്വസിപ്പിച്ച പഴയ സുഹൃത്തിനും, അമ്മക്കും, സഹോദരിക്കും, അനുഗ്രഹം തന്ന പിതൃക്കള്‍ക്കും, സത്യത്തില്‍ ഉണ്ടോ എന്നു ഞാന്‍ ഇപ്പോഴും സംശയിക്കുന്ന ദൈവങ്ങള്‍ക്കും … പിന്നെ എന്‍റെ ഭാര്യക്കും (എന്നെ സഹിക്കുന്നുണ്ടല്ലോ – നന്ദി പോരാ, വല്ല അവാര്‍ഡും കൊടുക്കണം).

നന്ദിയുണ്ട് 2013…ഒരുപാട്… ഒരുപാട് …

പിന്നെ അവസാനമായി വിധിയോട് ഒരുവാക്ക് – എന്നെ നീ നശിപ്പിക്കാന്‍ നിന്നെക്കൊണ്ട് ആവുന്നത് നോക്കി, പക്ഷെ നടക്കൂല്ല മോനെ…
കണ്ണു തുറക്കാനും വിരല് ചലിപ്പിക്കാനും പറ്റുന്നിടത്തോളം കാലം എന്നെ തോല്‍പ്പിക്കാന്‍ നിനക്ക് പറ്റില്ല…

Create a free website or blog at WordPress.com.

Up ↑